ലേഖനം:നുറുങ്ങിയതും തകർന്നതും | പാസ്റ്റർ സണ്ണി പി. സാമുവൽ,റാസ് – അൽ – ഖൈമ;യു.എ. ഇ

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” സങ്കീർത്തനം 34:18.

ഒരു മാസയോഗം തീർന്ന് അതിഥികൾ എല്ലാവരും പിരിഞ്ഞു പോയി. ഏവരെയും നന്നായി സല്കരിക്കത്തക്കവണ്ണം മൃഷ്ടാന്ന ഭോജനം സഭ ഒരുക്കിയിരുന്നു. ഒടുവിൽ സഭയിലെ വ്യക്തികൾ ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു. വിളമ്പിയപ്പോൾ പർപ്പടകം തികെഞ്ഞില്ല. തികെയാഞ്ഞതല്ല, ഒടുവിൽ വന്നപ്പോൾ, കൈകാര്യം ചെയ്തതിലെ പിഴവു നിമിത്തം, പൊടിഞ്ഞത് മാത്രമേ മിച്ചം ഉണ്ടായിരുന്നുള്ളൂ. വിളമ്പിയ വ്യക്തി ഒന്നും ചിന്തിക്കാതെ നമ്മുടെ സഹോദരൻ അല്ലെ എന്ന് കരുതി അതിൽ കുറേ എടുത്ത് പന്തിയിൽ ഇരുന്നിരുന്ന ഒരു വ്യക്തിക്ക് വിളമ്പി. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല. തന്നെ അപമാനിച്ചു, നിസ്സാരനായി കണ്ടു എന്നൊക്കെ പറഞ്ഞു സംസാരമായി. വിഷയം അറിഞ്ഞ പാസ്റ്റർ തന്റെ ഇലയിൽ വിളമ്പിയ പർപ്പടകമെടുത്തു പരാതിക്കാരന് നൽകി. അദ്ദേഹത്തിന് സന്തോഷമായി. താൻ പർപ്പടകം കയ്യിലെടുത്തതും പാസ്റ്റർ, ‘ബ്രദറെ, അത് പൊടിക്കാതെ തിന്നണം’ എന്ന് പറഞ്ഞു തിരിച്ചു നടന്നു. നമ്മുടെ സഹോദരൻ ഞെട്ടി പോയി. കേട്ടു നിന്നിരുന്നവർ പകെച്ചും പോയി.
പരാതി പറഞ്ഞ വ്യക്തിക്കു തന്റെ തെറ്റ് മനസിലായി. അദ്ദേഹം പർപ്പടകം പാസ്ററർക്കു തിരികെ നല്കി പരസ്യമായി സഭയോടു മാപ്പ് ചോദിച്ച്, നുറുങ്ങിയ പർപ്പടകം തന്റെ ഇലയിൽ ഇളക്കി പ്രസന്നവദനനായി ഭക്ഷണം കഴിച്ചു.

ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള പൊടിക്കൈകൾ സാന്ദർഭികമായി ശുശ്രൂഷകർ പ്രയോഗിക്കേണ്ടി വരും. അത് അത്യാവശ്യമാണ് താനും.

എന്നാൽ എന്റെ
ചിന്താവിഷയം അതല്ല. തകർന്നതിനെയും നുറുങ്ങിയതിനെയും നാം അംഗീകരിക്കുന്നില്ല, ഏറ്റെടുക്കുന്നില്ല. അവ നമുക്ക് വേണ്ട എന്നുള്ളതാണ് സത്യം. ബിസ്ക്കറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇരുവശവും തപ്പിനോക്കി പൊടിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തിയാണ് ഞാൻ എടുക്കാറ്. എന്നാലും ചിലപ്പോഴൊക്കെ പൊടിഞ്ഞത് ആയിരിക്കും കിട്ടുക. അഭിമാനം ഓർത്ത് പൊടിഞ്ഞതും നുറുങ്ങിയതും നാം അതിഥികൾക്കു വിളമ്പാറില്ല. അഥവാ വിളമ്പി എന്നിരിക്കട്ടെ. പൊടി കൂടെ ചേർത്ത് ഭക്ഷിക്കുന്ന അതിഥിയെ നാം ഏതു ദൃഷ്ടിയിലായിരിക്കും കണക്കാക്കുന്നത്? ‘ആക്രാന്തം പിടിച്ചവൻ, ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവൻ,’ എന്നിങ്ങനെ ദേശ ഭേദമനുസരിച്ച് നാം ആ വ്യക്തിക്ക് നല്ല ഓമനപ്പേരുകൾ ചാർത്തിക്കൊടുക്കും.

തകർന്നതിനെയു നുറുങ്ങിയതിനെയും ആർക്കും വേണ്ട. തകർന്നത് (broken) എന്നതിന് ആകൃതി നഷ്ടപ്പെട്ടത് എന്നർത്ഥം. നുറുങ്ങിയത് (crushed) എന്നതിന് ആകൃതി നഷ്ടപ്പെട്ടത് എന്നു മാത്രമല്ല വളരെ ചെറിയ ചെറിയ നുറുങ്ങുകൾ ആയി പൊടിഞ്ഞു പോയത് എന്നർത്ഥം. തകർന്നതിനെ പുനർ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. എന്നാൽ തകർന്നു നുറുങ്ങി പോയാൽ പിന്നെ ഉണ്മയായി മടക്കി കൊണ്ടുവരുവാൻ കഴിയുന്ന ശില്പികൾ ഉണ്ടോ? ഉണ്ടാവുമോ? കാരണം, സൃഷ്ടിപ്പ് എളുപ്പമാണ്. പുന:സൃഷ്ടി ദുഷ്കരമാണ്. (Creation is easy, but re-creation is difficult.).

നാം ജീവിതത്തിൽ തകർന്നു പോയാൽ എല്ലാവരും നമ്മെ കൈവിടും. നുറുങ്ങപ്പെട്ടാൽ ആർക്കും നമ്മെ വേണ്ടാതെയാകും. സാമ്പത്തികമായി തകർന്നാൽ,ആരോഗ്യം തകർന്നാൽ രോഗിയായാൽ ചേർത്തുപിടിക്കുന്നവർ വളരെ ദുർല്ലഭം ആയിരിക്കും. എന്നാൽ അപ്പോഴും നമ്മെ മാറോടു ചേർക്കുന്ന ഒരു നല്ല ശില്പി – അല്ല ശില്പികൾക്കും ഉടയവൻ – നമുക്ക് ഉണ്ട്. യഹോവ എന്നാകുന്നു അവന്റെ നാമം. തകർന്നുപോയ, നുറുങ്ങിപ്പോയ ആയിരങ്ങളെ, അല്ല പതിനായിരങ്ങളെ, അവൻ പണിതെടുത്തിട്ടുണ്ട്, പണിതെടുത്തു കൊണ്ടിരിക്കുന്നു, പണിതെടുക്കുകയും ചെയ്യും.

അവനു നമ്മെ ആവശ്യമാണ്. നമ്മോട് സഹതാപം കാണിപ്പാൻ കഴിയുന്ന ശില്പികൾക്കുടയവൻ ആണവൻ. കാരണം തകർച്ച എന്തെന്നും മുറിവ് എന്തെന്നും അനുഭവിച്ചറിഞ്ഞവൻ ആണവൻ (യെശയ്യ: 53:5). “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്” (വെളി:13:8).
ചവിട്ടി മെതിക്കപ്പെട്ട, അരെയ്ക്കപ്പെട്ട, പനിനീർപ്പൂവ് പോലെ അവൻ രൂപഗുണം നഷ്ടപ്പെട്ടവൻ ആയിത്തീർന്നതാണ്. അതിനാൽ തകർക്കപ്പെടുന്നതിന്റെ വേദന നന്നായി അവിടുന്ന് അറിയുന്നു.

തകർന്നതിനെയും നുറുങ്ങിയതിനെയും total loss പട്ടികയിൽ ആക്കി ലോകം കുഴിച്ചു മൂടുമ്പോൾ ദൈവം അവയെ എടുത്ത് തന്റെ ഹിതപ്രകാരം പുതുക്കിപ്പണിയുന്നു.

“അല്പമാം ഉപകരണം കൊണ്ട്
നല്പെഴുന്ന മഹത്തായ വേലകൾ ചെയ്യും(2)

ശില്പികൾക്കുടയവനെ നീയേ ചിൽപുരുഷൻ ചിരന്തരം നമസ്കാരമേ നമസ്കാരമേ”.

അവന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.