500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്രൈസ്‌തവ ദേവാലയത്തില്‍ വന്‍തീപിടിത്തം

നാന്റെസ്: ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നാന്റെസ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റെസിൽ സ്ഥിചെയ്യുന്ന, ഗോതിക് സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട കത്തീഡ്രലിൽ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് തവണയായി പൊട്ടിപ്പുറപ്പെട്ട തീ 100ൽപ്പരം അഗ്‌നിശമന സേനാംഗങ്ങളുടെ പരിശ്രമഫലമായാണ് അണയ്ക്കാനായത്.

അഗ്‌നിബാധക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് സിറ്റി മേയർ ജൊഹാന്നാ റോളൻഡ് അറിയിച്ചു. ‘ബ്ലാക് ലൈവ്‌സ് മാറ്ററി’നെ മറയാക്കി ദൈവാലയങ്ങൾക്കും വിശുദ്ധ രൂപങ്ങൾക്കുംനേരെ അക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ, അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.

നോട്രഡാം കത്തീഡ്രലിലേതുപോലെ വലിയ തീപിടുത്തമല്ലെങ്കിലും നാന്റെസ് കത്തീഡ്രലിന്റെ ഏറ്റവും വലിയ സവിശേഷതയായ ‘ഗ്രേറ്റ് ഓർഗൻ’ കത്തിനശിച്ചെന്നാണ് പ്രാഥമിക വിവരം. കത്തീഡ്രലിൽ സ്ഥാപിച്ച ഈ പുരാതന ഓർഗൻ വിഖ്യാതമായിരുന്നു. ഓർഗനും അത് സ്ഥാപിച്ചിരുന്ന ഇടവും പൂർണമായും കത്തിനശിച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കത്തീഡ്രലിലെ അഗ്‌നിബാധയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച അഗ്‌നിശമന സേനാംഗങ്ങൾക്കും പ്രദേശവാസികൾക്കും പിന്തുണ അറിയിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ഭരണകർത്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒരുവർഷംമുമ്പാണ് പാരീസിലെ നോട്രഡാം കത്തീഡ്രലിൽ അഗ്‌നിബാധയുണ്ടായത്.

1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷംകൊണ്ടാണ് പൂർത്തിയായത്. 1862ൽ ഗോതിക് സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട ഈ കത്തീഡ്രൽ ഫ്രാൻസിന്റെ ചരിത്രത്തിൽ വലിയ പ്രധാന്യമർഹിക്കുന്ന നിർമിതികൂടിയാണ്. നാന്റെസ് കത്തീഡ്രലിൽ 1972ലും തീപിടുത്തമുണ്ടായിരുന്നു. അന്ന് ദൈവാലയത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഇത്തവണ മേൽക്കൂരയ്ക്ക് കേടുപാടികളില്ലെന്നാണ് റിപ്പോർട്ടുകൾ. 1972ൽ ലെ അഗ്‌നിബാധമൂലമുണ്ടായ കേടുപാടുകൾ മൂന്ന് വർഷംകൊണ്ടാണ് പരിഹരിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.