ലേഖനം:മനസ്സലിവിൻ മഹാദൈവം | ജോബിസൺ ജോയ്, ഡെറാഡൂൺ

അനന്ത ശൂന്യതക്കുമപ്പുറം സഹവസിക്കുന്ന മഹാദൈവവും, സർവ്വ ശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞാനിയും, രാജത്വമുള്ളവനും, വിശുദ്ധിയിൽ അതിഭയങ്കരനുമായ ദൈവം സർവ്വലോകത്തെയും രക്ഷിക്കുവാൻ മനുഷ്യനായി ഈ താണഭൂമിയിലേക്കു ഇറങ്ങിവന്നു. കന്യകയുടെ ഉദരത്തിൽ ഭൂജാതനായി മുഷ്യരൂപനായി ലോകത്തിൽ വിളങ്ങിയ യേശുവിനെ ഒന്ന് സൂക്ഷമായി വീക്ഷിച്ചാൽ കാണുവാൻ സാധ്യമാകുന്ന ഒരു സവിശേഷമായ ഗുണവിശേഷണമാണ് ‘മനസ്സലിവ് ‘.പുതിയനിയമം ശ്രദ്ധയോടെ വായിക്കുന്ന ഏതൊരാൾക്കും യേശുവിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചു അക്കമിട്ടു പറയുവാൻ സാധിക്കും. ദൈവത്തോടുള്ള സ്നേഹം, സൗമ്യത, താഴ്മ, പ്രാർത്ഥന എന്നിവയെല്ലാം മനുഷ്വത്വത്തിൽ പരിപൂർണനും സ്വഭാവ ശ്രേഷ്ഠതയിൽ തികഞ്ഞവനുമായ നമ്മുടെ അരുമനാഥന്റെ ഗുണസവിശേഷതകൾ അല്ലെങ്കിൽ സ്വഭാവ സവിശേഷതകളായിരുന്നു.
കരയുന്നവന്റെ കണ്ണീരുകണ്ടു മനസ്സലിയുവാൻ നാം അടക്കമുള്ള ഏതൊരാൾക്കും സാധ്യമാകുന്ന ഒരു കാര്യമല്ല. വിശന്നിരിക്കുന്നവന്റെ വയറിനെ തൃപ്തിപ്പെടുത്തുവാൻ എല്ലാവർക്കും സാധിച്ചെന്നും വരുകയില്ല. പക്ഷെ ഇവിടെ നമുക്ക് ഒരാളെ കാണുവാൻ സാധിക്കും. വിശക്കുന്നവന്റെ അവസ്ഥകളെ തിരിച്ചറിഞ്ഞു അവനു മതിയാകുവോളം ഭക്ഷണം നൽകുന്നവനും, കവിൾ തടങ്ങളിലൂടെ ധാര ധാരയായി ഒഴുകുന്ന കണ്ണുനീർ തുള്ളികളെ ഒപ്പിയെടുത്തു തന്റെ മാർവ്വതിൽ ചാരുവാൻ അവസരം നൽകുന്നവനും, നിന്റെ മനസ്സിന്റെ അടിത്തട്ടിൽ ആരുമറിയാതെ വിങ്ങിപൊട്ടുന്ന നിന്റെ സങ്കടങ്ങളെ തുറന്നു പറയുവാനും കഴിയുന്ന ആ ആരാധ്യനായ ദൈവപുത്രനെ നമ്മുടെ ജീവിതത്തിൽ ലഭിച്ചത് എത്രയോ വലിയ ഭാഗ്യമാണ് പദവിയാണ്.
മാർക്കോസ് 8:2ൽ ഇപ്രകാരം വായിക്കുന്നു, “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു അവർക്ക് ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്ക് അവരോടു അലിവ് തോന്നുന്നു. “മൂന്ന് ദിവസമായി യേശുവിന്റെ സുവിശേഷം കേൾക്കുവാനായി ആവലോടെ വാഞ്ജയോടെ കടന്നുവന്ന ജനത്തിന് വിശക്കുന്നു എന്നും അവർ തിരിച്ചുപോകുമ്പോൾ വഴിയിൽ അവർ വീണുപോകുവാൻ, തളർന്നുപോകുവാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കുന്ന യേശു അവർക്ക് ഭക്ഷിക്കുവാൻ വല്ലതും കൊടുപ്പാൻ ഉണ്ടോയെന്നു തന്റെ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു ചോദിച്ചു. ഇവിടെ നമ്മുടെ അവസ്ഥകളെ നന്നായി അറിയുവാൻ കഴിയുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാൻ സാധിക്കും. നിന്റെ ഇന്നലകൾ എങ്ങനെ ആയിരുന്നുവെന്നും നിന്റെ ഇന്നുകൾ എങ്ങനെ ആയിരിക്കുന്നു എന്നും എന്തിനേറെ നിന്റെ നാളകളിൽ നീ എന്തായിത്തീരുമെന്നും എപ്രകാരമായിരിക്കണമെന്നും മുൻകൂട്ടി അവൻ അറിയുന്നു. അതുകൊണ്ടാണ് യേശു അവർക്ക് ഭക്ഷിക്കുവാൻ കൊടുപ്പീൻ എന്ന് പറയുന്നത്. അമിതത്മീയർ അത്മീയമായതിനെ മാത്രവും മറ്റുചിലരാവട്ടെ ഭൗതീകത്തെ മാത്രവും ശ്രദ്ധിക്കുമ്പോൾ ഇവിടെ ആത്മീയതക്കും അപ്പോൾ തന്നെ ഭൗതീകമായ നമ്മുടെ ആവശ്യങ്ങളെയും നാഥൻ പരിപോക്ഷിപ്പിക്കുന്നു.
മത്തായി 26:34 ൽ യേശു മനസ്സലിവ് തോന്നി കുരുടനെ സൗഖ്യമാക്കുന്നതായി കാണാം. യെരീഹോവിൽ നിന്ന് പുറപ്പെട്ടു പോകുമ്പോൾ ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിക്കുന്നു. ആ ജനക്കൂട്ടത്തിന്റെ നടുവിലൂടെ കടന്നുപോകുന്നത് യേശുവാണ് എന്ന് മനസ്സിലാക്കിയ വഴിയരികിൽ ഇരുന്നിരുന്ന രണ്ടു കുരുടന്മാർ യേശുവേ ദാവീദ്പുത്ര എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയാണ്. യേശു ആ നിലവിളി ശബ്ദം കേട്ട് അവരെ അടുക്കൽ വിളിച്ചു ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണം എന്ന് ചോദിക്കുന്നു. കാഴ്ച പ്രാപിക്കണം എന്ന് യാചിക്കുന്ന ആ കുരുടന്മാരുടെ നിലവിളിക്കു മുൻപിൽ യേശു മനസ്സലിഞ്ഞു കാഴ്ച നൽകുന്നതായി കാണാൻ സാധിക്കും. നിലവിളിക്കുന്നവർക്കു നേരെ മുഖം തിരിക്കുന്നവനല്ല നാം സേവിക്കുന്ന ദൈവം. നിലവിളിക്കുന്നവരെ ചാരത്തു ചേർത്ത് നിർത്തി അവരുടെ ആവശ്യങ്ങളെ സഫലീകരിക്കുന്നവനാണ് നമ്മുടെ ദൈവം. നിലവിളിക്കുന്നവന്റെ നിലവിളിക്കു മുന്നിലാണ് ദൈവപ്രവർത്തി കടന്നുവരുവാൻ ഇടയാകുന്നത്. നമ്മുടെ ജീവിതത്തിൽ ഒരു നിലവിളി ദൈവത്തോടുണ്ടെങ്കിൽ തീർച്ചയായും അതിന് മറുപടി ലഭിക്കാതിരിക്കുകയില്ല, കാരണം നിലവിളി ശബ്ദത്തിനു മുൻപിൽ മനസ്സലിയുന്നവനാണ് നമ്മൾ സേവിക്കുന്ന നാഥൻ.
മത്തായി 9::36 ൽ ജനത്തെ നയിക്കുവാനും നിയന്ത്രിക്കുവാനും ആളില്ലാതെ ചിന്നിച്ചിതറിയിരിക്കുന്നതു കണ്ട് മനസ്സലിയുന്നതും, മാർക്കോസ് 9:22 ൽ ഭൂതഗ്രസ്തനായവനെ കണ്ട് മനസ്സലിയുന്നതും, മാർക്കോസ് 1:10ൽ കുഷ്ടരോഗം പിടിക്കപെട്ടവനെ കണ്ട് മനസ്സലിഞ്ഞു സൗഖ്യമാക്കുന്നതും, ലൂക്കോസ് 7:12-15ൽ ഒരു വിധവസ്ത്രീയുടെ ഏക മകൻ മരിച്ചിട്ട് അവനെ നമസ്കരിക്കുവാൻ കൊണ്ടുപോകുമ്പോൾ ആ വിധവ സ്ത്രീയെ കണ്ട് മനസ്സലിഞ്ഞു തന്റെ മകനെ ഉയർപ്പിക്കുന്നതുമെല്ലാം കാലത്തിന്റെ തികവിൽ കന്യകയിൽ ഭൂജാതനായി മാനവകുലത്തിന്റെ പാപമോചനത്തിനായി കാൽവറിയുടെ കുലക്കളത്തിൽ യാഗമായി മാറിയ യേശു തമ്പുരാന്റെ സ്വഭാവ സവിശേഷതകളുടെ ഒരു തലം മാത്രമാണ്.
ജീവിതത്തിൽ നമുക്ക് പകർത്തുവാൻ സാധിക്കുന്ന ഒരേ ഒരു വ്യക്തി അത് യേശുക്രിസ്തു ആണ്. ആ യേശുവിന്റെ സ്വഭാവം എന്നിൽ ഉണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്തുവാനും, സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ അകപ്പെട്ടു യേശുനാഥനെ യഥാർത്ഥമായി തിരിച്ചറിയുവാൻ കഴിയാതെ പോയിട്ടുണ്ടെങ്കിൽ നമ്മുടെ അവസ്ഥകളെ അറിഞ്ഞു നമ്മോടു മനസ്സലിവ് തോന്നുന്ന ദൈവത്തിങ്കലേക്കു മടങ്ങിവന്നുകൊണ്ടു അവനെ സത്യത്തിലും, ആത്മാവിലും ആരാധിക്കുവാൻ ദൈവം കൃപ നൽകി നമ്മെ അനുഗ്രഹിക്കുമാറാകട്ടെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.