ലേഖനം:ബുദ്ധിരാക്ഷസന്മാരുടെ പരാജയം | ബിജു പി.സാമുവൽ,ബംഗാൾ

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ ആറാം അധ്യായത്തിൽ സ്തെഫാനൊസിനോട് തർക്കിച്ച് തോറ്റ കുറെ ബുദ്ധി രാക്ഷസന്മാരെ നമുക്ക് കാണാം.

അലക്സാണ്ട്രിയ , കിലിക്യ ദേശക്കാർ ( 6:9) സ്തേഫാനൊസിനോട് തർക്കിച്ചവരിൽ പ്രമുഖരായിരുന്നു. അവർ ഏറ്റവും ജ്ഞാനവും വിദ്യാ ബഹുത്വവും ഉള്ളവർ ആയിരുന്നു.

ഫിലോ എന്ന മഹാനായ യഹൂദ പണ്ഡിതന്റെ ഭവനം അലക്സാണ്ട്രിയയിൽ ആയിരുന്നു. പഴയ നിയമത്തിന്റെ ഗ്രീക്ക് ഭാഷാന്തരമായ സെപ്റ്റുവജിന്റ്
ഗ്രന്ഥ നിർമ്മാണം നടന്നത് അലക്സാണ്ട്രിയയിലാണ്. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, കാവ്യ സാഹിത്യം എന്നിവയ്ക്ക് പേരുകേട്ട ഒരു മികച്ച വിശ്വ വിദ്യാലയവും അവിടെ ഉണ്ടായിരുന്നു . വ്യത്യസ്ത കാലഘട്ടങ്ങളിലെ നാല്പതിനായിരം മുതൽ തൊണ്ണൂറായിരം വരെയുള്ള പുസ്തകങ്ങളും വിലപ്പെട്ട ചുരുളുകളും അടങ്ങിയിരുന്ന ബൃഹത്തായ ഒരു ഗ്രന്ഥശാലയും അവിടെ ഉണ്ടായിരുന്നു . അലക്സാണ്ട്രിയ ഒരു സാംസ്കാരിക കേന്ദ്രവുമായിരുന്നു .

അവിടെ നിന്നുള്ളവർ മോശമാകാൻ വഴിയില്ലല്ലോ . അവരാണ് സ്തെഫാനോസിനോട് തർക്കിച്ച ഒരു കൂട്ടർ.
അവരുടെ വൈഭവത്തിന് തെളിവ് പ്രവൃത്തി 18: 24-ലും കാണാം . വാഗ്മിയും തിരുവെഴുത്തുകളെ സംബന്ധിച്ച് സമഗ്രമായ അറിവും ഉണ്ടായിരുന്ന അപ്പൊല്ലോസ്
അലക്സാണ്ട്രിയക്കാരൻ ആയിരുന്നുവല്ലോ.

കിലിക്യയുടെ തലസ്ഥാനമായ തർസൊസ് ഒരു കലാശാല കേന്ദ്രമായിരുന്നു. റോമിലെ രാജകുടുംബം തങ്ങളുടെ കുടുംബത്തിലെ അധ്യാപകരെ തെരഞ്ഞെടുത്തിരുന്നത് തർസൊസിൽ നിന്നും ആയിരുന്നു . ഉന്നത പഠനത്തിനുള്ള ധാരാളം അവസരങ്ങൾ ഉണ്ടായിരുന്ന വിദ്യാകേന്ദ്രം കൂടിയായിരുന്നു തർസൊസ്.

ഇവിടെ നിന്നൊക്കെയുള്ള തർക്ക ശാസ്ത്ര വിദഗ്ധരും വിദ്യാഭ്യാസമുള്ള തത്വചിന്തകരും ഒരുവശത്ത്.
മറുവശത്ത് ജ്ഞാനവും ആത്മാവും നിറഞ്ഞ സ്തെഫാനൊസ് .
പക്ഷേ വിജയം സ്തെഫാനൊസിന് ആയിരുന്നു ; കാരണം അവനിൽ ഉണ്ടായിരുന്നത് ലൗകിക ജ്ഞാനം മാത്രമല്ലായിരുന്നു.
സ്തെഫാനൊസിന്റെ ജ്ഞാനത്തോടും ആത്മാവോടും എതിർത്തു നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നാണ് നാം വായിക്കുന്നത് (6:10) .

അവിടെയാണ് ദൈവീക ജ്ഞാനത്തിന്റെ ശ്രേഷ്ഠത നാം മനസ്സിലാക്കേണ്ടത്.
ഉയരത്തിൽ നിന്നുള്ള ജ്ഞാനത്തെ ജയിക്കുവാൻ പുസ്തക ജ്ഞാനത്തിനോ തത്വ ചിന്തയ്ക്കോ കഴിയില്ല.

തോറ്റു പോകുന്ന ഈ ലൗകിക ജ്ഞാനം കുഞ്ഞുങ്ങളിൽ എങ്ങനെയും കുത്തി നിറക്കാനാണ് ഇന്ന് മാതാപിതാക്കളും ശ്രമിക്കുന്നത്.
ജനിച്ചു വീഴുന്നതിനു മുമ്പേ കുഞ്ഞുങ്ങളെ ഡോക്ടറും എൻജിനീയറും ആക്കാനുള്ള കോച്ചിംഗ് സെൻറർ കണ്ടു വയ്ക്കുന്നവർ. കുഞ്ഞുങ്ങൾ വളരുന്ന പ്രായത്തിൽ ദൈവവഴിയിൽ വളർത്തുവാൻ മിനക്കെടാതെ , സൺഡേ സ്കൂളിലോ ദൈവിക കൂട്ടായ്മകളിലോ പങ്കെടുപ്പിക്കാതെ ട്യൂഷൻ സെന്ററുകൾ തോറും മക്കളെ കയറ്റിയിറക്കുന്ന മാതാപിതാക്കൾ. അവസാനം വിദ്യാഭ്യാസമുള്ള ഭീകരർ നമ്മുടെ കുടുംബങ്ങളിൽ നിന്നും പുറത്തു വരുന്നു . പിന്നെ ഓട്ടമാണ് , മക്കളുടെ ശുഭകരമായ ഭാവിക്ക് വേണ്ടിയുള്ള ഉപവാസ പ്രാർത്ഥനയും മറ്റും….

ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എല്ലാം നിരക്ഷരർ ഒന്നും അല്ലല്ലോ? ഉന്നത വിദ്യാഭ്യാസം നേടിയ ധാരാളം പേർ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലേ?
ദോഷം ചെയ്യുന്നതിനായി അവർ തങ്ങളുടെ സാമർത്ഥ്യം വിനിയോഗിക്കുന്നു
(യിരെ. 4:22).
ഇന്ന് വിദ്യാഭ്യാസം ഉള്ളവർ വളരെ ഉണ്ടെങ്കിലും വകതിരിവുള്ളവർ കുറവാണ്. വിദ്യാസമ്പന്നരായ ആഭാസന്മാരെക്കൊണ്ട് നമ്മുടെ ലോകം നിറഞ്ഞിരിക്കുന്നു .

വിദ്യാഭ്യാസം കൊണ്ട് മാത്രം ആരും വിവേകി ആകുന്നില്ല .
അത് ദൈവ ഭക്തിയിൽ നിന്നും ലഭിക്കുന്നതാണ്.

ദൈവ വിശ്വാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസം കിട്ടുന്നത് ഭ്രാന്തന് മാരകായുധം കിട്ടുന്നത് പോലെയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഒരിക്കൽ പറഞ്ഞതും ഇതിനോട് ചേർത്ത് എഴുതുന്നു.

ഒരു സഭാ യോഗത്തിൽ പങ്കെടുത്തു. സങ്കീർത്തന വായനക്കായി എല്ലാവരും എഴുന്നേറ്റു നിൽക്കുന്ന സമയത്ത് കാൽ വിരൽ കൊണ്ട് മൊബൈൽ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്ന ഒരു ബി(വി)രുദ വിദ്യാർഥിയെ ഞാൻ ശ്രദ്ധിച്ചു . പക്ഷേ പ്രസംഗകൻ ബൈബിൾ ഭാഗം വായിച്ചപ്പോൾ പുസ്തക ക്രമം അറിയാതെ തപ്പിത്തടയുകയാണ് ആ
എം.ബി.എ.ക്കാരൻ.

ലഭിച്ച വാട്സ്ആപ്പ് വീഡിയോ നല്ലതായിരുന്നു എന്ന് അഭിനന്ദിക്കുമ്പോൾ ഞാനല്ല, ഒന്നര വയസ്സുള്ള കുഞ്ഞാണത് അയച്ചത് എന്ന് വീമ്പു പറയുന്ന പിതാവ്.
ബൈബിളിലെ 4 വാക്യം അറിയില്ല . പക്ഷേ മൊബൈൽ മുഴുവൻ കാണാപ്പാഠം. മാതാപിതാക്കൾക്ക് അതിൽ അഭിമാനവുമാണ്. ഈ പോക്ക് ദുരന്തത്തിലേക്കാണ് , ദുരിതത്തിലേക്കാണ് , പ്രവാസത്തിലേക്കാണ്…

ദൈവവചനം പഠിപ്പിക്കുവാൻ ഇന്ന് മാതാപിതാക്കൾക്കും താല്പര്യമില്ല . കമ്പ്യൂട്ടറും മൊബൈലും ടിവിയുമൊക്കെ നമ്മുടെ കുടുംബങ്ങളിൽ സമയം കവരുമ്പോൾ വേദവചനം പഠിപ്പിക്കുക എന്ന പഴയ ആശയം നടപ്പാക്കാൻ ആർക്കാണ് താൽപര്യം? കുടുംബ പ്രാർത്ഥനകൾ പോലും ഇന്ന് അന്യമായിരിക്കുന്നു .

ഇസ്രായേൽ ചെങ്കടൽ കടന്നതും യോശുവയുടെ നേതൃത്വത്തിൽ യെരീഹോ കോട്ട തകർത്തതും ദാവീദ് ഗോലിയാത്തിനെ കല്ലെറിഞ്ഞതും മാത്രം ഉണ്ടെങ്കിൽ ഒരു ശുശ്രൂഷാ കാലയളവൊക്കെ
തട്ടിമുട്ടി കൊണ്ടു പോകാൻ പല ശുശ്രൂഷകന്മാരും പഠിച്ചു .( ആ വേദഭാഗങ്ങളുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നില്ല).

വേദപുസ്തകം ആഴമായി പഠിപ്പിക്കുവാൻ ആർക്കാണ് സമയം?
അതുകൊണ്ട് എന്തുപറ്റി? ശുശ്രൂഷകന്മാരുടെ മക്കൾ പോലും അന്യമതസ്ഥരുമായി വിവാഹം നടത്തിയ ശേഷം ഒരു ഉളുപ്പുമില്ലാതെ വിവാഹ ഫോട്ടോ (അവിവേക ഫോട്ടോ എന്ന് പറയുന്നതാവും ഉചിതം ) ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് കളിക്കുന്നു .
നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരൊക്കെ
അതുവരെ പ്രതിനിധീകരിച്ചിരുന്ന സഭയെയും ധാർമികതയെയും മറന്ന് മറ്റൊരു പ്രത്യയ ശാസ്ത്രത്തെ പുൽകുന്നത് എത്ര വേഗമാണ്.?

ഇനിയെങ്കിലും
നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് പഠിപ്പിക്കാം; ലൗകിക ജ്ഞാനവും സഭാ രാഷ്ട്രീയവുമല്ല , മറിച്ച്, ബൈബിൾ വിജ്ഞാനീയം.
ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് ഏറ്റവും ഉത്തമമായത് മനസ്സിലാക്കാനും തിരഞ്ഞെടുക്കുവാനുള്ള വിവേകം അവർ പ്രാപിക്കട്ടെ.
(ഫിലി.1:9-10).

ബംഗാളി ഭാഷയിലുള്ള ഒരു പഴഞ്ചൊല്ല് വളരെ ശ്രദ്ധേയമാണ്. “കാൺ ദൊർലെ മാത്താ ആഷ്ബേ”. ( ചെവിയിൽ വലിച്ചാൽ തല ഒപ്പമെത്തും എന്നാണ് അതിന്റെ അർത്ഥം) . ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ ദൈവ വഴിയിൽ നടത്തിയാൽ ജീവിതം മുഴുവൻ അവർ ദൈവവഴി പിന്തുടരാതെ ഇരിക്കുമോ?
ഇതൊക്കെ ആരോട് പറയാൻ…?
ആര് കേൾക്കാൻ…?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.