കവിത: ആത്മീയർക്കെന്തിനീ ആശങ്ക …??? | സജി പീച്ചി

 

ആശങ്കയിലിന്നാത്മീയ ലോകം

ആശങ്ക വേണ്ടെന്നു കേരള മുഖ്യൻ

പലതിനെ ചൊല്ലി പ്രലാപം

എന്ത് ഭവിക്കുമെന്നാശങ്കയിൽ

ഉള്ളത്തിനുള്ളിൽ പരിഭ്രാന്തി.

രക്തബന്ധങ്ങൾക്കാഴം കുറയുന്നു

രക്തസമ്മർദ്ദം വർധിക്കുന്നു

ജീവിതശൈലിരോഗം പരക്കുന്നു

ആതുര സേവനം തേടി നടക്കുന്നു

സമ്പത്തിൻ പേരിൽ ആശങ്ക

സമ്പാദ്യമോർത്തുള്ളിലാശങ്ക

മാതാപിതാക്കൾ മക്കളെയോർത്തും

മക്കൾ മാതാപിതാക്കളെ ഓർത്തും

നാളെയെ ഓർത്തും
നാടിനെ ഓർത്തും
മനസ്സിൽ നിറയുന്നാശങ്ക …

പണ്ട് -മരണംവരുന്നതിൽ
ആശങ്കയെങ്കിൽ

ഇന്ന് – ജീവിതം കാണുമ്പോൾ ആശങ്ക … !!!

മരണത്തിൻ മുൻപുള്ള ദുഷിച്ച ഗന്ധം..

ഇന്ന് മനസ്സിൽ മദിക്കുന്നു വല്ലാത്തൊരാശങ്ക…!!!

അപകട മരണങ്ങൾ

പ്രളയക്കെടുതികൾ

പ്രകൃതിദുരന്തങ്ങൾ ,

പക്ഷിയും, പന്നിയും, വവ്വാലും

എലിയും പരത്തുന്ന

ജ്വരത്തിൽ ആശങ്ക

അവയവം തോറും പടർന്നു പിടിക്കുന്ന

അർബുദ വ്യാധിയിൽ

അൽപ്പമല്ലാതുള്ളോരാശങ്ക.

ഭീതി പരത്തുന്നു

കൊറോണ വൈറസ്

(മെയ്ഡ് ഇൻ ചൈന )

ലോക ജനതകൾക്കാശങ്ക.

തൊഴിൽമേഖലയിലാശങ്ക
മതത്തിന്റെ വിദ്വേഷ
വിഷമഞ്ഞിൽ ആശങ്ക.

ഇടവകയിലുള്ള വികാരിയിൽ ആശങ്ക

സ്വന്തഗേഹത്തിൽ പിതാവിൽ ആശങ്ക

പെറ്റുവളർത്തിയ മാതാവിൻ
വിദ്വേഷം-

നിഷ്കരുണം എൻ കഥ തീർക്കുമോയെന്നെന്റെ
ഉള്ളിൽ ആശങ്ക

ഉറ്റവർ ഉടയവർ തെറ്റും ശരിയും വേറിട്ടു കാണാതെ

നേരും നെറിയുമില്ലാത്ത
സമൂഹ്യ-

പശ്ചാത്തലങ്ങളിൽ ആശങ്ക.

ആരിലും, ഒന്നിലും വിശ്വാസമില്ലാതെ

പാരിൽ ചരിക്കുന്നു ആശങ്കയാൽ….!!!

മെഡിക്കൽ പരീക്ഷക്കഡ്മിഷൻ
മെറിറ്റിൽ ലഭ്യമോ

നിക്ഷേപം കള്ളന്മാർ മോഷ്ടിച്ചെടുക്കുമോ

സ്ഥാനമാനത്തിൽ കസേരയി ളകുമോ

ഉള്ളത്തിനുള്ളത്തിൽ ആശങ്ക

ഭക്തന് തെല്ലുമേ ആശങ്കയില്ല

നിത്യതയിലുള്ള പ്രത്യാശ മാത്രം

എന്തെല്ലാം എവിടെല്ലാം
ഭവിച്ചുവെന്നാലും
ഭക്തൻമാർക്കെന്തിനാണാശങ്ക…..?

ആത്മീയർക്കെന്തിനീ ആശങ്ക….?

സജി പീച്ചി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.