ലേഖനം: ‘സഭാപ്രസംഗി’യുടെ എഴുത്തുകാരൻ | ബെന്നി ഏബ്രാഹാം

സഭാപ്രസംഗി വായിക്കുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ശലോമോൻ എഴുതിയ ഈ പുസ്തകം ബൈബിളിൽ എന്തുകൊണ്ട് ഉൾപ്പെടുത്തി!? എന്നാൽ സാവധാനം മനസ്സിലായി മുഴു ബൈബിളിന്റെയും എഴുത്തുകാരന്റെ കയ്യൊപ്പ് ഇതിൽ പതിഞ്ഞിരിക്കുന്നു എന്ന്…
എഴുത്തുകാരനായ ശലോമോനിൽ കൂടി സഭാപ്രസംഗിയിൽ പരിശുദ്ധാത്മാവ് എന്താണ് എഴുതിയത്? (അതിന്റെ ചെറിയ ഒരു ചിന്താതലം മാത്രമാണ് ലേഖകൻ ഇവിടെ പ്രതിപാദിക്കുന്നത്)
ശലോമോന്റെ ജ്ഞാന മാഹാത്മ്യം മറ്റു രാജ്യങ്ങളോളം എത്തി.ശലോമോൻ രാജാവിനോട് ശേബാരാജ്ഞി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സമാധാനം പറഞ്ഞു, സമാധാനം പറയുവാൻ കഴിയാതെ ഒന്നും രാജാവിന് മറപൊരുളായിരുന്നില്ല. കാരണം ശലോമോൻ രാജാവിന് ജ്ഞാനവും വിവേകവും,ധനവും,മഹത്വവും ദൈവം കൊടുത്തതാണ്,അതുമാത്രമല്ല അവനു സമനായവൻ മുൻമ്പ് ഉണ്ടായിട്ടില്ല എന്നും അവനു ശേഷം ഉണ്ടാവുകയില്ല എന്നും ദൈവം പറഞ്ഞു.
ശലോമോൻ രാജാവ് യഹോവയുടെ ആലയം ഏഴ് ആണ്ടുകൊണ്ട് മനോഹരമായി പണിതു.ആ ആലയത്തിന്റെ യാഗപീഠത്തിന്റെ മുൻപിൽ ശലോമോൻ മുഴങ്കാലിൽ ഇരുന്നു ആകാശത്തേക്ക് കൈകൾ രണ്ടും മലർത്തി പ്രാർത്ഥിക്കുന്ന പ്രാർത്ഥനാ വാചകങ്ങളിൽ അവന്റെ ദൈവഭക്തിയും ദൈവാശ്രയവും വിളങ്ങി കാണുന്നു.
ചില പ്രസ്താവനകളും, ചോദ്യങ്ങളും ശലോമോൻ സഭാപ്രസംഗിയിൽ ചോദിക്കുന്നുണ്ട്. അതിൽ ചിലത് ആണ് ഇത്!

“മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്ക് പോകുന്നുവോ? ആർക്കറിയാം?”സഭാപ്രസംഗി 3-21.
“മനുഷ്യൻറെ ജീവിതകാലത്ത് അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായ ആയുഷ്ക്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലതെന്ന് ആർക്കറിയാം?അവന്റെ ശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോടു ആർ അറിയിക്കും?” സഭാപ്രസംഗി 6-12.
“ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു;മരിച്ചവരോ ഒന്നുമറിയുന്നില്ല;മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല;അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ” സഭാപ്രസംഗി 9-5
ശേബാ രാജ്ഞി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സമാധാനം പറഞ്ഞ ശലോമോന് ഈ ചോദ്യങ്ങൾക്കൊന്നും ശരിയായ ഒരു സമാധാനം പറയുവാൻ കഴിയുകയില്ലയോ?
മനുഷ്യൻറെ ആത്മാവിനെ സംബന്ധിച്ചും, മനുഷ്യൻറെ ജീവിത ലക്ഷ്യത്തെയുംക്കുറിച്ചും,മനുഷ്യന്റെ ജീവിതത്തിൽ എന്താകുന്നു നല്ലത് എന്നതിനേകുറിച്ചും,മരണാനന്തര ജീവിതത്തെ കുറിച്ചും, ‘ഈ വാക്യങ്ങളിൽ’ ശലോമോൻ പ്രകടിപ്പിക്കുന്ന അജ്ഞത കൊണ്ട് പരിശുദ്ധാത്മാവ് എന്താണ് ഉദ്ദേശിക്കുന്നത്?

ശലോമോൻ രാജാവിന് രണ്ടുപ്രാവശ്യം ദൈവം പ്രത്യക്ഷനാവുകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്നും തന്നോട് കൽപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ശലോമോൻ ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ,അമ്മോന്യർ,ഏദോമ്യർ,സീദോന്യർ, എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേകം സ്ത്രീകളെ സ്നേഹിച്ചു. നിങ്ങൾക്ക് അവരോട് കൂടികലർച്ച അരുത്, അവർക്ക് നിങ്ങളോടും കൂടികലർച്ച അരുത്. അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും എന്ന് യെഹോവ യിസ്രായേൽ മക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെതന്നെ അവരോട് ശലോമോൻ സ്നേഹത്തിൽ പറ്റിച്ചേർന്നിരുന്നു.(1രാജാ11-1,2).
ഇതിൻറെ അനന്തരഫലം എന്തെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു.(1രാജാ11-4)
ഇവിടെ ദൈവകൽപന കാത്തു കൊള്ളാതെ ജീവിച്ചാൽ ആരായാലും, ജ്ഞാനവും, വിവേകവും ഉള്ള ശലോമോൻ ആയാൽ പോലും ക്രമേണ ആത്മീയ കാഴ്ചപ്പാടുകൾ മങ്ങി തുടങ്ങും. വിഗ്രഹങ്ങളെ കുമ്പിടുന്നത് വിവേകമില്ലായ്മ ആണല്ലോ കാണിക്കുന്നത്.
“കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം, ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവൻ മനുഷ്യനോട് അരുളിചെയ്തു”. (ഇയ്യോബ് 28-28) .
അതെ ഒരു ദൈവപൈതലിന് ഈ ഭൂമിയിൽ ദൈവം ശ്രേഷ്ഠകരമായ ഒരു ജീവിതം നൽകിയിട്ടുണ്ട് അതിന് വ്യക്തമായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുണ്ട്.അതു മറന്ന് ജീവിതം മായയും, വൃഥാ പ്രയത്നവുമായ കാര്യങ്ങൾക്ക് വിട്ടുകൊടുത്ത് പാഴാക്കി കളയരുത്,ലോകത്തെ സ്നേഹിക്കുന്ന ഉപദെശങ്ങളുടെ പുറകെ പോകുന്നവർ യഥാർത്ഥത്തിൽ ദൈവിക കൽപ്പനയിൽ നിന്നും പിൻമാറുകയാണ് ചെയ്യുന്നത്.-ദൈവത്തെ ഭയപ്പെടുകാ,ദൈവ കൽപ്പനകൾ പ്രമാണിച്ചു കൊൾക- എന്ന് സഭാപ്രസംഗിയിൽ കൂടി പരിശുദ്ധാത്മാവ് നമ്മേ പ്രബോദിപ്പിക്കുന്നു.
മുകളിൽ കാണിച്ച ചോദ്യങ്ങളിൽ ശലോമോൻ പ്രകടിപ്പിച്ച അജ്ഞത സഭാപ്രസംഗി വായിക്കുമ്പോൾ മനസ്സിലാകുന്നത്-ശലോമോൻ കൂടുതലും ഭൗമികനിലയിൽ മനുഷ്യജീവിതത്തെ നോക്കിക്കാണുന്നു എന്നുള്ളതാണ്.ഭൗമിക സുഖങ്ങൾക്ക് ആത്മാവിനെ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല എന്ന് ശലോമോന്റെ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി പരിശുദ്ധാത്മാവ് നമ്മേ ഓർമ്മിപ്പിക്കുന്നു.
“എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിനു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിനു ഒരു സന്തോഷവും വിലക്കിയില്ല;എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകല പ്രായത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ. ഞാൻ എന്റെ കൈകളുടെ സകല പ്രവർത്തികളെയും ഞാൻ ചെയ്യുവാൻ ശ്രമിച്ച സകല പരിശ്രമങ്ങളേയും നോക്കി; എല്ലാം മായയും വ്രഥാപ്രയത്നവും അത്രേ;സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്ന് കണ്ടു”(സഭാപ്രസംഗി 2-10,11).
ദൈവിക കൽപ്പനയിൽ നിന്നുള്ള മനുഷ്യന്റെ പിന്മാറ്റം ആത്മീയ കാഴ്ചപ്പാടുകൾ മങ്ങിക്കുകയും,പ്രത്യാശ നഷ്ട്ടപെടുത്തുകയും, ന്യായവിധിയിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും എന്ന് ശലോമോന്റെ വ്യക്തിപരമായ ജീവിതവും ‘സഭാപ്രസംഗി’ എന്ന പുസ്തകവും നമ്മോട് പറയുന്നു.
അതെ സഭാപ്രസംഗിയിൽ കൂടി പരിശുദ്ധാത്മാവ് നിത്യതയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ ‘ക്രിസ്തു’ എന്ന ദൈവിക മർമ്മത്തിന്റെ അനിവാര്യതയെ വരച്ചുകാട്ടുകയും ചെയ്യുന്നു. ശുഭം.

ബെന്നി ഏബ്രാഹാം
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.