എഡിറ്റോറിയല്‍: പാസ്റ്റർമാരും ലോക്ക്ഡൗണിൽ ആണ് | ജെ പി വെണ്ണിക്കുളം

കൊവിഡ് 19 ന്റെ വ്യാപനം നിമിത്തം നമ്മുടെ രാജ്യം മുഴുവൻ മൂന്നു ആഴ്ചത്തെക്കു ലോക്ക്ഡൗ​ൺ ചെയ്യുവാനുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്നലെ രാത്രി 8 മണിക്ക് ഉണ്ടായത് ശ്രദ്ധിച്ചു കാണുമല്ലോ. അവശ്യസാധനങ്ങൾ ലഭ്യമാകുമെങ്കിലും ഒരർത്ഥത്തിൽ പൂർണമായും കർഫ്യു സമാനമായ സാഹചര്യമാണ്. അടുത്ത 21 ദിവസം വീട്ടിൽ തന്നെ ഇരിക്കുകയെ നിർവാഹമുള്ളൂ. എന്നാൽ ഇവിടെ ദുരിതം അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അന്നന്നത്തെ അന്നം കൊണ്ടു ഉപജീവിക്കുന്നവർക്കു സർക്കാർ തലത്തിൽ നിന്നും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ഒരു സമൂഹമാണ് പാസ്‌റ്റർമാർ. ദൈനംദിന കാര്യങ്ങൾക്ക് പോലും ആഴ്ചയിൽ ഒരിക്കൽ ലഭിക്കുന്ന സ്തോത്രകാഴ്ചയോ മറ്റു മനഃപൂർവ ദാനങ്ങളോ ലഭിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ആലയത്തിൽ പ്രാർത്ഥനാ കൂട്ടായ്മകൾ ഇല്ലാത്തതുകൊണ്ടു ഈ പ്രത്യേക സാഹചര്യത്തിൽ വിശ്വാസികൾക്ക് വന്നു കാണുവാനോ സഹായിക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്. ചിലർ എങ്കിലും പാസ്റ്റർമാരുടെ കാര്യം എങ്ങനെയാകും എന്നുപോലും അന്വേഷിച്ചു എന്നു വരില്ല. പലരും അവരുടെ അഭിമാനം നഷ്ടമാകാതിരിക്കാൻ ബുദ്ധിമുട്ട് പറയുകയുമില്ല. ഈ ഒരു മാസം അവരുടെ നിത്യവൃത്തിക്കുള്ള പ്രത്യേക പാക്കേജ് സഭാ നേതൃത്വങ്ങൾ പ്രഖ്യാപിക്കുകയും സഹായഹസ്തം അവരിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും വേണം. സാമ്പത്തീക സഹായമായോ ഭക്ഷ്യ ധാന്യ കിറ്റുകളായോ അവ ലഭ്യമാക്കണം. മാത്രമല്ല, അർഹരായ ഓരോ വ്യക്തിയിലും അതു എത്തുന്നു എന്നും ഉറപ്പാക്കണം. ഈ അടിയന്തര സാഹചര്യത്തിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല കരംതുറന്നു സഹായിക്കാനും സഭാ നേതൃത്വങ്ങൾ മുൻകൈയെടുക്കണം.

ചിലർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യം മുഴുവൻ ലോക്ക്ഡൗ​ൺ ആയിരിക്കുമ്പോൾ നിത്യവൃത്തിക്കു വകയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന നമ്മുടെ ശുശ്രൂഷകന്മാരെയും വിശ്വാസസമൂഹത്തെയും സഹായിക്കാൻ നാം തയ്യാറാകണം. അവരുടെ ക്ഷേമം അന്വേഷിക്കുകയും സഹായിക്കുകയും ചെയ്യാൻ ഈ ദിവസങ്ങളിൽ ശ്രദ്ധിക്കുക. അതു അവർക്ക് ഒരു ആശ്വാസമാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.