ലേഖനം: സഹിച്ചു മടുത്ത ദൈവം | ബിജു പി. സാമുവൽ

സോദോം എന്നും ലോത്തിനെ മോഹിപ്പിച്ചിരുന്നു.
കൂടാരം നീക്കി നീക്കി അടിച്ച് അവിടെത്തിയതിന് കാരണം തന്നെ അതിന്റെ മനോഹാരിത ആയിരുന്നു.

അവിടെ താമസിക്കുന്നവർ ദൈവമുമ്പാകെ ദുഷ്ടന്മാരും മഹാ പാപികളും ആയിരുന്നു.
പക്ഷേ ലോത്തിന്റെ കണ്ണുടക്കിയത്
ആടുമാടുകൾക്ക് ആവശ്യമായ പച്ചപ്പുൽമേടുകളിലും കൃഷിക്ക് അനുയോജ്യമായ ജലസമൃദ്ധിയിലുമാണ്.
ആദ്യ മനുഷ്യരെ സൃഷ്ടിച്ചാക്കിയ ഏദെൻതോട്ടം പോലെ ഫലപ്രദവും ആയിരുന്നു ആ ദേശം.

സോദോമിലെ സൗഭാഗ്യങ്ങൾ ദൈവം തന്നതാണെന്നും
ഇതിനപ്പുറം വേറെന്തു ദൈവാനുഗ്രഹമാണ് വേണ്ടതെന്നും ലോത്ത് ചിന്തിച്ചു കാണും. (നമുക്കുണ്ടാകുന്ന അതേ ചിന്ത).

ആ ദുഷ്ട ലോകത്തിലെ എല്ലാ സമൃദ്ധിയും ആവോളം ആസ്വദിക്കുകയും ഒപ്പം നീതിമാനായി ജീവിക്കുകയും ചെയ്യാമെന്ന ഒരു ചിന്തയാണ് ലോത്തിന് ഉണ്ടായിരുന്നത്.

സോദോമിലെ താമസം ആദ്യം മുതലേ ശുഭകരം ആയിരുന്നില്ല.
സമ്പാദിച്ചു കൂട്ടിയതെല്ലാം ശത്രുക്കൾ അപഹരിച്ചെങ്കിലും അബ്രാമിന്റെ കാരുണ്യം മൂലം അതെല്ലാം തിരിച്ചു പിടിക്കാനായി.
എന്നിട്ടും ആ ദേശം വിടുന്നതിനെപ്പറ്റി ലോത്ത് ചിന്തിച്ചില്ല.
അവിടെ തന്നെ ചടഞ്ഞു കൂടുവാൻ ലോത്ത് തീരുമാനിച്ചു.

അവിടുത്തെ ഉല്ലാസങ്ങളിൽ രമിച്ചിരുന്ന രണ്ട് ചെറുക്കന്മാരെ തപ്പിപ്പിടിച്ച് ലോത്ത് പെൺമക്കൾക്ക് വിവാഹനിശ്ചയവും കഴിപ്പിച്ചു.

ദൈവ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ദുഷ്കാമം
പൂർത്തീകരിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്തവർ ആയിരുന്നു
സോദോമ്യർ.
എന്നാൽ അതു മാത്രമല്ലായിരുന്നു സോദോമിന്റെ പാപം.
അഹങ്കാരികളായ അവർ ഉപകാരപ്രദമല്ലാത്ത നിലയിൽ സമയം നഷ്ടപ്പെടുത്തുന്നവരും ആയിരുന്നു.
ദീനരോദനം ഉയർത്തുന്ന ദരിദ്രർക്കായി പങ്കു വെക്കാൻ താല്പര്യമില്ലാതെ
സമ്പാദ്യമൊക്കെ
ഞങ്ങൾക്ക്‌ തന്നെ തിന്നു പുളെക്കാൻ എന്ന ഒരു ചിന്തയും അവരെ ഭരിച്ചിരുന്നു
(യെഹെ.16:49-50).

ഇന്നത്തെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. തന്നിഷ്ടപ്രകാരം ഉള്ള ജീവിതം ജനം
തുടരുന്നു.
നീതിയും ന്യായവും പുറപ്പെടുവിക്കേണ്ടവർ തിന്മ മാത്രമാണ് ഉൽഭവിപ്പിക്കുന്നത്.

യെശയ്യാ പ്രവാചകൻ ദുഖത്തോടെ വിവരിച്ചത് ഇന്നത്തെ തലമുറയ്ക്കും ചേർന്നു വരുന്നു.
മറ്റാർക്കും വാങ്ങുവാൻ ആവാത്ത നിലയിൽ
സ്ഥലം വാങ്ങിക്കൂട്ടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ (യെശ:5:8).
കൈക്കൂലി വാങ്ങി സാധുക്കളുടെ അവകാശം നിഷേധിക്കുന്നവർ
(യെശ:5:23).
നേരം വെളുക്കും മുമ്പേ മദ്യത്തിനായി ഓട്ടം തുടങ്ങുന്നവർ (അത് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല).
ദൈവമില്ലാത്ത സൽക്കാര പാർട്ടികളാണ് ഇന്നെങ്ങും
(യെശ:5:11-12).
ദൈവത്തെ പുറകിൽ എറിഞ്ഞുകളകയും അധാർമികതയിൽ രസിക്കുകയും ചെയ്യുന്ന ജനം.
ദൈവത്തെ പരിഹസിക്കുകയും ദൈവവിശ്വാസത്തെ പുച്ഛിക്കുകയും ചെയ്യുന്നവർ.
ജീവിതം മതിയാവോളം ആസ്വദിക്കുവാൻ വിലക്കുകളെ മറികടക്കുവാൻ
വെമ്പുന്ന തലമുറ.
ശാരീരിക അഭിലാഷങ്ങൾ പൂർത്തിയാക്കാൻ വെമ്പുന്നവർക്ക് ഒത്താശയായി സോദോമ്യ പാപത്തിന് നിയമപിൻബലം നൽകുന്ന രാജ്യങ്ങൾ.

ദൈവദാസന്മാർ പോലും ദ്രവ്യാഗ്രഹത്തിൽ മുങ്ങിത്താഴുന്നു.
സ്വയവും പണവും
വിശ്വാസികളെ കീഴടക്കിയിരിക്കുന്നു.
പൊങ്ങച്ചക്കാരുടെ കൂട്ടങ്ങളായി പല കൂട്ടായ്മകളും മാറിയിരിക്കുന്നു.
ദൈവപ്രസാദമില്ലാത്ത ആരാധനകൾ.
ദൈവത്തെ അസഹ്യപ്പെടുത്തുന്ന സഭായോഗങ്ങൾ. മതസൗഹാർദത്തിന്റെ പേരിൽ ദൈവാലയത്തെ മ്ലേച്ഛത കൊണ്ടു നിറയ്ക്കുന്നവർ.
നീചവും മൃഗീയവുമായ പാപം ചെയ്തിട്ടും പശ്ചാത്താപ രഹിതരായി ജീവിതം തുടരുന്നവർ.

എല്ലാം സഹിച്ച് ദൈവം മടുത്തിരിക്കുന്നു (യെശയ്യാ. 1:13-14).

ഇനി……..,

ഇനി,
തടുക്കപ്പെടാൻ ആവാത്ത നിലയിൽ ദൈവത്തിന്റെ കോപം ജ്വലിച്ചേക്കാം
(2 ദിനവൃത്താന്തം 36:16).

സോദോമിനും അത് തന്നെയാണ് സംഭവിച്ചത്..
പാപത്തിൽ മുങ്ങി ജീവിച്ച സോദോമിനെയും മറ്റു പട്ടണങ്ങളെയും ദൈവം നശിപ്പിച്ചു.
രക്ഷപ്പെട്ട് ഓടിയ ഓട്ടത്തിൽ തിരിഞ്ഞുനോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂൺ ആയി മാറി.
പെൺകുട്ടികൾക്ക് വേണ്ടി വിവാഹ നിശ്ചയം ചെയ്യപ്പെട്ടിരുന്ന ചെറുപ്പക്കാർ നഷ്ടമായിപ്പോയി.

ഇനി, ആ പെൺകുട്ടികളോ?
സോദോം-ഗൊമോറയിലെ സകലവിധ അധാർമികതയും സ്വാധീനിച്ചതിന്റെ ഫലമായി അവർ മോവാബ്യ-അമ്മോന്യ ജാതികൾക്ക് ജന്മവും നല്കി(ഉല്പത്തി 19:30-38).

ലോകത്തിന്റെ പച്ചപ്പു തേടി ഓടിയ ലോത്തിന് എല്ലാ നഷ്ടങ്ങളും കണ്ണ് കൊണ്ട് കാണേണ്ടി വന്നു.

എല്ലാ കാലത്തും ദൈവം ചരിത്രത്തിൽ ഇടപെടുന്നുണ്ട്.
ദുരന്തങ്ങൾ വരുമ്പോൾ,
അത്ര പെട്ടെന്നൊന്നും ഞങ്ങളെ കീഴടക്കാൻ ആവില്ല എന്ന് വീമ്പ് മുഴക്കുന്നതിനു മുമ്പ് കരുണയ്ക്കായി ദൈവമുമ്പിൽ വീഴുന്നതാണ് അഭികാമ്യം.
ഇനിയെങ്കിലും പാപപങ്കിലമായ നമ്മുടെ കൈകളെ കഴുകാം.
നമ്മുടെ നടപ്പും പ്രവൃത്തിയും നന്നാക്കാം.
അവിടുന്ന് കരുണയുള്ള ദൈവമാണല്ലൊ.

ബിജു പി.സാമുവേൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.