ശുഭദിന സന്ദേശം : പുരുഷത്വവും പരുഷത്വവും | ഡോ.സാബു പോൾ

”ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർത്ഥന”(സങ്കീ.90-തലക്കെട്ട്).

പുറപ്പാട് രണ്ടാം അദ്ധ്യായത്തിലെ സുന്ദര ശിശു ‘ദൈവപുരുഷൻ’ എന്ന നിലയിലേക്ക് വളരാൻ കാലദൈർഘ്യം വളരെ വേണ്ടി വന്നു.

പുരുഷനാകുന്നത് എത്രയധികം മാറ്റങ്ങളിലൂടെയാണ്…!

അമ്മയുടെ പൊക്കിൾകൊടി ബന്ധം വിച്ഛേദിച്ച് മണ്ണിൻ്റെ മടിത്തട്ടിലേക്ക് വിരുന്ന് വരുന്ന ശിശുക്കൾ എല്ലാം ഒരു പോലെയാണ്. അനിയന്ത്രിതമായ കരച്ചിലും, കളിചിരിയും….
വളരുമ്പോൾ ശാഠ്യവും ശബ്ദവുമെല്ലാം സമാനം….

അൽപ്പം കഴിയുമ്പോൾ ഇടയ്ക്കൊക്കെ ആവർത്തിക്കുന്ന ഓർമ്മപ്പെടുത്തലുകൾ – ”നീ ആൺകുട്ടിയാണ്. ആൺകുട്ടികൾ കരയുന്നതു ശരിയല്ല.”
വികാരങ്ങളെ നിയന്ത്രിക്കാൻ ശീലിച്ചു തുടങ്ങിയതങ്ങനെയാണ്……..!

പിന്നെ കൂട്ടുകാരുമൊത്തുള്ള ലോകം……
കളികൾക്കിടയിലെ കള്ളത്തർക്കങ്ങൾ….
ഇടയ്ക്ക് അടിപിടിയിലേക്ക് നയിക്കുന്ന വികാര വിക്ഷോഭങ്ങൾ …..
വീണ്ടും ഇണക്കങ്ങൾ…
കരുത്തനെന്ന് തെളിയിക്കാനുള്ള വ്യഗ്രത….

കൗമാരത്തിൻ്റെ പടിവാതിലിൽ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾ…
പരുക്കനായി തീരുന്ന ശബ്ദം…..

മോശയും അങ്ങനെ തന്നെയായിരുന്നു. പഠിച്ച കായികാഭ്യാസങ്ങളും തത്വചിന്തകളും ഒരു ഈജിപ്ഷ്യൻ ഭരണാധികാരിക്കുണ്ടാകേണ്ട കാർക്കശ്യം പകർന്നു നൽകി….
അതുകൊണ്ടാണ് എബ്രായനെ ആക്രമിച്ച മിസ്രയീമ്യനെ ഒറ്റയടിക്ക് കൊന്ന് മണലിൽ പൂഴ്ത്തിയത്…!

പൗരുഷവും പാരുഷ്യവും സമരസം ചേർന്നു വിളങ്ങി നിന്ന മോശ ഒരു തികഞ്ഞ പരാജയമായി മാറിയപ്പോഴാണ് പലായനം വേണ്ടിവന്നത്.

മിദ്യാന്യ മരുഭൂമിയായിരുന്നു അവൻ്റെ രണ്ടാമത്തെ അഭ്യസന കളരി. അവിടെ വെച്ചാണ് ഒരു ദൈവപൈതലായി അവൻ പണിയപ്പെടാൻ തുടങ്ങിയത്…..

അവിടത്തെ ആദ്യ പാഠങ്ങൾ അനുസരണവും സമർപ്പണവും ആയിരുന്നു…
മോശ പഠിച്ച എറ്റവും ശ്രേഷ്ഠ ഗുണം സൗമ്യതയായിരുന്നു….
ഇന്നലെകളിൽ പാരുഷ്യം കൊണ്ട് കൈവരിക്കാനാവാത്തത് അവൻ ദൈവകൃപയാൽ സ്വായത്തമാക്കി…..
ആറു നൂറായിരം വരുന്ന യിസ്രായേൽ ജനത്തെ വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു….

അങ്ങനെ ഇരുത്തംവന്ന ദൈവപുരുഷൻ്റെ പ്രാർത്ഥനയാണ് 90-ാം സങ്കീർത്തനം.

അവിടെ അവകാശവാദങ്ങളില്ല…
സ്വയം പുകഴ്ത്തലുകളില്ല….

…മനുഷ്യജീവിതത്തിൻ്റെ നൈമിഷികതയെ ധ്യാനിക്കുന്നു!
…ജീവിതത്തിൻ്റെ നാളുകളെ എണ്ണുന്നു!
…മഹോന്നതൻ്റെ മടങ്ങിവരവിനായി പ്രത്യാശിക്കുന്നു!
…യഹോവയുടെ പ്രസാദത്തിനായി വാഞ്ഛിക്കുന്നു!

പ്രിയമുള്ളവരേ,
പരുഷത്വം കൊണ്ട് പാരിനെ അവകാശമാക്കാമെന്ന് ചിലരൊക്കെ ഇന്നും വൃഥാ വ്യാമോഹിക്കുന്നു…..
ഹിറ്റ്ലറും മുസ്സോളിനിയും ഈദി അമീനുമൊക്കെ അവരുടെ മുൻഗാമികളാണ്.
എന്നാൽ സ്രഷ്ടാവായ ദൈവം പറയുന്നു, ഞാൻ സൗമ്യതയുള്ളവർക്കാണ് ഭൂമിയെ അവകാശമായി നൽകാൻ പോകുന്നത്.

ദൈവ മനുഷ്യരായിത്തീരാം….
സൗമ്യതയാൽ ഭൂമിയെ അവകാശമാക്കാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading