ചെറു ചിന്ത: മടിയോട് മടി!! | മിനി എം.തോമസ്

“ഞങ്ങള്‍ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഇന്നിനി അധ്വാനിക്കാൻ വയ്യ. നമുക്ക് നാളെ മീൻ പിടിക്കാം”. പത്രൊസേ, നീ ആഴത്തിലേക്ക് നീക്കി മീൻപിടുത്തത്തിന് വല ഇറക്കുവിൻ എന്ന് യേശു പറഞ്ഞപ്പോൾ പത്രൊസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ലേ ആകേണ്ടിയിരുന്നത്? രാത്രി മുഴുവൻ അധ്വാനിച്ച ശാരീരിക ക്ഷീണം!! അധ്വാനം വൃഥാവായതിന്റെ മാനസിക ഭാരം!! വീട്ടിൽ ചെന്ന് വിശ്രമിക്കണമെന്ന ആഗ്രഹത്താൽ ജോലികൾ പൂർത്തീകരിക്കുമ്പോഴാണ് വീണ്ടും അധ്വാനിക്കുവാനുള്ള യേശുവിന്റെ ആഹ്വാനം. നമ്മുടെ പതിവ് രീതിപോലെ “എനിക്ക് വയ്യ, നാളെ ചെയ്യാം” എന്ന് പറയാതിരുന്നത് തന്നെയാവണം പത്രൊസിനെ വ്യത്യസ്തനാക്കുന്നത്. വല ഇറക്കി, വല കീറുമാറ് മീൻ ലഭിച്ചു. സമയം പാഴാക്കാതെ യേശു പറഞ്ഞത് പ്രവർത്തിക്കുവാൻ തയ്യാറായത് പത്രൊസിന്റെ വിശ്വാസം വർദ്ധിക്കുവാൻ കാരണമായി. മടിയന്മാർ തളരുമ്പോൾ, ഉത്സാഹികൾ എന്നും വളർന്നിട്ടേയുള്ളൂ!!!

ഒരു താലന്ത് നൽകിയ ദാസൻ അത് കുഴിച്ചിട്ടിട്ട് യജമാനന്റെ അരികിലെത്തി ന്യായവാദങ്ങൾ മുഴക്കിയപ്പോൾ യജമാനൻ അവനെ വിളിച്ചത് ‘മടിയനായ ദാസനെ’ എന്നാണ്. കൂടുതൽ താലന്തുകൾ ലഭിച്ചവർ യജമാനൻ മടങ്ങി എത്തുന്നതിന് മുമ്പ് കൂടുതൽ നേടുവാൻ പ്രയത്നിച്ചപ്പോൾ ഒരു താലന്ത് ലഭിച്ചവൻ പരാതികളുമായി അധ്വാനിക്കാതെ സമയം നഷ്ടമാക്കി. കൂടുതൽ അധ്വാനിച്ചവൻ കൂടുതൽ നേടി!!!

സൃഷ്ടിപ്പിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. വിശ്രമിച്ചിട്ടല്ല ധൗത്യം പൂർത്തീകരിച്ചത്. കൃത്യതയോടെ ആറു ദിവസം കൊണ്ട് പൂർത്തീകരിച്ച് ഏഴാം ദിവസം വിശ്രമിച്ചു.

ഓരോരോ ഘട്ടങ്ങളായി ലോക്ക്ഡൗൺ നീട്ടുമ്പോൾ അതിനൊപ്പം നീളുന്ന മറ്റൊന്നുണ്ട്. മടി!!! മനസ്സ് നിറയെ ആശയങ്ങൾ. എല്ലാം ചെയ്‌ത് തീർക്കുവാൻ ഒരുപാട് സമയം. പക്ഷെ, ചെയ്യുവാൻ തുടങ്ങുമ്പോൾ മനസ്സിലിരുന്ന് ആരോ പറയുന്നു, “ലോക്ക്ഡൗൺ അല്ലെ, കുറെയേറെ സമയമുണ്ടെല്ലോ. ഇന്നുറങ്ങാം, നാളെ ചെയ്യാം”. ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടത്തിൽ ചെയ്‌ത് തീർക്കണമെന്ന് കരുതി പാതി വഴിയിൽ ഉപേക്ഷിച്ചതൊക്കെ ഈ അഞ്ചാം ഘട്ടത്തിലെങ്കിലും പൂർത്തീകരിക്കണ്ടേ?? നാളെയെന്നത് നമുക്കുള്ളതോ എന്ന് നാം അറിയുന്നില്ല. ഏറ്റവും നന്നായി നമ്മുടെ ഹൃദയത്തിലെ ആശയങ്ങളെ അവതരിപ്പിക്കുവാൻ, താലന്തുകളെ തിരിച്ചറിയുവാൻ, മറ്റുള്ളവരെ സ്നേഹിക്കുവാൻ, കൂടുതൽ പ്രാർത്ഥിക്കുവാൻ ഇതിലും നല്ലൊരു സമയം ഇനിയും കിട്ടുമോ എന്നുറപ്പില്ല. മടിപ്പിടിച്ച് കിടക്കാതെ എഴുന്നേൽക്കുക.

നമ്മുടെ ചുറ്റുമുള്ള വിജയകഥകൾക്കെല്ലാം ഒരുപാട്‌ സ്വപ്നങ്ങളുടെയും, ആ സ്വപ്നങ്ങൾക്ക് വേണ്ടി ഉറക്കമിളച്ച ഒരുപാട് രാത്രികളുടെയും കഥ പറയാനുണ്ട്!!! സുവിശേഷത്തിന്റെ തീ ഇന്ന് ലോക രാജ്യങ്ങളിൽ ആളിക്കത്തുമ്പോൾ ഉത്സാഹികളായ നിരവധി അപ്പോസ്തലന്മാരുടെ ജീവനും ജീവിതവും മറന്നുള്ള പോരാട്ടത്തിന്റെ ഫലമാണെന്നതിന് സംശയമില്ല. കർത്താവ് ഏൽപ്പിച്ച ധൗത്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തീകരിക്കാം. മടിയനായ ദാസനെയല്ല, ക്ഷീണം വകവയ്ക്കാതെ അധ്വാനിക്കുവാൻ തയ്യാറായ പത്രൊസിനെയായിരുന്നു യേശുവിന് ഇഷ്ടം. മുപ്പത്തിമൂന്നര വയസ്സുകൊണ്ട് പിതാവ് നൽകിയ ധൗത്യം പൂർത്തീകരിച്ച യേശുവാകട്ടെ നമ്മുടെ മാതൃക!!!

മിനി എം.തോമസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading