ലേഖനം: ബ്രേക്ക് ദി ചെയിൻ | നൈജിൽ വർഗ്ഗീസ് എറണാകുളം

ലോകം മുഴുവൻ ഒരുപോലെ കടന്നുപോകുന്ന ഈ പ്രതിസന്ധിഘട്ടം തീർച്ചയായും ഒരുപാടു വേദന ഉണ്ടാക്കുന്നതാണ്.

post watermark60x60

ഈ മഹാമാരി നേരിടാൻ ഗവൺമെന്റും അധികാരികളും നമ്മോടു പറയുന്നതു സാമൂഹിക അകലം പാലിക്കുവാനും, അതോടൊപ്പം കൈ കഴുകുവാനും അഥവാ വ്യക്തിശുചിത്വം പാലിക്കുവാനുമാണ്.ആ പദ്ധതിക്ക് സർക്കാർ നൽകിയ പേര് ബ്രേക്ക് ദി ചെയിൻ എന്നാണ്, എന്നു വെച്ചാൽ ചങ്ങല പൊട്ടിക്കുക.

ലോക്ക്ഡൗൺ കാരണം വീട്ടിൽ രണ്ടു ദിവസം നിന്ന് കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിൽ നിന്നു പൊട്ടിച്ചു കളയാൻ കുറച്ചു ചങ്ങലകൾ ഉണ്ടെന്നു തിരിച്ചറിഞ്ഞത്!

Download Our Android App | iOS App

കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഒരു ദിവസം മുഴുവനായി വീട്ടിലിരുന്നതായി എന്റെ ഓർമകളിൽ ഇല്ല, അഥവാ പനിയൊക്കെ വന്നാലും വൈകുന്നേരമൊക്കെ ആവുമ്പോഴേക്കും വീട്ടിലുള്ളവരോട് എന്തെങ്കിലുമൊക്കെ പറഞ്ഞു പുറത്തേയ്ക്കിറങ്ങിയില്ലെങ്കിൽ ആകപ്പാടെ ഒരു അസ്വസ്ഥതയാണ്.

ഈ അസ്വസ്‌ഥതയുടെ മറ്റൊരു പേരാണ് അച്ചടക്കമില്ലായ്‌മ എന്ന് ഈ ലോക്ക്ഡൗൺ കാലത്തു ഞാൻ തിരിച്ചറിഞ്ഞു, അത് കൊണ്ടുതന്നെ ഇതു എനിക്ക് ലോക്ക്ഡൌൺ അല്ല ദൈവം നൽകിയ ഒരു നിർബന്ധിത പാഠ്യപദ്ധതിയാണ്.

പലപ്പോഴും പല കാര്യങ്ങൾക്കും ഒരു എസ്ക്യൂസ്‌ എന്ന നിലയ്ക്ക് ഞാൻ സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു വാക്കാണ് “സമയമില്ല” എന്ന്, പക്ഷെ നിർബന്ധിത പാഠ്യപദ്ധതിയുടെ രണ്ടാം ദിവസം ഞാൻ മാറ്റിപ്പറഞ്ഞു “സമയമേയുള്ളൂ”.

കൊറോണയ്ക്ക് മുൻപും പിൻപും എന്ന് ഒരുപക്ഷെ എന്റെ ജീവിതം തിരിക്കേണ്ടി വരും, ഒന്നൂടി കയറിപ്പറഞ്ഞാൽ എന്റെ ക്രിസ്തീയജീവിതം രണ്ടായി തിരിക്കേണ്ടി വരും, കാരണം കൊറോണ എന്ന അസുഖം നമ്മുടെ നാട്ടിൽ വന്നു സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് കൊറോണയ്ക്കു മുൻപുള്ള എന്റെ സമയത്തെ ഞാൻ എങ്ങനെയാണ് ഉപയോഗിച്ച് കൊണ്ടിരുന്നത് എന്ന ഒരു ബോധ്യം എനിക്ക് ലഭിച്ചത്.

പലപ്പോഴും എനിക്ക് ലഭിക്കുന്ന സമയത്തു ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ മുൻഗണനാ പട്ടിക (priority list) പരിശോധിച്ചപ്പോൾ ആത്മീയ വിഷയങ്ങളാണ് ഏറ്റവും ഒടുവിൽ വന്നത്, അതിനു കാരണമായി ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചുകൊണ്ടിരുന്ന ഒഴിവുകഴിവ് സമയമില്ല എന്നതായിരുന്നു !

സത്യത്തിൽ നമുക്കെല്ലാറ്റിനും സമയമുണ്ട്,നാം എല്ലാം കൃത്യമായി ക്രമീകരിക്കണം എന്നുമാത്രം അഥവാ നമുക്ക് അച്ചടക്കമുണ്ടാവണം എന്നേയുള്ളു.

ഏതു പരിശീലനവും അഥവാ അച്ചടക്കപരിപാടിയും ആരംഭത്തിൽ നമുക്ക് അസ്വസ്ഥ ഉളവാക്കുന്നതാണെങ്കിലും,ആ പരിശീലനകാലം നേരായ മനോഭാവത്തോടെ പൂർത്തികരിക്കപ്പെടുമ്പോൾ വീണ്ടും മുന്നോട്ടു പോവാനുള്ള ഊർജ്ജവും കരുത്തും നമുക്ക് ലഭിക്കുന്നു.അതുകൊണ്ടു തന്നെ എത്ര ദിവസം വീട്ടിലിരുന്നു എന്നുള്ളതല്ല, ആ ദിവസങ്ങൾ എത്രത്തോളം അർത്ഥവത്തായി ഉപയോഗിച്ചു എന്നുള്ളതിലാണ് കാര്യം എന്ന പാഠം ഈ ലോക്ക്ഡൗൺ കാലത്തിന്റെ തുടക്കത്തിലേ മനസിലാക്കുവാൻ ദൈവം സഹായിച്ചു.

ഈ കുറിപ്പ് ഒരുപാടു നീണ്ടുപോകും എന്നത്കൊണ്ട് ഇനിയും ഒരുപാടു വിവരണങ്ങൾക്ക് ഞാൻ മുതിരുന്നില്ല,ഈ ലോക്ക്ഡൗൺ കാലം എനിക്ക് എന്നുള്ളതല്ല നമുക്കോരോരുത്തർക്കും ദൈവം നൽകിയ ഒരു പാഠ്യപദ്ധതിയാണ്, അത് എങ്ങനെ ഉൾക്കൊള്ളണം എന്ന് തീരുമാനിക്കാനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്.

ഈ ലോക്ക്ഡൗൺ കാലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും,ദൈവം നമ്മോടു സംസാരിക്കുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കേൾക്കുവാൻ നമ്മുടെ വേഗത അല്പം കുറച്ചതാണെന്നുമുള്ള തിരിച്ചറിവോടെ അധികാരങ്ങൾക്കു കീഴ്പ്പെടണം എന്ന വചനമനുസരിച്ചു വീടുകൾക്കുള്ളിൽ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിച്ചും വ്യക്തിശുചിത്വം പാലിച്ചും,നമുക്കൊരുമിച്ചു ഈ മഹാമാരിയെ അതിജീവിക്കാം !

എല്ലാറ്റിലുമുപരി ഈ ലോക്ക്ഡൗൺ കാലം നമ്മുടെ ജീവിതത്തിൽ നിന്നും പൊട്ടിച്ചുകളയേണ്ട എല്ലാ ചങ്ങലകളും പൊട്ടിച്ചുകളഞ്ഞുകൊണ്ട് ക്രിസ്തുയേശുവിലുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുവാൻ മുന്നേറുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ, ശക്തീകരിക്കട്ടെ.
breakthechain

നൈജിൽ വർഗ്ഗീസ്
എറണാകുളം

-ADVERTISEMENT-

You might also like