ലേഖനം: നാം പുറപ്പെടുക… നമുക്ക് കഴിയും

ഷാജി ആലുവിള

യിസ്രായേലിന്റെ ചരിത്രം മനുഷ്യന്റെ ജയ പരാജയങ്ങളുടെ ചരിത്രമാണ്. വിജയത്തിലേക്കുള്ള യാത്രയെ എത്ര എളുപ്പം പരാജയത്തിലേക്ക് തിരിച്ചു വിടുവാൻ കഴിയുമെന്ന് യിസ്രായേലിന്റെ അനുഭവ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആറു ലക്ഷം യോദ്ധാക്കളുടെ സംഘം മരുഭൂമിയിൽ പട്ടു പോയതും കാലേബും, യോശുവയും കനാനിൽ എത്തിയതിന്റെ കാരണവും ദർശനം ഇല്ലായ്മയുടെയും, ദർശനത്തിന്റെയും ശക്തിയും ആയിരുന്നു. അവർ ലക്ഷ്യം വെച്ച് യാത്ര പുറപ്പെട്ട കനാൻ നാട് ഉറ്റുനോക്കുവാൻ മോശ ഒറ്റുകാരെ അയക്കുന്നു. അവർ പരാജയ പ്പെട്ടിടത്തു യോശുവയും കാലേബും ജയിക്കുന്നു.

മോശയുടെ ശുശ്രൂഷകനായ യോശുവ മോശയെയും തന്നിലുള്ള ദൈവത്തെയും കണ്ടിരുന്നു. യിസ്രായേൽ ജനം മോശയിൽ ഒരു മനുഷ്യനെ മാത്രം കണ്ടു. കൂടെയുള്ള ജനം നേതാവിൽ നിന്നും സ്വയ നേട്ടം ലക്ഷ്യമിട്ടപ്പോൾ നേതാവിന് പലയിടത്തും പരാജയം അഭിമുഖീകരിക്കേണ്ടി വന്നു. കൂടെയുള്ളവർക്കു മോശയുടെ ശുശ്രൂഷയേക്കാൾ നേതൃത്വം മതി ആയിരുന്നു. യോശുവയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു മോശക്കു ശേഷം ജനത്തെ നയിക്കുവാനുള്ള ദൈവ കൃപ പ്രാപിക്കുക. കാലേബ് ദൈവത്തോട് പറ്റി നിന്ന് ദൈവത്തെ പൂർണ്ണമായി അനുസരിച്ചു. അതുകൊണ്ട് ദൈവത്തെ പോലെ ചിന്തിക്കുവാൻ പഠിച്ചു.

പുറപ്പാടിന്റെ ദുർഘട കാലയളവിൽ മോശക്കു കൈത്താങ്ങയിരുന്നു യോശുവ. അതു യോശുവയെ യിസ്രായേൽ സൈന്യത്തിന്റെ നേതാവായി നിയമിക്കാൻ ഇടയായി. അതായിരുന്നു ദൈവ നിയോഗം. നോക്കു ഈ കാലഘട്ടം സൈന്യാധിപൻ ആകാൻ കാശുകൊടുത്തും സീറ്റു കൊടുത്തും കുതികാൽ വെട്ടിയും അത്‌മീയ പ്രകടനം നടത്തിയും കാശിനെ വോട്ടാക്കി ഭരണത്തിൽ എത്തുന്ന ജനാധിപത്യം വെറും പണാധിപത്യമായി മാറുകയല്ലേ. ഇതിനകത്ത് ദൈവ നീതിയുണ്ടോ. ഒറ്റ പള്ളിക്കുവേണ്ടി തിരുമേനിമാർ തുടങ്ങി ഐമേനിമാർ വരെ മറ്റൊരു കുരുക്ഷേത്രയുദ്ധമല്ലേ കൺ മുൻപിൽ കാനിക്കുന്നത്?. യേശുവിനെ ആട്ടി ഓടിച്ചിട്ട് ആട്ടവും പാട്ടും കാണിച്ചു കുന്തിരിക്കം പുകച്ചാൽ ദൈവമോ ദൈവപുത്രനോ ആലയത്തിൽ കാണുമോ? ജനാധിപത്യ വ്യവസ്ഥയിലൂടെ ജയ പഥത്തിൽ എത്തുന്ന ആത്മീയ നേതാവ് ഒരിക്കലും മറ്റൊരു സെക്കുലർ രാഷ്രട്രീയ നേതാവിനെ പോലെ തങ്ങളെ താരതമ്യം ചെയ്യരുത്. അങ്ങനെ പറഞ്ഞാൽ ലൂസിഫറിൽ കണ്ട നിഗളത്തിന്റെ ആത്മാവായിരിക്കും ഭരിക്കുന്നത്. ജനാധിപത്യ രീതിയിൽ രണ്ടു നേതാക്കന്മാർ മത്സരരംഗത്തുണ്ടങ്കിൽ രാഷ്ട്രീയം അങ്കുരിക്കും. ഒരാൾ തോറ്റങ്കിലെ മറ്റൊരാൾ ജയിക്കു. ജയിക്കുന്നവർ തോൽക്കുന്നവരെ തളർത്തരുത് നാളെ തോൽക്കുന്നവർ വിജയപദത്തിൽ എത്തും. തോൽക്കുന്നവർ പരാജയ ലജ്ജയിൽ അപകീർത്തന പ്രചാരകരാകുകയും അരുത്. ലോകനേതാക്കളെപോലുള്ളവരെ അല്ല ദൈവ സഭയെ നയിക്കാൻ ദൈവം തിരഞ്ഞെടുക്കുന്നത്, അഭിഷക്തൻമാരെയാണ്, യോശുവയെ പോലെയും കാലേബിനെ പോലെ ഉള്ളവരെ ആണ് വന്ദ്യ ശുശ്രൂഷക്കായി ദൈവം നിയോഗിക്കുന്നത്. നിയോഗം ഉണ്ടെങ്കിലും തിരിച്ചറിവ് ഇല്ലാതെ പോയാൽ നാം ലജ്ജിക്കേണ്ടി വരും.

ശിഷ്യഗണങ്ങൾ സോക്രട്ടീസിന് വിഷം കൊടുത്തു കൊന്നു എന്നു പറയപ്പെടുന്നു, വാക്കുകൾ ആകുന്ന വിഷം നമ്മൾ ആർക്കും കുത്തി വെക്കരുത്. നാം ദൈവമാക്കളാണ് നമ്മുടെ പ്രമാണത്തിൽ പരാജിതരെ നിത്യതയിലേക്ക് നയിക്കുന്ന ചൂണ്ടു പലകയായിട്ടാണ് ദൈവം നമ്മെ ആക്കി വെച്ചിരിക്കുന്നത്. അപ്പോൾ കർത്താവിനെ കൂടെ നിർത്തി വേണം സഭയെ നാം സമൂഹത്തിൽ നയിക്കേണ്ടത് ഉത്തമ മാതൃകയോടെ ആണ്.
കനാൻ ദേശം ആദ്യം കണ്ടതും യോശുവയും കാലേബും ആണ്. കാരണം ഉറ്റു നോക്കിയ കനാൻ നാട്ടിൽ നിന്നും ക്രിയാത്മകമായ ചിന്തയുമായി വന്നത് യോശുവയും കാലേബും മാത്രമാണ്. ബാക്കി പത്തുപേർ കനാനിൽ കണ്ടത് മല്ലന്മാരായ ആളുകളെ ആണെങ്കിൽ യോശുവ കണ്ടത്, ദൈവം വാഗ്ദത്ത നിവർത്തിക്കായി ഭാവിയിൽ ദൈവം തങ്ങൾക്കു നൽകുവൻ പോകുന്ന മനോഹര ദേശത്തെയാണ്. പത്തുപേർ തങ്ങളിലേക്കു നോക്കി തങ്ങളുടെ ബലഹീനവശം കണ്ടു, യോശുവ ദൈവത്തിന്റെ ബലം കണ്ടു. പത്തുപേർക്കാവശ്യം പ്രശ്നം ഒഴിഞ്ഞ മല്ലന്മാർ ഇല്ലാത്ത കനാൻ ദേശമാണ്.

മോശയോടൊപ്പം നടന്ന യോശുവ മോശയെയും മോശയിലുള്ള ദൈവത്തെയും കണ്ടു. മോശക്കൊപ്പം നടന്ന മറ്റുള്ളവർ മോശയിൽ വെറും മോശയെ മാത്രമേ കണ്ടോള്ളു. ഇതുപോലെ ആത്മീയ നേതാക്കൻമാരിലുള്ള ആത്മീയതയെ നാം തിരിച്ചറിഞ്ഞു വേണം അവരോടൊപ്പം മുന്നേറുവാൻ. താൽക്കാലിക നേട്ടത്തിനായി നായകനൊപ്പം നീങ്ങാതെ നന്മ സുവിശേഷിക്കുന്നവരായി ഒപ്പം നീങ്ങണം. കാട് വെട്ടിയവന്റെ കൈ വെട്ടുക എന്ന രീതി ഇനിയും മാറുമോ ? നേതാവിനൊപ്പം നിന്ന് മറ്റൊരു നേതാവാകുമ്പോൾ ഗുരു-ശിഷ്യ ബന്ധം മറന്നു മലർത്തി അടിക്കുന്ന തന്ത്രങ്ങള്‍ തമ്പുരാൻ വെറുക്കുന്നു.സഭകളിലെ രാഷ്ട്രീയ സ്വാധീനങ്ങള്‍ യുവ തലമുറകളില്‍ ആത്മീയച്യുതി വരുത്തുവാന്‍ ഇടയാകുന്നു.

ദേശം ഉറ്റു നോക്കുവാൻ പോയവർ മുന്തിരിക്കുല കൊണ്ടുവന്നു. ദേശം പാലും തേനും ഒഴുകുന്നതും എത്രയും നല്ലതായിട്ടും ആണ് അവർ കണ്ടത്. “എങ്കിലും” എന്ന അവിശ്വാസത്തിന്റെ വാക്കാണ് അവർ പിന്നെയും ഉപയോഗിച്ചത്. അവർ സ്വപ്നം കണ്ടത് പരാജയമാണ്. ദേശത്തിന്റെ മനോഹാരിതയും ഭാഗ്യാവസ്ഥയുമാണ് കാലേബ് കണ്ടത്. ” നാം ചെന്ന്‌ കൈവശം ആക്കുക” അതാണ് വിശ്വാസത്തിന്റെ വാക്കുകൾ. ദൈവത്തിൽ നിന്നും വ്യക്തിപരമായി ദർശനം പ്രാപിച്ചവർ പറയും “നാം പുറപ്പെടുക” അതാണ് കാലേബ് പറഞ്ഞത്‌. ” നമുക്ക് കഴിയും” അതാണ് കാലേബിന്റെ മുദ്രാവാക്യം. അങ്ങനെ ആയിരിക്കട്ടെ നമ്മുടെ നിലപാടും ഭാവി പ്രത്യാശയും. ദൈവാത്മാവോടെ നമുക്കും പുറപ്പെടാം നമുക്ക് കഴിയും, ഈ ലോകത്തെ നേടുവാൻ. മുന്നിലുള്ള ഒട്ടത്തിലെ പരാജയ ഭീതിയെ മറന്ന്‌ വിജയം വരിക്കുവാൻ വിശ്വാസത്തോടെ നമുക്ക് ഓടാം. ജയാളികൾ അനുഗ്രഹീത പദവിയിൽ വിശ്വസ്ത സാക്ഷികളായി യജമാനനെ സേവിച്ച്‌ മാതൃകാപരമായ സേവകാരായി തീരട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.