ലേഖനം:ദീക്ഷയിലെ വീക്ഷണം | പാസ്റ്റർ സിനോജ് ജോർജ്ജ്, കായംകുളം

ദീക്ഷ അഥവാ താടി പെന്തക്കോസ്ത് വിശ്വാസികളിൽ ആത്മീയതയ്ക്ക് വിപരീതം എന്ന അലിഖിത ധാരണ പുലർത്തുന്നു. ആചാരങ്ങൾ വിശ്വാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നത് സാധാരണമാണ്. മതങ്ങളും വിശ്വാസങ്ങളും കാലഘട്ടത്തിന് അനുസൃതമായതോ എതിർദിശയിലോ ചില ആചാരങ്ങളും നിലപാടുകളും ഉണ്ടാകും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ വിശുദ്ധ വേദപുസ്തകത്തിന് ഊന്നൽ നൽകി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എന്ന അവകാശവാദമുന്നയിക്കുന്ന പെന്തകോസ്ത് സമൂഹം ഇതിൽ വചനം എന്ത് നിഷ്കർഷിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

താടിയും വേദപുസ്തകവും:

വേദപുസ്തകത്തിൽ ഭൂമിയും മനുഷ്യരും അവരുടെ ഉത്പത്തിയും പുറപ്പാടും നിയമാവലിയും സംഖ്യാക്രമവും ആവർത്തിച്ച് ഉറപ്പിച്ച് പഞ്ച ഗ്രന്ഥങ്ങൾ, ചരിത്രവും സംഗീതവും പ്രവചനങ്ങളും അടങ്ങിയ പഴയനിയമം. നാല് സുവിശേഷവും, ചരിത്രവും വിവിധ ലേഖനങ്ങളും വെളിപാടും ചേർന്ന പുതിയനിയമം. ഇവ പരിശോധിക്കുമ്പോൾ താടി എന്ത് എന്ന് മനസ്സിലാക്കാം. ഈ 66 പുസ്തകത്തിൽ ആലേഖനം ചെയ്തിട്ടുള്ള എല്ലാ പുരുഷന്മാരും താടിയുള്ളവർ ആയിരുന്നു. എന്നാൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫറവോമാർ, മിസ്രയീമ്യർ, അമോര്യയ്യർ, ഹിവ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, യെബൂസ്യർ, ആമാലേക്യർ, അമോന്യർ കൂടാതെ പുതിയനിയമത്തിലെ റോമാക്കാർ വിവിധ രാജാക്കന്മാർ എന്നിവർ താടി ക്ഷൗരം ചെയ്യിക്കുന്നവരും കത്തികൊണ്ട് തലമുടിയുടേയും താടിയുടേയും അരിക് വടിക്കുന്നവരും ആയിരുന്നു.

താടിയും വേദപുസ്തക നിയമങ്ങളും:

പഴയനിയമത്തിൽ മാത്രം 21 ഇടങ്ങളിൽ താടിയെ കുറിച്ച് എഴുതിയിരിക്കുന്നു. ആദ്യമായി കാണുന്നത് ലേവ്യ.19: 27-ൽ താടിയുടെ അറ്റം വിരൂപം ആക്കരുത് എന്നും ലേവ്യ. 21 :5 താടിയുടെ അരിക് വടിയ്ക്കാൻ പാടില്ല എന്ന കർശന നിയമം ഉണ്ട്. പുരോഹിതന്മാർക്ക് മാത്രമല്ല എല്ലാ പുരുഷന്മാർക്കും ബാധകമാണ് ഈ നിയമം. എന്നാൽ വടിക്കുവാൻ ഉള്ള കല്പന കുഷ്ടം വന്ന് സൗഖ്യം ആയി എന്ന് പുരോഹിതന് കണ്ട് ബോദ്ധ്യപ്പെടുവാൻ മാത്രം (ലേവ്യ.13:29,30; 14:9). 2ശമു.10:4 ദാവീദിന്റെ കൂടെ ഉണ്ടായിരുന്നവരെ ഹാനൂൻ താടി വടിച്ച് പരിഹസിച്ചപ്പോൾ ബാക്കി കൂടെ വടിച്ച് കളയാതെ, വളർന്നു യോജിക്കുന്നത് വരെ പുറത്തിറങ്ങാതെ യെരിഹോവിൽ തന്നെ അവരെ പാർപ്പിച്ചു.
ഇസ്രായേലിന്റെ എല്ലാ രാജാക്കന്മാരും പുരോഹിതന്മാരും താടി ഉള്ളവരായിരുന്നു. 1.ശമുവേൽ.21:13 ദാവീദ് താടിയിൽ തുപ്പൽ ഒലിപ്പിച്ചു എന്ന് എഴുതിയിരിക്കുന്നു. അഭിഷിക്തർ എല്ലാം താടി വളർത്തിയിരുന്നു കാരണം സങ്കീ.133:2-ൽ അഭിഷേക തൈലം താടിയിലൂടെ ഒഴുകുന്നു.

എന്നാൽ താടി വടിക്കുകയോ വലിച്ചു പറിക്കുകയോ ചെയ്യുന്നത് പഴയനിയമത്തിൽ വലിയ തെറ്റ് ആയിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്. മെഭിബോശത്ത് താടി ഒതുക്കി ഇല്ല എന്നും, എസ്രാ ഒമ്പതാം അദ്ധ്യായത്തിൽ താടിരോമം വലിച്ച് പറിച്ച് കുത്തിയിരുന്നു എന്നും യെശയ്യാ പ്രവചനത്തിൽ അശൂർ രാജാവിനെ കൊണ്ട് ക്ഷൗരം ചെയ്യിക്കും, തലമൊട്ടയടിച്ചു താടി കത്രിക്കും, യിരമ്യാ പ്രവചനത്തിൽ ഇപ്രകാരം കാണുവാൻ സാധിക്കുന്നു. ഇവയെല്ലാം പഴയ നിയമപ്രകാരം താടി വടിക്കുന്നത് ചട്ടവിരുദ്ധം ആണ് എന്ന് മനസ്സിലാക്കാം. റബിമാരുടെ വ്യാഖ്യാനപ്രകാരം ഒരു യഹൂദൻ അഥവാ യിസ്രായേല്യൻ കത്തി ശരീരത്തിൽ ഉപയോഗിക്കുവാൻ പാടില്ല. നാസീർ വൃതസ്ഥൻ കത്തി മാത്രമല്ല കത്രികയും ഉപയോഗിക്കുവാൻ പാടില്ല. രക്തം പുറത്തുവരുന്ന ഒന്നും തന്നെ ശരീരത്തിൽ പാടില്ല എന്നാണ് പ്രമാണം. ഒരു യഹൂദന് ജീവിതകാലത്ത് പരിശ്‌ചേദനയിൽ മാത്രമാണ് കത്തി ഉപയോഗിക്കുവാൻ ഉള്ള ഏക അവസരം.

താടിയും പുതിയനിയമവും

യേശുവും ശിഷ്യന്മാരും സ്നാപക യോഹന്നാനും മാത്രമല്ല ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്തീയ പുരുഷന്മാരും ദീക്ഷ വളർത്തിയിരുന്നു എന്ന് ചരിത്ര രേഖകളിൽ നിന്നും വ്യക്തമാണ്. താടിയെ കുറിച്ച് ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ പുതിയനിയമ സഭയിൽ ഇല്ലാ
യിരുന്നു ആയതിനാലാണ് ഈ വിഷയം അപ്പോസ്തലന്മാരുടെ ലേഖനങ്ങളിൽ ഒന്നും പ്രതിപാദിക്കാതെ ഇരുന്നത്. എന്നാൽ റോമൻ പട്ടാളക്കാരും ജനതയും സ്ത്രീ മുഖർ ആയിരുന്നു കാരണം ജാതീയ ആചാരമാണ്. ആർതർ വാൻകൗർ പറയുന്നത് അലക്സാണ്ടർ ചക്രവർത്തി സ്വവർഗ്ഗാനുരാഗി ആയിരുന്നതിനാൽ സ്ത്രീ മുഖനായി. അലക്സാണ്ടറിന്റെ കാലം മുതലാണ് പട്ടാളക്കാരും റോമൻ പുരുഷന്മാരും ക്ലീൻ ഷേവ് ചെയ്തു തുടങ്ങിയത്.

ക്ലീൻഷേവ് ചരിത്രത്തിലൂടെ.

ജോസീഫസ് എന്ന ചരിത്രകാരൻ എഴുതിയത് ക്ലീൻ ഷേവ് ആരംഭം കുറിച്ചത് മിസ്രയീമിൽ ആണ്. മിസ്രയീമിലെ ഭരണാധികാരിയായിരുന്ന ഒരു ഫറോ തന്റെ കാലത്ത് എടുത്ത ഒരു പ്രതിജ്ഞ ഇപ്രകാരമായിരുന്നു “ഇസ്രായേൽ സന്തതികളെ ഉന്മൂലനം ചെയ്യും വരെ ഞാൻ സ്ത്രീ മുഖൻ ആയിരിക്കും”. തുടർന്നുവന്ന ഫറവോൻ കൊട്ടാരത്തിൽ ഉള്ളവരെയെല്ലാം മുടിയും ശരീരത്തിലെ രോമങ്ങളും നീക്കം ചെയ്യുവാൻ ഉത്തരവിട്ടു എന്നാണ് ചരിത്രം. എന്നാൽ സഭാപിതാവായ യൂസേബിയസ് തന്റെ എഴുത്തുകളിൽ സോദോമ്യ പുരുഷന്മാർ സ്വവർഗ്ഗ അനുരാഗികളായി ക്ലീൻ ഷേവ് ചെയ്ത് സ്ത്രീയേ പോലെ ആകുവാൻ ശ്രമിച്ചു. പതിനാറാം നൂറ്റാണ്ടിലെ കവിയായ ക്രിസ്റ്റഫർ സ്മാർട്ടും ഇത് ശരിവയ്ക്കുന്നു. എന്നാൽ ബ്ലേഡ് കണ്ടുപിടിച്ചതാണ് ക്ലീൻ ഷേവിന്റെ പ്രചാരം ധൃതഗതിയിൽ ആക്കിയത്. 1876-ൽ ഫെഡററും ഓട്ടേ ക്യാമ്പ്ഫീയും ചേർന്ന് ഒരു വശം മാത്രം ഉള്ള റേസർ കണ്ടു പിടിച്ചു.

1895 -ൽ കിംഗ് ക്യാമ്പ് ജില്ലറ്റ് രണ്ട് വശമുള്ള റെസർ കണ്ടുപിടിച്ചു പേറ്റന്റ് നേടി. 1903 മുതൽ അമേരിക്കൻ പട്ടാളത്തിന് ഈ ബ്ലേഡും റേസറും നല്കി. ഒന്നാം ലോകമഹാ യുദ്ധകാലത്ത് (1914-1918) പട്ടാളക്കാരുടെ ഇടയിൽ ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. എന്നാൽ ഹോളിവുഡ് നടന്മാർ ‘ക്ലീൻഷേവ്’ ചെയ്ത് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതോടെ അമേരിക്കയിൽ ക്ലീൻഷേവിന് പ്രചാരം ലഭിക്കുകയും ഫാഷൻ ആകുകയും ചെയ്തു. പെന്തക്കോസ്തിന്റെ ആരംഭം ഈ കാലഘട്ടം (1901) ആയതിനാലും അമേരിക്കൻ മിഷനറിമാരുടെ സ്വാധീനവും ആയിരിക്കാം ശുശ്രൂഷകന്മാരുടേയും വിശ്വസികളുടെയും ക്ലീൻ ഷേവിന്റെ പിന്നിൽ എന്ന് അനുമാനിക്കാം.

താടിയും ശരീരശാസ്ത്രവും.

ആരോഗ്യ ശാസ്ത്രം അനുസരിച്ച് പുരുഷന് താടി നല്ലതാണ്. അലോപ്പതിയും ഹോമിയോപ്പതിയും ആയുർവേദവും ഒരുപോലെ ഇത് ശരിവയ്ക്കുന്നു. ഒരു വ്യക്തിയുടെ ശരീരഘടന, പാർക്കുന്ന സ്ഥലം, കാലാവസ്ഥ എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ശരീരത്തിൽ രോമ വളർച്ച ഉണ്ടാകുന്നത്. എന്നാൽ ഇന്ന് മനുഷ്യർ എല്ലാ സ്ഥലങ്ങളിലേക്കും കുടിയേറിപ്പാർക്കാൻ തുടങ്ങിയതിനാൽ ഈ വസ്തുത മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്. ഡാർവിനിസം വിശ്വസിക്കുന്നു എങ്കിലും പുരുഷൻറെ മുഖത്ത് ഇത്ര ക്രമീകൃതമായ രീതിയിൽ ദീക്ഷ രൂപപ്പെടുത്തിയത് ശാസ്ത്രലോകത്തിൽ പോലും അത്ഭുതം ഉളവാക്കുന്നു. ടെസ്റ്റാടെറോൺ എന്ന ഹോർമോൺ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ തല മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അഡ്രിനാൽ ആൻഡ്രോജൻ എന്ന ഹോർമോൺ പുരുഷനിലും സ്ത്രീയിലും ഉത്പാദിപ്പിക്കപ്പെടുകയും രോമവളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ മുഖരോമങ്ങൾക്കുള്ള ഹോർമോൺ സ്ത്രീകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ആയ ഡിഹൈഡ്രോടെസ്റ്റാടെറോൺ ആണ് പുരുഷന്റെ മുഖത്തെ രോമ വളർച്ചയ്ക്ക് കാരണം. ഈ ഹോർമോണിനെ പുരുഷ ഹോർമോൺ എന്നാണ് വിളിക്കുന്നത്.

താടിയും ഫാഷനും.

മനുഷ്യൻ എല്ലാ കാലത്തും ഫാഷന്റെ പിന്നാലെ പോകാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഫാഷനാണ് ‘ക്ലീൻ ഷേവ്’. ഇതിനെ ആത്മീയതയുടെ പുറംചട്ട ധരിപ്പിച്ച് ഇറക്കുമതി ചെയ്തപ്പോൾ പലരും ക്ലീൻഷേവ് ആത്മീയതയുടെ മുഖമുദ്രയായി കരുതി. ക്ലീൻഷേവ് പുരുഷന്മാർക്ക് മുഖകാന്തിയും സൗന്ദര്യവും പ്രായക്കുറവും തോന്നിക്കും എന്ന് ചിലരുടെ അഭിപ്രായം. എന്നാൽ ഇതിനെ ഉപദേശ വൽക്കരിക്കാനും നിർബന്ധമാക്കാനും സാധ്യമല്ല. ഇരുപതാം നൂറ്റാണ്ടിൽ ഹോളിവുഡിനെയും ബോളിവുഡിനെയും പിന്തുടർന്നാണ് പുരുഷന്മാർ ഏറിയപങ്കും ക്ലീൻഷേവ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാള സിനിമയുടെ സ്വാധീനമാണ് കേരളത്തിലെ ചെറുപ്പക്കാരിൽ താടി വളർത്താൻ ഇടയാകുന്നത് എന്നതിൽ സംശയമില്ല. എന്നാൽ ക്ലീൻഷേവ് ആണ് ആത്മീയതയുടെ മുഖമുദ്ര എന്ന് പറയുന്നത് തീർത്തും തെറ്റാണ്.

താടിയും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയും:

ഐ പി സി യുടെ പ്രാരംഭകാല പ്രവർത്തകർ പാസ്റ്റർമാരായ കെ.ഇ.എബ്രഹാം, കെ.സി.ചെറിയാൻ, പി.എം.സാമുവൽ എന്നിവർ ആണ്. ഇവർ മൂവരും ഒരു പോലെ താടി നീട്ടി വളർത്തിയവർ ആയിരുന്നു. കൂടാതെ പാസ്റ്റർമാരായ സി.കെ.ഡാനിയേൽ, ജോർജ് വർഗീസ് എന്നിവരും താടി ഉള്ളവരായിരുന്നു. ആദ്യകാലത്ത് ഇവർ “വെള്ള പശുവിന്റെ പാൽ കുടിക്കില്ല” എന്ന് പ്രസംഗത്തിൽ പറയുമായിരുന്നു ഒരുപക്ഷേ ഇതായിരിക്കാം പാശ്ചാത്യരുടെ സംസ്കാരമായ ക്ലീൻ ഷേവിൽ നിന്നും ഇവരെ അകറ്റി നിർത്തിയത്. ഇവർ താടിയും മുടിയും ക്രമീകരിക്കുന്നത് പോലും കൂടെയുള്ള സഹ ശുശ്രൂഷകരെ കൊണ്ടായിരുന്നു. ഇതിനാൽ പിതാക്കന്മാരുടെ കാലത്ത് ക്ലീൻഷേവ് നിർബന്ധമായിരുന്നു എന്നും കൂടാതെ ശുശ്രൂഷകന്മാർ ഇപ്രകാരം താടി വളർത്തുന്നത് ഇന്നത്തെ ഫാഷൻ ആണെന്നും ഉള്ള വ്യാഖ്യാനങ്ങൾക്ക് പ്രസക്തി ഇല്ല. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ബന്ധങ്ങളും ആണ് പിൽക്കാലങ്ങളിൽ വചന പിൻബലമില്ലാത്ത ക്ലീൻ ഷേവ് സാധാരണമായത് എന്നും അഭിപ്രായം ഉണ്ട്.

വേദപുസ്തകവും ആരോഗ്യശാസ്ത്രവും ഐ.പി.സി.യുടെ പ്രാരംഭകാല ചരിത്രവും പരിശോധിക്കുമ്പോൾ താടിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് പുരുഷൻമാർക്കും പ്രത്യേകാൽ ശുശ്രൂഷകർക്കും താടി വയ്ക്കുന്നതാണ് ഉത്തമം. ഇത് ശുശ്രൂഷകരിൽ പക്വതയും സൗമ്യതയും ദർശിക്കുന്നതിന് കാരണമാകും. കൂടാതെ ദൈവീകതയും വചനാനുസരണവും ഇതിലൂടെ വെളിവാകുന്നു കാരണം ദൈവ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ പുരുഷനായി ആണ് ആദ്യം സൃക്ഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ മുടി ഉള്ളതുപോലെ സൃഷ്ട്രിയിൽ തന്നെ പുരുഷന് ദീക്ഷ ഉണ്ടയിരുന്നു എന്ന വാദം ഒരു തരത്തിൽ ശരിയല്ലേ. ദൈവിക നിയമങ്ങളിൽ ആത്മാവിന്റെ ഗുണത്തിനും ശരീരത്തിന്റെ ഗുണത്തിനും ഉള്ള നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ പുരുഷ വ്യത്യസ്തത ഇതര ജീവജാലങ്ങളിലും സൃഷ്ടിയിൽ തന്നെ ദൈവം നല്കിയിട്ടുണ്ട്. ആയതിനാൽ ഫാഷൻ എന്നതിൽ ഉപരി മുഖത്തിന്റെയും ശരീരത്തിന്റെയും ഗുണത്തിന് മാത്രമല്ല ദൈവ സൃഷ്ടിയിലെ പൂർണ്ണതയും സ്ത്രീ പുരുഷ വ്യത്യസ്തതയും ഉൾകൊണ്ട് തീരുമാനങ്ങൾ എടുക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.