ലേഖനം: പീഢനച്ചൂടിലും വളരുന്ന സഭ

ബിജു പി. സാമുവൽ, ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ

യെരുശലേം സഭ ധാരാളം നന്മകൾ ഉള്ള ഒരു സഭയായിരുന്നു . ഒന്നാമതായി അവരെല്ലാം കൂടി ഇരുന്ന് പരിശുദ്ധാത്മാവിനെ പ്രാപിച്ചു . ശിഷ്യന്മാർ പരസ്യമായി യേശുവിനെ സാക്ഷീകരിക്കുവാൻ ആരംഭിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും മുടക്കമില്ലാതെ നടക്കുവാൻ തുടങ്ങി . അപ്പോഴാണ് സമ്പത്തും വസ്തു വകകളും കൂട്ടി വയ്ക്കുന്നതിലെ നിരർത്ഥകത അവർക്ക് മനസ്സിലായത് . അതെല്ലാം വിറ്റ് മറ്റുള്ളവർക്കായി
അവർ പങ്കുവെച്ചു .

യേശുവിനെ സാക്ഷീകരിച്ചതിന്റെ ഫലമായി മൂവായിരവും അയ്യായിരവും കടന്ന് വിശ്വാസികളുടെ എണ്ണം വർദ്ധിച്ചു . രോഷാകുലരായ അധികാര വർഗ്ഗത്തിന്റെയും മത നേതൃത്വത്തിന്റെയും നിയമനടപടികൾ അവർ നേരിടേണ്ടി വന്നു . അടിയും അറസ്റ്റും കാരാഗ്രഹ വാസവും അവർ സഹിച്ചു . എന്നിട്ടും ഒരു ഭവനം പോലും വിടാതെ അവർ പിന്നെയും യേശുവിനെ സാക്ഷീകരിച്ചു . ഇതിനിടയിൽ പ്രശംസനീയമായ മറ്റൊരു വസ്തുത-വിധവമാർക്കായി ഒരു പ്രത്യേക കരുതൽ നടപടിയും ആരംഭിച്ചു എന്നതാണ് .

ഒരു മാതൃകാ സഭയ്ക്ക് ഇതിനപ്പുറം എന്തു വേണം?. ഈയൊരു സംതൃപ്തി ആദിമ സഭയെ ഒരു ആലസ്യത്തിലേക്ക് നയിച്ചോ?.

ഈ ശിഷ്യരോട് കർത്താവ് നേരത്തെ തന്നെ പറഞ്ഞത് യെരുശലേമിലും യെഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം കർത്താവിന്റെ സാക്ഷികൾ ആകണമെന്നാണ് . പക്ഷേ ഇവർ യെരുശലേം എന്ന ‘ട്ട’ വട്ടത്തിൽ ചുറ്റിക്കറങ്ങിയാണ് മേൽപ്പറഞ്ഞ ശുശ്രൂഷകൾ എല്ലാം ചെയ്തത് . ഇവരെ എങ്ങനെയാണ്
യെരുശലേമിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നത് ?

സഭയ്ക്കെതിരെ കഠിനമായ ഒരു പീഢനം ഉണ്ടായി . വിശ്വാസ സമൂഹം പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോയി . (അപ്പൊ.പ്രവൃത്തി 8:1) .

ചിതറിപ്പോയി ( scattered ) എന്ന വാക്കിന് യവനായ ഭാഷയിൽ (diaspeiro) ഉള്ള അർത്ഥം
വളരെ ശ്രദ്ധേയമാണ് . അവിടവിടങ്ങളിലായി വിത്തു വിതച്ചു , ചിതറിപ്പോയവർ തന്നെ വിത്ത് ആയിത്തീർന്നു എന്നൊക്കെയുള്ള അർത്ഥമാണ് അതിനുള്ളത് . അതെ , ചിതറിപ്പോയവർ തന്നെ സുവിശേഷത്തിന്റെ വിത്ത് ആയിത്തീർന്നു . കർത്താവ് ആദ്യമേ അവരോട് കൽപ്പിച്ചിരുന്ന സ്ഥലങ്ങളിലേക്ക് തന്നെയാണ് അവർ പ്രാരംഭമായി ചിതറിപ്പോയത് .

ഒരു കൃഷിക്കാരൻ തന്റെ വിത്ത് പത്തായത്തിൽ സൂക്ഷിക്കുന്നത് എന്നെന്നും ആ വിത്ത് അവിടെ ഇരിക്കുന്നതിന് വേണ്ടിയല്ലല്ലൊ . പത്തായത്തിനുള്ളിൽ സുരക്ഷിതത്വം ഉണ്ടെന്നുള്ളത് സത്യമാണ് . പക്ഷേ സുരക്ഷിതത്വം നോക്കിയിരുന്നാൽ വിത്ത് കുത്തിപ്പോകുകയേ ഉള്ളൂ . വിത്തിനുള്ളിലെ ജീവൻ പ്രയോജനപ്രദമായി വളരണമെങ്കിൽ അതിനെ പുറത്തെടുത്ത് മണ്ണിലേക്ക് എറിയണം. വിശ്വാസികളുടെ ഉള്ളിലുണ്ടായിരുന്ന ദൈവിക ജീവൻ പുറത്തു കൊണ്ടു വരുവാനായി ദൈവം അനുവദിച്ചതായിരുന്നു ആ പീഡനം എന്ന് ചിന്തിക്കുന്നതാണ് ഉത്തമം. സഭയെ നശിപ്പിക്കുവാൻ ശത്രുക്കൾ തയ്യാറാക്കിയ പീഡനത്തിലൂടെ തന്നേ സഭയെ യെരുശലേമിന് പുറത്തേക്കും വ്യാപിപ്പിക്കുവാൻ കർത്താവു അവസരം ഒരുക്കി .

പീഡനം ആരംഭിക്കുന്ന സമയത്ത് തിരിച്ചടിക്കാനുള്ള അംഗബലവും ശക്തിയും ഒക്കെയുള്ള ഒരു വലിയ സമൂഹമായി ആ വിശ്വാസിക്കൂട്ടം മാറിയിരുന്നു . എന്നാൽ അത് ദൈവസഭ ആയിരുന്നതിനാൽ അവർ സംഘശക്തി കാണിക്കുകയോ പ്രതികാരത്തിന് പോകുകയോ ചെയ്തില്ല . പീഡന സമയത്ത് അവർക്ക് എല്ലാം നഷ്ടമായി . പരിചിതമല്ലാത്ത സ്ഥലങ്ങളിൽ അവർക്ക് ഉഴന്ന് നടക്കേണ്ടി വന്നു . എന്നിട്ടും ആ പീഢനച്ചൂടിന്റെ മീതെ ഉയർന്നു നില്ക്കുന്നതായിരുന്നു അവരുടെ ഉള്ളിലുണ്ടായിരുന്ന സുവിശേഷാഗ്നി . അത് ജ്വലിച്ചു കൊണ്ടേയിരുന്നു .

സുവിശേഷ പ്രചരണത്തിന് സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ വെല്ലുവിളി ഉയർത്തുന്നത് ക്രിസ്തീയ സാക്ഷ്യത്തിന് ചേർന്നതല്ല . പ്രകോപിതരാകാതെ സുവിശേഷകർ സ്നേഹത്തിന്റെ വക്താക്കളായി തന്നെ അടുത്ത പട്ടണത്തിലേക്ക് പോകുക .

എന്തായിരുന്നു പീഡനം കൊണ്ടുണ്ടായ ഗുണം? ചിതറിപ്പോയവർ വചനം സുവിശേഷിച്ചും കൊണ്ട് അവിടവിടെ സഞ്ചരിച്ചു . വലിയൊരു കൂട്ടം വിശ്വസിച്ച് കർത്താവിങ്കലേക്ക് തിരിഞ്ഞു (അപ്പൊ.പ്രവൃത്തി 11:21) .

പിന്നെ , കുറെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടതു കൊണ്ടും , സമ്പത്ത് പങ്കിട്ടു നൽകുന്നതു കൊണ്ട് അത് പ്രാപിക്കാൻ വേണ്ടിയും അല്ല ആദ്യകാല വിശ്വാസികൾ വന്നതെന്ന് തെളിഞ്ഞു . സമ്പത്തുകൾ എല്ലാം അപഹരിക്കപ്പെട്ടിട്ടും അവർ വിശ്വാസം കൈവിട്ടില്ലായിരുന്നല്ലൊ .

ശൗലിനെ പോലെയുള്ള മതഭ്രാന്തന്മാരെ പോലും രൂപാന്തരപ്പെടുത്തി സ്നേഹ പ്രചാരകരാക്കാൻ യേശു കർത്താവിന്റെ പ്രഭാവലയം ധാരാളമാണെന്നും തെളിഞ്ഞു. പീഡനം സഭയെ പിന്നോട്ടടിച്ചില്ല . പീഡന കാലയളവിലും സഭ വളർന്നു കൊണ്ടേയിരുന്നു .

കൊടിയ പീഡനം അനുഭവിക്കുന്ന സഭയ്ക്കായി ലേഖനമെഴുതുമ്പോൾ അപ്പൊസ്തലനായ പത്രോസ് അവരെ പ്രബോധിപ്പിക്കുന്ന കാര്യം മനസ്സിരുത്തി വായിക്കുക: നിങ്ങൾ അനുഭവിക്കുന്ന ഈ അഗ്നി ശോധനയിങ്കൽ എന്തോ അസാധാരണ കാര്യം സംഭവിച്ചു എന്ന മട്ടിൽ ആശ്ചര്യപ്പെടരുത് (1പത്രോസ് 4:12) .

മിക്ക ജോലിക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട് . മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ തങ്ങളുടെ ജീവനെ തന്നെ അവഗണിച്ചു കൊണ്ടല്ലേ ആഴക്കടലിലേക്ക് പോകുന്നത് . എത്രയോ പേർക്ക് തങ്ങളുടെ വിലയേറിയ ജീവൻ നഷ്ടമായി . പക്ഷേ അതുകൊണ്ട് അവരുടെ ബന്ധുക്കൾ എല്ലാം മത്സ്യബന്ധനം ഉപേക്ഷിക്കുന്നില്ലല്ലൊ .

സുവിശേഷ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ഇനിയും കുറയാം . നിയമങ്ങൾ ഏതിരാകാം . സുവിശേഷ പ്രവർത്തകർക്കെതിരെയുള്ള ഉപദ്രവങ്ങൾ അനുദിനം വർദ്ധിക്കാം . സ്വതന്ത്രമായി ആരാധിക്കാനുള്ള അവകാശം പോലും നഷ്ടമാകാം .

പക്ഷേ ഇതൊന്നും അത്ര അസാധാരണ കാര്യമൊന്നുമല്ല . കാരണം , കർത്താവു തന്നെ ഇതിനെപ്പറ്റി തന്റെ ശിഷ്യന്മാർക്ക് മുന്നറിവ് നൽകിയിട്ടുള്ളതാണ് .
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും…ചെയ്യും (മത്തായി 5: 11) . സമാധാന സന്ദേശവുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെല്ലുമ്പോൾ അവർ പൂമാലയും ആയി എത്തുമെന്നല്ല , ഉപദ്രവിക്കും എന്നല്ലേ കർത്താവു
പറഞ്ഞത് . ജീവത്യാഗവും വേണ്ടി വന്നേക്കാം .

വസ്തുത ഇതായിരിക്കെ , ഒരു മതപരിവർത്തന നിരോധന നിയമം വരുന്നു എന്ന ശ്രുതി കേട്ടപ്പോഴേ ഗവൺമെന്റിനെതിരെ ഒപ്പ് ശേഖരണവുമായി ഇറങ്ങേണ്ട വല്ല കാര്യവുമുണ്ടോ? .
എത്ര പ്രതിഷേധ റാലികൾ സംഘടിപ്പിച്ചാലും ക്രിസ്തു ശിഷ്യർക്കെതിരെയുള്ള പീഡനം കുറയാൻ പോകുന്നില്ല .

ഒരു കാര്യം കൂടി: ഇന്നത്തെ സഭയും , ചെയ്യുന്ന സുവിശേഷ- ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലഭ്യമായ ഭൗതിക നന്മകളിലും സംതൃപ്തിയടഞ്ഞ് ആലസ്യത്തിലാണ് .
സ്വയ നിർമ്മിത സുരക്ഷിത മേഖലയിൽ നിന്നും സുവിശേഷകരെയും വിശ്വാസികളെയും പുറത്തെത്തിക്കാനായി ഒരു പീഡനം ഇനിയും ഉണ്ടാകാനും സാധ്യത കൂടുതലാണ് . അതിനു മുമ്പേ പത്തായത്തിൽ നിന്നും കൂടുതൽ ക്രിസ്തു ശിഷ്യർ പുറത്ത് ഇറങ്ങുന്നതല്ലേ നല്ലത്?

ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ
Mob: 08016306857

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.