ലേഖനം: എന്താണ് സഭ? സഭയുടെ പ്രാധാന്യവും, ദൗത്യവും | മോൻസി തങ്കച്ചൻ

ക്രിസ്തീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം സഭ എന്ന് പറയുമ്പോൾ സംഘടനകളും ആരാധനാലയങ്ങളുമാണ് ആദ്യം ഓർമയിൽ വരിക. ഇന്നത്തെ സാഹചര്യത്തിൽ സഭകളെയും ദൈവത്തെയുംവരെ ചോദ്യം ചെയ്യപ്പെടുകയാണ്. ജനത്തിന് ഒത്തുകൂടാൻ കഴിയാത്തവിധത്തിൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തെയായിരിക്കുന്നു. നാമോരോരുത്തരും ശീലിച്ചുവന്നിരിക്കുന്ന ആത്മീകത സഭകളെയും ആരാധനാക്രമങ്ങളെയും അടിസ്ഥാന പെട്ടിരിക്കുന്നതുകൊണ്ടുതന്നെ നമുക്ക് സഭകൾക്ക് വലിയ പ്രാധാന്യമുണ്ട്.

പഴയനിയമ കാലഘട്ടത്തിൽ ദൈവം ഇറങ്ങി വസിക്കുവാൻ ആയിരുന്നു ആലയം എന്ന ആശയം ജനത്തിന് കൊടുത്ത്(പുറപ്പാട് 33: 9,1). ദൈവം അക്ഷരീമായി ആലയത്തിൽ ഇറങ്ങി വസിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയനിയമ കാലഘട്ടത്തിൽ സ്ഥിതിക്ക് വ്യത്യാസം വന്നു. രണ്ടോ മൂന്നുപേരുടെ ക്രിസ്തുവിൻറെ നാമത്തിലുള്ള കൂടിവരവുകളുയുടെ മധ്യേ ഇറങ്ങി വരും( മത്തായി 18: 20) എന്ന ഉറപ്പും, നാം ഓരോരുത്തരും ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിൻറെ ആത്മാവ് നമ്മിൽ വസിക്കുന്നു എന്നുമുള്ള മർമ്മവും വെളിപ്പെട്ടുകിട്ടി(1 കൊരിന്ത്യർ 3: 16,17 ). ക്രിസ്തു തലയും നാമോരോരുത്തരും ശരീരമാകുന്ന സഭയുടെ അവയവങ്ങളും ആകുന്നു( 1കൊരിന്ത്യർ 12: 27). എന്നാൽ നാമോരോരുത്തരും കൂടിച്ചേരുന്ന സഭ എന്നത് ഇന്നു നാം ലോകത്തിൽ കാണുന്ന ഏതെങ്കിലും ഒരു ക്രിസ്തീയസഭയല്ല. ദൈവിക പദ്ധതിയിലുള്ള സഭ വചനത്തോട് കൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി ശുദ്ധീകരിച്ചും കറ, ചുളുക്കം മുതലായവ ഇല്ലാത്ത മണവാട്ടിയാം സഭയാണ്(എഫെസ്യർ 5:26). ഇന്ന് ഭൂമിയിൽ വചന അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളാൽ( സഭകളാൽ) ഓരോ അവയവങ്ങളെയും സഭ എന്ന ശരീരത്തോട് ചേർത്തു പണിതു കൊണ്ടിരിക്കുന്നു. രക്ഷ വ്യക്തിപരമായതുകൊണ്ടുതന്നെ കൂട്ടായ്മകളുടെ (സഭകളുടെ)ആവശ്യകത വചനത്തിൽ നിന്നും വിലയിരുത്തേണ്ടതുണ്ട് .

നാം കാണുന്ന സഭകൾ അടിസ്ഥാന ഉപദേശങ്ങൾക്കും, ഓരോ മനുഷ്യന്റെയും ആത്മികവർദ്ധനവിനും ഉതകുന്നതാവണം(1 കൊരിന്ത്യർ 14: 26). വചനത്താലും കൃപാവരങ്ങളാലും ശുദ്ധീകരിക്കുവാൻ പ്രാപ്തമായിരിക്കണം . എങ്കിൽ മാത്രമ ഒരു സഭ (കുട്ടായ്മ) ദൈവത്തിന്റെ ഹിതപ്രകാരം ആവുകയുള്ളൂ. ക്രിസ്തു കൊല്ലപ്പെടുമെന്ന തിരുവെഴുത്തു നിവർത്തി ആകുമെന്ന് ശിഷ്യന്മാരോട് പറയുമ്പോൾ പത്രോസ് യേശുവിനെ വിലക്കി. അതിനു യേശു അവനോട് സാത്താനെ എന്നെ വിട്ടുപോ, നീ എനിക്ക് ഇടർച്ചയാകുന്നു. നീ ദൈവത്തിന്റെയല്ല മനുഷ്യരുടെതത്രേ കരുതുന്നത് എന്നുപറഞ്ഞു (മത്തായി 17: 23). ഇന്നത്തെ പല സഭകളും മനുഷ്യരുടെതത്രേ കരുതുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ അവൻ അറിയാവുന്ന എല്ലാ ആചാരങ്ങളിലൂടെയും ശ്രമിക്കുന്നു. ഒരു കുഞ്ഞിനെ സന്തോഷിപ്പിക്കുവാൻ നാം എന്തെല്ലാം കാണിക്കുന്നുവോ അതുപോലെ ദൈവത്തിൻറെ മുൻപിൽ കോലം കെട്ടുന്നു. എന്നാൽ ദൈവത്തിനു പ്രസാദമായത് എന്തെന്ന് വചനത്തിൽ കൊടുത്തിരിക്കുന്നു. കർത്താവേ കർത്താവേ എന്നു പറയുന്ന ഏവനുമല്ല സ്വർഗ്ഗസ്ഥനായ എൻറെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗത്തിൽ കടക്കുന്നത്( സഭയുടെ അവയവം ആകുന്നത് ) (മത്തായി 7: 21). ആകയാൽ എൻറെ ഈ വചനങ്ങളെ കേട്ട് ചെയ്യുന്നവർ ഒക്കെയും പാറമേൽ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു (മത്തായി 7: 24).വചനം അനുസരിക്കാത്തതിനാൽ ഇടറി പോകുന്നു എന്നു കാണുന്നുവല്ലോ ( 1 പത്രോസ് 2: 8).

കൃപാവരങ്ങൾ സഭയ്ക്ക്( കൂട്ടായ്മകൾക്ക്) അനിവാര്യമാണ്. വീരൃപ്രവർത്തികൾ, രോഗശാന്തിവരം, അന്യഭാഷാവരം, സഹായം ചെയ്യുവാനുള്ളവരം, പരിപാലനം മുതലായവയെല്ലാം തന്നെ പുതിയ നിയമസഭയുടെ തുടക്കത്തിൽ തന്നെ കാണുവാൻ കഴിയും.(1 കോരിന്ത്യർ12: 28 ) കൃപാവരങ്ങൾ ഒക്കെയും ആത്മികവർദ്ധനവിന് ഉതകുന്നതും, വചനാധിഷ്ഠിതവും ആയിരിക്കണം. എന്നാൽ നാം ഇന്നു കാണുന്ന കൃപയുടെ സുവിശേഷകന്മാർ വചനത്തിന് പ്രാധാന്യം നൽകുന്നില്ല. മറിച്ച് കൃപാവരങ്ങൾ മാത്രമാണ് ക്രിസ്തീയതയെന്നും, സമൃദ്ധിയാണ് ആത്മീകജീവിതം എന്നും പഠിപ്പിക്കുന്നു. അവർ മിഥ്യയായ ആഡംബരത്തിന്റെ മതിൽകെട്ടി അതിന് കുമ്മായം പൂശുന്നു (യേഹേസ്കേൽ 13: 10,11,12). സാമാന്യജനം അതു തിരിച്ചറിയുന്നില്ല. മഴ പെയ്യുമ്പോൾ പാതയോരങ്ങളിലൂടെ ഒഴുകിവരുന്ന ജലം തോടിന്റെ ഓരമായിറങ്ങി ഒരേദിശയിൽ തോട്ടിലെ ജലത്തോടു ചേർന്നൊഴുകുന്നതു പോലെയാണ് കൃപയുടെ സുവിശേഷം ആത്മീയസമൂഹത്തിൽ ഇടകലർന്നിരിക്കുന്നത്. തമ്മിൽ വേർതിരിക്കാൻ കഴിയാതെ മുന്നോട്ടുപോകുന്നു. വചനത്താലുള്ള വിവേകത്താലും ആത്മാവിനാലുള്ള പരിജ്ഞാനത്താലും ജനം ഇതിനെ തിരിച്ചറിയുകയും അകറ്റിനിർത്തുകയും വേണം. അതല്ലോ ദൈവഹിതം( സങ്കീർത്തനങ്ങൾ 50 17,21)? സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു( റോമർ 16 : 17,18 ).

പല ക്രിസ്തീയ സഭകളും ദൈവത്തെ തങ്ങളുടെതായ രീതികളിലും, കാലഘട്ടത്തിൻറെ മാറ്റങ്ങൾക്ക് അനുസൃതമായും ആത്മീയതയ്ക്ക് രൂപമാറ്റം വരുത്തികൊണ്ടിരിക്കുന്നു. എന്നാൽ ദൈവം നോക്കുന്നത് വ്യക്തിയെയാണ്. കയീനിന്റെയും ഹാബേലിന്റെയും ആരാധന എടുത്താൽ ദൈവം പ്രസാദിച്ചതിന്റെ മാനദണ്ഡം ആരാധനാരീതി ആയിരുന്നില്ല. മറിച്ച് വ്യക്തിജീവിതം ആയിരുന്നു ( ഉല്പത്തി 4 : 7 ). കൂട്ടായ്മകളുടെ ദൗത്യം ഒരോ വ്യക്തിയുടെയും ഹൃദയത്തിൻറെ ഗൂഢമനുഷ്യനെ ദൈവത്തിനു പ്രസാദകരമായ യാഗമായി അർപ്പിക്കുവാൻ ഉതകും തരത്തിൽ പാകപ്പെടുത്തുകയെന്നതാണ്. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല. അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു. ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സും തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവും എന്ന് യാഗങ്ങൾ നിലനിൽക്കുമ്പോൾതന്നെ ദൈവത്തിൻറെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് സങ്കീർത്തനങ്ങളിൽ രേഖപ്പെടുത്തി (സങ്കീർത്തനങ്ങൾ 51 : 16,17). നമുക്ക് ഓരോരുത്തർക്കും ദൈവഹിതപ്രകാരം മുന്നേറുവാൻ സർവ്വശക്തനായ ദൈവം സഹായിക്കുമാറാകട്ടെ.

മോൻസി തങ്കച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.