സംസ്ഥാനം വീണ്ടും പ്രളയഭീതിയില്‍; അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാകണമെന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. ഏത് സാഹചര്യങ്ങളും നേരിടാന്‍ പോലീസ് സേന സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയോടൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ വിധ സഹായങ്ങളും പോലീസ് നല്‍കും. മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കനത്ത മഴയും നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാറിലും നിലമ്ബൂരിലും ഉള്‍പ്പെടെ കനത്ത മഴക്കെടുതിയില്‍പ്പെട്ട ഇടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്ബുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കാന്‍ പോലീസിനും ഫയര്‍ ഫോഴ്സിനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതോടെയാണ് പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ ജില്ല അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം സജ്ജമായിരിക്കുന്നത്. കാക്കനാട് കളക്‌ട്രേറ്റിലാണ് അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് .കഴിഞ്ഞ പ്രളയ സമയത്ത് മൊബെല്‍ -ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സാറ്റലൈറ്റ് ഫോണുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. 24 മണിക്കൂറും പോലിസ്, ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെ സേവനവും കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ 1077 എന്ന നമ്ബറിലോ, കണ്‍ട്രോള്‍ റൂമിലെ 0484 242 3513 എന്ന നമ്ബറിലോ ബന്ധപ്പെടാം.

കനത്ത മഴമൂലം മൂലം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നത്. വ്യാപക മഴയില്‍ മലയോര മേഖകളിലെ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതുമാണ് കാരണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.