യു.എ.ഇ.യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോൽപ്പിച്ചൊരു പാകിസ്താനി

മനുഷ്യരെ മനുഷ്യരായി കാണുന്നവർക്ക്, സ്നേഹിക്കുന്നവർക്ക്:

യു.എ.ഇ : ദൗർഭാഗ്യവശാൽ നമ്മൾക്കിടയിലെ ചിലർ ശത്രുപക്ഷത്ത് നിർത്തിയ മനുഷ്യരിൽ ഒരാൾ സ്നേഹം കൊണ്ടും കരുണ കൊണ്ടും മനുഷ്യത്വം കൊണ്ടും നമ്മെ തോൽപ്പിക്കുന്ന അനുഭവം കുറിക്കുന്നു. ശത്രുത്വം കല്പ്പിച്ചു നൽകിയ ഈ മനുഷ്യരുമായി ഇടപഴകുന്ന മിക്കവർക്കുമുള്ള അനേകായിരം അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്. യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോൽപ്പിച്ചൊരു പാകിസ്താനി. സാഹിദ് അഹമ്മദ് നൂർ എന്ന 52 കാരനാണ് ഈ കഥയിലെ നായകൻ.
അബുദാബിയിലെ ഒരു മോർച്ചറിയിയിൽ അനാഥമായി കിടന്ന ചന്ദ്രിക എന്ന നിർമാണ തൊഴിലാളിയുടെ മൃതദേഹം ജന്മദേശമായ ഉത്തർപ്രദേശിലെ അസംഗറിലെത്തിച്ചത് ഈ പാകിസ്താനിയാണ്. താൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ചന്ദ്രികക്കായി 120,000 ലേറെ രൂപയാണ് സാഹിദ് ചെലവഴിച്ചത്.
ജനുവരി 16നാണ് 34 കാരനായ ചന്ദ്രിക ഹൃദയാഘാതം മൂലം മരിച്ചത്. പത്തു ദിവസത്തോളം ആരും ശ്രദ്ധിക്കാനില്ലാതെ മൃതദേഹം മോർച്ചറിയിൽ കിടന്നു. അപ്പോഴാണ് സാഹിദ് ഇക്കാര്യം അറിയുന്നതും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതും.
ഇതൊക്കെ കേട്ട് സാഹിദ് വലിയ ധനികനാണെന്ന് ആരും കരുതണ്ട. അബുദാബിയിൽ നിന്നും 180 കിലേമീറ്റർ അകലെ അൽഐനിൽ ഒരു കാർപെന്ററി കട നടത്തുകയാണ് സാഹിദ്.
” ഞാൻ എന്റെ കടമ ചെയ്തു. ജാതി,മതം, വർണം , ദേശം എന്നിവ നോക്കാതെ മാനവകുലത്തെ സ്നേഹിക്കാനാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്” എന്ന് മാത്രമേ സാഹിദ് ഇതേക്കുറിച്ചു പറയുന്നുള്ളൂ.തന്റെ കാർപെന്ററി കടയിലേക്ക് ലഭിച്ച ഒരു ഓർഡർ സംബന്ധിച്ച അന്വേഷണത്തിനാണ് അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സാഹിദ് എത്തുന്നത്. അപ്പോഴാണ് ഇങ്ങനെ ഒരാൾ മരിച്ചതും ദിവസങ്ങളായി മൃതദേഹം ആശുപത്രിയിൽ കിടക്കുന്നതും അറിയുന്നത്. തുടർന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ പോയി മൃതദേഹം നാട്ടിലേക്കയക്കാനുള്ള രേഖകൾ തയ്യാറാക്കാൻ തുടങ്ങി. പോലീസ്, ആസ്പത്രി, എംബാമിങ് സെന്റർ, കാർഗോ, എയർലൈൻ, എന്നിവടങ്ങളിൽ നിന്നൊക്കെ രേഖകൾ ശരിയാക്കി . പുറമെ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കയക്കുനുള്ള അനുമതി ചന്ദ്രികയുടെ ഭാര്യയിൽ നിന്നും സംഘടിപ്പിച്ചു .
ചന്ദ്രികയുടെ ആസ്പത്രി ബിൽ 1300 ദിർഹം, കാർഗോ കമ്പനിക്കുള്ള 2100 ദിർഹം, മൃതദേഹവുമായി പോവുന്ന ആൾക്കുള്ള ടിക്കറ്റിനായി 600 ദിർഹം, ഉത്തർ പ്രദേശിൽ എത്തിയാൽ എയർപോർട്ടിൽ നിന്ന് ചന്ദ്രികയുടെ വീട് വരെയുള്ള ആംബുലൻസ് ചാർജിനായി 200 ദിർഹം… ഇതെല്ലം സാഹിദ് തന്നെ അടച്ചു. ചന്ദ്രികയുടെ കുടുംബത്തിനായി 2000 ദിർഹമും അദ്ദേഹം ട്രാൻസ്ഫർ ചെയ്തു കൊടുത്തു. (ചന്ദ്രികയുടെ കഥ റിപ്പോർട്ട് ചെയ്തത് ഗൾഫ് ന്യൂസ്)
ഇക്കഴിഞ്ഞാഴ്ച അസംഗറിലെ ബിന്ദ്ര ബസാർ ശ്മശാനത്തിൽ ഹിന്ദു ആചാര പ്രകാരം ചന്ദ്രികയുടെ മൃതദേഹം ദഹിപ്പിക്കുമ്പോൾ മൃതദേഹം സ്വന്തം നാട്ടിൽ എത്തിക്കുവാൻ പ്രയ്ത്നിച്ച ആളെന്ന നിലയിൽ ഒരുപക്ഷെ ഏറ്റവുമധികം സന്തുഷ്ടനായത് സാഹിദ് അഹ്മദ് നൂർ എന്ന പാകിസ്താനിയായിരിക്കണം. Courtesy ബൂലോകം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.