ലേഖനം:മഹാൻ ആകുവാൻ ആഗ്രഹിക്കുന്നവർ | ജോസ് പ്രകാശ്

” നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”
മഹാദൈവമായ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനു മുമ്പായി സെബദി പുത്രന്മാരുടെ അമ്മ തന്റെ പുത്രന്മാരെ സ്വർഗ്ഗരാജ്യത്തിൽ യേശുവിനോട് കൂടെ ഇരുത്തണമെന്ന് അപേക്ഷിച്ചപ്പോൾ, അത് കേട്ട് നിന്ന ശേഷം പത്ത് ശിഷ്യന്മാർക്ക് അവരോട് നീരസം ഉണ്ടായി. ആ സന്ദർഭത്തിൽ മഹാന്മാർ ആകുവാൻ ഇച്ഛിച്ചവർക്കുള്ള മറുപടിയാണ് സാക്ഷാൽ മഹാനായ മനുഷ്യപുത്രൻ മത്തായി 20 ന്റെ 20 മുതൽ 28 വരെയുള്ള വാക്യങ്ങളിലൂടെ മൊഴിഞ്ഞത്.

post watermark60x60

പിതാവായ ദൈവം ഭരമേൽപ്പിച്ചതായ മഹാദൗത്യം പൂർത്തീകരിച്ച് തന്റെ ജീവനെ മറുവിലയായി നല്കുവാൻ പോകുന്ന യേശുവിന്റെ ദർശനം മനസ്സിലാക്കുവാൻ ശ്രമിക്കാത്ത ശിഷ്യന്മാർ മഹാന്മാർ ആകുവാനുള്ള ബദ്ധപ്പാടിൽ ആയിരുന്നു.

ഇന്ന് ഇത്തരത്തിലുള്ള ദുർമോഹങ്ങൾ തനിച്ച് പാർക്കുന്നവർക്കിടയിലും നുഴഞ്ഞു കയറിക്കഴിഞ്ഞു.
ആകയാൽ ദൈവ സഭയിൽ മഹാന്മാരെയല്ല , മാനസാന്തരത്തിനു യോഗ്യമായ ഫലം പുറപ്പെടുവിക്കുന്ന മഹാരാജാവിന്റെ ദാസന്മാരെയും ശുശ്രൂഷക്കാരെയുമാണ് ആവശ്യമുള്ളത്.

Download Our Android App | iOS App

നമുക്ക് സമസ്വഭാവമുള്ള
ക്രിസ്തു ഭക്തർ ജഡത്തിൽ (ശരീരത്തിൽ) സഞ്ചരിച്ചവർ ആയിരുന്നെങ്കിലും ആത്മനിയന്ത്രിതരായിരുന്നു. അവരുടെ ആയുധങ്ങൾ ജഡീകങ്ങൾ അല്ലായിരുന്നു, കോട്ടകളെ ഇടിപ്പാൻ ശക്തിയുള്ളതായ ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചാണ് അവർ സങ്കല്പങ്ങളെയും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങിയ എല്ലാ ഉയർച്ചകളേയും ഇടിച്ചുകളഞ്ഞത്. മഹാൻ ആകുവാനുള്ള വിചാരത്തെ ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു അവർ പിടിച്ചടക്കി (2കൊരിന്ത്യർ 10:3-5).

ശരീരത്തിൽ ജീവിച്ചു എങ്കിലും മുഴുലോകത്തെക്കാളും വിലയുള്ള ഉള്ളിലെ ആത്മാവിന് അവർ പ്രാധാന്യം കൊടുത്തു.
കർത്താവിലും തന്റെ അമിത ബലത്തിലും ശക്തിപ്പെടുന്നവർക്ക് മാത്രമേ
പിശാചിന്റെ തന്ത്രങ്ങളോട് എതിർത്ത് നില്ക്കുവാനും മഹാൻ ആകുവാനുള്ള വിചാരത്തെയും പ്രലോഭനത്തെയും പിടിച്ചടക്കുവാനും സാധിക്കയുള്ളു.

സ്വന്തകഴിവുകളിലും, സ്വയത്തിലും അല്ല നാം പ്രശംസിക്കേണ്ടത്. നാം സ്വയമായി പുകഴ്ത്തുന്നതും മറ്റുള്ളവരാൽ പുകഴ്ത്തപ്പെടുവാൻ ആഗ്രഹിക്കുന്നതും പൂർണ്ണമായും ഉപേക്ഷിക്കാം. പ്രശംസിക്കുന്നവർ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ എന്ന തിരുവെഴുത്ത് നാം വിസ്മരിക്കരുത് (2 കൊരിന്ത്യർ 10:17).

തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; (മത്തായി 23:12).
തന്നെത്താൻ മഹാനായി ഉയർത്തുവാൻ ശ്രമിച്ചവരൊക്കെ മനുഷ്യരാൽ അല്പം മാനം നേടിയെങ്കിലും ദൈവത്താൽ അവർ താഴ്ത്തപ്പെട്ടു. ദൈവത്തെ മാറ്റി നിർത്തി സ്വയമായി മഹത്വം എടുക്കുവാൻ ശ്രമിക്കുന്നവരുടെ അവസാനം നാശവും കൂടെ കൂടുന്നവർ ചിന്നി ഒന്നും ഇല്ലാതാകുകയും ചെയ്യും.

മഹാൻ എന്നു നടിച്ച തദാസും കൂട്ടരും നശിച്ചതും, ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ച ഗലീലക്കാരനായ യൂദയും കൂട്ടരും നശിച്ചു ചിതറിപ്പോയതും ഈ യുഗാന്ത്യത്തിലെ ദൈവജനത്തിനുള്ള മുന്നറിയിപ്പത്രെ (പ്രവൃത്തികൾ 5:36-39).
മഹാൻ ആകുവാനുള്ള ആലോചനയും പ്രവർത്തിയും തികച്ചും മാനുഷം ആകയാൽ അത് നശിച്ചു പോവുക തന്നെ ചെയ്യും. കാരണം അത് സ്വയത്തെ ഉയർത്തുന്നതാകയാൽ ദൈവത്തോടുള്ള പോരാട്ടം ആകുന്നു.

മഹാദൈവത്തിനു കൊടുക്കേണ്ട മഹത്വം ശുശ്രൂഷയിലൂടെയോ, ജീവിതത്തിലൂടെയോ നാം കൈമുതലാക്കി പ്രവർത്തിക്കുന്നത് മുഖാന്തരം മറ്റുള്ളവരും ദൈവത്തെ ഭയപ്പെടാതെ മനുഷ്യരെ (നമ്മെ) അനുഗമിക്കുന്നവർ ആകും. അങ്ങനെ അനുസരണം കെട്ടവരുടെമേൽ വരേണ്ട ദൈവകോപം നമ്മിലേക്കും, നമ്മെ അനുഗമിക്കുന്നവരിലേക്കും വരുമെന്നത് മറന്നു പോകരുത്.

മനുഷ്യരാലുള്ള മഹത്വം കാംക്ഷിക്കുന്നവരാണ് സാധാരണ മഹാൻമാർ ആകുവാൻ മറ്റാരെക്കാളും മുന്നിലുള്ളത്. ആകയാൽ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ ആരും അധികം സ്നേഹിക്കരുത്. ദൈവത്തിന് മഹത്വം കൊടുക്കാതെ സ്വയം മഹാൻ ആകുവാൻ ശ്രമിച്ചാൽ അഥവാ മറ്റുള്ളവർ ആക്കുവാൻ ശ്രമിച്ചാലോ ഉടനെ കർത്താവിന്റെ അടി ഉറപ്പാണെന്ന് ഹെരോദാ രാജാവിന്റെ അധികപ്രസംഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ആകയാൽ സുവിശേഷ പ്രവർത്തനങ്ങൾ, പ്രസംഗംങ്ങൾ പാട്ടുകൾ തുടങ്ങിയവയെ മറയാക്കി സ്വയമഹത്വത്തിലൂടെ മഹാന്മാരാകുവാൻ ആഗ്രഹിക്കാതെ മഹാരാജാവായ ദൈവത്തെ നമുക്ക് ഒന്നിച്ചുയർത്താം. സ്വയത്തെ വളർത്തുന്നത് അവസാനിപ്പിച്ച് ക്രിസ്തുവിനെ വാഴുവാൻ അനുവദിക്കാം. മഹാന്മാർ മനംതിരിയട്ടെ ദാസന്മാരും, ശുശ്രൂഷക്കാരും എഴുന്നേൽക്കട്ടെ. ക്രിസ്തു നമ്മിൽ വളരട്ടെ, നമ്മുടെ ജീവിതത്തിലെ ഞാൻ (സ്വയം) കുറയട്ടെ. അതിനായി ദൈവം നമ്മെ ഏവരേയും സഹായിക്കട്ടെ.

-ADVERTISEMENT-

You might also like