ലേഖനം: ആത്മീയ സംതൃപ്തിയുടെ അളവുകോൽ എന്താണ്?

ജീൻ ടെറൻസ്, പട്ന

ത്മീയ അനുഭവങ്ങൾ നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണം. സംതൃപ്തിയുടെ സുഖ ശീതിളിമയിൽ കൂടുതൽ ദൈവീക അനുഭവങ്ങൾ എത്തിപിടിക്കാനുള്ള അഭിലാഷം കൈമോശം വരാൻ സാധ്യതയുണ്ട്.

അപ്പോസ്തലനായ പൗലോസ് എഫേസോസ് സഭയയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത് വളരെ ശ്രദ്ധേയവും പ്രസിദ്ധവുമാണ്. “….നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരാൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു (എഫെസ്യർ.1:17 – 19).

ആർക്കുവേണ്ടിയാണ് ഈ പ്രാർത്ഥന എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. എഫേസോസ് സഭയിലെ വിശ്വാസികൾക്ക് “…കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു…” (എഫെസ്യർ. 1:15) പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ്. ഇംഗ്ലീഷ് ഭാഷാന്തരത്തിൽ ആ വാക്യത്തിന്റെ ഭംഗി വ്യത്യസ്തമാണ്. “Ever since I first heard of your strong faith in the Lord Jesus and your love for God’s people everywhere… (Ephesians. 1:15).

ശക്തമായ വിശ്വാസവും ദൈവമക്കളോടുള്ള ഹൃദയം നിറഞ്ഞ സ്നേഹവുമുള്ള ഒരു സഭ ഒരു “പെർഫെക്റ്റ്” സഭയുടെ പട്ടികയിൽ പെടുത്താവുന്നതാണ്. പക്ഷെ അതുകൊണ്ടു സംതൃപ്തിയടയാൻ പാടില്ല എന്നാണു പൗലോസിന്റെ പ്രാർത്ഥന പഠിപ്പിക്കുന്നത്. ആയിരിക്കുന്ന അവസ്ഥകൾക്കപ്പുറമുള്ള ആത്മീയ അനുഭവങ്ങൾ പ്രാപിക്കേണ്ടതിന്റെ ആവശ്യകത പൗലോസ് വ്യക്തമാക്കുന്നു. ആത്മീയതയുടെ നിർവചനങ്ങൾ മാനുഷികമായ അളവുകോലുകൾ മറികടക്കുന്നതാണ്. വിശ്വാസത്തിലും സ്നേഹത്തിലും മാത്രം ഒതുങ്ങി നിൽക്കാതെ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കുവാനുള്ള ആഗ്രഹമാണ് ഉന്നതമായത്. പക്ഷെ അത്തരമൊരു അവസ്ഥയിലേക്ക് ഉയരുവാൻ സഭ യത്‌നിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. അതിലും വിലകുറഞ്ഞ പല ലൗകീകതയെയും അനാത്മീയ പ്രവണതകളെയും ഉന്നതമാണെന്നുള്ള മിഥ്യാധാരണയിൽ ചുമന്നുകൊണ്ട് നടക്കുന്ന ഒരു സമൂഹമായി സഭ ക്ലിപ്തപ്പെട്ടിരിക്കുന്നു.

മോശെ ഒരു മിഷൻ ലീഡർ എന്ന നിലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് . ദൈവജനത്തോടുകൂടി കഷ്ടം അനുഭവിക്കാൻ രാജകൊട്ടാരം ത്യജിച്ചു. ദൈവീക ദർശനം പ്രാപിച്ചു. ജനത്തെ വിടുവിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ദൈവത്തോടുകൂടെ നാല്പതു ദിവസം ചിലവഴിച്ചു(അതിലും കൂടുതൽ). ദൈവീക നിയമങ്ങൾ ജനത്തിലേക്കു എത്തിക്കുന്ന പ്രവാചകനായി അറിയപ്പെട്ടു. വലിയൊരു സമൂഹത്തെ ദൈവീകമായ നിയമത്തിൽ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. വിശുദ്ധിക്കുവേണ്ടി നിലകൊണ്ടു. അത്തരത്തിൽ പ്രശംസാവഹമായ പല കാര്യങ്ങളും ചെയ്തു അസൂയാവഹമായ ആത്മീയ ജീവിതത്തിനു ഉടമയായിരുന്നു. പക്ഷെ ഇത്തരം മാനുഷിക നിർവചനത്തിലുള്ള ഔന്നിത്യത്തിൽ നിൽക്കുമ്പോഴും മോശെയുടെ പ്രാർത്ഥന സംതൃപ്തിയുടേതായിരുന്നില്ല. അവിടെ നിന്നുകൊണ്ടും മോശെ പ്രാർത്ഥിക്കുന്നത് “ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ… ” [let me know your ways so I may understand you more fully (പുറപ്പാടു്. 33.13)] എന്നാണ്. ആ പ്രാത്ഥനയിലും തൃപ്തി വാരാതെ മോശെ ആഗ്രഹിക്കുന്നത് ശ്രദ്ധിക്കുക, “…. നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ [Then Moses said, “Now show me your glory.” (പുറ.33:18)]. ഈ പ്രാർത്ഥനയും ആഗ്രഹവും നമ്മുടേതുമായി തുലനം ചെയ്യുമ്പോൾ മാത്രമേ നമ്മുടെ ആത്മീയതയുടെ ആഴമില്ലായ്മ ബോധ്യപ്പെടുകയുള്ളൂ. ഉപരിപ്ലവമായ ക്രിസ്തീയതയെക്കുറിച്ചു ആരോ പറഞ്ഞത് ഇപ്രകാരമാണ് , “Christianity is”a mile wide and an inch deep”.

പാപത്താൽ മനുഷ്യന് നഷ്ടപ്പെട്ടത്‌ ദൈവ മഹിമയാണെന്നും ( റോമ.3:23, ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു ) തിരികെ പിടിക്കേണ്ടതും ആഗ്രഹിക്കേണ്ടതും ആ മഹിമയാണെന്നും (അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു റോമ.8.29, 30) തിരിച്ചറിയുമ്പോൾ മാത്രമേ അത്തരം പ്രാർത്ഥനയുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയൂ.

ഉന്നതമായ ആത്മീക അനുഭവങ്ങളായ ദർശനം, പ്രവചനം, വീര്യപ്രവർത്തികൾ , വിടുതൽ എന്നതിനൊക്കെ അപ്പുറമാണ് ദൈവീക പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത എന്ന് മനസ്സിലാക്കുന്നിടത്താണ് പ്രാർത്ഥന വ്യത്യസ്തമാകുന്നതും ആത്മീയ വാഞ്ച വർധിക്കുന്നതും, അളവുകോലിനു മാറ്റം സംഭവിക്കുന്നതും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.