ലേഖനം: നിനക്കു എന്നെ ഇഷ്ടമാണോ? (വാലന്റൈൻസ് സ്പെഷ്യൽ) | മിനി.എം.തോമസ്

ഫോൺവിളികളും പ്രണയ അഭ്യർത്ഥനകളും സമ്മാനങ്ങളുമായി ഒരു പ്രണയദിനം കൂടി. പ്രണയത്തിന്റെ അർത്ഥങ്ങളോ  ഭവിഷ്യത്തുകളോ ഒന്നുമോർക്കാതെ ചിലരെങ്കിലും കുരുക്കിൽ അകപ്പെടുന്ന ദിനം. കപടതയില്ലാത്ത സ്നേഹത്തെ ആദരിക്കുന്ന  എല്ലാവർക്കും എന്റെ പ്രണയദിനാശംസകൾ. ഇത് പ്രണയിക്കാനോ പ്രണയിക്കാതിരിക്കാനോ പ്രണയിക്കുന്നവരെ കുറ്റപ്പെടുത്താനോ  ഉള്ള ലേഖനം അല്ല.  മറിച്ച്, പ്രണയത്തിന്റെ തീവ്രതയിൽ  നാം മറന്നുപോകുന്ന ചില യാഥാർഥ്യങ്ങൾ ചോദ്യ ചിഹ്നങ്ങളാക്കി നിങ്ങളുടെ മുമ്പിൽ ചൂണ്ടിക്കാണിക്കുന്നു  എന്ന് മാത്രം.

പ്രണയിക്കുന്നവരുടെ ലോകം മറ്റൊന്നാണ്.  ഈ ലോകത്തിൽ എല്ലാറ്റിലും  വലുതായ  സ്നേഹം കൈപ്പിടിയിൽ  ഒതുക്കി എന്ന് വിശ്വസിച്ച് സന്തോഷിക്കുന്ന ജന്മങ്ങൾ. പ്രണയത്തിൽ നിരവധിപേരില്ല. കാമുകിയും കാമുകനും മാത്രം. പ്രണയത്തിന്റെ മണിപ്പന്തൽ കെട്ടി സ്വപ്നലോകത്ത് മാത്രം വിരഹിക്കുന്ന പ്രണയ ജോഡികൾ. പ്രണയത്തിന് ഒരു അവസാനമുണ്ട്.  ഒന്നുകിൽ വിവാഹം അല്ലെങ്കിൽ വിരഹം. അപൂർവ്വം ചിലർ മരണം എന്ന നഗ്നസത്യത്തിലേക്ക് കൈപിടിച്ചു നടക്കാൻ പോലും മടിയില്ലാതായിരിക്കുന്നു.  പക്ഷെ ഒരാൾ ജീവിക്കാൻ വേണ്ടി മറ്റൊരാൾ മരിക്കില്ലെന്നത് യാഥാർഥ്യം. പക്ഷെ കാൽവറിയിൽ സ്വാർത്ഥതയുടെ വേരുകൾ തകർത്തു ഒരുമിച്ചുള്ള ജീവിതത്തിന് വേണ്ടി മരിക്കാൻ യേശു തയ്യാറായി.

പെന്തക്കോസ്ത് വിശ്വാസത്തിൽ നിൽക്കുന്ന കമിതാക്കളിൽ പലരോടും ചോദിച്ചാലും ഭൂരിഭാഗത്തിന്റെയും മറുപടി ,”കാമുകൻ /കാമുകിയേക്കാൾ  സ്നേഹിക്കുന്നത്  യേശുവിനെ തന്നെയാണെന്നാണ്”. വിരലിൽ എണ്ണാവുന്ന  ചിലർ ചിലപ്പോൾ ഈ വാക്കുകളോട്  നീതി  പുലർത്തുന്നു എങ്കിലും ഭൂരിഭാഗവും  അങ്ങനെയല്ല  എന്ന് തോന്നി പോകും. കമിതാക്കളിൽ ഒരാൾ പിണങ്ങിയാൽ മറ്റേ വ്യക്തിക്ക് അത് താങ്ങാൻ പറ്റാത്ത ഒരു വേദനയാണ്.പിന്നെ കരച്ചിലും മാപ്പപേക്ഷിക്കലുമാവും. പക്ഷെ ജീവൻ തന്ന യേശുവിനോട് വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ  നാം ഒരു തെറ്റ് ചെയ്യുമ്പോൾ ആ മനസ്സ് വേദനിക്കുന്നു എന്ന് ചിന്തിക്കാൻ  നമുക്ക് കഴിയുമോ? നാം അതിന്  പരാജയപ്പെടുന്നുവെങ്കിൽ, അതിന്  ഒരുത്തരമേ  ഉള്ളു  “ഈ  ലോകത്തിലെ സ്നേഹത്തിനാണ്  നാം  വില  കൊടുക്കുന്നത് ”

പ്രണയദിനത്തിൽ  ഏറ്റവും കൂടുതൽ യുവാക്കൾ പങ്ക് വെയ്ക്കുന്ന ഒരു ചോദ്യമാണ് “നിനക്കു എന്നെ ഇഷ്ടമാണോ?” .പത്രോസ് അപ്പോസ്തലനോട് യേശു ചോദിച്ച ചോദ്യം ഈ വാലൻന്റൈൻ ദിനത്തിൽ യേശു നമ്മളോട് ചോദിക്കുന്നു “ഇവരിൽ അധികമായി  നീ  എന്നെ സ്നേഹിക്കുന്നുവോ?”. കാമുകൻ/കാമുകിയേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് യേശു ചോദിക്കുമ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കും. ആത്മാർത്ഥതയില്ലാത്ത പ്രണയങ്ങൾ കൂണുപോലെ മുളയ്ക്കുന്ന ഈ കാലത്തു, മനസ്സിൽ തട്ടാത്ത ഒരു ഉത്തരം, “ഉവ്വ് കർത്താവേ” എന്നാണോ നാം പറയുന്നത്. സ്നേഹിക്കുന്നയാൾ ഏതു പാതിരാത്രിയിൽ വിളിച്ചാലും, നിദ്രയിൽ നിന്നുണർന്ന് മണിക്കൂറുകൾ സല്ലപിക്കാൻ പ്രണയിക്കുന്നവർ ഒരു മടിയും കാണിക്കാറില്ല. എന്നാൽ പ്രാർത്ഥിക്കുന്ന സമയത്തു,  ഈ ഒരു ഫോൺ കാൾ വന്നാൽ ഇന്ന് നമ്മിൽ  പലരും എടുത്തുപോകും. ഇതിനർത്ഥം, യേശുവിനേക്കാൾ അധികം ഈ ലോകത്തിലെ പ്രണയത്തിന് നാം വിലകൊടുക്കുന്നു എന്നല്ലേ??. നമ്മൾ  “ഉവ്വ് കർത്താവേ ” എന്ന്  പറഞ്ഞത്  വെറുതെ ആയിരുന്നു എന്നല്ലേ ?

ഇന്നത്തെ പ്രണയബന്ധങ്ങളിൽ പലതും “ബ്രേക്ക്അപ്പ്” ആവുന്നത് ഒരാൾ ചെയ്ത തെറ്റ് അംഗീകരിക്കാൻ പറ്റാതെ വരുമ്പോഴാണ്. എന്നാൽ തെറ്റുകൾക് മീതെ തെറ്റ് ചെയ്തിട്ടും നമ്മെ വിട്ടുപിരിയാതെ നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാൾ മാത്രമേ ഈ ലോകത്തിൽ ഉള്ളൂ. അതാണ് യേശു. നാം ഇന്ന് ഏറ്റവും സ്നേഹിക്കുന്ന വ്യക്തി മരണം വരെ മാത്രമേ നമ്മോടൊപ്പം ഉള്ളൂ എന്നറിഞ്ഞിട്ടും ആ ഒരു  സ്നേഹം  നിലനിർത്താൻ  നാം  എന്തെല്ലാം കാണിച്ചുകൂട്ടുന്നു. നമ്മളോടുള്ള  അകമഴിഞ്ഞ സ്നേഹം  കാരണം  നമുക്ക്  വേണ്ടി  മരിച്ച യേശുവിന്റെ  സ്നേഹം  നിലനിർത്താൻ നമുക്ക് തയ്യാറായിക്കൂടെ?

ഈ പ്രണയദിനത്തിൽ നമ്മുടെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങളെയും  ഒന്ന് അയവിറക്കാം. നമുക്ക് തീരുമാനിക്കാം, ആരോടാണ് നമ്മൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതെന്ന്. ആരെയാണ് നാം കൂടുതൽ ഇഷ്ടപെടേണ്ടതെന്ന്?  വെട്ടിക്കളയാതെ  നമ്മെ നിലനിർത്തിയ  ദൈവത്തേയോ , ചങ്ക്  പറിച്ചു നമ്മളെ  സ്നേഹിക്കുന്നു  എന്ന്  വിശ്വസിക്കുന്ന കാമുകൻ / കാമുകിയെയോ??  ഈ പ്രണയദിനത്തിൽ സ്നേഹവും അനുഭവങ്ങളും പങ്കു വെയ്ക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനവും ഒന്നൊരുമിച്ച് ചിന്തിക്കൂ… നമ്മുടെ നല്ല തീരുമാനങ്ങളാണ് ഭാവിയുടെ നിദാനം.. അത് ക്രിസ്തുവിൽ അധിഷ്ഠിതമായിരിക്കട്ടെ.

– മിനി.എം.തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.