കേരളമൊട്ടുക്ക് ശക്തമായ മഴ തുടരുന്നു; കണ്ണൂരും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്​, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, വയനാട്, കോട്ടയം, കാസര്‍കോട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കരകവിഞ്ഞു. കണ്ണപ്പന്‍ കുണ്ടിനടുത്ത്​ വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മട്ടിക്കുന്നില്‍ മലവെള്ളപാച്ചിലുണ്ടായതിനെതുടര്‍ന്ന്​ മട്ടിക്കുന്ന്​ പാലം വെള്ളത്തില്‍ മുങ്ങി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

post watermark60x60

നിലമ്പൂർ – കരുളായിമുണ്ടുക്കടവ്​ കോളനിയി ഉരുള്‍പൊട്ടല്‍ ഉണ്ടായി. കരുളായി, ചുങ്കത്തറ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മലവെള്ളപാച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി എങ്കിലും ആളപായമില്ല. പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴകരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. കൊട്ടിയൂര്‍ – കരിമ്പിൻ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചപ്പമല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നീണ്ടുനോക്കി ടൗണിലെ കടകളില്‍ വെള്ളം കയറി. കണിച്ചാര്‍ ടൗണിലും വെള്ളം കയറി. മണ്ണിടിഞ്ഞ് പാല്‍ച്ചുരം റോഡില്‍ ഗതാഗതം നിലച്ചു. മാനന്തവാടി- നിടുമ്പോയില്‍ റോഡിലും മരങ്ങള്‍ വീണ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.

വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു.

കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയില്‍ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാര്‍, മംഗലാപുരം എക്സ്പ്രസ്സുകള്‍ വൈകിയോടി. തിരുവനന്തപുരം ചിറയന്‍കീഴില്‍ മാവേലി എക്സ്പ്രസിന് മുകളില്‍ മരം വീണ് ലോക്കോ ഗ്ലാസ് തകര്‍ന്നു. മരത്തിന്റ ശിഖരം OHE ലൈനില്‍ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകള്‍ 3 മണിക്കൂര്‍ വൈകിയോടി.

മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. മുംബൈ – കന്യാകുമാരി ജയന്തി ജനതാ, പൂനേ- എറണാകുളം ,മുംബൈ- നാഗര്‍കോവില്‍, ലോകമാന്യതിലക് – തിരുവനന്തപുരം എക്സ്പ്രസുകള്‍ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനെ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി – നിസാമുദ്ദീന്‍ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂര്‍ വൈകി ഇന്ന് രാവിലെ പുറപ്പെടും.

-ADVERTISEMENT-

-ADVERTISEMENT-

You might also like