ലേഖനം:ചെറിയ തുടക്കം, വലിയ നേട്ടങ്ങൾ | ഡഗ്ളസ് ജോസഫ്

ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ് പറഞ്ഞത് ‘ ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ് പക്ഷേ മാനവരാശിക്ക് വലിയ കുതിച്ചുചാട്ടം” എന്നാണ്. ചെറിയ കാര്യങ്ങൾ പല തവണ ആവർത്തിക്കുമ്പോൾ വൻ കാര്യമായിത്തീരുന്നു.പല തുള്ളികൾ ചേർന്ന് കടലുണ്ടാവുന്നതുപോലെ.

ലോക സമ്പന്നന്മാരുടെ ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന ഫോബ്സ് മാസിക മലയാളി സമ്പന്നന്മാരിൽ ഒന്നാം സ്ഥാനം നൽകുന്നത് എം. എ യൂസഫ് അലിക്കാണ് . ഗൾഫിലും, യൂറോപ്പിലും, ആഫ്രിക്കയിലുമായി പരന്നുകിടക്കുന്ന ലുലു മാളുകളുടെയും , സൂപ്പർമാർക്കറ്റുകളുടെയും ഉടമയാണ് യൂസഫലി. പതിനെട്ടാം വയസിൽ അബുദബിയിലെത്തിയ യൂസഫലി തന്റെ ബന്ധുവിന്റെ സ്ഥാപനത്തിൽ ചെറിയ പണികൾ ചെയ്താണ് തുടങ്ങിയത്. തലയിൽ സാധനങ്ങൾ ചുമന്ന് ആദ്ദേഹം വണ്ടിയിൽ കയറ്റുന്നത് 1970 കളിൽ ഗൾഫിൽ ഉണ്ടായിരുന്നവർ ഓർക്കുന്നു. തന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ രണ്ടായിരത്തഞ്ഞുറു രൂപയുമായി നാരായണമൂർത്തി എന്ന ചെറുപ്പക്കാരൻ സുഹൃത്തിന്റെ വീട്ടിലെ ഒരു മുറിയിൽ 1981 ൽ ആരംഭിച്ച ചെറിയ സംരംഭമാണ് ഇൻഫോസിസ് എന്ന പടുകൂറ്റൻ ഐ .ടി കമ്പനിയായി വളർന്നത്.

നമ്മളിൽ പലരും ഒരു ബിസിനസ് തുടങ്ങാൻ, പുതുതായി എന്തെങ്കിലും ചെയ്യാൻ, ഒരു പുസ്തകം എഴുതാൻ, ഒരു കോഴ്സിന് ചേരാൻ , വീട് പണിയാൻ, വ്യായാമം തുടങ്ങാൻ, സമ്പാദ്യം തുടങ്ങാൻ , പണം നിക്ഷേപിക്കാൻ, സാമൂഹിക പ്രവർത്തനം നടത്താൻ, ചാരിറ്റി പ്രവർത്തങ്ങളിൽ പങ്കാളികൾ ആവാൻ ഒക്കെ എല്ലാ സാഹചര്യവും ഒത്തു വന്നതിനു ശേഷം തുടങ്ങാം എന്ന് ചിന്തിക്കുന്നവരാണ്. പലപ്പോഴും അലക്കു കഴിഞ്ഞിട്ടു വേണ്ടേ കാശിക്കു പോകാൻ’ എന്നു പറയുന്ന പോലെ എല്ലാം ശരിയായിട്ട് ഒന്നും തുടങ്ങാൻ പറ്റാതെ വരും. ”നാളെ നാളെ നീളെ നീളെ” എന്നാണല്ലോ ചൊല്ല്.

മുംബൈയിൽ ഒരു ഹോട്ടലിൽ പാത്രം കഴുകി കിട്ടുന്ന പണം മിച്ചം വച്ച് അതുമായി കൈവണ്ടിയിൽ ദോശ ചുട്ടു വിൽക്കാൻ തുടങ്ങി. ഇന്ന് ഇരുപത്തിയാറ് ഔട്ട്ലെറ്റുകളുമായി കോടിക്കണക്കിന് വിട്ടുവരവുള്ള ദോശ പ്ലാസ എന്ന പ്രശസ്ത ഹോട്ടൽ ഉടമയായ ഗണപതി എന്നയാളുടെ തുടക്കമിങ്ങനെയായിരുന്നു.

ആരോഗ്യം ഒന്നു മെച്ചപ്പെടുത്തണം എന്ന് തീരുമാനം എടുത്തു വ്യായാമം തുടങ്ങുന്ന ചിലരെ കണ്ടിട്ടുണ്ട്. വമ്പൻ പ്രസ്ഥാനമായിട്ടാണ് തുടങ്ങുന്നത്. ആരംഭ ദിവസങ്ങളിൽ രണ്ടും മൂന്നും മണിക്കൂർ നീളുന്ന കഠിനമായ എക്സെർസൈസ്. ജിമ്മിൽ പോകുന്നു, ഫുട്ബോൾ കളിക്കുന്നു, സൈക്കിൾ ചവിട്ടുന്നു, ത്രെഡ് മില്ലിൽ ഓട്ടം, റോഡരികിലൂടെ ജോഗിങ്, കണ്ടം വഴി ഓട്ടം ഒക്കെ പൊടി പൂരം. ഒരാഴ്ച കഴിയുമ്പോൾ പണി മതിയാക്കും. ആരംഭ ശൂരത്തം എന്നു പറയാം. നേരെ മറിച്ചു ആദ്യ ദിവസം പത്തു മിനിറ്റ് നടത്തം, അടുത്ത ദിവസം പതിനഞ്ചു മിനിറ്റ് എന്നിങ്ങനെ പതുക്കെ പതുക്കെ തുടങ്ങി മുന്നോട്ട് പോകുന്നവർ വിജയം നേടും.

അതുകൊണ്ട് കൂടുതൽ മുതൽമുടക്ക്, കൂടുതൽ പണം, ധാരാളം സമയം, ഏക്കറുകണക്കിന് സ്ഥലം, വലിയ ഓഫീസ് എന്നിവ ഉണ്ടെങ്കിലേ എന്തെങ്കിലും പുതിയ കാര്യം തുടങ്ങൂ എന്ന് വാശി പിടിക്കരുത്. അതുകൊണ്ട് ചെറുപ്രായം, ചെറിയ ബിസിനസ് , മുതൽ മുടക്കാൻ അൽപ പണം, കൃഷി ചെയ്യാൻ കുറച്ചു സ്ഥലം , സഹായിക്കാൻ കുറച്ചു ആളുകൾ, അൽപ സമയം എന്തുമാകട്ടെ നിങ്ങൾ ധൈര്യപൂർവ്വം ആദ്യ ചുവട് വയ്ക്കുക.

ക്രിസ്തു പറഞ്ഞ താലന്തുകളുടെ ഉപമ വളരെ പ്രസിദ്ധമാണ് . ദൈവം നമുക്കു തന്ന കഴിവുകളും വിഭവങ്ങളും നല്ലവണ്ണം
ഉപയോഗപ്പെടുത്തി, സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റാൻ കഴിയണം. അല്പകാര്യങ്ങളിൽ വിശ്വസ്തരായിരിക്കുന്നവരോടാണ് ”നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും” എന്ന് യജമാനൻ പറയുന്നത്.

നമുക്ക് വലിയ സ്വപ്നങ്ങൾ കാണാം, ഉന്നതമായ ലക്ഷ്യങ്ങൾ മുൻപിൽ വെയ്ക്കാം. പക്ഷേ ചെറിയ തുടക്കം ഇപ്പോൾ തന്നെ കുറിക്കാം. ഇതേപ്പറ്റി ലാവോ പറഞ്ഞ മനോഹരമായ ഒരു വാക്കുണ്ട്. . ”ആയിരക്കണക്കിന് മൈൽ നീളുന്ന യാത്ര ഒരു ചെറിയ സ്റ്റെപ് വയ്കുന്നതിൽ നിന്നുമാണ് തുടങ്ങുന്നത്”. ‘The journey of a thousand miles, begins with one step’’.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.