ലേഖനം : മാതൃദിനവും ജന്മദിനവും | പാസ്റ്റർ സിനോജ് ജോർജ്ജ് കായംകുളം

ഈ മാതൃദിനത്തിൽ എല്ലാ മാതാക്കൾകും കൂടാതെ മാതൃഹൃദയത്തിന് ഉടമയായവർക്കും ഹൃദ്യമായ ആശംസകൾ.

അമ്മ എന്ന മലയാള പദത്തിന്റെ അർത്ഥം വളരെ വലുതാണ്. ഞാൻ ഈ ദിവസങ്ങളിൽ ചിന്തിച്ചപ്പോൾ എന്തുകൊണ്ടാണ് മലയാളത്തിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാതാവിന്റെ വിളിപേരുകളിൽ എല്ലാം ‘മ’ എന്ന അക്ഷരം ഒന്നിലധികമെന്ന്.
അമ്മ, ഉമ്മ, മമ്മി ഈ മൂന്ന് പദങ്ങളാണ് കൂടുതലായും മലയാളി മക്കൾ സ്വന്തം മാതാവിനെ വിളിക്കുവാൻ ഉപയോഗിക്കുന്നത്.

അമ്മയിലും ഉമ്മയിലും രണ്ടും മമ്മിയിൽ മൂന്നും ‘മ’ എന്ന അക്ഷരം കാണുന്നു. ചിന്തയിൽ കണ്ടെത്തിയ എന്റെ അഭിപ്രായം കുറിക്കട്ടെ!

മലയാളികൾ പറയുക പതിവാണ് ‘കമ’ എന്നൊരു അക്ഷരം ഞാൻ പറഞ്ഞില്ല എന്ന്.
ഇവിടെ അർത്ഥമാക്കുന്നത് പരിശോധിച്ചപ്പോൾ മലയാള ഭാഷയിലെ വ്യഞ്ജനാക്ഷരങ്ങൾ അഥവാ വർഗ്ഗാക്ഷരങ്ങൾ ‘ക’ എന്ന അക്ഷരത്തിൽ തുടങ്ങി ‘മ’ എന്ന അക്ഷരത്തിൽ അവസാനിക്കുന്നു. അതിനാൽ ‘കമ’ എന്ന് ഞാൻ ഉരിയാടിയില്ല എന്നത് ഒരു വാക്കുപോലും ഞാൻ പറഞ്ഞില്ല എന്നർത്ഥം. കാരണം എന്തെങ്കിലും ആശയവിനിമയം മലയാളത്തിൽ ഗുണമായോ ദോഷമായോ ചെയ്യുവാൻ ‘ക’ മുതൽ ‘മ’ വരെ ഉള്ള അക്ഷരങ്ങൾ ഏതെങ്കിലും ഒന്ന് ആവശ്യമാണ്. സ്വരാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചാൽ ആശയവിനിമയം പൂർണ്ണമാകില്ല എന്ന് മനസ്സിലാക്കാം. പോട്ടേ അത് എങ്ങനെയും ആകട്ടെ. വർഗ്ഗാക്ഷരങ്ങൾ അവസാനിക്കുന്നത് ‘മ’ എന്ന അക്ഷരത്താലാണ് എന്നതിൽ ആർക്കും തർക്കം ഇല്ല. (‘ക’ മുതൽ ‘മ’ വരെ 25 വർഗ്ഗാക്ഷരങ്ങൾ, 4 മധ്യമങ്ങൾ: യ,ര,ല,വ; 4 ഊഷ്മാക്കൾ: ശ,ഷ,സ,ഹ കൂടാതെ ള,ന,ഴ,റ ഇങ്ങനെ 37 അക്ഷരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ ആവർത്തനങ്ങൾ ഒഴുവാക്കിയാൽ ബാക്കി 14 സ്വരാക്ഷരങ്ങൾ അങ്ങനെ ആകെ 51 അക്ഷരങ്ങൾ)

ഇവിടെ എന്റെ ചിന്തയുടെ തുടക്കം. ഒരു വ്യക്തിയുടെ ആരംഭം ഒരു അമ്മയിൽ നിന്നാണ് എങ്കിൽ ഒന്നിലധികം ‘മ’ എന്ന അക്ഷരം പ്രിയ വായനക്കാരേ എല്ലാത്തിന്റേയും അവസാന വാക്കും നമ്മുടെ അമ്മയുടേത് ആകട്ടെ. ഇവിടെ അമ്മ എന്ന മലയാള പദത്തിന് സ്വരാക്ഷരത്തിലെ ആദ്യാക്ഷരവും വ്യജ്ഞനാക്ഷരത്തിലെ അവസാനവും. എത്ര ഭംഗിയായ ഭാഷയാ എന്റെ മാതൃഭാഷ… (മറ്റു ഭാഷകളും ഭംഗിയുള്ളത് തന്നെയാണ്).

ഇവിടെ ഉമ്മയിലും സ്വരാക്ഷരവും രണ്ട് അവസാന അക്ഷരങ്ങളും ചേർത്തിരിക്കുന്നു. ഇതിന്റെ പിന്നിലും പ്രവൃത്തിച്ച ആ പൂർവ്വികരെ തീർച്ചയായും അകമഴിഞ്ഞ് സ്മരിക്കുന്നു.

എന്നാൽ കുട്ടിക്കാലത്ത് ഞാൻ ഒരു പാട് കളിയാക്കലുകൾക്ക് വിധേയനായത് എന്റെ സാധാരണ നാട്ടിൻ പുറത്ത് അന്ന് കൂട്ടുകാർക്കിടയിൽ ഞാൻ മാത്രം ‘മമ്മി’ എന്ന് അമ്മയെ വിളിക്കുന്നത്. പലരും ഈജിപ്റ്റിലെ പിരമിഡുകളെ കൂട്ടിഇണക്കി കളിയാക്കുമ്പോൾ അറിയാതെ മനസ്സ് പറഞ്ഞു പറ്റുമെങ്കിൽ ‘അമ്മ’ എന്ന് വിളിക്കണം ഇനി മുതൽ. എന്നാൽ അമ്മയെ കാണുമ്മോൾ ‘മമ്മീ’ ന്ന് അറിയാതെ വിളിച്ചുപോകും.

എന്നാൽ പിൽക്കാലത്ത് മനസ്സിലായി അമ്മയാണ് അവസാന വാക്ക്. മമ്മീ എന്ന് വിളിക്കാൻ എപ്പോഴോ പഠിപ്പിച്ചതും അമ്മതന്നെയാണ്. അമ്മ പഠിപ്പിച്ചത് മനസ്സിൽ നിന്നും തുടയ്ക്കുവാൻ സാധിക്കില്ല എന്നും. ഇപ്പോൾ കൂടുതൽ ആശ്വാസം മമ്മി-യിൽ ‘മ’ എന്ന അക്ഷരം മൂന്നാണല്ലോ അതിനാൽ അമ്മയാണ് എല്ലാത്തിനും അവസാനവും സൂക്ഷിക്കപ്പേടണ്ടതും.

ആദ്യം സൂക്ഷിച്ച, സംരക്ഷിച്ച, ലാളിച്ച അമ്മയെ അവസാനം വരെ സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും അമ്മ,ഉമ്മ,മമ്മി യെ മറക്കാത്ത ഒരു തലമുറയായി നാം തീരണം.

ഈ മാതൃദിനത്തിൽ ഓർക്കുക ദൈവത്തിന് പോലും ഭൂമിയിൽ വരുവാൻ പുരുഷന്റെ ആവശ്യമില്ലായിരുന്നു. അതിനാൽ അമ്മയെ അറിയൂ സ്ത്രീയെ അമ്മയെപ്പോലെ പെങ്ങളെപോലെ മകളെപോലെ കരുതൂ…

ഇന്ന് ഇത് എഴുതുമ്പോൾ നാളെ (മെയ് 11) എന്റെ ജന്മദിനമാകയാൽ 39 വർഷങ്ങൾക്ക് പിന്നിൽ ഈ ദിനത്തിൽ (മെയ് 10) എന്റെ മമ്മിയുടെ ഉദരത്തിൽ ആയിരുന്ന ഞാൻ ഇവിടെ വരെ എത്തുവാൻ കാരണമായതിൽ ഭൂമിയിൽ പ്രധാന പങ്ക് വഹിച്ച “അമ്മയായ എന്റെ മമ്മിക്ക് ഹൃദ്യമായ ഒരു ഉമ്മ നൽകിക്കൊണ്ട്” ഈ മാതൃദിനത്തിൽ എല്ലാ മാതാക്കൾക്കും സമാധാനവും ദീർഘായുസ്സും നേരുന്നു.

സിനോജ് ജോർജ്ജ് കായംകുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading