ലേഖനം: ദൈവമക്കൾ എങ്ങനെ വ്യത്യസ്തരാകുന്നു? | ജോണ്‍സന്‍ ഡി സാമുവേ

പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്യാൻ പോയ കഥ ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം കാണുന്നു. അതിൽ ഒലിവു വൃക്ഷത്തെയും അത്തി വൃക്ഷത്തെയും മുന്തിരിവള്ളിയേയും മറ്റുള്ള വൃക്ഷങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിയത് അവരുടെ പുഷ്ടിയും ദൈവത്തെയും മനുഷ്യനെയും സന്തോഷിപ്പിക്കുന്ന വിശേഷപ്പെട്ട പഴവും രസവും ഒക്കെ ആയിരുന്നു. അത് വിട്ട് മറ്റു വൃക്ഷങ്ങളോടുകൂടെ ആടുവാനും പാടുവാനും അവർ താല്പര്യപ്പെട്ടില്ല. അതുപോലെ ഒരു ദൈവപൈതലിനെ ശേഷം മനുഷ്യരിൽ നിന്ന് വ്യത്യസ്തമാക്കുന്ന അനേക ഗുണങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഈ ലേഖനത്തിലൂടെ നാം ചിന്തിക്കാൻ പോകുന്നത്
1.ദൈവവുമായുള്ള നമ്മുടെ ബന്ധം.
സർവ്വ ചരാചരങ്ങളുടെയും സൃഷ്ടിതാവായ സർവ്വശക്തനായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു എന്നുള്ള വസ്തുത അത്ഭുതാവഹമാണ്. ദിവസവും വെയിലാറുമ്പോൾ ദൈവം തോട്ടത്തിൽ എത്താറുണ്ടായിരുന്നു. മനുഷ്യനുമായുള്ള തന്റെ സംസർഗ്ഗം എത്രമാത്രം ദൈവ മാഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണിത് .എന്നാൽ പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി അവൻ വൃക്ഷത്തിന്റെ മറവിൽ ഒളിച്ചു. എന്നാൽ തന്റെ പൊന്നോമന പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച് ദൈവവുമായുള്ള ബന്ധത്തിലേക്ക് വീണ്ടും നമ്മെ കൂട്ടിച്ചേർത്തു .ദൈവ ബന്ധം ഇല്ലാത്ത മനുഷ്യൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്ന നഗ്ന സത്യം മനസ്സിലാക്കി നിരന്തരമായ ദൈവിക ബന്ധത്തിലേക്ക് നാം അടുത്തുവരണം. എത്രതിരക്കുകൾ ഉണ്ടായിരുന്നാലും അതൊന്നും ദൈവിക ബന്ധത്തിൽ നിന്ന് നമ്മെ അകറ്റരുത്. നിരന്തരമായ ബന്ധമാണ് ആടിനെ ഇടയന്റെ ശബ്ദം തിരിച്ചറിയുവാൻ ഇടയാക്കുന്നത് .നാം ശേഷം മനുഷ്യരെപ്പോലെ അല്ല,വ്യത്യസ്തരാണ്. നമ്മുടെ ദൈവമായ യഹോവ യോട് നാം വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവൻ നമുക്ക് അടുത്ത് ഇരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠ ജാതി ഏതുള്ളൂ (ആവർത്തനം 4:7). എല്ലാ കാലഘട്ടത്തിലും ഭക്തന്മാരുടെ ജീവിത വിജയത്തിന്റെ രഹസ്യം അവർ ദൈവിക ബന്ധത്തിൽ അവസാനത്തോളം ഉറച്ചുനിന്നു എന്നുള്ളതാണ്.ശത്രു ഒരുവനെ നോട്ടം ഇടുമ്പോൾ ആദ്യമായി അവനെ ദൈവിക ബന്ധത്തിൽനിന്ന് അകറ്റുവാൻ പരിശ്രമിക്കുന്നു.അതിനായി പ്രലോഭനങ്ങളും താൽക്കാലിക നേട്ടങ്ങളും വാഗ്ദാനം നൽകി ക്രമേണ ദൈവിക പദ്ധതിയിൽ നിന്നും അകറ്റുന്നു. ലോക തിരക്കുകളുടെ നടുവിൽ ദൈവവുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടാതെ സൂക്ഷിക്കുക എന്നതാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി.ആകയാൽ ഒരു ദൈവപൈതലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നാമത്തെ ഘടകം ദൈവവുമായുള്ള അഭേദ്യമായ ബന്ധം ആണെന്ന് മനസ്സിലാക്കി നഷ്ടപ്പെട്ട ദൈവിക ബന്ധത്തെ പുനസ്ഥാപിക്കാൻ നമുക്ക് കഴിയട്ടെ .
2. നീതിയുള്ള ചട്ടങ്ങളും വിധികളും
അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു (എസ്ഥേർ 3:8). ഒരു ദൈവപൈതലിനെ ക്രിസ്തുവിൽ തികഞ്ഞവൻ ആക്കുന്നത് ദൈവത്തിന്റെ വചനമാണ് . എല്ലാ തിരുവെഴുത്തും ദൈവശ്വാസീയ മാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു (2 തിമോത്തി 3 :16). ദൈവശ്വാസീയമായ തിരുവെഴുത്തിൽ ദിനംതോറും ശാസനയും ഗുണീകരണവും പ്രാപിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരിക്കും എന്നതിന് തർക്കമില്ല. അവന്റെ നടപ്പ് നിർമ്മലമായിതീരും (സങ്കീർ 119:9) ദൈവം തന്നോട് കൂടെയിരിക്കും, ചെല്ലുന്നിടത്തൊക്കെയും ശുഭമായിരിക്കും,അവന്റെ പ്രവർത്തി സാധിക്കും ,കൃതാർത്ഥനായി തീരും(യോശു 1:5f).
3.ഒന്നിനോടും വിട്ടുവീഴ്ച ചെയ്യാത്ത ദൈവാശ്രയം
വിട്ടുവീഴ്ച ചെയ്യാത്ത ദൈവാശ്രയമായിരുന്നു വരാൻ പോകുന്ന പ്രതികൂലങ്ങളെ മുന്നിൽ കണ്ടും, മരണത്തെ പോലും ഭയപ്പെടാതെയും രാജകൽപ്പന കൂടെ മറുക്കുവാൻ ഭക്തന്മാരെ പ്രേരിപ്പിച്ചത് .എങ്കിലും മോർദ്ദേക്കായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല (എസ്ഥേർ3:2).അവൻ ഞങ്ങളെ രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവൻമാരെ സേവിക്കയില്ല.( ദാനിയേൽ 3: 17,18).വിട്ടുവീഴ്ച ചെയ്യാതെ ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് അനേക വെല്ലുവിളികളെ നേരിടേണ്ടതായിവരും.പ്രത്യേകിച്ച് എന്തിനും ഏതിനും മറ്റു പലതിനെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിൽ ആശ്രയിക്കുന്നത് നിസ്സാരമല്ല. നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽ നിന്ന് തെറ്റിപോയിരിക്കുന്നു .(2ദിനവൃത്താന്തം 16 :17). ഇതിൽ നീ ഭോഷത്വം
പ്രവർത്തിച്ചിരിക്കുന്നു. ഒരിക്കൽ ദൈവത്തിൽ ആശ്രയിച്ചിരുന്ന ആസാ രാജാവ് മനുഷ്യനിൽ ആശ്രയിച്ചപ്പോൾ ദൈവം പറയുന്നത് ശ്രദ്ധിക്കുക. നമ്മുടെ പിതാക്കന്മാർ ദൈവത്തിൽ ആശ്രയിക്കുന്നവർ ആയിരുന്നു അവർ ദൈവമഹത്വം കാണുകയും ദൈവീക കരുതൽ അനുഭവിക്കുകയും ചെയ്തു. അവരെ മാനിച്ച് നമ്മെ ദൈവം അനുഗ്രഹിച്ചപ്പോൾ നമ്മുടെ ആശ്രയം മാറിപ്പോയില്ലേ? നാം പലതിനോടും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരായില്ലേ? മടങ്ങിവന്ന് ദൈവത്തിൽ ആശ്രയിക്കാൻ ഇടയാകട്ടെ.
4.വേർപാടും വിശുദ്ധിയും
ഇതാ തനിച്ചു പാർക്കുന്നോരു ജനം ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല (സംഖ്യ 23: 9). ഇസ്രായേൽ ജനത്തെ മറ്റിതര ജാതികളിൽ നിന്നും വ്യത്യസ്തരാക്കുന്നത് അവരുടെ വേർപെട്ട ജീവിതമായിരുന്നു. ശപിക്കുവാൻ പോയ ബിലയാമിന് ശാപത്തിന്റെ വാക്കുകൾ ഉച്ചരിക്കുവാൻ കഴിയാതെ പോയത് അവരുടെ വേർപാട് നിമിത്തമായിരുന്നു ഇതു മനസ്സിലാക്കിയ ബിലയാം അവരെ വിശുദ്ധിയിൽ നിന്നും വീഴ്ത്തുവാനുള്ള ഉപായം ബാലാക്കിന് ഉപദേശിച്ചുകൊടുക്കുന്നുതായി കാണുന്നു. അശുദ്ധിയുള്ള വിശുദ്ധന്മാരായ നേതൃത്വവും വിശ്വാസികളുമാണ് ഇന്നത്തെ ദൈവസഭയുടെ ശാപം.ഒരിക്കൽ വേർപാടും വിശുദ്ധിയും മുഖമുദ്രയായിരുന്ന പെന്തക്കോസ്തിന് ഇന്നത് നഷ്ട്ടപ്പെട്ടുവോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശുദ്ധിക്കും വേർപാടിനു വേണ്ടി നിന്ദയും അപമാനവും അടിയും ഇടിയും സഹിച്ചു നമ്മുടെ പിതാക്കന്മാർ വിലകൊടുത്ത പലതിനെയും നമ്മൾ വിലകുറച്ചു കണ്ട് അതിൽ വിട്ടുവീഴ്ച ചെയ്യുവാൻ തയ്യാറായതാണ് നാം ശേഷം മനുഷ്യരെപ്പോലെ ആകുവാന്നുള്ള പ്രധാനകാരണം. വിശുദ്ധി നഷ്ടപ്പെട്ട ശിംശോൻ യഹോവ തന്നെ വിട്ടു പോയെന്നറിയാതെ ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞുകളയും എന്ന് വിചാരിച്ചു. (ന്യായാധിപന്മാർ 16 :20 )അതുപോലെ വിശുദ്ധി നഷ്ടപ്പെട്ട സഭ യഹോവ വിട്ടുപോയെന്നറിയാതെ കുടയുകയല്ലേ?
ആകയാൽ പ്രിയമുള്ളവരെ ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതുകൊണ്ട് നാം ജഡത്തിലേയും ആത്മാവിലേയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക (2 കൊരിന്ത്യർ 7:1).നമ്മുടെ ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ
നമുക്കും വിശുദ്ധരാകാം.

നാനൂറ് പ്രവാചകന്മാർ ആഹാബ് രാജാവിനോട് ഭോഷ്ക് പ്രവചിച്ചപ്പോൾ ദൈവം അരുളിച്ചെയ്തത് തന്നെ പ്രവചിച്ച് അവരിൽ നിന്ന് വ്യത്യസ്തനായി നിന്ന മീഖായാവിനെ പോലെ,ദൈവത്തെയും മനുഷ്യനെയും സന്തോഷിപ്പിക്കുന്ന തങ്ങളുടെ സ്വഭാവത്തെ വീട്ടു കളയില്ലെന്ന് ഉറപ്പിച്ച വ്യക്ഷങ്ങളെപോലെ പ്രീയസഭയെ നാം ശേഷം മനുഷ്യരെപ്പോലെയല്ലെന്ന് മനസ്സിലാക്കി നമുക്ക് വേർപെട്ടിരിക്കാം. ആമേൻ.

ജോൺസൺ ഡി. സാമുവേൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.