ലേഖനം: കോവിഡ് – ചൈനയുടെ ബയോ വാർ | പാ. സണ്ണി പി. സാമുവൽ

കൊറോണാ കുടുംബത്തിൽ പെട്ട ഒരു വൈറസ് കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ വിതെച്ച് ലോകമാകെ സംഭ്രമത്തിൽ ആയിരിക്കുകയാണല്ലോ. കൊറോണയെ സൃഷ്ടിച്ചത് ആരാണ്? ചൈനയാണോ അമേരിക്കയാണോ അതോ യിസ്രായേലാണോ? ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങു തകർത്ത നേരം കൊണ്ട് വൈറസ് ലോകത്തെ വിഴുങ്ങി. ചൈനയിൽ നിന്നും പുറപ്പെട്ടു വന്നതിനാൽ ഇതിനെ ‘ചൈനീസ് വൈറസ്’ എന്നാണ് ലോകം വിളിച്ചു തുടങ്ങിയത്. എന്നാൽ ഇതിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയിൽ ഈ വൈറസ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അമേരിക്കയിൽ ഇതു മൂലം മരണങ്ങൾ സംഭവിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

post watermark60x60

കോവിഡ് 19 ഒരു ജൈവായുധ ആക്രമണം ആണോയെന്ന് തുടക്കം മുതൽ സംശയം ഉണ്ടായിരുന്നു (Bio war). ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളുടെയും ആയുധപ്പുരയിൽ ജൈവായുധങ്ങളും (Bio weapons) രാസായുധങ്ങളും (Chemical weapons) സംഭരിച്ചു വച്ചിട്ടുണ്ട്. അതിനാൽ ആർക്കും ആരെയും കുറ്റം പറയാനോ നിയന്ത്രിപ്പാനോ കഴിയില്ല. ആരും ആരെക്കാളും നല്ലവരും അല്ലല്ലോ.

എന്നാൽ ഇപ്പോൾ ലോകത്തിന്റെ സംശയം ശരിവയ്ക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് ചൈനയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ഷിൻജിയാങ്. ഷിൻജിയാങ് പ്രവിശ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യം ആണ് കസാഖ്സ്ഥാൻ. ഇവിടെ പ്രത്യേകതരം വൈറൽ ന്യുമോണിയ പടരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. 3300 പേർ ഈ വൈറൽ ന്യുമോണിയ മൂലം അവിടെ മരിച്ചു എന്ന് അവിടുത്തെ ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നു. അജ്ഞാതമായ ഒരു ന്യുമോണിയ കസാഖ്സ്ഥാനിൽ പടരുന്നതായും ശ്രദ്ധിക്കണമെന്നും ചൈന അവരുടെ കസാഖ്സ്ഥാനിലെ എംബസി ഉദ്യോഗസ്ഥർക്ക് രഹസ്യമായി മുന്നറിയിപ്പ് നൽകിയത് ചോർന്നു. കോവിഡ് 19 നേക്കാൾ ഗുരുതരമായ വൈറസ് രോഗമാണ് പുതിയ ന്യുമോണിയ എന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനയുടെ വംശഹത്യ വാദത്തെ പിന്തുണക്കുന്ന ചില തെളിവുകൾ ലഭിക്കുവാൻ ഇടയായത്.

Download Our Android App | iOS App

ഷിൻജിയാങ് പ്രവിശ്യയിലെ ഭൂരിപക്ഷ സമൂഹമാണ് ഉയ്ഘൂർ (Uyghur) മുസ്ലിംകൾ. ഇവർ വംശീയമായി തുർക്കികൾ ആണ്.ചൈനയിലെ ഭൂരിപക്ഷമായ ഹാൻ വംശക്കാർക്ക് ഇവരെ ഇഷ്ടമില്ലെന്നു മാത്രമല്ല, ഭയവുമാണ്. മതനിരോധനം വന്നപ്പോൾ ഇവിടെയുള്ള ജനതയുടെ ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഇതിനെതിരെ പ്രതിഷേധവും ലഹളയും ആരംഭിച്ചു. ഗവൺമെന്റ് അടിച്ചമർത്തലും. ഒടുവിൽ അത് ‘ഈസ്റ്റ് തുർക്കിസ്ഥാൻ’ എന്ന സ്വതന്ത്ര രാഷ്ട്ര വാദമായി പരിണമിച്ചു. എന്നാൽ ഇതിനെ എതിർക്കുന്ന മറ്റൊരു ഗ്രൂപ്പുണ്ട്. സ്വയംഭരണാധികാരമുള്ള, ആരാധനാ സ്വാതന്ത്ര്യമുള്ള പ്രത്യേക നരവംശ സമൂഹമായി ചൈനയിൽ തന്നെ നിലനിന്നാൽ മതി എന്നാണ് അവർ പറയുന്നത്. ഇതിലൊന്നും പെടാതെ മറ്റൊരു കൂട്ടർ നിഷ്പക്ഷരായി നിലകൊള്ളുന്നു. അതെന്തായാലും ഉയ്ഘൂർ വംശജരെ ചൈന കൊല്ലാക്കൊല ചെയ്യുകയാണ്. അവർ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്.

ചൈനയുമായി ശക്തമായ വ്യാപാരബന്ധം ഉണ്ടായിരുന്ന തുർക്കി ഇവരുടെ പ്രക്ഷോഭങ്ങളെ പിന്തുണച്ചിരുന്നില്ല. കാഷ്മീർ മുസ്ലീങ്ങൾക്കു വേണ്ടി വാദിക്കുകയും അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്നു പ്രസംഗിക്കുകയും പ്രലപിക്കുകയും ചെയ്യുന്ന പാകിസ്ഥാനും മൗനം പാലിക്കുന്നു.

‘ഒരു ജനത – ഒരൊറ്റ രാജ്യം’ എന്ന ആപ്തവാക്യം നടപ്പിലാക്കാനായി ചൈന മതരഹിത/ കമ്യൂണിസ്റ്റു/ ഭൗതികവാദ രാഷ്ട്ര സിദ്ധാന്തം അടിച്ചേല്പിച്ചപ്പോൾ ഉയ്ഘൂറുകളും പ്രതിരോധത്തിലായി. മേല്പറഞ്ഞ ആപ്തവാക്യം അടിച്ചേല്പിക്കുവാനായി ഈ വർഷാരംഭത്തിൽ ഇസ്ലാംമതത്തെ തദ്ദേശീയവത്കരിക്കുന്ന നിയമം പാസാക്കി. ഇതനുസരിച്ച് മുസ്ലിം പേരുകൾ കുട്ടികൾക്ക് ഇടുന്നത് നിയമം വഴി വിലക്കി. നിരോധിച്ച പേരുകൾ കുട്ടികൾക്ക് നൽകിയാൽ സ്കൂൾ പ്രവേശനം അനുവദിക്കില്ല, എന്നു മാത്രമല്ല ആ കുട്ടിയുള്ള വീടിന്റെ റജിസ്ട്രേഷൻ നടത്താനുമാവില്ല. സാമൂഹ്യ സേവന പദ്ധതിയിൽ പങ്കെടുപ്പിക്കില്ല. മതതീവ്രവാദം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയുള്ള നടപടിയെന്നാണ് ഗവൺമെൻറ് ഭാഷ്യം.

ഇവിടെയുള്ള ഓരോ വ്യക്തിയും സൈന്യത്തിന്റെയും പാർട്ടിയുടെയും കടുത്ത നിരീക്ഷണത്തിലാണ്. ഇവിടെ വൻ സൈനിക സാന്നിധ്യം ആണുള്ളത്. ഇവിടെ ചൈനയിലെ ഭൂരിപക്ഷ വംശമായ ഹാൻ വംശത്തെ കുടിയിരുത്തുവാനായി ഗവൺമെൻറ് ശ്രമിക്കുന്നു. തൽഫലമായി ഉയിഘൂറുകളും ഹാൻ വംശക്കാരും തമ്മിൽ ലഹള സ്ഥിരമാണ്. ഈ മേഖലയിൽ ഒരു കോടി മുസ്ലിങ്ങൾ ആണുള്ളത്. പത്തു ലക്ഷത്തോളം പേർ തടങ്കൽ പാളയത്തിൽ (ഡിറ്റൻഷൻ ക്യാമ്പ്) കടുത്ത പീഡനത്തിന് ഇരകൾ ആവുകയാണ്. മതവിശ്വാസം ഉപേക്ഷിച്ചു ഇവർ അവിടെ കമ്മ്യൂണിസം പഠിക്കുകയാണ്. എന്നാൽ ഇവ തടവറകൾ അല്ലെന്നും രാഷ്ട്രപുനർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആണെന്നുമാണ് ചൈനയുടെ അവകാശവാദം. അമേരിക്കയുടെ കണക്കനുസരിച്ച് മുപ്പതു ലക്ഷത്തോളം പേരാണ് ഡിറ്റൻഷൻ ക്യാമ്പുകളിൽ ഉള്ളത്.

ഈ പശ്ചാത്തലത്തിലാണ് കസഖ്സ്ഥാനിൽ വൈറൽ ന്യുമോണിയ പടർന്നു പിടിച്ചു മരണങ്ങൾ സംഭവിക്കുന്നത്. ഉയ്ഘൂർ വംശജരെ വംശഹത്യ നടത്തുവാനായി ഷിൻജിയാങ് പ്രവിശ്യയിൽ വൈറസ് ന്യൂമോണിയയുടെ അണുക്കളെ പരത്തി എന്നും അത് കസാഖ്സ്ഥാനിലേക്ക് പടർന്നുകയറി എന്നുമാണ് കരുതുന്നത്. കസാഖ്സ്ഥാനിൽ വൈറൽ ന്യുമോണിയ പടർന്നു പിടിക്കുന്നത്. അവിടുത്തെ ഗവൺമെൻറ് തിരിച്ചറിയുന്നതിന് മുമ്പു തന്നെ ചൈനീസ് ഗവൺമെൻറ് തിരിച്ചറിഞ്ഞത് ചൈനയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു.

കോവിഡ് 19-ഉം ചൈന നടത്തിയ ഒരു ബയോ വാറിന്റെ ബാക്കിപത്രമാണ് എന്ന സൂചനകൾ ലഭിക്കുന്നുണ്ട്. കോവിഡ്19 പടർന്നുപിടിച്ചത് ചൈനയിലെ വൂഹാനിൽ മാത്രമായിരുന്നു. തലസ്ഥാനനഗരിയായ ബെയ്ജിങിലോ, സാമ്പത്തിക/വ്യവസായ നഗരമായ ഷാങ്ഹായിലോ ഒന്നും വൈറസ് ബാധിക്കുകയോ പടരുകയോ ചെയ്തില്ല. എന്നാൽ ചൈനീസ് ജനതയിലെ ഏറ്റവും കൂടുതൽ വൃദ്ധർ മാത്രമുള്ള വുഹാനിൽ ആണല്ലോ കൊറോണ പടർന്നുപിടിച്ചത്. രാജ്യത്തിനു ഭാരമായ ഒരു ജനതയെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുക എന്നുള്ള ശക്തമായ നടപടിയായിരുന്നുകോവിഡ്-19 എന്ന് നിരീക്ഷകർ കരുതുന്നു.

ചൈനീസ് പ്രസിഡണ്ട് വൂഹാൻ സന്ദർശിച്ചപ്പോൾ പേരിനു മാത്രം വെറും ഒരു മാസ്കു ധരിച്ചത് ഒഴിച്ചാൽ വലിയ സുരക്ഷാ മുൻകരുതലുകളോ സുരക്ഷാ സംവിധാനങ്ങളൊ ഒന്നും ഇല്ലതിരുന്നതും സംശയത്തിനിട നല്കുന്നു. കോവിഡ് രോഗികൾക്കായി ആശുപത്രികൾ പണിയുന്നു, വെന്റിലേറ്ററുകൾ നിർമ്മിക്കുന്നു, സുരക്ഷാ കിറ്റുകൾ/ശ്രവ പരിശോധനാ കിറ്റുകൾ കയറ്റുമതി ചെയ്യുന്നു. അവ കയറ്റുമതി ചെയ്യുന്നു. ആകെപ്പാടെ രംഗം കൊഴുക്കുന്നു. പ്രതിദിനം 12 കോടി മാസ്കുകളാണ് നിർമ്മിക്കുന്നതും കയറ്റി അയയ്ക്കുന്നതും. ഒരു പകർച്ച വ്യാധി പൊട്ടിപ്പുറപ്പട്ടതിന്റെയോ പടർന്നു പിടിച്ചതിന്റെയോ യാതൊരു ലാഞ്ഛനയുമില്ലാതെ ഗവൺമെന്റും ജനതയും പെരുമാറുന്നു. ബിസിനസ്സ് തഴെക്കുന്നു, GDP കുതിച്ചുയരുന്നു.

ലോക സാമ്പത്തിക/സൈനിക ശക്തി ആകുവാൻ ചൈന മെനഞ്ഞ ഒരു ബയോ വാർ ആയിരുന്നു കോവിഡ് 19. ഈ മഹാമാരിയെ അവർ ലോകത്തിൽ കയറ്റുമതി ചെയ്യുന്നതിനു മുമ്പു തന്നെ അതിനുള്ള പ്രതിമരുന്ന് അവർ കണ്ടെത്തിയിരുന്നു എന്നു കരുതണം. ആ സംശയത്തെ ഊട്ടിയറപ്പിക്കുന്നതായിരുന്നു പ്രസിഡന്റിന്റെ വൂഹാൻ സന്ദർശനം. ഇപ്പോൾ ഈ സംശയങ്ങളെ എല്ലാം അടിവരയിടുന്നതാണ് അമേരിക്കയിൽ അഭയം പ്രാപിച്ച ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകൾ. കോവിഡ് – 19, ലാബിനു പുറത്തു, രോഗികളിൽ ഡയഗ്നോസ് ചെയ്ത ഡോക്ടർ കൊല്ലപ്പെട്ടു. വൂഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാരിൽ ചിലർ എവിടെയാണെന്നോ, ജീവനോടെയുണ്ടെന്നോ പോലും അറിയില്ലെന്നു വിദേശത്തുള്ള അവരുടെ ശാസ്തജ്ഞർ ആയ സുഹൃത്തുക്കൾ.

കോവിഡ് പരക്കുന്ന കാലത്തു തന്നെ ചൈന ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചതു തന്നെ ഈ സംശയത്തെ സാധൂകരിക്കുന്നു. മഹാമാരിയുടെ പിന്നാലെ പോകുന്ന ഇൻഡ്യ അതിർത്തി പ്രശ്നങ്ങളിൽ ശ്രദ്ധിക്കുകയില്ല എന്നായിരിക്കാം ചൈന കണക്കു കൂട്ടിയത്. കോവിഡ് പ്രശ്നത്തിൽ ഇൻഡ്യ മാത്രമാണ് ചൈനക്ക് ഒപ്പം നിന്നത് എന്ന വ്യാജ മുഖസ്തുതി പറഞ്ഞ് ശ്രദ്ധ തിരിച്ചു വിട്ടാണ് ആക്രമണം നടത്തിയത്. പക്ഷേ ആ തന്ത്രം പാളി. കരുതലോടെയിരുന്ന ഇൻഡ്യ, തക്കനിലയിൽ തിരിച്ചടിച്ചു. ചൈന അതു പ്രതീക്ഷിച്ചിരുന്നില്ല. ഇൻഡ്യയിൽ ഫലവത്തായ ഒരു കടന്നു കയറ്റമിണ് അവർ ലക്ഷം വച്ചിരുന്നത്. ജപ്പാനുമായും തായ്‌വാനുമായും ചൈന കൊമ്പുകോർക്കുന്നു.

ചൈനയിൽ ക്രിസ്ത്യാനികളുടെ സ്ഥിതിയും വളരെ പരിതാപകരമാണ്. ഭൗതികരാഷ്ട്ര വാദം സ്ഥാപിക്കുവാനായി മതങ്ങളെയും മതസ്ഥാപനങ്ങളും തകർത്തു തരിപ്പണമാക്കുക എന്ന നയമാണ് ചൈനീസ് ഗവൺമെന്റ് പിന്തുടർന്നു വരുന്നത്. അവിടെയുള്ള പള്ളികൾ പിടിച്ചെടുക്കുകയും മത ചിഹ്നങ്ങൾ തകർക്കുകയും ചെയ്തു കഴിഞ്ഞു. യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് പ്രസിഡന്റ് ജിങ്പിങിനെ ആരാധിപ്പാൻ ഉത്തരവിട്ടിരിക്കുകയാണ്. നിരാകരിച്ചാൽ അവരുടെ ക്ഷേമ സബ്സിഡികൾ റദ്ദാക്കും. വടക്കൻ പ്രവിശ്യയായ ഷാങ്സിയിലാണ് പ്രശ്നങ്ങൾ കൂടുതൽ. അവിടെയുള്ള ക്രിസ്ത്യാനികൾ വളരെ ദരിദ്രരാണ്. മാവോ സെ ദൂങിന്റെയും, ജിങ്പിങിന്റെയും ചിത്രങ്ങൾ ഭവനങ്ങളിൽ ആരാധനാ മൂർത്തികളായി പതിപ്പിച്ചു കഴിഞ്ഞു. “ഇവരാണ് ഏറ്റവും വലിയ ദേവന്മാർ. നിങ്ങൾക്ക് ആരെയെങ്കിലും ആരാധിക്കണമെന്നുണ്ടങ്കിൽ ഇവരെ മതി.” ക്രിസ്ത്യാനികൾക്ക് ആരാധനാ സ്വാതന്ത്ര്യം വേണമെങ്കിൽ ഗവൺമെൻറ് മാർഗ്ഗനിർദ്ദേശ രേഖ അനുസരിച്ചാരിക്കണം ആരാധനകൾ നടത്തേണ്ടത്. ക്രിസ്തീയ പാട്ടുകൾ പാടുന്നതിനു പകരം ചൈനീസ് ദേശീയഗാനം മാത്രമേ പാടാൻ പറ്റൂ. കോവിഡ് 19 നിയന്ത്രിക്കാനായി ഗവൺമെന്റ് എന്തെല്ലാം പ്രതിരോധ നടപടികൾ സ്വീകരിച്ചു എന്നും അത് ഏതെല്ലാം നിലയിൽ ഫലവത്തായി എന്നും പ്രസംഗത്തിൽ നിർബ്ബന്ധമായും പറഞ്ഞിരിക്കണം.
ഈ കാര്യങ്ങൾ ക്രമമായി നടക്കുന്നു എന്ന് ഉറപ്പു വരുത്താനായി ഗവൺമെൻറിന്റെ ഒരു നിരീക്ഷകൻ ആരാധനാലയങ്ങളിൽ സന്നിഹിതനായിരിക്കും.

സമഗ്രാധിപത്യം കൈയാളുന്ന ചൈനീസ് പ്രസിഡണ്ട് ഒരു അർദ്ധദേവ പദവിയിലേക്ക് മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് അവിടെ നിന്നുള്ള വാർത്തകൾ നമ്മൾ നമുക്ക് നല്കുന്ന സൂചനകൾ. ഹിറ്റ്ലറുടെ ഒരു ആധുനിക പതിപ്പായി ചൈനീസ് പ്രസിഡണ്ട് മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുകൾക്കു നാസിസം അമ്പേ വെറുപ്പാണ്. എന്നാൽ നാസി ജർമ്മനി പിന്തുടർന്നിരുന്ന അതേ നയമാണ് ചൈന പകർത്തുന്നത്.

വംശഹത്യ, സ്റ്റേറ്റിന്റെ സമഗ്രാധിപത്യം, ഭരണാധികാരിയുടെ ദേവതാ ഭാവം പിന്നെ സാമ്രാജ്യത്വവാദം. എന്താണ് സാമ്രാജ്യത്വവാദം? ഒരു രാജ്യം മറ്റോരു രാജ്യത്തെ കീഴടക്കി തങ്ങളുടെ രാജ്യത്തിന്റെ പ്രവിശ്യയാക്കുന്നതും മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്നതുമാണ് സാമ്രാജ്യത്വവാദം. ‘അമേരിക്കൻ സാമ്രാജ്യത്വവാദം’ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കമ്യൂണിസ്റ്റുകൾ അവർ പോളണ്ടിനെ ആക്രമിച്ചതും തിബത്തിനെ കൂട്ടിച്ചേർത്തതും, ലഡാൿ മുതലായ സ്ഥലങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നതും, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ മേൽ അവകാശവാദം ഉന്നയിക്കുന്നതും എന്തേ മറന്നുപോകുന്നു. അതാണ് സാമ്രാജ്യത്വവാദം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വാദത്തേക്കാൾ ഭീകരമാണ് കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ്റ് – ഉപഭോഗ സാമ്രാജ്യത്വ വാദം. ആധുനിക ഉപഭോഗ സംസ്കാരത്തെ ചൂഷണം ചെയ്തു ‘ഉപയോഗിക്കുക – ഉപേക്ഷിക്കുക’ (Use and throw away) എന്ന തത്വവുമായി വന്നു വിലകുറഞ്ഞ/ ഗുണമേന്മയില്ലാത്ത ഉല്പന്നങ്ങൾ വിപണനം ചെയ്തു
സമ്പത്ത് വർദ്ധിപ്പിക്കുകയും ഒപ്പം ലോകത്തെ ആകമാനമായി ചവറ്റുകൊട്ട ആക്കി മാറ്റുകയും ചെയ്യുന്ന ‘വാണിജ്യ സാമ്രാജ്യത്വ വാദം’ ലോകത്തിന് ഏറ്റവും വലിയ അപകടമാണെന്ന് ചൈന ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാമ്രാജ്യത്വ വാദത്തിന്റെ ഉപോല്പന്നവും കയറ്റുമതിയും ആയിരിക്കണം കോവിഡ്19.

ചരിത്രത്തിൽ നിന്നും ചൈനീസ് പ്രസിഡണ്ട് പാഠങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിൽ. ഹിറ്റ്ലറുടെ ദാരുണാന്ത്യം ഒരു മുന്നറിയിപ്പായിരുന്നുവെങ്കിൽ! അർദ്ധദേവ ഭാവത്തിലേക്ക് ഉയർന്ന നെബൂഖദ്നേസറിന്റെ മതിഭ്രമവും മനോവിഭ്രാന്തിയും, സ്വയാവരോധിതനായി മാറിയ ഹെരോദാവിന്റെ അന്ത്യവും ആരെങ്കിലും ഒന്ന് വായിച്ചു കേൾപ്പിച്ചിരുന്നുവെങ്കിൽ!
അവിടെ ബൈബിൾ നിഷിദ്ധമാണല്ലോ.

അധമരായ ഭരണാധികാരികളെ സിംഹാസനത്തിൽ നിന്നും താഴെയിറക്കുവാനും, അധികാരത്തിൽനിന്നു തൂത്തെറിയുവാനും പുറപ്പെടുന്ന വിധി കാവൽ മാലാഖമാരുടെ നിർണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു (ദാനീ: 4:17). ദൈവമാണ് സകലത്തെയും നിയന്ത്രിക്കുന്നത്. അവിടുന്ന് സിംഹാസനത്തിൽ തന്നെയുണ്ട്. അവന്റെ നീക്കം വരാത്ത രാജ്യത്വം സകലത്തെയും ഭരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ ബുദ്ധി പഠിച്ചിരുന്നുവെങ്കിൽ. ചൈനക്കായി വീണ്ടും നമുക്ക് പ്രാർത്ഥിക്കാം. അവിടെ ദൈവാധിപത്യ ഭരണക്രമം വെളിപ്പെട്ടു വരട്ടെ.

പാസ്റ്റർ സണ്ണി പി. സാമുവൽ

-ADVERTISEMENT-

You might also like