ലേഖനം: വർണ്യാതീതം ഈ ബന്ധം | ജിജോ ജോസഫ് ,ലിവർപൂൾ ,യുകെ

ദൈവത്തിൽ നിന്നും വളരെയധികം അകലം പാലിച്ച്‍ ദൈവത്തോട് അടുക്കുവാൻ യാതൊരു വഴിയുമില്ലാതെ പാപത്തിൽ വസിച്ചിരുന്ന നമ്മെ;ശത്രുത്വം നിലനിന്നിരുന്ന സ്ഥാനത്തു നിന്നും സമീപസ്ഥരാക്കി തീർത്തത്തിനു പിന്നിൽ ഒരു വലിയ വിലയുണ്ട് .അതിനു കൊടുത്ത വില നിസ്സാരമല്ല, യേശുക്രിസ്തു നമുക്കുവേണ്ടി അവിടുത്തെ ജീവൻ മറുവിലയായി തന്ന് തന്റെ പുണ്യാഹരക്തത്താൽ നമ്മുടെ പാപങ്ങളെ പോക്കി ശുദ്ധീകരിച്ചു പിതാവിങ്കലേക്ക് പ്രവേശനം സാദ്ധ്യമാക്കി.”മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ സമീപസ്ഥരായി തീർന്നു “(എഫെസ്യർ 2:13).നന്ദിയില്ലാത്തവരായി ഈ മഹൽസ്നേഹത്തെ അലക്ഷ്യമാക്കി കളയുവാൻ എളുപ്പമാണ്.നമ്മുടെ കണ്ണീരു പൊഴിച്ചുള്ള നന്ദിപ്രകടനം എല്ലാം ഈ ലോകത്തു കിട്ടുന്ന നശിച്ചു പോകുന്ന നിസ്സാര വസ്തുക്കളെ കുറിച്ചാണ്. യഥാർത്ഥ വിലയെ കുറിച്ചു നമ്മൾ അജ്ഞരാകുന്നു. അല്ലെങ്കിൽ നമ്മെ നമ്മുടെ മോഹങ്ങളും,തെറ്റായ പല പ്രസംഗങ്ങളും, വാഗ്ദാനങ്ങളും അങ്ങോട്ടു നയിച്ചു എന്നുള്ളതാണ് സത്യം .

ദൈവത്തോടു അടുക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലാതിരുന്നിടത്താണ് നമ്മെ തന്റെ മഹാദയയാൽ തിരഞ്ഞെടുത്ത് സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും, ഏകശരീരസ്ഥരും, വാഗ്ദത്തത്തിൽ പങ്കാളികളും ആക്കി എന്നത് ഓർത്താണ് ദൈവത്തെ സ്തുതിക്കേണ്ടത്.പറയാൻ യാതൊരു യോഗ്യതയുമില്ലാതിരുന്ന എന്നെ തിരഞ്ഞെടുത്തല്ലോ എന്നോർത്തുള്ള നന്ദിപ്രകടനവും, സ്നേഹവും തന്നെ നമുക്ക് ഹൃദയത്തിൽ നിന്നും ദൈവത്തോട്
ഉണ്ടാകണം.കാൽവറി ക്രൂശിലൂടെ യേശു ക്രിസ്തു വെളിപ്പെടുത്തിയ പരിശുദ്ധ സ്നേഹം അനുഭവിച്ചവർ ദൈവത്തെ അനുസരിക്കാതെ എങ്ങനെ പാപത്തിൽ തുടരും.?കൃപയാൽ നമ്മളെ ദൈവത്തിന്റെ ശ്രേഷ്ഠ തിരഞ്ഞെടുപ്പിലൂടെ അവിടുത്തെ മക്കളാക്കി;മറ്റൊരാൾക്കും, മറ്റൊന്നിനും തരാൻ കഴിയാത്ത ശാശ്വത വാഗ്ദത്തമായ നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയാണ് നമ്മിൽ പകർന്നിരിക്കുന്നത്. “ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം:നിത്യജീവൻതന്നേ”(1യോഹന്നാൻ 2:25).അതുമാത്രമല്ല നമുക്ക് ലഭിക്കാൻ പോകുന്ന നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശ നൽകിയ യേശുക്രിസ്തുവിന്റെസുവിശേഷം അനേകരിലേക്ക് എത്തിക്കുകയും,അവക്കു വേണ്ടി ഹൃദയംഗമായി ദൈവത്തോട് പ്രാർത്ഥിക്കുകയും കൂടി ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
” വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും
കൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു”(എബ്രായർ 11:8-10).”അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ”
(എബ്രായർ 11:16).

ഇത് ശ്രദ്ധയോടെ പഠിക്കേണ്ട വചനങ്ങൾ ആണ്.അധികം ആളുകൾ ഇതിന്റെ ആഴം മനസിലാക്കുന്നില്ല.ഈ വചനങ്ങളിൽ നിന്നും നമുക്ക് ഒരു കാര്യം വളരെ വ്യക്തമാണ്; തന്റെ ലോകജീവിത
അനുഭവത്തിനിടയിൽ എപ്പോളോ സ്വർഗനഗരത്തിൽ തനിക്ക് ലഭിക്കാൻ പോകുന്ന ദൈവത്തിന്റെ വാഗ്‌ദത്തമായ നിത്യജീവന്റെ ദർശനം കിട്ടിയപ്പോൾ അബ്രഹാം തുടർന്ന് തന്റെ കുടുംബത്തോടുകൂടെ സ്വർഗീയമായതിനെ തന്നേ കാംക്ഷിച്ചു ജീവിച്ചു.അതായത് തന്റെ ദൈവത്തിലുള്ള വിശ്വാസം അതുവരെ ഉള്ളതിനേക്കാൾ വളരെ ശക്തവും, ആഴത്തിലുമായി.അങ്ങനെ നിലനിൽക്കുന്ന വാഗ്ദത്തം ഈ ലോകത്തിലെ കനാൻ അല്ല സ്വർഗ്ഗനാടാണ് എന്നത് അബ്രഹാമിന് പൂർണബോധ്യമായി മാറി.അതിനാൽ വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം തന്റെ കുടുംബത്തോടുകൂടെ “വാഗ്ദത്തദേശമായ കനാനിൽ എത്തിയിട്ടും അന്യദേശത്തെന്നപോലെ കൂടാരങ്ങളിൽ മാത്രം വസിച്ച്‍” ലോകത്തിലെ മറ്റെല്ലാത്തിലും ഉപരിയായി ദൈവം ശില്പിയായി നിർമിച്ച നഗരത്തിൽ തങ്ങൾക്ക് ഒരുക്കിയിരിക്കുന്ന ആ “നിത്യമായ ജീവിതം പ്രാപിക്കാനുള്ള അതിയായ ആഗ്രഹത്തോടെ ദൈവത്തെ അനുസരിച്ച് അതിനായി തന്നെ കാത്തിരുന്നു, ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് പറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു”.

അതെ പ്രിയരേ ദൈവത്തോടൊപ്പം നമുക്ക് സ്വർഗനഗരത്തിലൊരുക്കിയിരിക്കുന്ന നിത്യജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഈ ലോകജീവിതം വളരെ ക്ഷണികമാണ്.എന്നിരുന്നാലും നമ്മുടെ ഈ ജീവിതം വളരെ പ്രധാനമായ ഒന്നുമാണ്.ഈ ലോകത്തിൽ നമുക്ക് ദൈവം നൽകിയിരിക്കുന്ന ജീവിതം നമ്മുടെ ഇഷ്ടപ്രകാരമല്ല മറിച്ചു ദൈവത്തിന്റെ ഇഷ്ടപ്രകാരം മാത്രം ജീവിക്കുന്ന ദൈവമക്കൾക്കാണ് യേശുക്രിസ്തു ഇനി പ്രത്യക്ഷനാകുമ്പോൾ തന്നോട് സദൃശ്യനാക്കി അവിടുന്ന് നിത്യജീവൻ നൽകുന്നത്.അന്ന് നമ്മൾ നമ്മുടെ പ്രാണപ്രിയനെ നേരിൽ കാണും.
ഈ ലോകജീവിതം ഒരിക്കൽ നശിച്ചു പോകുന്നതാണ്.എന്നാൽ”യേശുക്രിസ്തു
വിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും.അവർക്ക് മരണമില്ല”(യോഹ ന്നാൻ 11:25).”ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ഉണ്ട്”(യോഹന്നാൻ 3:15-16).ഇത് നമുക്കു വെറുമൊരു അറിവായി മാത്രം നിൽക്കാതെ അബ്രഹാമിനെപോലെ നിത്യതയുടെ ദർശനം പ്രാപിച്ചാൽ നമ്മൾ ദൈവത്തിൽ പൂർണമായി വിശ്വസിച്ച് ഭൂമിയിൽ നമ്മൾ അന്യരും പരദേശികളുമെന്ന
ബോധ്യമുള്ളവരായിത്തീരും. ഈ
ലോകത്തിൽ നമ്മുടെ എല്ലാബന്ധങ്ങളും, മറ്റെല്ലാ നന്മകളും മരണം വരെ
മാത്രമാണുള്ളത്.എന്നാൽ”ദൈവത്തിന്റെ മക്കൾ”എന്ന നമ്മുടെ ഉറപ്പായ
ദൈവവുമായുള്ള ബന്ധം ഈ ലോകത്തിൽ തുടങ്ങി നിത്യതയിലേക്കും തുടരുന്ന ശാശ്വതവും,നിത്യവുമായ ഒന്നാണ്.ഈ ബോധ്യവും, ഉറപ്പുമുള്ളവർ അതു പ്രാപിക്കുവാൻ വേണ്ടി ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചു ലോകത്തിലെ പലതും ഉപേക്ഷിച്ച്‍ അനുസരിക്കാനും തയ്യാറാകും.ആകയാൽ ദൈവമക്കളായ നമുക്ക് ഇങ്ങനെ അതിശ്രേഷ്ഠമായതൊന്ന് ദൈവം മുന്നൊരുക്കിയിരിക്കുന്നു.നമ്മളിൽ ഓരോരുത്തർക്കും നിത്യജീവന്റെ ആ ദർശനം ലഭിക്കട്ടെ.നമ്മുടെ പ്രത്യാശ നശിച്ചുപോകുന്ന ലോകത്തിൽ ഉള്ള ഒന്നിലും അല്ല “നമ്മുടെ പ്രത്യാശയോ സകല കാലത്തിനും മുൻപേ ദൈവം വാഗ്ദത്തം ചെയ്ത നിത്യജീവൻ ആകുന്നു” (തീത്തൊസ് 1:2).നമുക്കും, ദൈവം വാഗ്ദത്തം ചെയ്ത നിത്യജീവൻ നൽകുന്ന ഒരു ദിനമുണ്ടെന്നോർത്തു ഈ ജീവിതം ദൈവത്തിന് സമർപ്പിച്ചു അവിടുത്തെ കല്പനകളെ അനുസരിച്ച് വിശുദ്ധിയോടെ ജീവിക്കാം.നമ്മുടെ ജീവിതം ദൈവത്തിനു പ്രസാദകരം ആയിത്തീരട്ടെ.
ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തി നായി മാത്രം ലക്ഷ്യം വെയ്ക്കാം, നമുക്ക് ജീവിക്കാം ആ പ്രത്യാശയോടെ ഈ ലോകജീവിതം. നമ്മെ സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവിനാൽ നാൾ തോറും നിറയപ്പെടാം.

ജിജോ ജോസഫ് ,ലിവർപൂൾ ,യുകെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.