ലേഖനം: ആത്മീയത അതിരു കടക്കുമ്പോൾ (വാലന്റൈൻസ് സ്പെഷ്യൽ) | ജെറ്റ്സൺ സണ്ണി

ഇദ്ധരയിലെ ഈ അൽപ്പായുസ്സ് നമ്മൾ സന്താനപുഷ്ടിയുള്ളവെയായി പരസ്പരം സ്നേഹിച്ചു സഹകരിച്ചു ഭൂമിയിൽജീവിക്കുന്നത് കാണാനാവണം ദൈവമാഗ്രഹിക്കുക. ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൈവത്തിന്റെ സാന്നിധ്യത്തെ ക്ഷണിക്കാം, ദൈവവുമായി ആത്മബന്ധം സ്ഥാപിക്കാം, അതിലൂടെ ആത്മീയതയുടെ നല്ല വശമെന്തെന്ന് നാമും നമ്മുക്ക് ചുറ്റുമുള്ളവരും മനസ്സിലാക്കും. എന്നാൽ എപ്പോഴാണ് ആത്മീയത അതിരു കടക്കുന്നത്.?

മനുഷ്യനെന്ന സാമൂഹിക ജീവി പാലിക്കേണ്ടതായ പല സ്വഭാവ വിശേഷങ്ങളിലും അതിപ്രധാനമാണ് സഹജീവികളെ നിസ്വാർത്ഥമായി സ്നേഹിക്കയും അവരോടു സഹകരിക്കുകയും വേണമെന്നത്. ഈ സഹകരണത്തിന് നിങ്ങളുടെ ആത്മീയത വിലങ്ങുതടിയാവുന്നുണ്ടെങ്കിൽ നിങ്ങൾക്കുറപ്പാക്കാം നിങ്ങളുടെ ആത്മീയത അതിരു കടക്കുന്നുവെന്ന്. ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ഒരു വ്യക്തിയെ ആത്മീയനാക്കുന്നത്. ആത്മീയരായ പലരും കൂടി വരുമ്പോൾ ഒരുമിച്ച് സന്തോഷം പങ്കിടാനാവുമെങ്കിലും, പല തരം പ്രവർത്തികളിൽ കൂട്ടായേർപ്പെടാൻ സാധിക്കുമെങ്കിൽ കൂടി ആത്മീയതയെന്നത് തികച്ചും വ്യക്തിപരമാണ്. ദൈവത്തെ പറ്റി പൊതുവായ ഒരു ഗൈഡ്ലൈൻ സഭകൾ നൽകുന്നുണ്ടെങ്കിലും വ്യക്തിപരമായ ബന്ധത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ തികച്ചും വ്യത്യസ്തമായെന്നും വരാം. അവയെല്ലാം വ്യക്തി ജീവിതത്തിന്റെ ആത്മീയ മുന്നേറ്റത്തിന് കാരണമാക്കുന്നതിലാണ് ഒരു ആത്മീയന്റെ വിജയം.

വ്യക്തിപരമായ നേർച്ചകൾ ആവാം, വ്യക്തിപരമായ തീരുമാനങ്ങളാവാം എന്നാൽ ആ ചിന്താഗതികൾ നാമുൾപ്പെട്ടു നിൽക്കുന്ന സമൂഹത്തെയോ സഭാവിഭാഗത്തെയോ ഡ്രൈവ് ചെയ്യണമെന്ന സ്വാർത്ഥ താല്പര്യം ഒരുനാളുമരുത്. ക്രിസ്തുമസ്, ഈസ്റ്റർ, തുടങ്ങിയ ആഘോഷങ്ങൾ ഒഴിവാക്കണമെന്നത് ഒരു വ്യക്തിയുടെ തീരുമാനമാവുന്നതിൽ തെറ്റില്ല, തികച്ചും വ്യക്തി സ്വാതന്ത്ര്യം മാത്രം. എന്നാൽ ഈ വക ആഘോഷങ്ങളിൽ പങ്കാളികളാകുന്ന കൂട്ടു സഹോദരങ്ങളെ വിധിക്കുകയും കുറ്റപ്പെടുത്തി മാറ്റി നിർത്തുകയും ചെയ്യുന്ന നിലപാട് തികച്ചും സാമൂഹ്യബോധമുള്ളവർക്ക് ചേർന്ന പ്രവർത്തിയല്ലെന്നു തന്നെ പറയാം.

ക്രിസ്തുമസിന് യേശു ഉള്ളിലാണ് ജനിച്ചതെന്നും ആണ്ടു മാസം തിയ്യതികളെ ആചരിക്കരുതെന്നും പറഞ്ഞൂ ആഘോഷങ്ങൾ ബഹിഷ്‌കരിക്കുന്ന ഇതേ വ്യക്തി ഡിസംബർ 31 രാത്രി കൃത്യം 12:00 മണിയാവുമ്പോൾ കരങ്ങളെ ഉയർത്തി ഹല്ലേലൂയാ പറഞ്ഞു പുതു വർഷത്തിലേക്ക് പ്രവേശിക്കുന്നത് കാണുന്നൊരു തലമുറ ഇവിടെയുണ്ട്.

വാലന്റൈൻസ് ഡെ, അത് എന്ത് തരം ആഘോഷമാണെങ്കിലും അത് പകരുന്ന സന്ദേശം സ്നേഹത്തിന്റെയാണ്. പുരുഷനും സ്ത്രീയും സ്നേഹിക്കുന്നത് അസാധാരണമല്ല, പ്രേമം സാത്താന്യവുമല്ല, വേദ പുസ്തകത്തിന്റെ നടുവിലായുള്ള രണ്ടു പുസ്തകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രേമത്തെ പറ്റിയുള്ള വർണ്ണനകൾക്കൊത്ത ഒരു സാഹിത്യവും ഇന്നിവിടെ ഇല്ല തന്നെ. അതിനും നമ്മൾ പലരും ക്രിസ്തുവുമായി ബന്ധപ്പെടുത്തി ഒരു വിശുദ്ധ പ്രണയ കാഴ്ചപാട് കൊടുക്കാറുണ്ട്. വാലന്റൈൻസ് ഡേയ്ക്ക് ക്രിസ്തുവാണെന്റെ വാലന്റൈൻ എന്ന കൊട്ടേഷൻസ് പോലുമെങ്ങും കാണാം.

വാലന്റൈൻസ് ഡെ സ്നേഹിക്കുന്നവർക്കുള്ളതാണ്, സ്നേഹമാഗ്രഹിക്കുന്ന മനസ്സുകൾക്കുള്ളതാണ്, സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ ആഗ്രഹമില്ലായെങ്കിൽ അതിനായാഗ്രഹിക്കുന്നവർക്ക് ഒരാശംസ അറിയിക്കുന്നതിൽ ഒരു തെറ്റുമില്ല പകരം ഇതൊന്നുമല്ല സ്നേഹം, കർത്താവ് മാത്രമാണ് വാലൻന്റൈൻ എന്നൊക്കെ പറഞ്ഞാൽ ആത്മീയത അതിരു കടക്കുന്നതിന്റെ ലക്ഷണപ്രകടനമായി തന്നെ കണക്കാക്കപ്പെടും.

ഇന്ന് കാണുന്ന കോടാനു കോടി ജന സംഖ്യ ക്രിസ്തുവിനെ വാലന്റൈൻ ആക്കിയതിൽ നിന്നുണ്ടായതല്ല, നല്ലൊരു പങ്കും പ്രേമത്തിൽ നിന്ന് തന്നെയാണുത്ഭവിച്ചത്. ഹാപ്പി വാലെന്റൈൻസ് ഡെ

– ജെറ്റ്സൺ സണ്ണി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.