ഖത്തറിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകി

ബ്ലെസ്സൺ ഇടയാറന്മുള

 

ദോഹ: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 10 മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്.

അതേസമയം, ഖത്തറില്‍ മൂന്ന് പുതിയ കൊറോണ വൈറസ് കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 18 ആയി. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധിച്ചവര്‍ പ്രവാസികളാണ്.

വൈറസ് ബാധിതരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുകയും ക്വാറന്റയ്ന്‍ ചെയ്യുകയും ചെയ്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, ആളുകളുടെ ഒത്തുചേരല്‍ കുറയ്ക്കണമെന്നും വ്യക്തി ശുതിത്വം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിലവില്‍ രാജ്യത്ത് 3500 ആളുകളെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കായി നാട്ടില്‍ പോയവര്‍, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ വിസ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.

കൊറോണയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനായി മുഴുവന്‍ സമയ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പറായ 16000-ലും ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.