- Advertisement -

ലേഖനം: ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്ക

ജോമോൻ ജോൺ ചമ്പക്കുളം, കര്‍ണാടക ന്യൂസ്‌ കോർഡിനേറ്റർ ക്രൈസ്തവ എഴുത്തുപുര

സ്വസ്ഥമായി ഒന്ന് അടങ്ങിയിരിക്കാൻ കഴിയാതെ തിരക്കോടു തിരക്കായിരുന്നു മനുഷ്യർക്കെല്ലാം. പ്രഭാതം തുടങ്ങി സന്ധ്യവരെ വീടിനുപുറത്ത് തിരക്കിട്ടുള്ള ഓട്ടമായിരുന്നു എല്ലാവരും. എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് പുറത്ത് ആരെയും കാണാനില്ല. റോഡുകളും കടകളും ഷോപ്പിംഗ് മാളുകളും സിനിമ ശാലകളും എന്തിന് ആരാധനാലയങ്ങൾ പോലും ശൂന്യമായി കിടക്കുന്നു. ആളൊഴിഞ്ഞ വീഥികൾ കാണുമ്പോൾ ഉള്ളിൻറെയുള്ളിൽ ഒരു തേങ്ങൽ മാത്രം ശേഷിക്കുന്നു. യെശയ്യ പ്രവാചകന്റെ വാക്കുകൾ ഈ സാഹചര്യത്തോട് ഒത്തുവരുന്നു. ” എന്റെ ജനമേ വന്ന് നിന്റെ അറകളിൽ കടന്ന് വാതിലുകളെ അടയ്ക്ക, ക്രോധം കടന്നു പോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക” (യെശയ്യ 26:20)

Download Our Android App | iOS App

ചില രാജ്യങ്ങൾ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്യപ്പെട്ട അവസ്ഥയിലാണ്. ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചകൾ എല്ലാവരും അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരിക്കേണം. ആദ്യം രാജ്യങ്ങളുടെ അതിർത്തികൾ അടച്ചു പിന്നീട് സംസ്ഥാനങ്ങൾ അതിനുശേഷം ജില്ലകൾ ഇപ്പോൾ വീടുകളും അതിന്റെ വാതിലുകൾ അടച്ചു. യെശയ്യാവിന്റെ വാക്കുകൾ ഏകദേശം നിവർത്തി ആയത് പോലെ തോന്നുന്നു. ക്രോധം ( കോവിട് ) കടന്നു പോയിട്ട് വേണം വാതിലുകൾ തുറന്നു പുറത്തു വരുവാൻ. കുടുംബത്തോടൊപ്പം വീടിനുള്ളിൽ പാർക്കുന്നത് ഏതർത്ഥത്തിലും നല്ലതു തന്നെയാണ്.
മിസ്രയീമിലെ വീഥികളിൽ സംഹാര ദൂതൻ സംഹാരം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇസ്രായേൽ ജനത്തോടു ദൈവം പറഞ്ഞു, വാതിലുകളിൽ പെസഹ കുഞ്ഞാടിന്റെ രക്തം പുരട്ടിയശേഷം വീടുകളുടെ ഉള്ളിൽ നിങ്ങൾ പാർക്കേണം. രക്തം നിങ്ങൾക്ക് അടയാളം ആയിരിക്കും. വീടിന്റെ കെട്ടുറപ്പോ കതകിന്റെ ബലമോ അല്ല കുഞ്ഞാടിനെ രക്തമാണ് സംരക്ഷണം നൽകിയത്. യേശുവിന്റെ രക്തത്തിൽ നമുക്കും മറഞ്ഞിരിക്കാം.

post watermark60x60

ഈ വിപത്തുകൾ ദൈവത്തിന്റെ ന്യായവിധി എന്നല്ലാതെ എന്തു പറയാൻ. മനുഷ്യന്റെ തിന്മയും പാപവും പെരുകുന്നു. ദൈവത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും പുരോഗതിയുടെയും ആധുനികതയുടെയും പേരിൽ മനുഷ്യൻ കാറ്റിൽ പറത്തുന്നു. മനുഷ്യന്റെ ആധുനിക ജീവിത രീതികളും നൂതനമായ കണ്ടുപിടുത്തങ്ങളും പലപ്പോഴും വിപത്തുകളെ ക്ഷണിച്ചുവരുത്തുന്നു.

ഏകദേശം B.C 516 കാലഘട്ടത്തിൽ ഇസ്രായേൽ ദേശത്ത് ഉണ്ടായ ഒരു വലിയ വിപത്തിനെ കുറിച്ച് യോവേൽ പ്രവാചകന്റെ പുസ്തകത്തിൽ ചില രേഖകൾ നമുക്ക് കാണാം. കൃമി കീടങ്ങൾ ഒരു സൈന്യം പോലെ വന്നു ദേശത്തെ മൂടുന്നു. അത് അവരുടെ കൃഷികളെയും സമ്പത്തിനെയും സന്തോഷത്തെയും നശിപ്പിച്ചു. ഇതിന്റെ പരിണിതഫലമായി ക്ഷാമവും സാമ്പത്തിക തകർച്ചയും ഉണ്ടായി. ദൈവം പറയുന്നത് “നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ”

തുള്ളൻ വെട്ടിക്കിളി വിട്ടിൽ പച്ചപ്പുഴു, ഈ നിസ്സാര ജീവികൾ ഒരു മഹാ സൈന്യമായി വന്നാൽ ചെറുത്തുനിൽപ്പാൻ ആർക്കാണ് കഴിയുക? ഒരു രാജ്യത്തിനും കഴിയുകയില്ല! വലിയ ജീവികൾ ആയിരുന്നുവെങ്കിൽ തുരത്തി ഓടിക്കാൻ എളുപ്പമായിരുന്നു, പക്ഷേ ഇത് വെറും നിസ്സാരമായ ചെറുജീവികൾ ആണ്. ഇവയെ തുരത്തി ഓടിക്കാൻ എല്ലാ മാർഗ്ഗവും ഉപയോഗിച്ച് നോക്കി പക്ഷേ അതൊന്നും ഫലം കണ്ടില്ല. നിസ്സംഗനായി നിൽക്കുന്ന മനുഷ്യനോട് ദൈവം പറഞ്ഞു, എന്റെ ആലയത്തിൽ വന്ന് നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കുക, നിങ്ങളുടെ പാപങ്ങളെ വിട്ട് എങ്കലേക്ക് തിരിക്കുക. എങ്കിൽ ഞാൻ എന്റെ മഹാ സൈന്യത്തെ പിൻവലിക്കും. അപ്പോൾ നിങ്ങളുടെ ദേശത്തിനു സൗഖ്യവും സമാധാനവും ഉണ്ടാകും.

ഇന്ന് നാമും ഭയപ്പെടുന്നത് കണ്ണിനു കാണാൻ കഴിയാത്ത ഒരു വൈറസിനെ ആണ്. ഇതിനെ പൂർണമായും നശിപ്പിക്കുവാൻ ഭരണാധികാരികളും ആരോഗ്യ വിദഗ്ധരും കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയം കാണാൻ കഴിയാതെ ചിലരെങ്കിലും അറിയാതെ പറഞ്ഞു ഇനി ദൈവത്താൽ അല്ലാതെ ഒരു രക്ഷയില്ല. ഒരിക്കൽ യിസ്രായേൽ രാജാവ് പറഞ്ഞു, “യഹോവ നിന്നെ രക്ഷിക്കുന്നില്ലങ്കിൽ ഞാൻ എവിടെ നിന്ന് തന്ന് നിന്നെ രക്ഷിക്കും” രാജാവിന്റെ അധികാരത്തിനു പരിമിതികൾ ഉണ്ട് എന്നാൽ ദൈവത്താൽ അസാധ്യമായതൊന്നുമില്ല.

പ്രാർത്ഥനയാൽ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് പ്രാർത്ഥിക്കാം. ശാസ്ത്രം അവരുടെ വഴിയിൽ കാര്യങ്ങൾ ചെയ്യട്ടെ, പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാൻ ദൈവം അവരെ സഹായിക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.
നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ നാം കടപ്പെട്ടവരാണ്. എല്ലാവരും വീടുകൾക്കുള്ളിൽ ത്തന്നെ ഈ ദിനങ്ങൾ ചിലവഴിക്കേണം.
ഭവനങ്ങളിൽ മാത്രമായി ചിലവഴിക്കുന്ന ഈ ദിനങ്ങളിൽ നമുക്ക് നിവർത്തിക്കാൻ ഒരു ഉത്തരവാദിത്വം ഉണ്ട്. ദേശത്തിനു വേണ്ടി ഇടുവിൽ നിന്ന് പ്രാർത്ഥിക്കുക എന്നതാണത്.

 ഇസ്രയേൽ പാളയത്തിൽ ഉണ്ടായ ഒരു വലിയ ബാധനിമിത്തം 14, 700 അധികം പേർ മരിച്ചു വീണപ്പോൾ അഹരോൻ മരിച്ചവർക്കും ജീവൻ ഉള്ളവർക്കും നടുവിൽ പ്രാർത്ഥനയാകുന്ന ധൂപകലശവും പിടിച്ചുകൊണ്ടു നിന്നു, അങ്ങനെ ബാധ നിന്നു. ഇതു തന്നെയാണു നമുക്കും ചെയ്യാനായുഉള്ളത്. അനേകർ മരിച്ചു കൊണ്ടിരിക്കുന്നു ബാക്കി ജനം മരണഭീതിയിൽ കഴിയുന്നു. അഹരോനെ പോലെ നമുക്കും ജനത്തിന് നടുവിൽ പ്രാർത്ഥന എന്ന ധൂപവുമായി നിൽക്കാം. ദൈവം നമ്മെയും ജനങ്ങളെയും രക്ഷിക്കട്ടെ.

-ADVERTISEMENT-

You might also like
Comments
Loading...