ലേഖനം: ലക്ഷ്യത്തിലേക്ക്…

സിസ്റ്റർ ഷൈനി ജോൺസൻ, ന്യൂഡൽഹി

“നിങ്ങൾക്ക് ഒരു വൃക്ഷമാകാൻ കഴിയുന്നില്ലെങ്കിൽ ഒരു മുൾപടർപ്പു ആകുക. നിങ്ങൾക്ക് ഒരു ഹൈവേ ആകാൻ കഴിയുന്നില്ലെങ്കിൽ, ഒരു നടപ്പാതയായിരിക്കുക. നിങ്ങൾക്ക് സൂര്യനാകാൻ കഴിയുന്നില്ലെങ്കിൽ, ഒരു നക്ഷത്രമാകുക. കാരണം, നിങ്ങൾ ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് വലുപ്പത്തിലല്ല. നിങ്ങൾ എന്തായാലും മികച്ചവരാകുക”.
16 നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പുരോഹിതനും, ദൈവശാസ്ത്രജ്ഞനും, സർവ്വകലാശാല അദ്ധ്യാപകനും, സഭാ നവീന കർത്താവും ആയിരുന്ന മാർട്ടിൻ ലുഥറിന്റെ പ്രസിദ്ധമായ വാക്കുകൾ ആണിത്.
കാലചക്രത്തിന്റെ ഏടിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു തീരുന്നു. കാലത്തിന്റെ ഒരു ഇതൾ കൂടി കൊഴിയുമ്പോൾ പ്രതീക്ഷയുടെ പുതു നാമ്പുകൾക്കായി ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നു. കൊഴിഞ്ഞു പോയ വർഷത്തിൽ ഒരു പക്ഷേ നഷ്ട സ്വപ്നങ്ങളും നൊമ്പരങ്ങളും കയ്പേറിയ അനുഭവങ്ങളും ഉണ്ടാകും. അതിലുപരി ദൈവം ചെയ്ത നന്മകളും അനുഗ്രഹങ്ങളും പരിപാലനവും കരുതലും എത്ര വലിയതായിരുന്നു.
നനവുള്ള ഓർമ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടത്തിൽ ഒരു പക്ഷെ നാം ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും പലതും നേടുവാൻ കഴിഞ്ഞില്ലെങ്കിലും നാം നമ്മുടെ ലക്ഷ്യത്തിൽ നിന്നും പ്രത്യാശയിൽ നിന്നും പിന്മാറാതെ വിളിച്ച ദൈവത്തിന്റെ കാൽചുവടുകൾ പിൻ തുടരുന്നവർ ആകണം. ജീവിതത്തിൽ ലക്ഷ്യ ബോധത്തോടെ മുന്നേറാൻ ദൈവം നമുക്ക്‌ നൽകിയ കഴിവുകൾ പരമാവധി ഉപയോഗിക്കണം. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ലക്ഷ്യ ബോധത്തോടെ നേരിടാൻ സാധിച്ചാൽ പ്രതിസന്ധികൾ വഴിമാറി നമുക്ക് വഴികാട്ടി ആയി തീരും. ഏത് പ്രശ്നത്തിനകത്തും അതിനുള്ള പരിഹാരവും ഉൾകൊള്ളുന്നുണ്ട്. പ്രശ്നത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചാൽ പരിഹാരം ലഭിക്കുകയില്ല. ഒരു ലക്ഷ്യവും മുന്നിലില്ലാത്തതാണ് നമ്മുടെ ജീവിത വിജയത്തിന്റെ പ്രധാന
പ്രധാന പ്രശ്‌നം. കൊടുങ്കാറ്റിനെ അതിജീവിച്ച മഹാ വൃക്ഷം പോലെയാണ് പ്രതിസന്ധികളെ ലക്ഷ്യ ബോധത്തോടെ നേരിട്ട വ്യക്തിത്വം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും. ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ ജീവിതത്തിന് ദിശാബോധം കൈവരും. ജീവിതം അർത്ഥപൂർണമായി തീരും. ലക്ഷ്യങ്ങൾ മനസ്സിലുണ്ടെങ്കിൽ അതിൽ എത്തിച്ചേരാൻ തടസ്സമായി വരുന്ന ആരേയും എന്തിനേയും ഒഴിവാക്കാൻ നാം ശ്രമിക്കും.
(1 കൊരി 9:26) ൽ പൗലോസ് തന്റെ ലേഖനത്തിലൂടെ “ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു” എന്ന് പറഞ്ഞിരിക്കുന്നു. (ഫിലി 3:12)  “ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു”. പൗലോസിന് തന്നെ ഏല്പിച്ച ദൗത്യത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരുന്നതു കൊണ്ട് തന്റെ അവസാന നാളുകളിൽ പൂർണ്ണ പ്രാഗൽഭ്യത്തോടെ ഇപ്രകാരം പറഞ്ഞു ” ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.  ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു”. ഈ പുതു വർഷം ലക്ഷ്യബോധത്തോടെ ദൈവത്തോട് കൂടെ യാത്ര ചെയ്യുവാനും വിജയം കൈവരിക്കാനും സർവ്വ ശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ.

post watermark60x60

“നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക, ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക; നടക്കാൻ കഴിയുന്നില്ലെങ്കിൽ ഇഴയുക; എന്ത് തന്നെ ആയാലും മുൻമ്പോട്ട് തന്നെ നീങ്ങുക” – (മാർട്ടിൻ ലൂഥർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like