ലേഖനം : പ്രാർത്ഥനയ്ക്ക് മുമ്പിൽ തിരുത്തപ്പെടുന്ന ദൈവീക തീരുമാനങ്ങൾ |നിഷ സന്തോഷ്

നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്നു നോക്കിയാൽ, നമ്മെ സ്വാധിനിക്കുവാൻ കഴിവുള്ള ഒരുപാടു വ്യക്തികളെ നമുക്ക് ചുറ്റും കാണാനാവും. നമ്മുടെ ചില തീരുമാനങ്ങളെ, ചില ചിന്താഗതികളെ വരെ സ്വാധിനിക്കുവാൻ ചിലർക്കാവും.
സർവ്വ ശക്തനായ ദൈവത്തെപ്പോലും പ്രാർത്ഥനയാലും, തന്റെ വിശ്വാസത്താലും സ്വാധീനിച്ച വ്യക്തികളെ നമുക്കു വേദപുസ്തക ചരിത്രത്തിൽ കാണാനാവും. അതിൽ പ്രാധാന്യമേറിയ ഒരു വ്യക്തിയാണ് അബ്രഹാം. താൻ എങ്ങനെയാണ് ദൈവവുമായി അഭേദ്യമായ ബന്ധം നിലനിർത്തിയത് എന്ന് ഉല്പത്തി പുസ്തകത്തിൽ വിവരിച്ചു പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ ദൈവവുമായി താൻ നടത്തിയ ഒരു സംഭാഷണ ഭാഗമാണ് ഈ രചനയുടെ പശ്ചാത്തലം. പുരാതന കാലം മുതൽ തന്നെ, ദൈവം താൻ ചെയ്യുവാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി തന്റെ ഭക്തതന്മാർക്കു വെളിപ്പിടുത്തിയിരുന്നതായി നമുക്കറിയാം. പണ്ട് വളരെ പണ്ട് യഹോവ മമ്രേയുടെ തോപ്പിൽ വച്ച് അബ്രഹാമിന് പ്രത്യക്ഷനായി. വെയിലുറച്ചപ്പോൾ അബ്രഹാം കൂടാര വാതിൽക്കൽ ഇരിക്കയായിരുന്നു. എന്നാൽ താൻ തല പൊക്കി നോക്കിയപ്പോൾ, മൂന്നു പുരുഷന്മാർ തന്റെ നേരെ നിൽക്കുന്നത് കണ്ടു.
ആ മാത്രയിൽ അവൻ അവരെ എതിരേൽക്കാൻ ഓടിച്ചെന്നു നിലം വരെ കുനിഞ്ഞു. വഴി പോക്കരെന്നു കരുതിയ അവരോടു തന്റെ ആതിഥ്യമര്യാദയുടെ നിറവിൽ നിന്നുകൊണ്ട് അബ്രഹാം പറഞ്ഞു “നിങ്ങൾ ഈ വൃക്ഷത്തിൻകീഴിൽ ഇരിപ്പിൻ, ഞാൻ നിങ്ങളുടെ കാലുകൾ കഴുകട്ടെ, ശേഷം കുറച്ചു ഭക്ഷണം കഴിച്ചു വിശ്രമിച്ച ശേഷം യാത്ര തുടരുവീൻ” എന്ന്. ശേഷം ബദ്ധപ്പെട്ടു കൂടാരത്തിനകത്തു ചെന്ന് സാറയോട് വിവരങ്ങൾ
പറഞ്ഞു. അവർ ക്ഷണത്തിൽ അപ്പവും കാളക്കുട്ടിയെയും പാകം ചെയ്തു വെണ്ണയും പാലും കൂട്ടി അവർക്കു ഭക്ഷിക്കാൻ നൽകി അവരെ ശുശ്രുഷിച്ചു. സാറാ ഈ സമയം കൂടാരത്തിനകത്തായിരുന്നു. പിന്നിട് അവർ അവരെ അനുഗ്രഹിച്ചു പറഞ്ഞതെന്തെന്നാൽ, “ഒരാണ്ട് കഴിഞ്ഞിട്ട് താൻ മടങ്ങിവരുമ്പോൾ സാറയ്ക്കൊരു മകനുണ്ടാവും” എന്ന്. ഇത് കേട്ടുകൊണ്ട് കൂടാരത്തിലിരുന്ന സാറാ, സ്ത്രീകൾക്കുള്ള തന്റെ പതിവ് നിന്ന് പോയതിനാലും, തന്റെ ഭർത്താവ് വൃദ്ധനാകയാലും
ഉള്ളിൽ ചിരിച്ചു. അപ്പോൾ യഹോവ അബ്രഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് വാസ്തവമോ എന്നുപറഞ്ഞു സാറാ ചിരിച്ചതെന്ത്? യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? (ഉല്പത്തി 18 :13 -14 )”. ഇതുകേട്ട സാറാ ഭയപ്പെട്ടു മറുപടി പറഞ്ഞു ഇല്ല ഞാൻ ചിരിച്ചില്ല എന്ന്. എന്നാൽ അങ്ങനെയല്ല നീ ചിരിച്ചു എന്ന് മറുപടി നൽകി. ശേഷം ആ പുരുഷന്മാർ അവിടെ നിന്ന് സൊദോം വഴിക്കു പുറപ്പെട്ടു. അബ്രഹാം അവരെ യാത്ര അയക്കാൻ അവരോടു കൂടെ പോയി. ശേഷം യഹോവ അബ്രഹാമിനോട് അരുളിച്ചെയ്തു “ഞാൻ ചെയ്‍വാനിരിക്കുന്നതു, അബ്രഹാമിനോട് മറച്ചു വെക്കുമോ?”( ഉല്പത്തി 18 :17 ). എന്ന് പറഞ്ഞു അവനെ അനുഗ്രഹിച്ചു തുടങ്ങി. അവനെ താൻ തിരഞ്ഞെടുത്തു എന്നും, വലിയതും ബലമുള്ളതുമായ ജാതിയാക്കുമെന്നും, അവനിൽ ഭൂമിയിലെ ജാതികൾ ഒക്കെയും അനുഗ്രഹിക്കപ്പെടുമെന്നും യഹോവ അവനോടു പറഞ്ഞു. സോദോമിന്റെയും ഗോമോറയുടെയും നിലവിളി വലുതെന്നും, അവരുടെ പാപം അതി കഠിനമാണെന്നും താൻ അവരുടെ പ്രവർത്തികളെ നോക്കി അറിയുമെന്നും കൂട്ടിച്ചേർത്തു, ഇതിനു ശേഷം ആ പുരുഷന്മാർ അവിടെ നിന്നും തിരിഞ്ഞു സോദോമിലേക്കു പോയി. അബ്രഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു, (ഉല്പത്തി 18 :22 ). താൻ ദൈവസന്നിധിയിൽ നിന്നു മാറാതെ ആ ദേശത്തെയോർത്തു, അതിലെ നിവാസികളെയോർത്തു മനം നൊന്തു യഹോവയോടു പക്ഷവാദം ചെയ്തുകൊണ്ടിരുന്നു. സർവ്വന്യായാധിപതിയായ ദൈവം നീതിമാൻ ആണെന്നും, താൻ ദുഷ്ടനോടു കൂടി നീതിമാനെയും കൂടി നശിപ്പിക്കില്ല എന്നുമൊക്കെ പറഞ്ഞു അബ്രഹാം ദൈവ സന്നിധിയിൽ ഇരുന്നു പ്രാർത്ഥിച്ചു. ആ ദേശത്തു അമ്പതു നീതിമാൻ ഉണ്ടെങ്കിൽ താൻ അവിടം നശിപ്പിക്കില്ല എന്ന തന്റെ തീരുമാനത്തിൽ നിന്നും, പത്തുപേരെങ്കിലും ഉണ്ടെങ്കിൽ താൻ അവരെ നശിപ്പിക്കില്ല എന്ന തീരുമാനത്തിലേക്ക് , പിതാവായ ദൈവത്തിന്റെ മനസ്സുമാറ്റുവാൻ അബ്രഹാമിന്റെ പ്രാർത്ഥനയ്ക്കും അപേക്ഷയ്ക്കും കഴിഞ്ഞെന്നും നമുക്ക് തുടർന്നുള്ള ഭാഗത്തിൽ കാണുവാൻ കഴിയും.
പ്രിയമുള്ളവരേ എന്നെ ചിന്തിപ്പിച്ച രണ്ടു ഭാഗമാണ് എടുത്തു കാട്ടുവാനായി ഞാൻ ആഗ്രഹിക്കുന്നത്.
ഒന്ന്) (ഉല്പത്തി 18 : 17 ) “അപ്പോൾ യഹോവ അരുളിച്ചെയ്തതു, ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രഹാമിന് മറച്ചു വയ്ക്കുമോ???”
എത്ര വലിയ ഭാഗ്യമേറിയ വാക്കുകൾ ആണിത്. സർവ്വശക്തനായ ദൈവം പറയുകയാണ്, താൻ ചെയ്യുവാൻപോകുന്ന കാര്യം ഒരു മനുഷ്യനോട് മറച്ചുവെക്കുമോ എന്ന്!

post watermark60x60

അത്ര വലിയ അഭേദ്യമായ ആത്മബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നുവെന്നാണ് ഈ വാക്കുകളിലൂടെ നമുക്ക് മനസ്സിലാവുന്നത്. നമ്മുടെ ദൈവം അനന്യനായ ദൈവം ആണ് തന്റെ ദൈവീക സ്വഭാവത്തിന് മാറ്റമില്ലാത്തതാണ്.അങ്ങനെയെങ്കിൽ ഈ തലമുറയിലും അബ്രഹാമിനെപ്പോലെ വിശ്വസ്തനായ ദാസന്മാർക്കു ദൈവം താൻ ചെയ്യുന്നത് മറച്ചു വെക്കുമോ? നമുക്ക് നമ്മുടെ ഏകാന്ത നിമിഷങ്ങളിൽ, പ്രാർത്ഥന മുറികളിൽ ഇതു വീണ്ടും വീണ്ടും ധ്യാനിച്ച് ബലപ്പെടാനാകും.
ദൈവത്തെ അബ്രഹാമിലേക്കാകർഷിച്ച അദ്ദേഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ ആയിരുന്നുവെന്നു ചിന്തിക്കാനും അതിനനുസൃതമായി, വേദപുസ്തകപ്രകാരം ജീവിതത്തെ ക്രമീകരിച്ചു, ദൈവ ശബ്ദം കേൾക്കാനായി ജീവിത വിശുദ്ധിയോടെ ഒരുങ്ങീടാം.
രണ്ട്) വീണ്ടും നോക്കിയാൽ ഞാൻ ഏറെ ആശ്ചര്യപ്പെട്ടതു അബ്രഹാമിന്റെ മനോഭാവം കണ്ടിട്ടാണ്. ഉല്പത്തി 18 :22 ൽ
“അബ്രഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു”. വർഷങ്ങൾ ആയുള്ള തന്റെ പ്രാർത്ഥനയുടെ മറുപടി ആയിരുന്നു ദൈവത്തിൽ നിന്നും കേട്ട ആ വാഗ്ദ്ദത്തം-സാറ അടുത്ത വര്ഷം ഒരു മകനെ പ്രസവിക്കും എന്നത്. അതോടൊപ്പം പറഞ്ഞ സകല അനുഗ്രഹങ്ങളും അവൻ സന്തോഷത്തോടെ കേട്ടിരുന്നു. എന്നാൽ എപ്പോളാണോ താൻ സോദോമിനെയും ഗോമേറെയെയും നശിപ്പിക്കുവാൻ പോകുന്ന ദൂത് കേട്ടത്, ആ നിമിഷം മുതൽ താൻ മാറാതെ, യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു. തന്റെ വ്യക്തിപരമായ വാഗ്‌ദത്തങ്ങളും ആവശ്യങ്ങളും ഒക്കെ മാറ്റിവച്ചു നശിക്കുവാൻ പോകുന്ന ദേശങ്ങളെ ഓർത്തു വേദനിച്ചു, ദൈവസന്നിധിയിൽ ഇടുവിൽ നിൽക്കുന്ന അബ്രഹാം.

പ്രിയമുള്ളവരേ നാം ഇന്ന് കടന്നുപോകുന്ന സാമൂഹ്യ സാഹചര്യങ്ങൾ , രാജ്യങ്ങൾ നേരിടുന്ന ലോകവ്യാപകമായ വൻവിപത്തു, ഒരു സൂഷ്മാണു ലോകത്തെ കാർന്നു തിന്നു നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, നമുക്കും നമ്മുടെ മനോഭാവം ഒന്ന് മാറ്റാനാവുമോ? സ്വന്തം കാര്യം മാത്രം നോക്കി, തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം കരുതി ജീവിക്കാതെ, മറ്റുള്ളവർക്കുവേണ്ടി, ദേശങ്ങൾക്കുവേണ്ടി , ലോകത്തിനുവേണ്ടി നിസ്വാർത്ഥമായി ഇടുവിൽ നിന്നു സർവശക്തനായ ദൈവത്തോട് നിലവിളിക്കുവാൻ നമുക്കാവുമോ??

Download Our Android App | iOS App

നമുക്കും അബ്രഹാമിന്റെ മനോഭാവത്തോടു ചേർന്ന് നിൽക്കാം. ഈ മഹാമാരി നമ്മുടെ ദേശങ്ങളെ നശിപ്പിക്കാതിരിയ്ക്കാൻ ,ഈ ജനങ്ങളോട് ദൈവത്തിനു കരുണ തോന്നുവാൻ,ഒരു നീതിമാനെങ്കിലും ഉണ്ടെങ്കിൽ ദേശത്തെ നശിപ്പിക്കാതെ, ദേശത്തിനു സൗഖ്യം വരുത്തുവാൻ നമുക്കും അബ്രഹാമിനെപ്പോലെ ദൈവ സന്നിധിയിൽ തന്നേ നിൽക്കാം.
ഒരുമനസ്സോടെ പ്രാർത്ഥിക്കാം.

നിഷ സന്തോഷ്.

-ADVERTISEMENT-

You might also like