കണ്ടതും കേട്ടതും: പെന്തക്കോസ്ത് നേതാക്കളുടെ തീരുമാനം അപകടകരം | റോഷൻ ഹരിപ്പാട്

ലോകരാജ്യങ്ങളെ മുഴുവൻ ഭീതിയിലാക്കി COVID-19 സംഹാരതാണ്ഡവം നടത്തുകയാണ്. മരണനിരക്ക് മൂന്നരലക്ഷത്തോട് അടുക്കുകയാണ്. ഈ രോഗത്തെപ്പറ്റി ശരിയായ അവബോധമുള്ള ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ ഭയക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ആയിരിക്കുന്നത്. സാമ്പത്തികപ്രയാസങ്ങൾകൊണ്ടും ഭാവിജീവിതത്തിന്റെ ഭദ്രത ആലോചിച്ചും ഇന്നും പലരും ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നു എന്നേയുള്ളു. ചില രാജ്യങ്ങളിലെ അവസ്ഥ വളരെ ദയനീയമായിരുന്നു. രോഗികളെ ഉൾക്കൊള്ളിക്കാൻ ആശുപത്രിയിൽ സ്ഥലം പോരാതെവന്നപ്പോൾ ആശുപതിവരാന്തയിലും പുറത്തും ക്രമീകരിച്ച ബെഡുകളിൽ കിടത്തി അവരെ ചികിൽസിക്കുന്ന ഹൃദയഭേദകമായ ഫോട്ടോകൾ നാം കണ്ടു. എന്നാൽ കേരളസമൂഹത്തെപോലെ ഇത്ര ചങ്കുറ്റത്തോടെ ഈ മഹാമാരിയോട് എതിർത്തു വിജയിച്ച വേറെയൊരു സമൂഹവുമില്ല എന്നത് അഭിമാനകരമാണ്. ലോകരാജ്യങ്ങൾ തന്നെ അത് മാതൃകയാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ പെന്തകോസ്ത് സംഘടനകളുടെ നേതാക്കൾ ഒരുമിച്ചു കൂടി സഭാഹോളുകൾ തുറക്കുവാൻ അനുവാദം നൽകണം എന്നാവശ്യത്തോടെ മുഖ്യമന്തിയ്ക്കു നിവേദനം നൽകിയ സംഭവം പെന്തകൊസ്തു സമൂഹത്തിനു തന്നെ അപമാനമായിരിക്കുകയാണ്. ഇവർക്കൊക്കെ അല്പമെങ്കിലും സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ ഈ പരിപാടി ചെയ്യുകയില്ലായിരുന്നു. പെന്തകോസ്ത് തലമുറകളെ വഴിതെറ്റിക്കുന്ന രീതിയിൽ പലരും ദുരുപദേശങ്ങൾ നമ്മുടെ ഇടയിൽ പ്രചരിപ്പിച്ചപ്പോൾ ഇതുപോലെ നേതാക്കന്മാർ സംഘടനാവ്യത്യാസമില്ലാതെ ഒന്നു ഒരുമിച്ചു കൂടിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് ചിന്തിച്ചുപോകുന്നു.

post watermark60x60

ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം അനുസരിച്ചു കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 മുതൽ 28 ദിവസങ്ങൾ വരെ ഇൻക്യൂബേഷൻ പീരീഡ്‌ ആയിരിക്കും. അതിനുള്ളിൽ ടെസ്റ്റുകൾ നടത്തിയാൽ പോലും പോസിറ്റീവ് റിസൾട്ട്‌ ലഭിക്കുവാനോ,
രോഗിയിൽ യാതൊരു വിധത്തിലുമുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുവാനോ സാധ്യതയില്ല. രോഗലക്ഷണങ്ങൾ ഇല്ല എന്ന അടിസ്ഥാനത്തിൽ ആരെയും രോഗബാധിതർ അല്ല എന്ന് നമുക്ക് സ്ഥിരീകരിക്കാനും പറ്റില്ല. എന്നാൽ മറ്റു വൈറസുകളിൽ നിന്നും വ്യത്യസ്തമായി ഇൻക്യൂബേഷൻ സമയത്ത് പോലും കൊറോണവൈറസ് മറ്റുവ്യക്തികളിലേക്കു പടരുകയും ചെയ്യും. നമ്മുടെ മിക്കവാറും സഭാഹോളുകൾ വളരെ ഇടുക്കമുള്ളതാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ പല സെഷനുകളായി യോഗങ്ങൾ നടത്താൻ തീരുമാനിച്ചാലും പ്രശ്നങ്ങളുണ്ട്. രോഗിയിൽ നിന്നും അന്തരീക്ഷത്തിൽ വ്യാപിച്ച വൈറസ് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ജീവനോടെയുണ്ടാകും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് ആളുകൾ ഒരുമിച്ചു കൂടിവരുമ്പോൾ രോഗവ്യാപനം വർധിപ്പിക്കും എന്നതിൽ സംശയമില്ല.

ആരാധനാലയങ്ങൾ തുറക്കണമെന്നു വ്യക്തിപരമായി ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ ദുരന്തകാലത്തു എന്തിനാണ് നാം ഇത്രയേറെ ധൃതിപ്പെടുന്നത്. രണ്ടോ മൂന്നോ പേർ കർത്താവിന്റെ നാമത്തിൽ കൂടിവരുന്നിടത്തു കർത്താവിന്റെ സാന്നിധ്യമുണ്ട് എന്ന് പഠിപ്പിച്ച പെന്തകൊസ്തുനേതാക്കൾ എന്തിനുവേണ്ടിയാണ് ഇപ്പോൾ ആരാധനാലയങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം നല്കുന്നത്. പുതിയനിയമവ്യവസ്ഥയിൽ സ്ഥലത്തിന് യാതൊരുവിധത്തിലുള്ള പ്രാധാന്യമില്ല. ഓരോ വ്യക്തിയും ദൈവത്തിന്റെ ആലയങ്ങൾ ആണ്. വിഗ്രഹപ്രതിഷ്ഠകളെ കണ്ടു ആരാധിക്കുന്ന രീതി നമുക്കില്ല, പാലഭിഷേകമൊ, നെയ്യഭിഷേകമോ, ശയനപ്രദിക്ഷണമോ, തിരികത്തിക്കലോ, പ്രസാദവിതരണമോ, മണിയടിയോ പോലെയുള്ള ആരാധനാരീതികൾ പെന്തക്കോസ്തർക്കില്ല. ഇതൊക്കെ ആരാധനരീതികൾ ആയിട്ടുള്ള മതങ്ങൾ പോലും മൗനമായിരിക്കുമ്പോൾ പിന്നെ എന്തിനാണ് പെന്തകൊസ്തുകാർക്കുമാത്രം ഇത്ര ധൃതിയെന്നു മനസ്സിലാകുന്നില്ല. ‘ബീവറേജ് തുറക്കാൻ അനുവാദം കൊടുത്തു പിന്നെ എന്തുകൊണ്ട് ആരാധനാലയം തുറക്കാൻ അനുവദിക്കുന്നില്ല’ എന്നല്ല സുബോധമുള്ള ഒരു പൗരൻ ചോദിക്കേണ്ടത്. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിൽ ആർക്കും ഒരു പരിഭവവുമില്ലല്ലോ. പ്രവാസികളായ നമ്മുടെ സഹോദരങ്ങൾ പല രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ മടങ്ങിവരുന്ന ഈ സമയം നാം വളരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസത്തിൽ 7 പ്രാവശ്യം പള്ളിയിൽ പോയി നിസ്കരിക്കുന്ന മുസൽമാനും, ദിവസവും രാവിലെ കുളിച്ചു തൊഴാൻ ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുവും അവരുടെ ആരാധനാലയങ്ങൾ അടച്ചു സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സഹകരിക്കുമ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രം പള്ളിയിൽ പോകുന്ന ക്രിസ്ത്യാനിക്ക് പള്ളി തുറക്കാൻ ധൃതിയായി. എല്ലാ ആഴ്ചയിലും ലഭിക്കുന്ന സ്തോത്രകാഴ്ചയും ദശാംശവുംകൊണ്ടു മാത്രം ഉപജീവിക്കുന്ന സാധാരണക്കാരായ പാസ്റ്റർമാർ മിക്കവരും ഈ ലോക്ക്ഡൌൺ കാലത്തു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നുണ്ട്. അവരുടെ ഉദ്ധാരണത്തിനുവേണ്ടിയാണ് നേതാക്കന്മാർ ഇങ്ങനെയൊരു തീരുമാനം എടുത്തെങ്കിൽ നിങ്ങൾക്ക് തികച്ചും തെറ്റിപ്പോയി. അങ്ങനെയുള്ള ദൈവദാസന്മാരെ സഹായിപ്പാൻ സംഘടന മറ്റേതെങ്കിലും വഴി സ്വീകരിക്കണം. ഈ തീരുമാനം വൻനാശം വിളിച്ചുവരുത്തും. നമ്മുടെ സമൂഹത്തെ നാശത്തിലേക്കു നയിക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ വിദ്യാപ്രബുദ്ധരായ പെന്തകൊസ്തു വിശ്വാസികൾ ശബ്ദമുയർത്തണം. ഞങ്ങൾ കുടുംബമായി നഴ്‌സിംഗ് മേഖലയിൽ ജോലിചെയ്യുന്നതുകൊണ്ടു കോവിഡിന്റെ ഭീകരത അല്പംകൂടി ആഴത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും ശക്തമായി ഞാൻ ഇതിനെ എതിർക്കുന്നത്.

Download Our Android App | iOS App

ആരാധനാലയങ്ങൾ തുറക്കണമെന്നും ദൈവജനം ഒരുമിച്ചുള്ള കൂട്ടായ്മകൾ എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടണമെന്നുമാണ് ഏതൊരു ക്രിസ്തുഭക്തന്റെയും ആഗ്രഹം. രക്തബന്ധങ്ങൾ മരിച്ചുകിടക്കുമ്പോഴും ഞായറാഴ്ചയിലെ സഭായോഗം മുടക്കാതിരുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരുമിച്ചു കൂടാൻ പറ്റിയില്ലെങ്കിലും ഭവനങ്ങളിൽ ഇരുന്ന് കഷ്ടമനുഭവിക്കുന്നവർക്കു വേണ്ടിയും ലോകസമാധാനത്തിനായും നാം ഇടുവിൽ നിൽക്കേണ്ട സമയമാണിത്. പത്മോസിന്റെ ലോക്ക്ഡൗണിൽ ഏകനായി ദൈവസന്നിധിയിൽ ഇരുന്ന യോഹന്നാന്റെമേൽ വ്യാപാരിച്ച അതേ ദൈവസാന്നിധ്യം ഭവനങ്ങളിൽ ഇരുന്ന് അനുഭവിക്കുവാൻ നമുക്കും കഴിയണം. പൂർണമായ ആരാധനസ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലത്തേക്കാൾ വചനധ്യാനത്തിനും പ്രാർത്ഥനയ്ക്കും കൂടുതൽ സമയങ്ങൾ വേർതിക്കുവാൻ ഈ ലോക്ക്ഡൌൺ കാലത്തു നമുക്ക് സാധിച്ചു എന്നത് വ്യക്തിപരമായി ഓരോരുത്തർക്കും പറയുവാൻ കഴിയുന്ന സാക്ഷ്യമാണ്. ഇന്ന് നാം സാമൂഹ്യപ്രതിബദ്ധതയോടെ സഹകരിച്ചാൽ ഈ സമയവും കഴിഞ്ഞുപോകും. ബുദ്ധിഹീനമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ഒരു കാര്യം ആലോചിക്കുക, ഇത് ശ്രദ്ധിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. പെന്തകൊസ്തു സമൂഹത്തെപറ്റി അവർക്കുണ്ടാകുന്ന തെറ്റിധാരണകൾ വരുംകാലഘട്ടത്തിൽ സുവിശേഷത്തിന്റെ വാതിലുകൾ പലയിടങ്ങളിലും അടയപ്പെടാൻ കാരണമാകും. Covid 19 ഇല്ലാത്ത ഒരു നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു കൈകോർക്കാം…

റോഷൻ ഹരിപ്പാട്

-ADVERTISEMENT-

You might also like