ലേഖനം:സ്വന്ത കൈവേലയിൽ ഉല്ലസിക്കുന്നവർ | ബിജു പി. സാമുവൽ

മണ്ണു കൊണ്ട് ചോറുണ്ടാക്കി , ഇലകൾ രൂപയാക്കി , “കഞ്ഞീം കറീം” കളിച്ച് ഉല്ലസിച്ച്‌ നടന്ന ഒരു ബാല്യം എല്ലാവർക്കും കാണും . നാല് കമ്പുകൾ നാട്ടി അതിനു മുകളിൽ ചില്ലകൾ വിരിച്ച് ഇലകളും ചാക്കും ഒക്കെ നിരത്തി വീടുണ്ടാക്കിയ ആ പഴയ കാലം .
നമ്മുടെ കൈ കൊണ്ട് ഉണ്ടാക്കിയ
ചിരട്ട അപ്പവും ഓലപ്പന്തും പേപ്പർ വിമാനവും ആയിരുന്നു അന്ന് നമുക്ക് സന്തോഷം നൽകിയിരുന്ന ബിംബങ്ങൾ .

എന്നാൽ പ്രായം കൂടുന്നതനുസരിച്ച് ബിംബങ്ങൾക്ക് വ്യത്യാസം ഉണ്ടാകുന്നു എന്നേയുള്ളൂ .
മനുഷ്യന് എന്നും തന്റെ
കൈ കൊണ്ട് ഉണ്ടാക്കുന്നവയിൽ ഒരു പ്രത്യേക ഉല്ലാസം ഉണ്ടാകാറുണ്ട് .

ഒരിക്കൽ യിസ്രായേൽ ജനവും തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചു കൊണ്ടിരുന്നു , പക്ഷെ അവർ ആനന്ദം കണ്ടെത്തിയത് ഒരു കാളക്കുട്ടിയിൽ ആയിരുന്നു എന്നു മാത്രം
(അപ്പൊ. പ്രവൃത്തി. 7:41) .
സൃഷ്ടാവിൽ ആമോദിക്കേണ്ട ജനം സ്വന്ത സൃഷ്ടിയിൽ സന്തോഷിക്കുവാൻ ആരംഭിച്ചു .
അത് ദൈവത്തെ തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമായിരുന്നു .

post watermark60x60

നമ്മുടെ ആരുടെയും ഭവനത്തിൽ കാളക്കുട്ടിയുടെ വിഗ്രഹം ഇല്ലെങ്കിലും നമുക്ക് സന്തോഷം തരുന്ന കുറെ കൈപ്പണികൾ നമ്മോടൊപ്പമുണ്ട് . നാം തന്നെ പടുത്തുയർത്തിയ പ്രസ്ഥാനങ്ങൾ , നമ്മുടെ സ്വന്തം എന്ന് പറയാൻ ആകുന്ന കുറെ “മെഗാ മിനിസ്ട്രികൾ”.
ദൈവരാജ്യ കെട്ടുപണി എന്ന പേരിൽ സ്വന്ത മഹത്വത്തിനും പെരുമയ്ക്കുമായി പടുത്തുയർത്തുന്ന
ഈ സാമ്രാജ്യങ്ങളൊക്കെ തകരാൻ ഇനി അധികം താമസിക്കില്ല .

വിദ്യാഭ്യാസം , ജോലി , വീട് , സൗകര്യങ്ങൾ , പാരമ്പര്യം , വെട്ടിപ്പിടിച്ച നേട്ടങ്ങൾ ..അങ്ങനെ പോകുന്നു പലർക്കും സന്തോഷം നൽകുന്ന ബിംബങ്ങൾ .
മറ്റു ചിലർക്ക് മക്കളാണ് ബിംബങ്ങൾ . ഏലി പുരോഹിതൻ ദൈവത്തെക്കാൾ അധികം പുത്രന്മാരെ ബഹുമാനിച്ചിരുന്നു
(1ശമു. 2:29) . അമിത പുത്ര വാത്സല്യം
ദൈവനിരാസത്തിന് ഇടയാക്കി . അവസാനം മഹത്വം യിസ്രായേലിൽ നിന്നും പൊയ്പ്പോകുന്നതിന് അതും ഒരു കാരണമായി .

ഇതിലൊന്നും സന്തോഷിക്കുന്നത് തെറ്റാണെന്നല്ല . പക്ഷേ ആത്യന്തികമായ സന്തോഷമായി ഇത് മാറുന്നതാണ് പ്രശ്നം .
ദൈവത്തിൽ നിന്നുള്ള സന്തോഷത്തിൽ നിന്ന് ഇവ നമ്മെ അകറ്റുന്നുണ്ടെങ്കിൽ അവയെല്ലാം നമ്മുടെ വിഗ്രഹങ്ങളാണ് .
കാശും അധികാരവും ഉള്ളവനെ ശക്തിമാൻ ആയി പരിഗണിച്ച്
വ്യക്തി പൂജ ചെയ്യുന്നതും വർദ്ധിച്ചു വരുന്നു . യിസ്രായേൽ കാളക്കുട്ടിയുടെ മുമ്പിൽ പൂജിച്ചതു പോലെയുള്ളതാണ് ഇവയെല്ലാം .

അദൃശ്യനായ ദൈവത്തെ ദൃശ്യവൽക്കരിക്കാൻ യിസ്രായേൽ നടത്തിയ
ശ്രമമാണ് കാളക്കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടതിലൂടെ വെളിപ്പെടുന്നത് .

ദൈവം തന്റെ അദൃശ്യ ലക്ഷണങ്ങളാണ് ലോക സൃഷ്ടി മുതൽ പ്രവർത്തിയിലൂടെ വെളിപ്പെടുത്തിയിരുന്നത് (റോമർ 1:19-20) .
പക്ഷേ യിസ്രായേലിന് തങ്ങളുടെ കണ്ണിന് മുന്നിൽ കാണാനാവുന്ന ദൃശ്യ രൂപത്തിലുള്ള ദൈവത്തെ മതി . അതുകൊണ്ട് അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി തീർത്തു ( സങ്കീർ.106:19-20 ) .

എന്തുകൊണ്ടാണ് കാളയുടെ പ്രതിമ ഉണ്ടാക്കിയത് ? Apis എന്ന ഈജിപ്ഷ്യൻ ദേവന്റെ രൂപത്തിലാണ് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയത് . ജീവനുള്ള കാളകളെ ഈജിപ്തുകാർ ആരാധിച്ചിരുന്നു . ഫൊയ്നീഷ്യയിലും സിറിയയിലും കാള ഒരു വിശുദ്ധ മൃഗം ആയിരുന്നു . ശക്തിയുടേയും ചൈതന്യത്തിന്റെയും ദീർഘകാലം നശിക്കാതെ നിലനിൽക്കുന്നതിന്റെയും പ്രതീകമായിരുന്നു കാളകൾ അവർക്ക്
( NIV Bible Dict.) .

പൊതു സമൂഹത്തിൽ നിലനിന്നിരുന്ന ആരാധനയുടെ രൂപം യിസ്രായേൽ കടമെടുത്തു . ചുറ്റുവട്ടത്ത് നടക്കുന്ന ജാതീയ ആരാധനയിലെ പല സങ്കൽപങ്ങളും കടമെടുത്ത് സത്യ ദൈവാരാധനയിലേക്ക് കൂട്ടിച്ചേർക്കുന്നത് ഇന്ന് സാധാരണമായിട്ടുണ്ട് . ജ്യോതിഷികളുടെയും ലക്ഷണം പറയുന്നവരുടെയും ജോലിയാണ് ഇന്ന് പല സുവിശേഷകന്മാരും ഏറ്റെടുത്തിരിക്കുന്നത് .
ചില സുവിശേഷ മീറ്റിംഗുകളിലും ദൈവത്തെ ദൃശ്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .
യേശുവിന്റെ ക്രൂശു മരണമോ ഉയർപ്പിന്റെ മഹത്വമോ യേശുക്രിസ്തുവിലൂടെ മാനവ ജാതിക്ക് ലഭിക്കുന്ന ദൈവിക അനുഗ്രഹങ്ങളോ ഒന്നും
അവിടെ ഒരു പ്രസംഗ വിഷയമേ ആകുന്നില്ല. മീറ്റിംഗിനു വരുന്നവന്റെ
വീടിന് എത്ര മൂല ഉണ്ടെന്നും പട്ടിക്ക് എത്ര കാൽ ഉണ്ടെന്നും കാറിന്റെ ടയറിന്റെ കളർ ഏതാണെന്ന് പറഞ്ഞുമൊക്കെ
ദൈവത്തെ ദൃശ്യവൽക്കരിക്കുകയാണ് അവർ . ഇത് പറഞ്ഞാലേ ദൈവമുണ്ടെന്നും അവന്റെ പ്രവൃത്തി വലുതാണെന്നും ആളുകൾ വിശ്വസിക്കുകയുള്ളത്രേ . ജനത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ദൈവത്തെയും അവന്റെ സ്വഭാവത്തെയും വികൃതമായി അവതരിപ്പിക്കാൻ മിടുക്കുള്ള ഈ ആധുനിക അഹരോന്മാർ
ജനത്തെ കെട്ടഴിഞ്ഞ്
നടക്കുവാൻ പ്രേരിപ്പിക്കുന്നവരാണ് .
അവർ ദൈവത്തിന്റെ സത്യത്തെ വ്യാജമാക്കി മാറ്റുന്നവരാണ്
(റോമർ 1:25 ) .

അടയാളങ്ങളും തെളിവുകളും എല്ലാം കണ്ടതു കൊണ്ട് വിശ്വസിക്കുന്നവൻ അല്ല കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാർ എന്ന് കർത്താവ് തന്നെയല്ലേ പറഞ്ഞത് (യോഹ. 20:29) .

വിശ്വാസവും അദൃശ്യതയും തമ്മിൽ വലിയ ബന്ധമുണ്ട് . എന്നാൽ ഇന്ന് ദൃശ്യമായവയിൽ മാത്രമുള്ളതായി നമ്മുടെ വിശ്വാസം അധ:പതിച്ചിരിക്കുന്നു . അദൃശ്യമായവയെപ്പറ്റിയുള്ള വിശ്വാസമോ കാഴ്ചപ്പാടോ ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു . കണ്ണിനു മുമ്പിലുള്ള ഈ ലോകത്തിന്റെ കാഴ്ചകളിൽ മാത്രമാണ് ഇന്ന് നാം ആനന്ദം കണ്ടെത്തുന്നത് .

യിസ്രായേലിന്റെ ദൈവമായ യഹോവയിൽ പ്രമോദിക്കേണ്ട ജനം കാളക്കുട്ടിയിൽ ആനന്ദം കണ്ടെത്തിയപ്പോൾ എന്തായിരുന്നു ദൈവത്തിന്റെ പ്രതികരണം? . “ദൈവവും പിന്തിരിഞ്ഞു” എന്നാണ് നാം വായിക്കുന്നത് ( പ്രവൃത്തി. 7:42 ) .

ദൈവം ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെയാണ് . എന്നാൽ ദൈവത്തിന്റെ വിളിക്കും കാത്തിരിപ്പിനും ചെവി കൊടുക്കാതെ ജീവിതം തുടർന്നാൽ ദൈവവും കൈവിടും . ദൈവം ഒരു മനുഷ്യനെ കൈ വിടുന്നതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം . പിന്നീട് രക്ഷിക്കാൻ ആർക്കും ആവില്ലല്ലോ .

ഇത് ഞാൻ എന്റെ ധന മാഹാത്മ്യത്താൽ , എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്ന് പ്രശംസിച്ച നെബൂഖദ്നേസർ കാളയെപ്പോലെ പുല്ലു തിന്നത് സ്വന്ത കൈവേലകളിൽ പ്രശംസിക്കുന്ന എല്ലാവർക്കും ഉള്ള മുന്നറിയിപ്പ് കൂടിയാണ് (ദാനിയേൽ 4:30-32) .

മനുഷ്യന്റെ കൈ വേലകളിൽ ദൈവം സന്തോഷിക്കുന്നില്ല .
മനുഷ്യന്റെ കൈകൊണ്ട് നിർമ്മിച്ച ആലയങ്ങളിൽ പോലും ദൈവം വസിക്കുന്നില്ലല്ലോ (പ്രവൃത്തി. 7: 48, 17:24) .

ദൈവം മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കുന്ന നിത്യ ഭവനവും കൈപ്പണിയല്ല . നിത്യതയിൽ മനുഷ്യന്റെ കൈ കൊണ്ട് നിർമ്മിച്ച ഒന്നും ഉണ്ടാകയുമില്ല .

ദൈവം എപ്പോഴും സന്തോഷിക്കുന്നത് തൻെറ കൈ കൊണ്ട് നിർമ്മിച്ച മനുഷ്യനിൽ ആണ് . നമ്മുടെ ഉല്ലാസത്തിന്റെ പ്രഭവ കേന്ദ്രം ദൈവം തന്നെ ആയി മാറട്ടെ.
അതോ നമ്മുടെ കൈ വേലകളിൽ, പ്രവർത്തനങ്ങളിലാണോ നമ്മുടെ പ്രമോദം?

-ADVERTISEMENT-

-ADVERTISEMENT-

You might also like