ശുഭദിന സന്ദേശം : ഉറക്കെ വിളിക്ക അടങ്ങിയിരിക്കരുത് (2)| ഡോ. സാബു പോൾ

”ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ…അറിയിക്ക”(യെശ.58:1).

ഇന്നലത്തെ ചിന്ത തുടരാം……

അതിവേഗത്തിൽ പായുന്ന വിമാനങ്ങളും ട്രെയിനുകളുമൊക്കെ കമ്പ്യൂട്ടർ ബന്ധിതമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് യാത്ര ചെയ്യുന്നത്. അല്ലെങ്കിൽ അതിവേഗത്തിൽ എതിരെ വരുന്നവയുമായി കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ സംഭവിക്കാം…..

അതുപോലെ ദൈവവുമായി നിരന്തരം ആശയവിനിമയത്തിൽ തുടരുന്നവർക്ക് പിശാചൊരുക്കുന്ന കെണികളെ ഒഴിവാക്കാനാവും.

ഇന്നത്തെ വാക്യത്തിൽ ‘ഉറക്കെ വിളിക്ക’ എന്നതിൻ്റെ വാങ്മയ ചിത്രം ‘തൊണ്ട കൊണ്ട് ഘോഷിക്ക’ എന്നതാണ്.
‘നാവുകൊണ്ടും ചുണ്ടുകൊണ്ടും’ സംസാരിക്കുന്നത്(1ശമൂ.1:13) വളരെ സ്വകാര്യമായ കാര്യം പറയാനാണ്. ഹന്ന വളരെ സ്വകാര്യമായാണ് തൻ്റെ ഹൃദയം ദൈവസന്നിധിയിൽ പകർന്നത്. അതുപോലെ ദൈവ ശബ്ദം കേൾക്കാൻ കാത് കൂർപ്പിച്ച ഏലിയാവിന് ദൈവത്തിൽ നിന്നുള്ള മൃദുസ്വരം(1രാജാ.19:12) പോലും തിരിച്ചറിയാൻ കഴിഞ്ഞു.

എന്നാൽ ബധിരതയും മൂഢതയുമുള്ളിടത്ത് കാഹളം പോലെ ശബ്ദം മുഴുശക്തിയോടെയും മുഴക്കിയേ പറ്റൂ…!

ദൈവകല്പനകൾ നന്നായറിഞ്ഞിട്ടും അത് ലംഘിക്കുകയും പാപം പിന്തുടരുകയും ചെയ്യുന്ന യാക്കോബ് ഗൃഹത്തോട് മധുരമായി മന്ത്രിക്കാനല്ല, കാഹളം പോലെ ശബ്ദമുയർത്തി തെറ്റുകൾ വെളിപ്പെടുത്താനാണ് ദൈവശബ്ദം പ്രവാചകനെ നിർബ്ബന്ധിക്കുന്നത്…

ദൈവാലയത്തെക്കുറിച്ചും യാഗങ്ങളെക്കുറിച്ചും പരാമർശം ഇല്ലാത്തതിനാൽ ബാബേൽ പ്രവാസ ശേഷമുള്ള കാലഘട്ടത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്ന ചിന്തയുണ്ട്.

ബാബേലിൽ വെച്ച് അഞ്ചാം മാസവും ഏഴാം മാസവും(സെഖ.7:3-5) നഷ്ടമായ ഭവനങ്ങളെയും നഗരത്തെയും ആലയത്തെയും ഓർത്ത് യഹൂദർ ഉപവസിക്കാറുണ്ട്. വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും 70 വർഷം അവർ ഉപവസിച്ചു.
പ്രവാസാനന്തരവും ഉപവാസം തുടർന്നു…..

പക്ഷേ….
അത് കേവലം വേഴത്തെപ്പോലെ തല കുനിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക തുടങ്ങിയ ബാഹ്യപ്രകടനത്തിൽ മാത്രമൊതുങ്ങി…
▪️ആത്മതപന സമയങ്ങളിൽ പോലും സ്വന്തം കാര്യാദികൾക്ക് അവർ പ്രാധാന്യം നൽകി.
▪️വേലക്കാരെക്കൊണ്ട് അദ്ധ്വാനിപ്പിച്ചു.
▪️വിവാദവും കലഹവും അടിപിടിയും തുടർന്നു.
▪️അടിമത്വവും പീഡനവും നിലനിന്നു.
▪️സാധുക്കളെ സഹായിച്ചില്ല.
▪️വിശപ്പുള്ളവർക്ക് ഭക്ഷണം നൽകിയില്ല.
▪️അലഞ്ഞു നടക്കുന്നവർ അവഗണിക്കപ്പെട്ടു.

ഇക്കാര്യങ്ങൾക്ക് പരിഹാരം വരുത്തും ‘എങ്കിൽ’ ദൈവം ‘അപ്പോൾ’ (58:8,9)ചില കാര്യങ്ങൾ ചെയ്യാം എന്ന നിബന്ധന നൽകുന്നു(If, then clause).

മേൽപറഞ്ഞ കാര്യങ്ങളെയൊന്നും ആത്മീയവൽക്കരിച്ച് നുകത്തെ ശാസിക്കുകയും ബന്ധനത്തെ അഴിക്കുകയും വേണ്ട. കാരണം അവ അക്ഷരീകമായ കാര്യങ്ങൾ തന്നെയാണ്.

…ഇന്നും അടിമത്തമില്ലേ?
…സ്വന്തം കാര്യാദികൾക്കല്ലേ പ്രാധാന്യം?
…വഴക്കിന് വഴിമരുന്നിടുന്ന രാഷ്ട്രീയക്കളികളില്ലേ?
…സാധുക്കളെ സഹായിക്കാതെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുകയല്ലേ?

കാതുകളിൽ ഇയർ ഫോണുകൾ തിരുകി ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും ഇഷ്ടമില്ലാത്തതിനെ അവഗണിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിൻ്റെ കാഹളം പോലുള്ള ശബ്ദത്തെ കേട്ടില്ലെന്ന് നടിക്കുമ്പോൾ ഓർത്തു കൊള്ളുക….!
കേട്ട് അനുഷ്ഠിക്കുന്നവർക്ക് നൽകുന്ന അനുഗ്രഹങ്ങളും സംരക്ഷണവും നഷ്ടമായേക്കാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.