ലേഖനം: നൂറുമേനിക്കായി ഒരു കര്‍ഷകന്‍

സുനില്‍ വര്‍ഗ്ഗിസ്, ബാംഗ്ലൂര്‍

ഹോവ ഏലിയാവിനെ ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുവാന്‍ ഭാവിച്ചത് ഗില്‍ഗാലിലുള്ള പ്രവചനപഠനശാലയിലെ ശിഷ്യന്മാര്‍ക്ക് അറിയാമായിരുന്നു. പ്രവാചകശിഷ്യന്മാരായിരുന്ന അവര്‍ തങ്ങള്‍ക്ക് ലഭ്യമായ പ്രവചന കൃപ ഉപയോഗിച്ച് അത് ഗ്രഹിച്ചിരുന്നു. കൂടാതെ ബഥേലിലേക്ക് യാത്രയാവുന്ന ഏലിയാവും അവനെ അനുഗമിക്കുന്ന ഏലീശയും ആ വസ്തുത മനസ്സിലാക്കിയിരുന്നു.
പ്രവാചക ശിഷ്യന്മാര്‍ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നു. ഏലീശയും താന്‍ ഉഴുതു മറിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഏലിയാവില്‍ നിന്നുള്ള വിളി തിരിച്ചറിഞ്ഞിരുന്നു. (പക്ഷേ, തന്റെ അവസാനനിമിഷങ്ങളില്‍ ഏലിയാവ് ഏലീശയെ മാറ്റി നിര്‍ത്താന്‍ ആഗ്രഹിച്ചു. ഏലിയാവിന് ഇനി ഒരു സഹായി ആയി അവനെ പിന്‍പറ്റുവാന്‍ ഏലീശ ആവശ്യമായിരുന്നില്ലല്ലോ!).
എന്നാല്‍ പന്ത്രണ്ട് ഏര്‍ കാളയെ പൂട്ടി ഉഴുതു കൊണ്ടിരുന്ന അധ്വാനിയായിരുന്ന ഏലീശ, വിതച്ചാല്‍ വിതയ്ക്കുന്നത് മാത്രമല്ല നൂറ് മേനി തന്നെ കൊയ്യണമെന്ന സിദ്ധാന്തക്കാരന്‍, എല്ലാം വിട്ട് ഏലിയാവിന്റെ പുറകെ ഇതുവരെ നടന്നത് അവന് ശുശ്രൂഷക്കാരനായി തീര്‍ന്നത്, അവസാനം ഗില്‍ഗാലില്‍ ഒറ്റപ്പെടുവാന്‍ ആയിരുന്നുവോ? ‘യഹോവയാണെ നിന്നെ ഞാന്‍ വിടുകയില്ല’ എന്ന് ഏലീശ പറയുമ്പോള്‍, ആ ശാഠ്യത്തിന്റെ പിന്നില്‍ ഏതോ ലക്ഷ്യം ഒളിച്ചിരുന്നു. ഏലിയാവില്‍ നിന്ന് ലഭ്യമാകാന്‍ സാധ്യതയുള്ള ചിലത്.
ബഥേലില്‍ വെച്ച്, പ്രവചനകൃപയാല്‍ ഏലിയാവിന്റെ ഒടുക്കം അറിഞ്ഞിരുന്ന പ്രവാചക ശിഷ്യന്മാര്‍ ഏലീശയെ പരിഹസിക്കുന്നത് കാണാം. അവര്‍ ചോദിക്കുന്നു; ‘നീ അറിയുന്നില്ലേ…? ഏലിയാവിനെ ദൈവം എടുക്കാന്‍ പോകുന്നു’ ഒരു പക്ഷേ ആ തിരിച്ചറിവ് ഏലീശയ്ക്ക് വെളിപ്പെട്ടില്ല എന്നവര്‍ ചിന്തിച്ചിരിക്കാം. ഒരു ഭോഷനെപ്പോലെ ഏലിയാവിനെ ഏലീശ പിന്‍തുടരുന്നതിന്റെ സാംഗത്യം അവര്‍ക്ക് മനസ്സിലായതേയില്ല.
അല്ലെങ്കില്‍ ഏലീശയിലെ കര്‍ഷകന്റെ മനസ്സ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. ദൈവീക മണ്ഡലത്തില്‍ വിതച്ചതിനെ കൊയ്യാതെ ഏലീശയ്ക്ക് ആശ്വസിക്കാന്‍ കഴിയുമോ? കൊയ്യാറായ പാടങ്ങള്‍ പോലെയാണ് തന്റെ ആത്മമണ്ഡലമെന്ന് ഏലീശ അറിഞ്ഞു. അതുകൊണ്ട് അവന്‍ പറയുകയാണ്: ‘അതെ, എനിക്കറിയാം, എന്താണ് സംഭവിക്കുന്നത്’ എന്ന്. (നിങ്ങള്‍ മിണ്ടാതിരിപ്പീന്‍ എന്ന് ഏലീശ അവരുടെ വായില്‍ നിന്ന് ഉയര്‍ന്ന നിരാശപ്പെടുത്തുന്ന വാക്കുകളെ ശാസിക്കുന്നു).
യഹോവ എന്നെ യരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്ന് ഏലിയാവ് തുടര്‍ന്ന് പറയുന്നു. ബഥേലില്‍ താമസിക്കുവാന്‍ ഏലീശയ്ക്ക് നിര്‍ദ്ദേശവും നല്‍കുന്നു. പക്ഷേ ഏലീശ മറ്റൊന്നും ചിന്തിക്കാതെ യരീഹോവിലേക്കും ഏലിയാവിനെ അനുഗമിക്കുകയാണ് ചെയ്തത്. യരീഹോവിലും അതിര്‍ രേഖകള്‍ ഏലീശ കാണുന്നു. ഇന്ന് ഏലിയാവ് നമ്മുടെ മുമ്പില്‍ നിന്ന് മാറും എന്ന് അറിയുന്നില്ലേ എന്ന് പ്രവാചക ശിഷ്യന്മാരുടെ ചോദ്യത്തെ അദ്ദേഹം അഭിമുഖീകരിക്കുന്നു. (ഏലിയാവിന്റെ പ്രിയശിഷ്യന് ആ വെളിപ്പാട് കിട്ടിയില്ലേ എന്ന പരിഹാസം ആ ചോദ്യങ്ങളില്‍ എഴുന്ന് നിന്നിരുന്നു).
ഏലിയാവിനെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരേയും പ്രവാചകശിഷ്യന്മാര്‍ പുലര്‍ന്നിരുന്നത്. നാഥനില്ലാ കളരിയുടെ നിശാശ്രയത്വം അവരെ ബാധിച്ചിരുന്നു. എന്നാല്‍ ഏലീശയില്‍ നാം ഒരു വ്യത്യസ്തത ദര്‍ശിക്കുന്നു. ഏലിയാവ് ഏതിലാണോ ആശ്രയിച്ചത് അവിടേക്ക് ഒരു വഴി കണ്ടെത്താന്‍ അദ്ദേഹത്തിലൊരു വെമ്പല്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പിന്നീട് ജോര്‍ദ്ദാന്‍ പിളര്‍ന്ന വിഴിയിലൂടെ അവന്‍ ഏലിയാവിനൊപ്പം ചെന്നത്.
പ്രവാചകശിഷ്യന്മാര്‍, ഏലീശയുടെ കഥ കഴിഞ്ഞെന്ന്, അവന്‍ കാട്ടിയത് മഹാ വിഢിത്തരമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അന്തം കാത്തിരിക്കുമ്പോള്‍ ജോര്‍ദ്ദാനിനക്കരെ ഏലിയാവ് അഭിഷേകത്തിനായി വിലമുടക്കിയവനെ സാകൂതം നോക്കുകയായിരുന്നു. കൊയ്യുന്നതിനു മുമ്പ് വിതയ്ക്കണെമെന്നും അതിനുശേഷം വിളവെടുപ്പുവരെ അതിനെ നിരന്തരം പരിപാലിക്കണമെന്നറിയാവുന്ന, അങ്ങനെ ശീലിച്ചിട്ടുള്ള ഏലീശായുടെ നേരെ ഏലിയാവിന്റെ ചോദ്യം ഉയരുന്നു, ‘ഞാന്‍ നിനക്ക് എന്ത് ചെയ്തു തരേണം’.
പ്രവാചകശിഷ്യന്മാര്‍ പലരും ഈ ചോദ്യം വരെ സഞ്ചരിച്ചില്ല. ഇവിടെയാണ് ഏലീശപിന്‍തുടര്‍ന്ന ചില ശീലങ്ങളെ നാം കണ്ടെത്തേണ്ടത്. ഏലീശ കേട്ടതു പോലെയുള്ള ഒരു ചോദ്യം പരിശുദ്ധാത്മാവില്‍ നിന്ന് ഉയരും വരെ നാം വെമ്പിയിരിക്കാറില്ല. ഗില്‍ഗാലില്‍ നിന്ന ബഥേലിന്റെ അനുഭവം, പിന്നെ യരീഹോവിന്റേതായ മറ്റൊരു തലംവരെ നാം ചെന്നേക്കാം. പിന്നെ കുത്തിമറിഞ്ഞൊഴുകുന്ന പുഴയാണ്. തിരിച്ചു വരാന്‍ ഏലിയാവ് കൂടെയില്ലല്ലോ. എങ്ങനെ മടങ്ങിവരുമെന്ന് നാം തിരിച്ചുവരുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ച് കൂട്ടും. എന്നാല്‍ ഏലീശയില്‍ നിറഞ്ഞു നിന്നത് എന്തായിരുന്നു? താന്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യം സായത്വമാക്കാതെ മടങ്ങിവരവില്ലെന്നുള്ള നിശ്ചയമായിരുന്നത്.
ദൈവം ശ്രദ്ധിക്കുന്നത് അത്തരം മനുഷ്യരെയാണ്. വാസ്തവമായി എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്ന് പഴയൊരു നാളില്‍ ഒരുവന്‍ കടുംപിടുത്തം നടത്തുന്നത് നമുക്ക് കാണുവാന്‍ കഴിയും. ‘ഉഷസ്സുദിക്കുന്നു എന്നെ വിടുക’ എന്ന് ‘അപരന്‍’ പറയണമെങ്കില്‍ അത്രയ്ക്ക് ഉരുബലം അപ്പോള്‍ യാക്കൊബ് കാട്ടിയിരിക്കണം. അവിടെ അവന്‍ അനുഗ്രഹം പിടിച്ചു വാങ്ങുക തന്നെ ചെയ്തു. ദൈവത്തോട് മല്ലുപിടിക്കാന്‍ തക്കവണ്ണം യാക്കോബിന് പേശീബലം ഉണ്ടായിരുന്നു. അധ്വാനിയുടെ പേശീബലം അവന്‍ നേടിയെടുത്തത് ലാബാന്റെ വീട്ടില്‍ വെച്ചായിരുന്നു. റാഹേലിനും മറ്റ് സമ്പത്തിനുമായി അവന്‍ ചെയ്തതെല്ലാം അവനിലെ ശീലങ്ങളായി മാറി. അന്ന് ചിലത് നേടിയെടുക്കാന്‍ വേണ്ടി യാക്കോബ് നടത്തിയ ശ്രമങ്ങള്‍ പിന്നീട് യാക്കോബ് കടവില്‍ വെച്ച് ദൈവത്തിന്റെ മുമ്പിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു.
പത്ത് പറ വിതച്ചാല്‍ ഏലീശ ഇരുപത് പ്രതീക്ഷിക്കും. അതിനായി തന്റെ കഴിവിലധികവും പരിശ്രമിക്കുകയും ചെയ്യും. ആ ശീലമുള്ള ഏലീശ നിശ്ചയമായും ആത്മാവിന്റെ ഇരട്ടി പങ്ക് തന്നെ ചോദിക്കും. ഞാന്‍ നിനക്ക് എന്ത് ചെയ്തു തരേണം എന്ന ഏലിയാവിന്റെ ചോദ്യത്തിന് ഇരട്ടി പങ്കിനെ തന്നെയാണ് ഏലീശ ആവശ്യപ്പെട്ടതും. പ്രയാസമുള്ള കാര്യം എന്ന് ഏലിയാവ് ചിന്തിച്ചുകാണും. എന്നാല്‍ ഏലീശ അതില്‍ തന്നെ ഉറച്ചു നിന്നു. രക്ഷിക്കപ്പെട്ടതിനു ശേഷം കൂടിപ്പോയാല്‍ അന്യഭാഷയില്‍ ആരാധിക്കുവാന്‍ കൃപ വേണം. അപൂര്‍വ്വമായെങ്കിലും സുവിശേഷം പറയണം, അത്ര തന്നെ. അതെ പ്രവാചകശിഷ്യന്‍ വിശ്വാസി എന്ന ഒരു പേരില്‍ എല്ലാം തികഞ്ഞവരായി നമ്മില്‍ പലരും മാറുന്നു. അഭിഷിക്ത തലത്തിലേക്ക് കുതിച്ചു ചെല്ലുവാന്‍ നമുക്ക് മനസ്സുവരാത്തതിന് പ്രധാനകാരണം അത്തരം ശീലങ്ങള്‍ നമ്മില്‍ ഇല്ലാത്തതാണ്.
പ്രയാസമുള്ള കാര്യത്തിനായി, വ്യത്യസ്തമായ അനുഭവങ്ങള്‍ ക്കായി പരിശ്രമിക്കുമ്പോള്‍ പ്രാരംഭത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ അപമാന വിഷയമായാലും ജോര്‍ദ്ദാനില്‍ നിന്ന് തിരികെ വരുന്ന ഒരു സമയം നമുക്കുണ്ടാവും. ഇരട്ടി പങ്കിന്റെ ആദ്യപരീക്ഷണം നടത്തി, പിളര്‍ന്ന ജോര്‍ദ്ദാനിലൂലെ ഏലീശ തിരികെ വന്നപ്പോള്‍ അവരാരും ‘പോയിട്ട് എന്നതാ കിട്ടീത്’ എന്ന് പരിഹസിക്കുകയല്ല ചെയ്തത്. മറിച്ച് ഏലിയാവില്‍ നിറഞ്ഞിരുന്ന ദൈവീക ശക്തി ഏലീശയിലും പടര്‍ന്നിരിക്കുന്നുവെന്ന് മനസിലായ, പ്രവചനകൃപയുള്ള അവര്‍ നമസ്‌കരിക്കുകയാണ് ചെയ്തത്. എലീശ തുടര്‍ന്ന് അങ്ങനെയുള്ളവന്‍ തന്നെയായിരന്നു. (2രാജാ 2:1-15, 1രാജാ. 19:19-21, ഉല്‍പ. 32: 24-31).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.