എഡിറ്റോറിയൽ: സഭാരാഷ്ട്രീയത്തെയും വ്യക്തിഹത്യയെയും പ്രോത്സാഹിപ്പിക്കാത്ത മാധ്യമ നയം നിലനിർത്തി ക്രൈസ്തവ എഴുത്തുപുര; വായനക്കാർക്ക് പുതുവത്സരാശംസകൾ

ആഷേർ മാത്യു, ചീഫ് എഡിറ്റർ

2020 ലേക്ക് കടക്കുമ്പോൾ ക്രൈസ്തവ എഴുത്തുപുരക്ക് അഭിമാനിക്കുവാൻ വക നല്കിയ ഒരു വർഷമാണ് കടന്നു പോയിരിക്കുന്നത്. അനേക പ്രതിസന്ധികളെ തരണം ചെയ്ത പ്രവർത്തന വർഷത്തിൽ വിജയകരമായ അനേക നേട്ടങ്ങൾ കൈവരിക്കുവാൻ 2019 -ൽ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞു. മലയാള ക്രൈസ്തവ ലോകത്തെ ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങളിൽ നൂതനമായ ആശയങ്ങളെ സാക്ഷാത്കരിക്കുവാൻ ദൈവം നമ്മെ സഹായിച്ചു.
ക്രൈസ്തവ ലോകത്ത് തന്നെ വിപ്ലവകരമായി മാറിയ ദിനപത്രം വലിയ വളർച്ചയുടെ പാതയിലാണ്. അനുദിനം വായനക്കാരുടെ എണ്ണം വർദ്ധിക്കുന്നതിൽ ക്രൈസ്തവ എഴുത്തുപുരക്ക് സന്തോഷമുണ്ട്. കേവലം ഒരു മാധ്യമം എന്ന നിലയിൽ നിന്നും അനേക പദ്ധതികളും ശുശ്രൂഷകളും ചെയ്യുന്ന ഒരു വലിയ കൂട്ടായ്മയായി ക്രൈസ്തവ എഴുത്തുപുര മാറിയിരിക്കുകയാണ്. മിഷൻ പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ, പുസ്തക പ്രസിദ്ധീകരണം, ഓൺലൈൻ റേഡിയോ, ലൈവ് സ്ട്രീമിംഗ്, കുടുംബ മാസിക തുടങ്ങി അഭൂതമായ വളർച്ചയാണ് കഴിഞ്ഞ നാളുകളിൽ നമ്മുക്ക് കൈവരിക്കാൻ സാധിച്ചത്. വിവിധ രാജ്യങ്ങളിലായി മൂന്ന് ചാപ്റ്ററുകളും നിരവധി യൂണിറ്റുകളും പുതിയതായി ആരംഭിക്കുവാൻ ക്രൈസ്തവ എഴുത്തുപുരക്ക് 2019 -ൽ കഴിഞ്ഞു. ഈടുറ്റ അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പുതിയ പ്രവർത്തകർ നമ്മുടെ ശുശ്രൂഷയിൽ പങ്കാളികളായിത്തീരുന്നു എന്നതിലും ഏറെ സന്തോഷമുണ്ട്.

ചില വിമർശനങ്ങളും നമ്മുടെ പ്രവർത്തനങ്ങളെപ്പറ്റി ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടും പ്രവർത്തകരുള്ള വലിയ ഒരു പ്രസ്ഥാനമായ വളരുമ്പോൾ വിമർശനങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ആ വിമർശനങ്ങളെ ഉൾക്കൊള്ളുവാനും മാതൃകാപരമായി തിരുത്തുവാനും ക്രൈസ്തവ എഴുത്തുപുര കാണിക്കുന്ന ആർജ്ജവം മാതൃകാപരമാണ്.

സഭാ രാഷ്ട്രീയത്തിലും വ്യക്തിഹത്യ നടത്തുന്ന വാർത്തകളിലും ഇടപെടുകയില്ല എന്നുള്ളതാണ് എഴുത്തുപുരയുടെ മാധ്യമനയമെന്ന് അഭിമാനത്തോടെ കൂടെയാണ് ആണ് എന്നും പൊതുസമൂഹത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അതാണ് പൊതു സമൂഹത്തിൻറെ സ്വീകാര്യതയും സ്നേഹവും എഴുത്തുപുരക്ക് സമ്മാനിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്.
അതേ മാദ്ധ്യമനയം തുടരുന്നതിൽ കഴിഞ്ഞവർഷവും എഴുത്തുപുരക്ക് സാധിച്ചു എന്നുള്ളതിൽ അഭിമാനിക്കുന്നു .തുടർന്നും ഈ നയം പിന്തുടരുന്നതിൽ എഴുത്തുപുരക്ക് സന്തോഷമേയുള്ളൂ.

ഈ പുതുവർഷത്തിലും ദൈവനാമ മഹത്വത്തിനായും അനേകർക്ക് ആശ്വാസമായും നിലകൊള്ളുവാൻ എല്ലാ വായനക്കാരുടെയും സഹകരണവും പ്രാർത്ഥനയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എല്ലാ വായനക്കാർക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.