ലേഖനം:വസ്ത്ര ധാരണവും തെറ്റിധാരണവും | സുവി. ജിനു തങ്കച്ചൻ. കട്ടപ്പന

സഭയ്ക്കകത്തും പുറത്തും സ്ത്രീകളുടെ വസ്ത്രം ഒരുപാട് ചർച്ചയ്ക്ക് വിധേയമാകാറുണ്ട്. എല്ലാ കാലത്തും പതിവ് മുടങ്ങാതെ സംഭവിക്കുന്നുമുണ്ട്. പ്രയോഗികത, യുക്തി, കാലാവസ്ഥ, സൗന്ദര്യം ഇവയെല്ലാം വസ്ത്രത്തെ സ്വാധീനിക്കുന്നുണ്ട്. സംസ്കാരവും സംസ്കൃതിയും അതിനപ്പുറത്ത് ഒരു പ്രസ്താവനയാണ് സന്ദേശമാണ് വസ്ത്രം. നിക്കാബും ബുർക്കയും പർദ്ദയുമൊക്കെ ഒരു സന്ദേശമാണ്. നമ്മെ കാണുന്നവർക്ക് പ്രഥമ ദൃഷ്ട്യ എന്ത് സന്ദേശമാണ് ലഭ്യമാക്കുക.
ജീൻസും ടോപ്പും അണിയുന്ന സ്ത്രീ സമൂഹത്തോട് അവഞ്ജ കാണിക്കുന്ന ആളുകൾ ധാരാളമാണ്. നിലവാരം കുറഞ്ഞ വസ്ത്രമായി അത് മുദ്ര കുത്തപ്പെട്ടു. സ്ത്രീ ഏതു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കുന്നത് പുരുഷന്മാരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിൽ അതൊരു കൈ കടത്തൽ അല്ലേ എന്നൊരു സംശയം തോന്നാം. ഈ വിഷയത്തിൽ ഒരു പരിഹാരം ആവശ്യമാണ്. അനിവാര്യമായ എല്ലാ തലങ്ങളും ചർച്ച ചെയ്യപ്പെടണം. പൊതുവായ വീക്ഷണം, സ്ത്രീപക്ഷ വീക്ഷണം, പുരുഷ മനഃശാസ്ത്ര വീക്ഷണം, ദൈവ ശാസ്ത്ര വീക്ഷണം അങ്ങനെ സമസ്ത മേഖലകളും ഉൾപ്പെടുത്തി പ്രസ്തുത വിഷയത്തിന്റെ വിചാരണ നടത്തുകയാണ്. വിധി വായനക്കാർക്ക് തീരുമാനിക്കാം.
post watermark60x60
പൊതുവായ വീക്ഷണം
വസ്ത്രം ആത്യന്തികമായി അത് ധരിക്കുന്നവന്‍റെ തിരഞ്ഞെടുപ്പും സൗന്ദര്യപരമായ ഭാവനകളോട് ചേര്‍ന്ന് നില്‍ക്കുന്നതുമാകാം. എന്നാല്‍, അപരന്‍റെ കാഴ്ചയെക്കുറിച്ചുള്ള കരുതല്‍കൂടി ചേര്‍ന്നിട്ടാണ് അത് പൂര്‍ണ്ണമാകുന്നത്. ഒരാള്‍ ധരിക്കുന്ന വസ്ത്രം അപരന്‍റെ ആസ്വാദനത്തിനോ വലിയിരുത്തലിനോ ഒക്കെ വിധേയമാകാറുണ്ട്. ഒരു സമൂഹത്തില്‍ നിലനിന്ന് പോരുന്ന മൂല്യങ്ങളുടെയും സദാചാര ക്രമങ്ങളുടെയും ഒക്കെ സ്വാധീനത്തിലാണ് പലപ്പോഴും അത് നടക്കുന്നത്. പുരുഷന് മേല്‍‌ക്കൈ ഉള്ള ഒരു വ്യവസ്ഥയില്‍ വസ്ത്രശൈലികകള്‍ രൂപപ്പെടുത്തുന്നതില്‍ അവന്‍റെ രുചികളും താല്പര്യങ്ങളും പ്രധാനമാകാറുണ്ട്. സ്വതന്ത്രമായ ചലനത്തിതനും ഇടപെടലുകള്‍ക്കും സാധ്യമായ വസ്ത്രങ്ങള്‍ അവന്‍ തെരഞ്ഞെടുക്കുകയും സങ്കീര്‍ണവും ശരീരത്തെ നിയന്ത്രിക്കുന്നതും പുരുഷക്കാഴ്ചകള്‍ക്ക് സുഖപ്രദവുമായ ഉടയാടകള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു പോന്നിട്ടുണ്ട്. സംസ്‌കാര വിനിമയങ്ങളുടെയും പൊതു ഇടങ്ങളിലേക്കുള്ള വരവിന്‍റെയും ഒക്കെ ഫലമായി വസ്ത്രങ്ങളില്‍ അവള്‍ പുതിയത് തേടുകയും സ്വന്തം താല്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് സ്വതന്ത്രമായി ചലിക്കാനനുവദിക്കുന്ന ശരീരത്തിന്‍റെ ഒളിപ്പിച്ച് വെക്കലിനെ ഭേദിക്കുന്നവ തെരഞ്ഞെടുക്കുകയും ഉണ്ടായി. പലപ്പോഴും ഇവ പുരുഷബോധങ്ങളെ വിറളിപിടിച്ചിച്ചിട്ടുണ്ടത്.
സ്ത്രീപക്ഷ വീക്ഷണം
സ്ത്രീ വസ്ത്രം മാത്രം വിമർശന വിധേയമാകുമ്പോൾ ഏകപക്ഷീയമായ നിലപാടുകൾ യുക്തിസഹമല്ല.
വസ്ത്രം എന്ന വിഷയം ചർച്ചക്ക് വിധേയമാക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന വസ്തുത സ്ത്രീകളുടെ നിലപാടാണ്.
പ്രസ്തുത വിഷയത്തിൽ ഒരു സ്ത്രീഭാഷ്യം പറയുകയാണ്. വെറും സ്ത്രീയല്ല നവോത്ഥാനമുൾക്കൊണ്ട സ്ത്രീ.
നേര്‍മ്മയുള്ള, ധരിക്കാന്‍ സൗകര്യപ്രദമായ, മനോഹരമായി ലെഗ്ഗിന്‍സ് ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം അതേ വേഷത്തില്‍ അവളെ കണ്ടാല്‍ തനിക്ക് ലൈംഗീക ഉത്തേജനമുണ്ടാകുന്നവെന്ന പുരുഷവാദത്തോട് ഒത്തുതീര്‍പ്പുണ്ടാക്കാനുള്ളതല്ല. പര്‍ദ ധരിച്ച പെണ്ണും ചുരിദാരിട്ടവളും സാരി ധരിച്ച പെണ്ണും ഒക്കെ ഓരോ പുരുഷനും വ്യത്യസ്ത വൈകാരികതകള്‍ ഉണ്ടാക്കമെന്നിരിക്കെ അതിന്മേലുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീകളില്‍ നിക്ഷിപ്തമല്ല. പെണ്ണിന്‍റെ വസ്ത്രം പുരുഷനില്‍ ഉണ്ടാക്കുന്ന വൈകാരികമായ തരംഗങ്ങള്‍ അവനെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുമെന്നും അതിനാല്‍ അവന്‍റെ ലൈംഗീകചോദനകളെ ഉണര്‍ത്താത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിയമം വെച്ചതാരാണ്. മനുഷ്യന് ജീവശാസ്ത്രപരമായി സ്വലിംഗത്തില്‍പ്പെട്ടതോ ആയവരുടെ എതിര്‍ലിംഗത്തില്‍പ്പെട്ടതോ ആയവരുടെ ശരീരത്തിന്‍റെ കാഴ്ചകൊണ്ട് ലൈംഗീകമായി ഉത്തേജനമുണ്ടാവാം. പക്ഷേ അത് വസ്ത്രത്തിൽ മാത്രം കേന്ദ്രീകൃതമാകരുത്.
സ്ത്രീകള്‍ ധരിക്കുന്ന കംഫര്‍ട്ടബില്‍ ആയ ഉടുപ്പകളൊക്കെ ഏതെങ്കിലും ഒരിടത്തുവെച്ച് സമൂഹത്തിന്‍റെ വിലക്കോ വിചാരണയോ നേരിടാറുണ്ട്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ മാത്രമല്ല, അയഞ്ഞവപോലും. എഴുപതുകളിലെ ഫാഷനുടപ്പായ നൈറ്റികള്‍ വീട്ടകങ്ങളിലേക്ക് മറഞ്ഞുപോയത് നോക്കൂ.
ശ്വാസം വിട്ട് നടക്കാന്‍ പറ്റുന്ന, ഒരു ബൈക്കിന്‍റെ ഇരുവശങ്ങളിലേക്ക് കാലെടുത്തിടാവുന്ന, സുഗമമായി വേഗത്തിലെടുത്ത് ഇടാവുന്ന, സ്വയം തെരഞ്ഞെടുക്കുന്ന ഉടുപ്പുകള്‍ ധരിക്കുന്ന പിടിച്ചുകെട്ടലില്ലാത്ത ഈ വസ്ത്രങ്ങളോടുള്ള ഭീതി ആണാധിപ്യത്തിന്റേതാണ്. സ്വന്തം ഭാര്യയും സഹോദരിയും മക്കളും വസ്ത്രം ധരിക്കുമ്പോൾ അവരെ ഉൾക്കൊള്ളാൻ കഴിയുന്നു എങ്കിൽ എന്തിനാണ് മറ്റുള്ളവരോട് ഈ അസഹിഷ്ണുത. പുരുഷ സമൂഹത്തിന്റെ ഇടുങ്ങിയ വിലയിരുത്തലുകൾക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.
( സ്ത്രീ വീക്ഷണത്തിലെ വാക്കുകൾ എഴുത്തുകാരന്റ വിലയിരുത്തൽ അല്ല. യഥാർത്ഥ സ്ത്രീ വീക്ഷണം പകർത്തിയതാണ്)
പുരുഷ മനഃശാസ്ത്ര വീക്ഷണം
സൃഷ്ടാവായ ദൈവം മനുഷ്യനു നൽകിയ അനുഗ്രഹമാണ് ലൈംഗീകത. ഈ ലൈംഗീകത നിലനിൽക്കുന്നത് സ്ത്രീ പുരുഷ ആകർഷണത്തിലാണ്. സ്ത്രീ ശരീരത്തോട് പുരുഷന് ആകർഷണം തോന്നിയില്ലെങ്കിൽ പ്രത്യുല്പാദന പ്രക്രിയ തന്നെ അവതാളത്തിലാകും. ഈ ആകർഷണീയത ദൈവദത്തമാണ്. കാരണം ലൈംഗീകതയിൽ ഇത് അനിവാര്യവുമാണ്.
സ്ത്രീക്ക് അത്തരം ആകർഷണം ഇല്ല എന്നത് ശാസ്ത്രം സമ്മതിക്കുന്നു. അപ്പോൾ കാഴ്ചയിൽ പുരുഷന് തോന്നുന്ന ആകർഷണമാണ് ലൈംഗീകതയുടെ അടിസ്ഥാനം. പുരുഷനു തോന്നുന്ന ഈ ആകർഷണമാണ് പ്രകൃതിയുടെ നിലനില്പ്. ഇന്ത്യയിലെ പുരുഷന്മാർക്ക് ഇതല്പം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന ഒരുപാട് അനാചാരങ്ങളുടെ ഫലമാണത്. അതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണം അധികം ശരീരവടിവ് വ്യക്തമാക്കുമ്പോൾ അതിൽ ഒരു പുനരാലോചന ആവശ്യമാണ്. ഈ പ്രകൃതിസത്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഇത് ഉൾക്കൊണ്ട് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. വിശ്വാമിത്രന്റെ തപസിളക്കുന്ന മേനകമാരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അത് തികച്ചും അപലപനീയമാണ്. സൗന്ദര്യപരമായി സ്ത്രീ ശരീരത്തിന് ഇണങ്ങിയ വസ്ത്രങ്ങൾ അംഗീകരിക്കണം. അധികം മ്ലേച്ഛമല്ലാത്ത സ്ത്രീ വസ്ത്രത്തെ പുരുഷൻ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ ഈ സാങ്കേതികത്വം അംഗീകരിക്കപ്പെടണം.
ദൈവ ശാസ്ത്ര വീക്ഷണം
വസ്ത്രധാരണം സംബന്ധിച്ചു മാത്രമല്ല, സദാചാര മൂല്യങ്ങളുടെ ഒരു സംഹിത തന്നെയാണ് വിശുദ്ധ വേദപുസ്തകം. വസ്ത്രം അതിലുൾപ്പെട്ടതാണ്. പ്രാരംഭം മുതൽ തന്നെ ഈ ആശയം ദൈവീകമാണ്.
പാപം ചെയ്ത മനുഷ്യൻ ഇല കൊണ്ട് അരയാട ധരിച്ചപ്പോൾ ദൈവം അവന് തോൽകൊണ്ട് ഉടുപ്പാണ് ഉണ്ടാക്കി കൊടുത്തത്. അല്പ വസ്ത്ര ധാരിയായി മനുഷ്യനെ കാണാൻ ദൈവം ആഗ്രഹിച്ചില്ല എന്നല്ല അനുവദിച്ചില്ല. ആയതിനാൽ തന്നെ പാപത്തിനും വസ്ത്രമില്ലായ്മക്കും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പക്ഷേ ആധുനിക മനുഷ്യൻ കൂടുതൽ വിവസ്ത്രനാകുകയാണ്. പാപത്തിന്റെ വ്യക്തിപ്രഭാവമാണത്. അല്പ വസ്ത്രത്തിൽ ആത്മരതി കണ്ടെത്തുന്നു എന്നാണ് മനശാസ്ത്ര ഭാഷ്യം.
അത്യാവശ്യം മാത്രം മറച്ചാൽ പോരാ മാന്യമായിരിക്കണം. “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.” (1 തിമൊ 2.9). സംസ്കാരത്തിനും സദാചാരത്തിനും യോഗ്യമായ വസ്ത്രം എന്നാണർഥം.അതിലുപരി ഉയർത്തി പിടിക്കുന്ന ആത്മീയ മൂല്യത്തിനു യോജിച്ചതും. വസ്ത്രം വ്യക്തിത്വ സംസ്കാര സന്ദേശം അടങ്ങിയതാകണം.
പക്ഷേ എല്ലാ വസ്ത്രങ്ങൾക്കെതിരെയും പടവാൾ ഉയർത്താൻ പാടില്ല. ക്രൈസ്തവ ലോകത്തെ ആത്മീയ സദാചാരക്കാർ വീക്ഷണകോണുകൾ വ്യത്യാസപ്പെടുത്തണം. പുരുഷന്മാർ പാന്റു ധരിച്ചപ്പോഴും സ്ത്രീകൾ ചുരിദാരിൽ പ്രവേശിച്ചപ്പോഴും കാഴ്ച മങ്ങിയ ഈ കൂട്ടർ വാളോങ്ങിയിരുന്നു. കാലത്തെ ഉൾക്കൊള്ളാനും മാന്യമായത് അംഗീകരിക്കാനും മനസ്സ് വെയ്ക്കണം. പക്ഷേ ശരീര വടിവ് അത്രമേൽ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണ രീതി നിശ്ചയമായും നിരുത്സാഹപ്പെടുത്തണം. സ്ത്രീകൾക്ക് ജീൻസും ടോപ്പും ധരിച്ച് മാന്യമായി ശരീരം മറയ്ക്കാൻ കഴിയുന്നു എങ്കിൽ അത് അംഗീകരിക്കപ്പെടണം. അവർക്ക് അത് സൗന്ദര്യപരമായി ഇണങ്ങിയതാണെന്ന് പുതു തലമുറ സമ്മതിക്കുന്നു. അനാവശ്യ വ്യാഖ്യാനം നൽകി ജനത്തെ മടുപ്പിക്കുന്ന പരീശത്വം അവസാനിപ്പിക്കണം. മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും. ആ കണ്ണട അഴിച്ചു വെച്ചിട്ടു വേണം നോക്കാൻ.
വിചാരണ അവസാനിക്കുകയാണ്. ബോധ്യം അനുസരിച്ച് വിധിയെഴുതുക. ഉടയാടയുടെ ഈ ഊരാകുരുക്കിന് പരിഹാരം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
-ADVERTISEMENT-

-ADVERTISEMENT-

You might also like