എഡിറ്റോറിയൽ : ഉയരെ പറക്കാം ഉണർവോടെ |പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്

ആത്മ ബോധനത്തിന് അനുയോജ്യമായ ഒരു വിശ്രമകാലം കല്പിക്കപ്പെട്ടിരുന്നു നമുക്കേവർക്കും. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നത് ആപ്തവാക്യം ലോകത്തിനു സമ്മാനിച്ച ആർഷഭാരതത്തിലും ഒട്ടും വ്യത്യസ്തമല്ലാതെ ആഗോള വ്യാപകമായ വ്യാധിയും കെടുതിയും അനുബന്ധവിശ്രമകാലം അനുഭവമായി. തിരക്കോടെ ഓടിനടന്ന ജീവിതചര്യകളിൽ നിന്നും അനിതര സാധാരണമായി ലഭ്യമായ ഈ സമയം സ്വയ ശോധനയ്ക്കും ആത്മബന്ധങ്ങളുടെ കേടു തീർക്കുന്നതിനും, വിജ്ഞാന സമ്പാദനത്തിനും, വിലയിരുത്തലുകൾക്കും ചിലർക്കെങ്കിലും അവസരീഭവിച്ചു.

ആഢ്യാഭിമാനത്തോടെ നാം ചുമന്നു കൊണ്ടു നടന്ന താൻപോരിമയുടെ ഭാണ്ഡങ്ങളെ ഇറക്കിവെച്ച് പരിസര നിബിഡമായ ശ്രേഷ്ഠതകളെയും, എന്നോ ലഭ്യമായ അഗണനീയമായിപോയ ഉപദേശങ്ങളെയും ജീവിത പാളിച്ചകളെയും വിലയിരുത്തുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു എങ്കിൽ അതും നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നു.

സ്വയം കല്പിതമായ അഥവാ പ്രകൃതി നിർബന്ധിതമായ തടങ്കലിൽ നിന്ന് പുറത്തു വരുന്ന ഏതു ജീവനും ജീവിതവും പുതിയ വർണ്ണ ശബളതകളോടും മസ്തിഷ്ക വികാസത്തോടും വിജ്ഞാന സമ്പാദനത്തോടും ആർജ്ജിതമായ ഉർജ്ജത്തോടും ഉണർവോടും കൂടിയാണ് ബഹിർഗമനം നടത്തുന്നതും പുതു ലോകത്തെ വരവേൽക്കുന്നതും. ഉൾവലിഞ്ഞ ദിനങ്ങൾ അവക്ക് ആയുസിലെ നഷ്ടമല്ല പുനര്നിര്മിതമായ വ്യക്തിത്വത്തിനുള്ള ഗര്ഭകാലമാണ്. സമാധി കാലങ്ങളിൽ, സമയത്തിനുണ്ടായ മാറ്റങ്ങളും മുൻപ് ജീവിച്ച സാഹചര്യങ്ങളിൽ ഇന്ന് വന്ന മാറ്റങ്ങളും, അർത്ഥാൽ ഒഴുക്കിനൊത്ത് നിന്നിരുന്ന പഴയ കാലങ്ങളിൽ നിന്നും പുതു വിഭാവിതമായ ലോകത്തേക്ക് പ്രവേശനം ചെയ്യുന്ന ഏവർക്കും എക്കാലവും ലഭ്യമായിരുന്ന സ്വീകാര്യതയും തിരസ്കരണവും പ്രപഞ്ചത്തിന്റെ നയമാണെന്ന് സൃഷ്‌ടിതാവിന്റെ കൃതിയാണെന്നും നമ്മൾ മറന്നു പോകരുത്. ഇന്നലെകളെക്കാൾ നാമും നമ്മുടെ സാഹചര്യവും മാറിയിരിക്കുന്നു എന്നുതന്നെ സാരം.
കരുതലോടെ ചുവടുവെക്കുവാനും അച്ചടക്കം പാലിക്കുവാനും സാധ്യതകളെയും അവസരങ്ങളെയും കണ്ടെത്തുവാനും പാളിച്ചകളും ആഘാതങ്ങളും നൽകിയ ക്ഷതങ്ങളെ പരിഹരിക്കാനും നമുക്ക് കഴിയണം.

സാംസ്കാരികവും ആദ്ധ്യാത്മികവുമായ സാമ്പത്തികവുമായ പരിമിതികളും സാധ്യതകളും മുന്നിലുണ്ട്. വിവേചന ബുദ്ധിയോടെയും യുക്തിയോടെയും അതിനെ കണ്ടെത്തുവാനും പ്രത്യുല്പാദനപരമായ ഒരു അതിജീവനം സാധ്യമാക്കാൻ നമുക്ക് കഴിയണം. അതിനു കാലാന്തരജ്ഞാന വിസ്തൃതിയുള്ള ദൈവാത്മാവിനെ നമ്മെ സഹായിക്കാനാകൂ.
നാമും നമ്മുടെ സമൂഹവും എന്നും കൊതിക്കുന്ന നല്ല നാളുകൾ പടുത്തുയർത്തുവാൻ, ഈ സാഹചര്യങ്ങൾ ഒരു പുതിയ തുടക്കമായി കരുതലോടെയും ജാഗ്രതയുടെയും നീങ്ങുക. സർവ്വേശ്വര കടാക്ഷങ്ങൾ സമസ്തമേഖലകളിലും ഒരുപോലെ ലഭ്യമാക്കുവാൻ യോഗ്യമായ ജീവിതം നയിക്കുക. ആഘാതങ്ങൾ പൊറുക്കുവാനും പ്രതീക്ഷകൾ പുഷ്പം അണിഞ്ഞു ഫലം കായ്ക്കാനും ഒരു കാലാന്തരം ഉണ്ടാകും. കാത്തിരിക്കാം ആ നല്ല നാളുകൾക്കായി. ആ വിചിത്ര വിഹായുസ്സിൽ വിഹഗ സമമായ ഉയരാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്
മാനേജിങ് എഡിറ്റർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.