ലേഖനം: ആഭരണം നിത്യജീവന് തടസ്സമോ? | റോഷൻ ഹരിപ്പാട്

റോഷൻ ഹരിപ്പാട്

ഇതര ക്രൈസ്തവ സമുദായങ്ങളിൽ നിന്നും പെന്തകൊസ്തു സമുദായത്തെ വ്യത്യസ്തമാക്കിയ ഒന്നാണ് ആഭരണവർജ്ജനം. നമ്മുടെ പിതാക്കൻമാർ ഇതിനുവേണ്ടി ശക്തമായി നിലകൊണ്ടവരാണ്. എന്നാൽ ഇന്നത്തെ തലമുറയിൽ ആഭരണവർജ്ജനം ഒരു പ്രഹസനമായി മാറിയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള പെന്തക്കോസ്തരുടെ ഇടയിൽ ആഭരണത്തെ ശക്തമായി എതിർക്കുന്നവർ തന്നെ കേരളം വിട്ടാൽ ഉപദേശത്തിന് അയവ് വരുത്തുന്നത് നാം കണ്ടുവരുന്ന കാഴ്ചയാണ്. എന്തിനുവേണ്ടിയാണ് നാം ഈ നിർബന്ധിത ആഭരണവർജ്ജനം നടപ്പിലാക്കാൻ ശ്രമിക്കുന്നത്? സ്വർഗ്ഗരാജ്യപ്രവേശനത്തിനു ആഭരണധാരണം ഒരു തടസ്സമാണെന്നു തിരുവചനത്തിൽ കാണാൻ കഴിയില്ല. ഒരിക്കലും നിത്യതയ്ക്കു തടസ്സമാകാത്ത ഈ കാര്യത്തിനുവേണ്ടി വാശിപിടിക്കുന്നത് ഭൂഷണമല്ലല്ലൊ.

നമ്മുടെ പൂർവ്വപിതാക്കന്മാർ ജാതീയ-സാമുദായിക ചുറ്റുപാടുകളെ വിട്ടു കർത്താവിനുവേണ്ടി ഇറങ്ങിയപ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത പുലർത്താനും ലളിതജീവിതത്തിന്റെ ഭാഗമാകാനും അവർ സ്വയമായി എടുത്ത ഒരു തീരുമാനം മാത്രമാണ് ആഭരണവർജ്ജനം. തലമുറകളായി നാം അതിനെ പിന്തുടരുന്നു എന്നുമാത്രം. അന്യദേവന്മാരുടെ മുൻപിൽ പൂജിച്ചതോ വാഴ്ത്തിയതോ ആയ ആഭരണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ പുതിയ നിയമസഭയ്ക്കു തിരുവചനാടിസ്ഥാനത്തിൽ ആഭരണവർജ്ജനം ഒരു ഉപദേശമാക്കാൻ കഴിയില്ല. ‘ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന നിലപാടുള്ള ചിലർ ഇതിനെ ഒരു ഉപദേശമാക്കിയെടുക്കാൻ സമൂഹമാധ്യമങ്ങളിൽ പെടാപാടുപെടുന്നത് ഈ ദിവസങ്ങളിൽ കാണുന്ന കാഴ്ചയാണ്. ഈ ചർച്ചകൾ എല്ലാം തന്നെ പരാജയം ആണെന്ന് മാത്രമല്ല,ഒടുക്കം ഉത്തരം മുട്ടുമ്പോൾ അന്യോന്യം വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ചർച്ച തുടങ്ങിവയ്ക്കുന്നവർ മാതൃകാപരമായി തന്നെ ചർച്ചകൾ അവസാനിപ്പിക്കുന്നതാണ്‌ ഉത്തമം. ഉപദേശവിഷയങ്ങൾ സംസാരിക്കുമ്പോൾ, ലോകമനുഷ്യർക്കുള്ള സാമാന്യസംസ്കാരം പോലും പാലിക്കാതെ അന്യോന്യം അസഭ്യം പറയുന്നത് നാം കണ്ടുവരുന്നുവല്ലോ. ഇന്നത്തെ പല പെന്തകോസ്ത് സഭകളും ആഭരണം ഇടുന്നവരെ സ്നാനപ്പെടുത്തുന്നതിനും കർത്തൃമേശ കൊടുക്കുന്നതിനും വിമുഖത കാണിക്കുമ്പോൾ ഈ നിലപാട് എന്തിനെന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

ശാരീരിക അലങ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെയാണല്ലൊ ആഭരണം എന്നു പറയുന്നത്. ശരീരത്തിന്റെ ഭംഗി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന എന്തും ഇതിൽപ്പെടും. സ്വർണ്ണവും വെള്ളിയും മുത്തും പവിഴവും മാത്രമല്ല, നമ്മൾ ഉപയോഗിക്കുന്ന നിത്യവസ്തുക്കളായ ക്രീമും പൗഡറും പെർഫ്യൂമും അത്തറും ചില വസ്ത്രങ്ങളുമൊക്കെ ഇതിൽപ്പെടുന്നു. ശരീരത്തെ മോടി പിടിപ്പിക്കാൻ ഉപയോഗിക്കുന്നതു ആഭരണങ്ങൾ ആണെന്ന് പറഞ്ഞാൽ ചിലർ അംഗീകരിക്കില്ല. കാരണം, സ്വർണത്തെ ശക്തമായി എതിർക്കുന്ന ഇവർക്കു ഇതൊന്നും വേണ്ടെന്നു വയ്ക്കാൻ പറ്റില്ലല്ലോ? ഒരു ലക്ഷം രൂപയോളം വിലവരുന്ന ഐഫോൺ, ആയിരങ്ങൾ വിലയുള്ള വാച്ച് , ഇരുപതും മുപ്പതും ലക്ഷങ്ങൾ വിലവരുന്ന ആഡംബര കാറുകൾ, കോടിക്കണക്കിനു രൂപ മുടക്കി പണികഴിപ്പിച്ച വീട്‌, വിലപിടിപ്പുള്ള ബ്രാൻഡഡ് തുണിത്തരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിൽ ഇവർക്ക് മടിയില്ല! ദിവസവും വിഭവസമൃദ്ധമായ ആഹാരം, ഓരോ വസ്ത്രങ്ങൾക്കും യോജിച്ച ചെരിപ്പും കണ്ണടയും എന്നിവ ധരിക്കുകയും, മുടി നിവർത്താനും ഫേഷ്യൽ ചെയ്യാനും മാസംതോറും ആയിരക്കണക്കിന് രൂപ ബ്യൂട്ടിഷന് കൊടുക്കുകയും തുടങ്ങി ‘ആഭരണ അലർജിക്കാരായ’ പെന്ത ക്കോസ്ത് വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ആഡംബരജീവിതത്തിന്റെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. സ്വർണ്ണാഭരണങ്ങൾ ധരിക്കാത്ത പെന്തകൊസ്തുകാർ കണ്ണെഴുതി, ലിപ്സ്റ്റിക്കും ഇട്ടു, പുരികവും വടിച്ചു, നെയിൽ പോളിഷും ചെയ്തു ആരാധനയ്ക്കു വന്നാൽ അവർക്കു കർത്തൃമേശ വിലക്കില്ല! പെന്തക്കോസ്ത് വിശ്വാസികളുടെ വിവാഹങ്ങൾ പോലും ആഡംബരം നിറഞ്ഞതാണ്. മണവാട്ടിയെ ഒരുക്കുമ്പോൾ,സ്വർണ്ണം ഒഴിവാക്കി ചിന്തിച്ചാൽ നാം മറ്റുള്ളവരിൽ നിന്നും ഒട്ടും വ്യത്യസ്തരല്ല. അതിനേക്കാൾ പണം ചിലവാക്കിയാണ് അടുത്ത ബന്ധുക്കൾ ഒരുങ്ങിവരുന്നത് എന്നുള്ളതാണ് ഏറ്റവും രസകരമായ സംഭവം.

സ്റ്റേജിലെയും ഭക്ഷണമേശയിലേയും അലങ്കാരങ്ങൾ പറയേണ്ടതില്ലല്ലോ. എന്തിനു പറയുന്നു, ഇന്നത്തെ പല സഭാഹോളുകളുടെ ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത് പോലും അരക്കോടിയിൽ അധികം രൂപ ചിലവാക്കിയിട്ടാണ്. നമ്മുടെ കൺവൻഷൻ സ്റ്റേജുകൾ അലങ്കരിക്കാൻ ധാരാളം പണം മുടക്കുന്നു. ഇതിലൊന്നും വിശുദ്ധി കാണാത്തവരാണ് മറ്റുള്ളവരെ വിമർശിക്കുന്നത്. അയ്യായിരം രൂപയുടെ ഒരു മോതിരം ഇട്ടാൽ സ്വർഗ്ഗത്തിൽ പോകില്ലത്രേ!! ഇതൊക്കെ വിശ്വാസസമൂഹത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കന്മാരുടെയും പെന്തകൊസ്തിലെ ചില മുന്തിയ ഉപദേശസംരക്ഷകരുടെയും കുടുംബങ്ങളുടെയും ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ ലജ്ജിച്ചുപോകും.
മക്കളുടെ വിവാഹങ്ങൾ സെവൻ സ്റ്റാർ ഹോട്ടലുകളിൽ വച്ചു നടത്തുന്നതു ഇപ്പോൾ പതിവാണല്ലോ. ഈയിടെ പെന്തകൊസ്തിലെ അറിയപ്പെടുന്ന ഒരു നേതാവിന്റെ മകന്റെ വിവാഹം ഒരു ആഡംബര ഹോട്ടലിൽ വച്ചു നടത്തപ്പെട്ടു. പല സംഘടനകളുടെയും അറിയപ്പെടുന്ന നേതാക്കളും അതിനു പങ്കെടുത്തു. ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാരെ സ്റ്റേജിലേക്ക് ആനയിച്ച പെണ്കുട്ടികൾ ധരിച്ച വസ്ത്രം ലജ്ജാകരം. ഇത്രയും കാലം പലരെയും വിമർശിച്ചവർ,
ഇപ്പോൾ ഒരു നേതാവ് വന്നു പറയുന്നു, ആഭരണം ഉപയോഗിക്കരുതെന്നു ബൈബിളിലോ ഞങ്ങളുടെ ഭരണഘടനയിലോ പറഞ്ഞിട്ടില്ല, മാത്രവുമല്ല അതൊരു നിർബന്ധിത ഉപദേശവും അല്ലെന്ന്. മറ്റു സംഘടനാനേതാക്കളോടും ഈ ചോദ്യങ്ങൾ ചോദിച്ചാൽ അവരുടെയും മറുപടി ഇങ്ങനെ തന്നെയായിരിക്കും. പ്രസംഗിക്കാൻ എളുപ്പമാണ് പക്ഷെ അതൊക്കെ പ്രവർത്തിയിൽ കൊണ്ടുവരാൻ വളരെ പ്രയാസമാണ്. “നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു”. അബദ്ധവശാൽ വന്നുപോയി എന്നു മനുഷ്യന്റെ മുൻപിൽ പറഞ്ഞു തിരുത്താം, പക്ഷെ ദൂതന്റെ സന്നിധിയിൽ പറയാൻ കഴിയില്ല. ഇതിനൊക്കെ കണക്കുപറയേണ്ട ഒരു ദിവസമുണ്ട്.
ഇനി എന്തുപറഞ്ഞാലും സംഘടനയും നേതാക്കളും പറയുന്നത് ദൈവവാക്യം എന്നു പറഞ്ഞു നടക്കുന്ന ചിലരുണ്ട്. ദൈവവചനം എന്ത് പറഞ്ഞാലും അവർക്കു ഒരു കുഴപ്പവുമില്ല. ഞങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തുപോന്നു അതുതന്നെ ഞങ്ങളും ചെയ്യും.അങ്ങനെ തന്നെ ആയിക്കോട്ടെ, ഇവിടെ ആർക്കും എതിർപ്പില്ല. പക്ഷെ ഇതിനെ ഉപദേശമാക്കാൻ മുറിവാക്യം തപ്പുന്നത് ശരിയല്ല
ഇത് നമ്മുടെ പിതാക്കന്മാർ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം മാത്രമാണ് അല്ലാതെ ഇത് പുതിയ നിയമസഭ പാലിക്കേണ്ട ഒരു ഉപദേശമല്ല എന്നു പറയുമ്പോൾ അംഗീകരിക്കാനുള്ള മനസ്സുവേണം. പുതിയനിയമസഭയ്ക്കു ഒരു ഉപദേശം സ്ഥാപിക്കണമെങ്കിൽ അത് കർത്താവ്‌ കല്പിച്ചതായിരിക്കണമെന്നും, അപ്പോസ്തലന്മാർ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തതായിരിക്കണം എന്നും, ലേഖനങ്ങളിലും അതിനെപ്പറ്റി പ്രതിപാദിക്കണം എന്നൊക്കെയുള്ള നിബന്ധനകൾ ഞങ്ങളെ പഠിപ്പിച്ച ഉപദേശസംരക്ഷകർ ഈ വിഷയത്തിൽ മാത്രം മുറിവാക്യത്തിൽ ആശ്രയിക്കുന്നു. സംഘടനകളും പിതാക്കന്മാരും ചെയ്തുവന്നതിനു ദൈവവചനത്തിൽ അടിസ്ഥാനം ഉണ്ടാക്കാൻ മിനക്കെടാതെ ദൈവവചനം അനുശാസിക്കുന്നത് പലതും ഈ തലമുറയും സംഘടനകളും വിട്ടുപോകുന്നതിനെതിരെ പ്രതികരിക്കുകയും പ്രാർഥിക്കുകയുമാണ് ഈ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യം.

ഇത്രയും പറഞ്ഞപ്പോൾ ഈ വിഷയത്തിലുള്ള എന്റെ നിലപാട് കൂടി വ്യക്തമാക്കണമല്ലോ. ഞാനോ എന്റെ കുടുംബത്തിൽപെട്ടവരോ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നവരല്ല. എന്നാൽ ആഭരണം ധരിക്കുന്നവരോട് യാതൊരു വിധത്തിലുള്ള വിയോജിപ്പുമില്ല. ആഭരണം ധരിക്കാതിരിക്കുന്നതു നല്ലത്. പക്ഷെ നമ്മുടെ ഈ പിടിവാശി ആരെയും കർത്താവിൽ നിന്നും അകറ്റുന്നതാകരുത്.

എനിക്കൊരു ദൈവദാസനെ അറിയാം, അദ്ദേഹം അന്യമതസ്ഥർ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്തു പുതിയ പ്രവർത്തനം ആരംഭിച്ചു. പല കുടുംബങ്ങളും വിശ്വാസത്തിനുവേണ്ടി മുന്നോട്ടിറങ്ങുവാൻ തയ്യാറായി. പക്ഷെ ആ ദൈവദാസന്റെയും വിശ്വാസികളുടെയും ആഭരണവിഷയത്തിലുള്ള പിടിവാശി മുഖാന്തിരം പലരും പിന്മാറിപോയി. അതിൽ ചിലർ മറ്റൊരു സഭയിൽ ചേർന്ന് ആരാധിച്ചു. ആ സഭ അവരെ ചേർത്തുനിർത്തി. അവർ സ്നാനമേറ്റു. ചില നാളുകൾ കഴിഞ്ഞപ്പോൾ അവർ ആഭരണം ഉപേക്ഷിക്കാൻ സ്വയം തീരുമാനമെടുത്തു. അവർ ഇന്ന് വിശ്വാസത്തിനുവേണ്ടി ശക്തിയോടെ നിലകൊള്ളുന്നു. എന്തിനുവേണ്ടിയാണ് ഉപദേശങ്ങൾ നാം മുറുകെപിടിക്കേണ്ടത്, ജനത്തെ ദൈവത്തിലേക്ക് അടുപ്പിക്കാനോ അതോ അകറ്റാനോ? തിരുവചനം അനുശാസിക്കാത്ത, ജനത്തെ ദൈവത്തിങ്കൽ നിന്നും അകറ്റുന്ന ഉപദേശങ്ങളും സംസ്കാരങ്ങളും നമുക്ക് വേണ്ട. നമ്മുടെ പഠിപ്പിക്കലുകളും തീരുമാനങ്ങളും ദൈവരാജ്യവ്യാപ്തിക്ക് ഉതകുന്നതാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.