ശുഭദിന സന്ദേശം : കേൾക്കുക, പഠിക്കുക, പ്രമാണിക്കുക | ഡോ.സാബു പോൾ

”…യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ”(ആവ.5:1).

ഇന്നലെ ചിന്തിച്ചതിൻ്റെ തുടർച്ചയാണിന്ന്…..

വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനായി ജനത്തെ ഒരുക്കുകയാണ് മോശ. തനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിൻ്റെ നിദാനമെന്തെന്നും മോശയ്ക്കറിയാം.

ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളാണ് ഒരു വാക്യത്തിൽ മോശ നൽകുന്നത്.

1️⃣ കേൾക്കുക

നാം എന്തു കാര്യവും തീരുമാനിക്കേണ്ടത് അതിൻ്റെ എല്ലാ വശവും കേട്ടതിന് ശേഷമായിരിക്കണം. എന്നാൽ കേൾക്കാനേ മനസ്സില്ലെങ്കിലോ….?
ദൈവം പറഞ്ഞ കാര്യങ്ങൾ മിസ്രയീമിൽ വെച്ച് യിസ്രായേല്യർ കേട്ടു. അതുകൊണ്ടാണ് പുറപ്പാട് സാദ്ധ്യമായത്. എന്നാൽ വന്ന വഴിയിൽ അവർ ചിലതൊന്നും കേട്ടില്ല. മന്ന ഇടങ്ങഴി വീതമേ പെറുക്കാവൂ എന്ന് പറഞ്ഞെങ്കിലും ചിലരൊക്കെ ആർത്തി പൂണ്ട് ഏറെ വാരിക്കൂട്ടി. പക്ഷേ, ഏറെ പെറുക്കിയവനും അളന്നപ്പോൾ ഇടങ്ങഴി മാത്രം……

പിറ്റേന്നത്തേക്ക് അൽപ്പം പോലും ശേഷിപ്പിക്കരുതെന്ന് പറഞ്ഞിട്ടും ചിലരൊക്കെ കൂടുതൽ ‘കരുതലുള്ളവരായി’ മാറി. എന്നാൽ, കൂടാരത്തിൽ നിന്ന് നാറ്റം വമിച്ചപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി….

ഇനി നിങ്ങൾ അനാക്യ മല്ലൻമാരുടെയടുക്കൽ കയറി ചെല്ലരുത് എന്ന് കല്പിച്ചിട്ടും ചിലർ ധാർഷ്ട്യം പൂണ്ടു കയറി പരാജിതരായി….

2️⃣ പഠിക്കുക

മോശയിലൂടെ നിരന്തരമായി ദൈവം ജനത്തോട് സംസാരിച്ചുകൊണ്ടിരുന്നിട്ടും പലരും പഠിച്ചത് ജാതീയ ആചാരങ്ങളൊക്കെയാണ്. അതുകൊണ്ടാണല്ലോ കാളക്കുട്ടി ദൈവമായി പ്രത്യക്ഷപ്പെട്ടത്. ദൈവകോപം വെളിപ്പെട്ടപ്പോൾ വാഗ്ദത്ത നാട്ടിലെത്തേണ്ട മൂവായിരം പേർ മരുഭൂമിക്ക് വളമായി മാറി…..
ദൈവം പഠിപ്പിച്ച വിശുദ്ധിയുടെ ഉപദേശത്തിന് വിരുദ്ധമായിരുന്നു മൊവാബ്യരുമായുള്ള പരസംഗവും. അക്കാരണത്താലും 24,000 പേർ ചത്തൊടുങ്ങി….

3️⃣ പ്രമാണിക്കുക

ഇവിടെയാണ് മോശ പോലും പരാജയത്തിൻ്റെ കയ്പുനീർ കുടിച്ചത്. ദൈവം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും പഠിക്കുകയും ജനത്തെ പഠിപ്പിക്കുകയും ചെയ്ത മോശയ്ക്ക് പോലും ആത്മനിയന്ത്രണം നഷ്ടമായിപ്പോയ രണ്ട് സന്ദർഭങ്ങളുണ്ടായി.
ജനം കാളക്കുട്ടിയെ ആരാധിക്കുന്നത് കണ്ട് കോപം നിറഞ്ഞപ്പോൾ കയ്യിലിരുന്നത് ദൈവം നൽകിയ വിശേഷതയേറിയ കല്പലകയാണെന്നത് വിസ്മരിച്ചു പോയി…..

പാറയോട് വെള്ളത്തിനായി കല്പിക്കാൻ പറഞ്ഞപ്പോൾ വടികൊണ്ടടിച്ചതും അവിവേകമായിപ്പോയി. അതുകൊണ്ട് വാഗ്ദത്ത ദേശത്തിൻ്റെ കവാടങ്ങൾ മോശയുടെ മുമ്പിൽ കൊട്ടിയടയ്ക്കപ്പെട്ടു….!

ഇക്കാരണങ്ങളാൽ വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്നവരോട് മോശ പറയുന്നത് കേൾക്കണം, പഠിക്കണം, പ്രമാണിക്കണം എന്നാണ്.

പ്രിയമുള്ളവരേ,
ദൈവം വാഗ്ദത്തം ചെയ്ത അനുഗ്രഹങ്ങൾ സ്വായത്തമാക്കാൻ നമുക്കും അവിടുന്ന് അരുളിച്ചെയ്യുന്നത് ശ്രദ്ധാപൂർവ്വം കേൾക്കാം…..
അവയെ ശരിയായി മനസ്സിലാക്കാം….
അവിടുന്ന് കല്പിച്ചതു പോലെ തന്നെ ചെയ്യാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.