വില കൂടിയ വസ്തുക്കൾ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും പുതിയ നിയമം ഏർപ്പെടുത്തി ഖത്തർ

 

ദോഹ: കറൻസി, സ്വർണ്ണാഭരണങ്ങൾ തുടങ്ങി വില കൂടിയ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഖത്തർ പുതിയ നിബന്ധന ഏർപ്പെടുത്തി.

50000 റിയാൽ വിലമതിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന് ഇനി മുതൽ കസ്റ്റംസ് വകുപ്പ് ഏർപ്പെടുത്തിയ പുതിയ പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചു നൽകണം. 50000 റിയാലോ അതിനു മുകളിലോ മൂല്യമുള്ള എന്തു വസ്തുക്കളും വിമാനമാർഗ്ഗമോ, കടൽമാർഗ്ഗമോ, കരമാർഗ്ഗമോ രാജ്യത്തേക്ക്‌ കൊണ്ടുവരണമെങ്കിലും പുറത്തേക്കു കൊണ്ടുപോകണമെങ്കിലുമാണ് പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചു നൽക്കേണ്ടത്.

കൊണ്ടുപോകുന്ന വസ്തു എങ്ങനെ സമ്പാദിച്ചു, എന്തിനു കൊണ്ടുപോകുന്നു, തുടങ്ങി ചോദ്യങ്ങളെല്ലാം അടങ്ങിയ ചോദ്യാവലിയാണ് പൂരിപ്പിച്ചു നൽകേണ്ടത്. ലഭിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം മാത്രമേ ഇത്തരം ഇടപാടുകൾക്ക്‌ അനുമതി ലഭിക്കുകയുള്ളു.

50000 റിയാലിന് തത്തുല്യമായതോ, അതിനു മുകളിലോ മൂല്യമുള്ള കറൻസികൾ, സ്വർണ്ണം, വെള്ളി, വജ്രം ഉൾപ്പെടെയുള്ള ആഭരണങ്ങൾ, ക്യാഷ് ചെക്കുകൾ, ഒപ്പിട്ട മുദ്ര പത്രങ്ങൾ തുടങ്ങിവ്യയ്ക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.

സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നല്കുകയോ ചില ഭാഗങ്ങൾ പൂരിപ്പിക്കാതെ വിടുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പുതിയ നിബന്ധനയിൽ പറയുന്നുണ്ട്. ഒപ്പം ഒരു ലക്ഷം റിയാലിൽ കുറയാതെ പിഴയും ഈടാക്കും.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ തടയുന്നതിനായി ഖത്തർ പാസ്സാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വകുപ്പ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.