ലേഖനം: കെട്ടിയടക്കപ്പെട്ട തോട്ടം | മിനി ടൈറ്റസ്, സൗദി

ലോകജനതയുടെ നല്ലൊരു ഭാഗവും ഈ കാലഘട്ടത്തിൽ കണ്ണുനീരിൻ്റെ താഴ്‌വരയിലൂടെ കടന്നുപോകുന്നതായി നാം കണ്ടു കൊണ്ടിരിക്കുന്നു. അതിൽ ഒരംഗമാണ് ഞാനും നിങ്ങളുമൊക്കെ.സമ്പന്നതയുടെ കാര്യത്തിൽ തലയുയർത്തി
നിൽക്കുന്ന രാജ്യങ്ങൾ മുതൽ പച്ചിപ്പിൻ്റെ മനോഹാരിത തൊട്ടുണർത്തി നിൽക്കുന്ന നമ്മുടെ കൊച്ചു കേരളം വരെ ഇന്ന് ഒരേ സ്വരത്തിൽ സ്വന്തം പ്രാണനു വേണ്ടി ഈശ്വരനോട് കേഴുകയാണ്.

ഈ ഒരനുഭവത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചത് കൊറോണ, കോവിഡ് 19 എന്നൊക്കെയുള്ള ഓമന പേരിൽ നാം വിളിക്കപ്പെടുന്ന ചെറു രോഗാണുവാണെന്ന് നമ്മുക്കേവർക്കും അറിയാവുന്നതാണല്ലോ. ജാതി മത ഭേതമില്ലാതെ ,സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, പ്രായപരിധിയില്ലാതെ, കൊട്ടാരമെന്നോ കുടിലെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തേടി ഇവനെത്തി കഴിഞ്ഞു. എന്നെയും നിന്നെയും തേടി നമ്മുടെ തൊട്ടരികിൽ തന്നെ ചെറുപുഞ്ചിരിയോടു കൂടി ഇവൻ നിൽപ്പുണ്ട്. മാധ്യമങ്ങളിൽ ഉടനീളം നോക്കിയാൽ ഇവനാണ് ഇന്നത്തെ താരം. വെറും താരമെന്ന് പറഞ്ഞിട്ട് കാര്യമില്ല മിന്നും താരമെന്നു തന്നെ പറയണം.ബിഗ് ബോസും, കോടീശ്വരനും ,സീരിയലുകളും, സിനിമകളുമൊന്നും ഇവൻ്റെ മുൻപിൽ ഒന്നുമില്ലാതായി കഴിഞ്ഞു.

ഇതിനു മുൻപും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ വരുത്തി നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടവനാണ് ഈ വിരുതൻ. എന്നാൽ അന്നൊന്നും അധികമാരെയും തൊടാൻ ഇവന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഈ വരവിൽ അവൻ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. അതിൽ ഏറെക്കുറെ അവൻ വിജയിക്കുകയും ചെയ്യ്തു. മനുഷ്യർക്ക് തൻ്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും വരവിന് മുൻപേ തന്നെ അവൻഅടച്ചിരുന്നു. ശാസ്ത്രലോകത്തെ മുഴുവനായി താഴിട്ട് പൂട്ടി താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു കളഞ്ഞിരുന്നു എന്നതു തന്നെയാണ് അവൻ്റെ വിജയത്തിൻ്റെ രഹസ്യവും.മനുഷ്യഗണത്തെ ഒന്നടങ്കം തടവറക്കുള്ളിലാക്കാൻ അധികം സമയമൊന്നും അവനു വേണ്ടി വന്നില്ല. ഇവനല്ലേ ശരിക്കുള്ള ബിഗ് ബോസ്.

ഇതുവരെയും നമ്മുക്കു മുൻപിലൂടെ വന്നു പോയ മഹാവ്യാധികൾ ഇത്രത്തോളം ജീവനുകളെ ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കിയിട്ടില്ല… അതിനു കാരണമെന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ജീവിതം ആർഭാടമാക്കാനായി ഓടുന്ന തിരക്കിനിടയിൽ ഇതൊക്കെ ചിന്തിക്കാൻ എവിടെ സമയം! എന്നാൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നും ജീവനോടെ ശേഷിക്കുന്നത് എൻ്റെയും നിൻ്റെയും പ്രയത്നം കൊണ്ടാണെന്നുള്ള തോന്നലുണ്ടെങ്കിൽ അത് വെറും തെറ്റായ ചിന്തയാണ്.

സത്യവേദപുസ്തകത്തിലൂടെ നാം ഒന്ന് നടന്നു നീങ്ങുമ്പോൾ ഏകദേശം പാതിവഴിയിൽ വെച്ച് ഇയ്യോബ് എന്ന ഒരു ദൈവഭക്തനെ കാണാൻ കഴിയും. അദ്ദേഹത്തെ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത് ഇപ്രകാരമാണ് ” ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും, നേരുള്ളവനും ,ദൈവഭക്തനും, ദോഷം വിട്ടകലുന്നവനുമായിരുന്നു. ഏഴ് പുത്രൻമാരും മൂന്ന് പുത്രിമാരും ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ചൂറ് ഏർകാളയും അഞ്ഞൂറ് പെൺകഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസ ജനവും ഉണ്ടായിരുന്നു. അവൻ പൂർവ്വദി ഗ്യാസികളിലും മഹാനായിരുന്നു “.

ഒരിക്കൽ ദൈവപുത്രൻമാർ ദൈവസന്നിധിയിൽ നിൽപ്പാൻ ചെന്നപ്പോൾ സാത്താനും ചെന്നു നിന്നു ‘ സാത്താനോടായി യഹോവ ചോദിച്ചു ഭൂമിയിൽ മുഴുവൻ ഊടാടി സഞ്ചരിച്ചിട്ട് എൻ്റെ ദാസനായ ഇയ്യോബിൻ്റെ മേൽ നീ ദൃഷ്ടി വെച്ചുവോയെന്ന്. അപ്പോൾ സാത്താൻ യഹോവയോട് പറയുന്ന മറുപടിയാണ് ഇവിടെ പ്രസക്തം.” നീ അവൻ്റെ ചുറ്റും വേലികെട്ടീട്ടില്ലയോ “നീ
തൃകൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക എന്ന്. രണ്ടു തവണയായി സാത്താന് ദൈവം അനുമതി നൽകി ഇയ്യോബിനെ പരീക്ഷിക്കാനായി. ഈ രണ്ടു സമയവും സാത്താൻ തക്കത്തിൽ ഉപയോഗിച്ചു. പ്രാണനെ തൊടരുത് എന്ന യഹോവയുടെ കല്പന മാത്രം അനുസരിച്ചിട്ട് ബാക്കി ഇയ്യോബിൻ്റെ ശരീരത്തെ ഉൾപ്പെടെ സകലത്തെയും സാത്താൻ നശിപ്പിച്ചു. എന്നിട്ടും തൻ്റെ സൃഷ്ടാവിനെ ഇയ്യോബ് തള്ളി പറഞ്ഞില്ലയെന്ന് നമ്മുക്ക് അവിടെ കാണാൻ കഴിയുന്നു. അത് ദൈവത്തോടുള്ള അദ്ദേഹത്തിൻ്റെ ഭക്തിയെ കാണിക്കുന്നു. അത്രത്തോളം യഹോവ ഭക്തനായിരുന്നു ഇയ്യോബ്’.

ഇവിടെ ഇയ്യോബിൻ്റെ ഭക്തിയെയല്ല ഞാൻ ഉയർത്തി കാണിക്കാൻ ആഗ്രഹിക്കുന്നത്. പിന്നെയോ ഇയ്യോബ് പോലും അറിയാതെ ഇയ്യോബിനെയും അവൻ്റെ കുടുംബത്തെയും സകല സമ്പത്തിനെയും വലിയ ഒരു വേലി കെട്ടി അതിനുള്ളിൽ യഹോവ ആക്കി വെച്ചിരിക്കുകയായിരുന്നു. ഈ സത്യം പാവം ഇയ്യോബ് പോലും അറിഞ്ഞിട്ടുണ്ടാവില്ല. -ആവേലി പൊളിക്കാതെ ഒരു നിസാര പ്രാണിക്കു പോലും ആഭക്തൻ്റെ തോട്ടമാകുന്ന കുടു:ബ്ബത്തിൽ കടക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ആ വേലിയെ സാത്താനു വേണ്ടി യഹോവ അല്പമൊന്ന് തുറന്നു കൊടുത്തു. പിന്നീട് അവിടെ ഉണ്ടായ നഷ്ടങ്ങൾ എത്രയെന്ന് നമ്മുക്കവിടെ കാണാം .സംഹാരകൻ താണ്ടവമാടിയെന്നു തന്നെ പറയാം. മക്കൾ, മൃഗ സമ്പത്ത്, അങ്ങനെ സകലതും എന്തിന് ശരീരം പോലും ഇല്ലാതായി. പ്രാണനു മാത്രം ദോഷം തട്ടിയില്ല. നഷ്ടമായ തൊക്കെയും പിന്നീട് യഹോവ ഇയ്യോബിന്ഇരട്ടിയായി മടക്കി കൊടുത്തിട്ടുമുണ്ട്.

ഇന്നുവരെയും നാമും അറിഞ്ഞിട്ടുണ്ടാവില്ല കെട്ടിയടക്കപ്പെട്ട ഒരു തോട്ടത്തിനുള്ളിലാണ് എന്നെയും നിന്നെയും തമ്പുരാൻ നിർത്തിയിരിക്കുന്നത് എന്ന്. നമ്മുക്കു ചുറ്റും തമ്പുരാൻ തീർത്ത കരുണയുടെ, സ്നേഹത്തിൻ്റെ, ദയയുടെ, പരിപാലനത്തിൻ്റെ ഒരു വേലി ഉണ്ടായിരുന്നു.അതു കൊണ്ടല്ലേ ഈ നിമിഷം വരെ നമ്മുടെ തോട്ടത്തിനുള്ളിൽ സംഹാരകൻ കടക്കാതിരുന്നത്. അതു നാം മറന്നു പോകരുത്. ഇന്ന് ഭൂമിയുടെ വേലി ഒരല്പം യഹോവ സാത്താനു വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ് അതുകൊണ്ടാകാം ഈ ചെറു രോഗാണു രാഷ്ട്രങ്ങളാകുന്ന ഒരോ കുടുംബത്തിൻമേലും കയറി താണ്ടവമാടുന്നത്. ദൈവഭക്തനും നിഷ്കളങ്കനും നിർദ്ദോഷിയും ദോഷം വിട്ടകലുന്നതുമായ ഒരു ഇയ്യോബിൻ്റെ വേലി പൊളിച്ച യഹോവ ഇവയിൽ ഒരു ഗുണങ്ങൾ പോലും ഇല്ലാത്ത നമ്മോട് ഇങ്ങനെയൊക്കെ ചെയ്യുന്നുവെങ്കിൽ അതിൽ അതിശയമൊന്നുമില്ല

നമ്മുക്കു ചുറ്റും കാണുന്ന വനങ്ങൾക്കും സമുദ്രത്തിനും അത് സൃഷ്ടിച്ചപ്പോഴെ ഒരു അതിർ നിർമ്മിച്ചിട്ടുണ്ട്. നമ്മുടെ പാപങ്ങളുടെ വലിപ്പത്തിനനുസരിച്ച് ഈശ്വരൻ ആ അതിർ ഒന്നു നീക്കുമ്പോഴാണ് സമുദ്രത്തിൽ നിന്നും വെള്ളം സുനാമിയായി പുറത്തേക്ക് വരുന്നത്. കാടിൻ്റെ വേലി പൊളിപ്പാനും സമയം ഏറെകുറെ അടുത്തു വരുന്നു അപ്പോൾ കാടിൻ്റെ സുഹൃത്തുക്കൾ നാട്ടിലേക്കെത്തും പിന്നീട് പറയണ്ടിയ കാര്യമില്ലല്ലോ. ഒന്നും നാം മറന്നു പോകരുത്. വല്ലപ്പോഴും അല്പ വിശ്രമത്തിനിടയിൽ ഇതൊക്കെ ഒന്ന് ചിന്തിക്കുന്നത് നന്ന്.

സൃഷ്ടാവിൻ്റെ അനുമതിയില്ലാതെ ആർക്കും ഭൂമിയുടെ വേലി പൊളിച്ചുമാറ്റാൻ ആവില്ല. ഇന്ന് ഭൂമിക്കു മീതെ എന്തെങ്കിലും അനർത്ഥങ്ങൾ സംഭവിക്കുന്നുവെങ്കിൽ അത് ഉടമസ്ഥൻ്റെ അറിവോടു തന്നെ. അതിൽ ശങ്കിക്കേണ്ടതില്ല. ലോകത്ത് സംഭവിക്കുന്ന ഒരോ ദുരന്തത്തിനും നാം തന്നെ കാരണക്കാർ‘. പരിമിധികൾ തന്ന് നമ്മെയും കെട്ടപ്പെട്ട ഒരു തോട്ടത്തിനുള്ളിൽ ഈശ്വരൻ ആക്കി വെച്ചിരുന്നു പക്ഷെ നാം അതിനെയൊക്കെ പൊളിച്ചുമാറ്റി എവിടെയോ എന്തോ എത്തി പിടിക്കാൻ വെമ്പൽ കൊണ്ടു .എവിടെയും എത്തിയില്ലതാന്നും .

പ്രിയരെ, തമ്പുരാൻ കെട്ടിയടക്കപ്പെട്ട തോട്ടത്തിൻ്റെ വേലി പൊളിപ്പാൻ ശ്രമിക്കാതെ അതിനുള്ളിൽ തന്നെയിരുന്ന് ദൈവ വചനമാകുന്ന നല്ല ഫലങ്ങൾ ഭക്ഷിച്ച് തൃപ്തരായി നന്മകൾ ചെയ്യ്ത് തമ്മിൽ തമ്മിൽസ്നേഹിച്ച് ഇനിയുള്ള കാലം നമ്മുക്ക് ജീവിച്ച് തീർക്കാം. അതിനായി നമ്മുക്ക് പ്രയത്നിക്കാം. ഒരുമയോടെ ജീവിക്കാം. ഏവരെയും കർത്താവ് അനുഗ്രഹിക്കട്ടെ.

[ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത്. നിൻ്റെ എല്ലാ വഴികളിലും അവനെ നിനച്ചു കൊൾക; അവൻ നിൻ്റെ പാതകളെ നേരെയാക്കും;നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.”സദൃശവാക്യങ്ങൾ 3:5, 6, 7 ]

മിനി ടൈറ്റസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading