എഡിറ്റോറിയൽ: മലയാളി ക്രൈസ്തവരുടെ സ്വന്തം ദിനപത്രം മൂന്നാം വയസ്സിലേക്ക്

ബിൻസൺ കെ. ബാബു, കൊട്ടാരക്കര എഡിറ്റർ ഇൻ ചാർജ്, ക്രൈസ്തവ എഴുത്തുപുര ദിനപത്രം

ക്രൈസ്തവ മാധ്യമ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ക്രൈസ്തവ എഴുത്തുപുര ദിനപത്രം മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം നെഞ്ചിലേറ്റിയ ഒരു മാധ്യമമാണ് ക്രൈസ്തവ എഴുത്തുപുര. ക്രൈസ്തവ മേഖലയിലെ മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ ദിനപത്രം കൂടിയാണ് ഇത്. അന്നന്ന് ക്രൈസ്തവ സമൂഹത്തിൽ നടക്കുന്ന സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാ വാർത്തകളും പ്രസിദ്ധീകരിച്ച് എല്ലാവരിലേക്കും എത്തിക്കുവാൻ ഈ മാധ്യമത്തിന് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. അനുദിനം വായനക്കാരുടെ എണ്ണം കൂടിവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

സഭാ രാഷ്ട്രീയത്തിലും, ആരുടെയും പക്ഷം പിടിക്കാതെ, വ്യക്തിഹത്യ നടത്തുന്ന വാർത്തകളെ പ്രോത്സാഹിപ്പിക്കയില്ല എന്നതാണ് ക്രൈസ്തവ എഴുത്തുപുരയുടെ മാധ്യമനയം. അപ്രകാരം തന്നെ പത്രം ഓരോദിവസവും പുറത്തിറക്കുവാൻ കഴിഞ്ഞ നാളുകളിൽ കഴിഞ്ഞു. ഈ നിലപാടാണ് വായനക്കാർ രണ്ടുകയ്യും നീട്ടി സ്വീകരിക്കുവാനുള്ള പ്രധാന കാരണമെന്ന ബോധ്യവും ഞങ്ങൾക്കുണ്ട്. തുടർന്നും ഇതേ നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. സൂക്ഷമായി പരിശോധിച്ച് സത്യസന്ധമായ വാർത്തകളാണ് ജനങ്ങളിൽ എത്തിക്കുന്നത്. കൂടാതെ ജീവിതത്തിന് ഉതകുന്ന ആത്മീയ ചിന്തകൾ അനേകർക്ക്‌ ആശ്വാസമാകുന്നു എന്നതും, പതിനായിരക്കണക്കിന് ആളുകൾ ഈ ദിനപത്രത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നതുണ് ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനവും, പ്രോത്സാഹനവും.

കഴിഞ്ഞ നാളുകളിൽ ഞങ്ങളുടെ വായനക്കാർ അർപ്പിച്ച പ്രതീക്ഷക്കും സ്നേഹത്തിനും ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം ആളുകൾ വിശ്വാസമർപ്പിച്ച ക്രൈസ്തവ എഴുത്തുപുര ദിനപത്രം വരും നാളുകളിലും ദൈവനാമ മഹത്വത്തിനായും, ആശ്വാസത്തിനായും നിലകൊള്ളുവാൻ തുടർന്നും എല്ലാ വായനക്കാരുടെയും പ്രാർത്ഥനയും, സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ബിൻസൺ കെ. ബാബു, കൊട്ടാരക്കര
എഡിറ്റർ ഇൻ ചാർജ്, ക്രൈസ്തവ എഴുത്തുപുര ദിനപത്രം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.