എഡിറ്റോറിയൽ: പണ്ഡിത രമാബായിയുടെ ഓർമകൾക്ക് ഇന്ന് ശതാബ്ദി | ജെ. പി. വെണ്ണിക്കുളം


എഡിറ്റോറിയൽ

പണ്ഡിത രമാബായിയുടെ ഓർമകൾക്ക് ഇന്ന് ശതാബ്ദി

ജെ പി വെണ്ണിക്കുളം

പണ്ഡിത രമാബായ് ഓർമയായിട്ടു ഇന്ന് നൂറു വർഷം തികയുകയാണ്. ഭാരതം കണ്ട ഏറ്റവും വലിയ സാമൂഹിക-അദ്ധ്യാത്മിക മുന്നേറ്റ പരിഷ്കർത്താവും ബൈബിൾ പരിഭാഷകയുമൊക്കെയായിരുന്നു രമാബായ്
(23 ഏപ്രിൽ 1858 – 5 ഏപ്രിൽ 1922). വിവിധ ഭാഷകളിലും ഹിന്ദുമതഗ്രന്ഥങ്ങളിലുമുള്ള പ്രാവീണ്യത്തെ ബഹുമാനിച്ച് 1878-ൽ കൽക്കട്ട സർവകലാശാലയിലെ അദ്ധ്യാപകരാണ് ‘പണ്ഡിത’ എന്ന വിശേഷണം അവർക്കു നൽകിയത്.
കർണാടകയിലെ മംഗലാപുരം ജില്ലയിൽ കാർക്കള താലൂക്കിൽ ചിത്പവൻ ബ്രാഹ്മണകുടുംബത്തിലാണ് രമാബായ് ജനിച്ചത്. പിതാവ് അനന്ത് ശാസ്ത്രി ഡോംഗ്രെ, അന്നത്തെ വ്യവസ്ഥിതിക്കു വിഭിന്നമായി, സ്ത്രീകൾക്കും സംസ്കൃത പഠനവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. സാമൂഹ്യ എതിർപ്പുകൾ കണക്കാക്കാതെ രമാബായ്, മാതാവ് ലക്ഷ്മിബായ് എന്നിവരെ അദ്ദേഹം സംസ്കൃതവും പുരാണങ്ങളും പഠിപ്പിച്ചു. സംസ്കൃതം കൂടാതെ മറാഠി, കാനറീസ്, ബംഗാളി, ഹിന്ദുസ്ഥാനി എന്നീ ഭാഷകളും രമാബായ് അഭ്യസിച്ചു. മാതാപിതാക്കളുടെ മരണശേഷം രമാബായിയും സഹോദരനും, രണ്ടായിരത്തോളം മൈൽ ദൂരം കാൽനടയായി സഞ്ചരിച്ചു, കൽക്കട്ടയിലെത്തി. പണ്ഡിത, സരസ്വതി എന്നീ വിശേഷണങ്ങൾ രമാബായിക്ക് സമ്മാനിച്ചത് കൽക്കട്ടയിലെ പണ്ഡിതരാണ്. കേശബ് ചന്ദ്ര സെൻ ഇവർക്ക് വേദങ്ങൾ നൽകുകയും വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.
1880 നവംബർ 13-ന് താഴ്ന്ന ജാതിക്കാരനായ ബാബു ബിപിൻ ബിഹാരി മേധാവി എന്ന ബംഗാളി അഭിഭാഷകനെ രമാബായ് വിവാഹം ചെയ്തു. ഇവർക്ക് മനോരമ എന്ന മകൾ ജനിച്ചു. 1882-ൽ ബാബുവിന്റെ മരണത്തെ തുടർന്ന് രമാബായി സ്കോളർഷിപ്പോടെ ബ്രിട്ടനിൽ പഠിക്കുവാൻ എത്തി. ഇക്കാലത്ത് ബൈബിൾ വായിക്കുകയും ശമര്യ സ്ത്രീയുടെ കഥ തന്നെ ആകർഷിക്കുകയും ക്രിസ്തുമാർഗ്ഗത്തിലേക്കു ആകൃഷ്ടയാവുകയും ചെയ്തു.
ഭാരതത്തിലെ സ്ത്രീകളുടെയും ബാലവിധവകളുടെയും ഉന്നമനത്തിനായി അമേരിക്കയിൽ 3 വർഷം പ്രഭാഷണ പരമ്പരകൾ നടത്തുകയും രമാബായ് ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു. താൻ രചിച്ച ‘ഹൈ കാസ്റ്റ് ഹിന്ദു വിമൻ’ എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികൾ അമേരിക്കയിൽ വിറ്റഴിക്കപ്പെട്ടു.
1881-ൽ പൂനെയിൽ ‘ആര്യ മഹിളാ സഭ’ സ്ഥാപിക്കുകയും ശൈശവ വിവാഹം പോലുള്ള സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.1889-ൽ ബാലവിധവകളുടെ പുനരധിവാസത്തിനായി പൂനെയിൽ ‘മുക്തി മിഷൻ’ സ്ഥാപിച്ചു. 1900-ൽ മുക്തി മിഷനിൽ 1500 നിവാസികളും നൂറിലധികം മൃഗങ്ങളും ഉണ്ടായിരുന്നു. വിധവകൾ, അനാഥർ, അന്ധർ തുടങ്ങിയവർക്കായി ‘ദി പണ്ഡിത രമാബായ് മുക്തി മിഷൻ’ ഇന്നും പ്രവർത്തനം തുടർന്നു വരുന്നു. 1905ൽ മുക്തി മിഷനിൽ 70പേർ ചേർന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ പരിശുദ്ധത്മ പ്രവാഹം ഉണ്ടായതായി ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.1922 ഏപ്രിൽ 5-ന് രമാബായ് നിര്യാതയായി. ഈ മഹിളാരത്നത്തിന്റെ സേവനം ശതാബ്‌ദി വർഷത്തിലും നാം ഓർക്കുന്നു എങ്കിലും തന്റെ സേവനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാതെ പോയി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.