ലേഖനം:ഇഹത്തിലെ ജീവിതവും പരത്തിലെ നിക്ഷേപവും | ജോസ് പ്രകാശ്

കർത്താവായ യേശുക്രിസ്തു സ്വർഗ്ഗോന്നതി വെടിഞ്ഞ് ഈ താണ ഭൂമിയിലേക്ക് വന്നത് ഭൗമികരായ നമ്മെ സ്വർഗ്ഗീയരാക്കി തീർക്കുന്നതിന് വേണ്ടിയാണ്. യേശുവിന്റെ വാക്കുകളും, പ്രസംഗവും, പ്രവർത്തനവും, ജീവിതവുമെല്ലാം ആത്മീകവും സ്വർഗ്ഗ കേന്ദ്രീകൃതവുമായിരുന്നു.

മനുഷ്യർ സർവ്വലോകവും നേടുകയും തങ്ങളുടെ ജീവനെ (ആത്മാവിനെ) നഷ്ടമാക്കുകയും ചെയ്താൽ പ്രയോജനം ഇല്ലെന്നും, ആകയാൽ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കണമെന്നും യേശു ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ ദൃശ്യ ലോകവും അതിന്റെ മോഹങ്ങളും താമസംവിനാ ഒഴിഞ്ഞു പോകേണ്ടതാണ്. എന്തു കൊണ്ടെന്നാൽ
ഈ ലോകത്തിലെ സകലതും നശിച്ചു പോകുന്നവയാണ്. അനശ്വരമായത് അഥവാ നിലനിൽക്കുന്നത് സ്വർഗ്ഗം (ദൈവരാജ്യം) മാത്രമാണ്.

അതുകൊണ്ട് നശിച്ചു പോകുന്ന കാര്യങ്ങൾക്കായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്നവക്കായിട്ടു തന്നേ പ്രവർത്തിക്കുവാൻ നാം ബദ്ധപ്പെടേണം. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലാത്തതിനാൽ വരുവാനുള്ളതു അത്രേ നാം ദിനവും അന്വേഷിക്കേണ്ടതും.

മണ്ണുകൊണ്ടുള്ള നമ്മുടെ പ്രതിമ മാറി സ്വർഗ്ഗീയന്റെ പ്രതിമ ധരിക്കണമെങ്കിൽ നാം മണ്ണേ പ്രതിമാണിക്യം വെടിയരുത്. ഭൗമിക വിഷയങ്ങളിൽ സമ്പന്നരാകാതെ ദൈവവിഷയമായി സമ്പന്നരാകുവാൻ യേശു വളരെ ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്.

ഭൂമിയിലെ ഇല്ലായ്മയോ അഥവാ ദാരിദ്ര്യമോ ഒന്നുമല്ല ദൈവമക്കളുടെ പ്രതിപാദ്യം , സ്വർഗ്ഗ രാജ്യത്തിലെ ഉത്തമ സമ്പത്താണ് യഥാർത്ഥ ഭക്തരുടെ കേന്ദ്ര വിഷയം. സ്വർഗ്ഗത്തിലെ ലാഭം ഉൾക്കണ്ണുകളാൽ കണ്ടവർക്ക് ഭൂമിയിലെ നഷ്ടങ്ങൾ ഒരിക്കലും സാരമേ അല്ല.

ശിഷ്യനായ പത്രോസ് ഭൂമിയിലെ നഷ്ടത്തിന്റെ കണക്കു പറഞ്ഞപ്പോൾ സ്വർഗ്ഗത്തിലെ നിത്യ സൗഭാഗ്യത്തെക്കുറിച്ചാണ് ഗുരുവായ യേശു ഉണർത്തിച്ചത്. ഭൂമിയിൽ തങ്ങൾ വിട്ടതിനെക്കുറിച്ച് പറഞ്ഞ ശിഷ്യവൃന്ദത്തോട് സ്വർഗ്ഗത്തിൽ കിട്ടുന്നതിനെ കുറിച്ചാണ് യേശു പറഞ്ഞത്.

പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കരുതെന്നും ; പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കണമെന്നും ഓർമ്മപ്പെടുത്തിയ യേശുനാഥൻ “ഭൂമിയിൽ ചെയ്യുവാൻ പാടില്ലാത്തതും ദൈവ രാജ്യത്തിനായ് ചെയ്യേണ്ടതും” കൃത്യമായി പറഞ്ഞിട്ടുണ്ട്.

യേശുവിനെ സത്യമായി അനുധാവനം ചെയ്യണമെങ്കിൽ ഭൂമിയിലുള്ളത് ത്യജിച്ചേ പറ്റുകയുള്ളൂ. മാത്രമല്ല തന്നെത്താൻ ത്യജിച്ച് സ്വന്ത ക്രൂശെടുത്ത് ഗുരുവിന്റെ പിന്നാലെ പോകുന്നവർക്കേ ഭൗതിക കാര്യങ്ങളോടുള്ള ആസക്തിയെ വിട്ട് കഴുകനെപ്പോലെ ശക്തി ആർജ്ജിച്ച് പറന്നുയരുവാൻ കഴികയുള്ളൂ. ദൈവത്തിനു വേണ്ടി തന്നെത്താൻ ത്യജിക്കാത്തവർ ലോകത്തിനു വേണ്ടി ദൈവത്തെ ത്യജിച്ചു കളയേണ്ടിവരും.

പരീക്ഷകനായ പിശാച് ഭൂമിയിലെ നശിച്ചുപോകുന്ന ആഹാരത്തെയും, നിമിഷനേരം കൊണ്ട് ഇല്ലാതാകുന്ന പ്രശസ്തിയും യേശുവിനു മുമ്പിൽ ഉയർത്തിക്കാട്ടിയപ്പോൾ സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായ വചനത്താലും കർത്താവിന്റെ നാമത്താലും ആയിരുന്നു പ്രലോഭനത്തിൽ നിന്നും യേശു വിജയം നേടിയത്.

ഐഹികമായ ഒരു രാജ്യത്തെക്കുറിച്ചുള്ള ചിന്തയോ, വാക്കോ, പ്രവർത്തിയോ പ്രസംഗമോ ഒന്നും തന്നെ യേശുവിന്റെ ശുശ്രൂഷയിൽ ലേശവും പ്രതിഫലിച്ചിരുന്നില്ല. എന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്ന കാര്യവും മാനസാന്തരപ്പെട്ട് അതിലേക്ക് പ്രവേശിക്കാനുള്ള മാർഗ്ഗവും തന്റെ ഉപദേശത്തിലും, പ്രസംഗത്തിലും, വാക്കിലും, പ്രവർത്തിയിലും ഉടനീളം പ്രകടമായിരുന്നു.

തന്റെ പിന്നാലെ വന്നവരെ കൂട്ടി ഭൂമിയിൽ ഒരു പേരുണ്ടാക്കാൻ ശ്രമിക്കാതെ പിതാവിന്റെ ഹിതം നെഞ്ചിലേറ്റി സ്വർഗ്ഗത്തിലേക്ക് അനേകരെ ആദായപ്പെടുത്തേണ്ടതിനു അരുമനാഥൻ ആവോളം ശ്രമിച്ചു.

നശ്വരമായ ഭൂമിയിലെ അല്പകാലത്തെ വാസത്തിനു വേണ്ടി മീൻപിടിച്ചു ജീവിച്ചവരെ യേശു കർത്താവ്, അനശ്വരമായ നിത്യതയിൽ നിത്യകാലം വാഴേണ്ടതിനും, അനേകരെ അതിലേക്ക് നയിക്കേണ്ടതിനും മനുഷ്യരെ (ആത്മാക്കളെ) പിടിക്കുന്നവരാക്കി.

ഇഹലോകത്തിലെ മനുഷ്യരാലുള്ള മറ്റേത് ഭാഗ്യത്തെക്കാളും പരലോകത്തിലേക്കുള്ള പ്രവേശനത്തിന് കാരണമായ ആത്മാവിൽ ദാരിദ്ര്യം ഉള്ളവരെയാണ് ഏറ്റവും വലിയ ഭാഗ്യവാന്മാരായി യേശു വിശേഷിപ്പിച്ചത്. തന്റെ നാമം ഹേതുവായി ഭൂമിയിൽ നാം സഹിക്കുന്ന പഴിയും ഉപദ്രവവും ചെറുതാണെന്നും സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം വലുതാക കൊണ്ട് സന്തോഷിച്ചു ഉല്ലസിക്കണമെന്നും തിരുവായ്മൊഴിഞ്ഞ് അരുമനാഥൻ ഉപദേശിച്ചിട്ടുണ്ട്.

നമ്മെ ഭൂമിയുടെ ഉപ്പായും ലോകത്തിന്റെ വെളിച്ചമായും ആക്കിവെച്ചത് നമ്മുടെ മഹിമക്കായിട്ട് അല്ല, പ്രത്യുത മനുഷ്യർ ഭൂമിയിലെ നമ്മുടെ നല്ല പ്രവർത്തികളെ കണ്ട് നമ്മുടെ സ്വർഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനത്രെ. അതിനായി നമുക്ക് ആത്മാർഥമായി പ്രാർത്ഥനാപൂർവ്വം പരിശ്രമിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.