ലേഖനം:വിട്ടുപിരിയുക, പറ്റിച്ചേരുക | സണ്ണി പി സാമുവൽ, റാസൽഖൈമ

വിവാഹവേദികളിൽ നാം ആവർത്തിച്ചു കേൾക്കുന്ന പ്രസ്താവനയാണ് “വിട്ടുപിരിയുക പറ്റിച്ചേരുക.” ആദാമിന് തുണയായിരിക്കേണ്ടതിന് ദൈവം ഹവ്വയെ കൈമാറുന്ന ചടങ്ങിൽ ദൈവം തന്നെ ഉച്ചരിച്ച വാക്ക് ആണ് വിട്ടുപിരിയുക പറ്റിച്ചേരുക എന്നത്. (ഉല്പ:2:24) . ഒരു വിവാഹത്തിൻെറ രണ്ടു മുഖങ്ങൾ ആണ് അവ. അപ്പനെയും അമ്മയെയും വിട്ടുപിരിയുക എന്നത് അതിൻെറ ഒന്നാം ഭാഗം. ഭാര്യയോട് അഥവാ ഭർത്താവിനോട് പറ്റി ചേരുക എന്നത് അതിൻെറ രണ്ടാം മുഖം. അത് അനുഗ്രഹവചസ്സായിട്ടാണ് ദൈവം മൊഴിഞ്ഞത്. പാപം ചെയ്തനന്തരം സ്ത്രീയോട് പറയുമ്പോൾ “നിൻെറ ആഗ്രഹം നിൻെറ ഭർത്താവിനോട് ആകും” എന്നു പറയുന്നു.(ഉല്പ: 3:16) സ്വന്തം ഭർത്താവിനെ മാത്രം ആഗ്രഹിക്കുന്നത് ഒരു സ്ത്രീയുടെ അനുഗ്രഹം ആണല്ലോ.

post watermark60x60

ഒരു തെരഞ്ഞെടുപ്പിന് അവസരം ആദാമിനു മുൻപിൽ വന്നപ്പോൾ (ദൈവത്തിൻെറ വാക്ക് അംഗീകരിക്കണമോ ഭാര്യയുടെ വാക്ക് കേൾക്കണമോ) തൻെറ അപ്പനും അമ്മയും ആയിരുന്ന ദൈവത്തെ വിട്ടുപിരിഞ്ഞ് ഭാര്യയോടൊപ്പം ആയിരിപ്പാൻ അവൻ സമ്മതിക്കുകയായിരുന്നു. വിവാഹബാന്ധവം ( Wed lock)അഗ്നി ജ്വലനവും ദിവ്യ ജ്വാലയും ആയിരിക്കണം (ഉത്തമഗീതം 8 : 6) ‘ഷാലബത്ത്’ എന്ന എബ്രായ വാക്കാണ് ‘ദിവ്യജ്വലനം’ എന്നതിന് കൊടുത്തിരിക്കുന്നത്. ‘ദിവ്യ പ്രേമം’ എന്നും ആ വാക്കിന് അർത്ഥം ഉണ്ട്. ആ വാക്കിൻെറ കൂടെ ‘യാഹ്’ എന്നുകൂടി ചേർത്ത് ‘ഷാലബത്യാഹ്’ എന്നാക്കിയാൽ ‘യഹോവയുടെ പ്രേമം’- ‘ദിവ്യജ്വലനം’ എന്നൊക്കെ അർത്ഥം. കെ വി സൈമൺ സാറിൻെറ ഉത്തമഗീതം വ്യാഖ്യാന പുസ്തകത്തിന് ആ പേരാണല്ലോ നല്കിയിരിക്കുന്നത്.

‘വിട്ടുപിരിയുക, പറ്റിച്ചരുക’എന്നതിൻെറ ഒന്നാം ഭാഗം വിവാഹം ആണെങ്കിൽ, അതിൻെറ രണ്ടാം ഭാഗം മരണമാണ്. “വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്ക് കാംക്ഷ ഉണ്ട് . അത് അത്യുത്തമമല്ലോ.” (ഫിലിപ്പിയർ1:23). ‘വിട്ടുപിരിയുക’ എന്ന വാക്കും ‘പറ്റി ചേരുക’ എന്ന വാക്കും ഇവിടെ ആവർത്തിക്കുന്നു. “എന്നോട് കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ” എന്ന പ്രയോഗം ശ്രദ്ധേയമാണ് (ഉല്പ: 33 : 12). പറ്റിച്ചേരും എന്ന് ദൈവം വിവക്ഷിച്ചതിൻെറ മറ്റൊരു മുഖമാണ് കൂടെ ഇരിക്കുക.

Download Our Android App | iOS App

വിവാഹവേളയിൽ വധുവരന്മാർ അവരുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും വിട്ടുപിരിഞ്ഞു ഒരു പുതിയ സംസ്കൃതി കെട്ടുപണി ചെയ്യുന്നതിനായി (കൂടെ ഇരിക്കാൻ) ഒന്നായി പറ്റിച്ചേരുന്നു. അതിൽ ഒരു മരണം സംഭവിക്കുന്നു. പിന്നെ ഒരു വിവാഹവും- പറ്റിച്ചേരുന്നു.

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവൻെറ മരണത്തിലും ഇത് ആവർത്തിക്കപ്പെടുന്നു. വിട്ടുപിരിയുന്നു – പറ്റിച്ചേരുന്നു. ലോകത്തെയും ലോകത്തുള്ള സകല ബന്ധങ്ങളും വിട്ടുപിരിഞ്ഞ് വീണ്ടെടുപ്പുകാരനോടു പറ്റിച്ചേരുന്നു. മരിച്ചു കഴിഞ്ഞാൽ ഞാൻ സ്വർഗ്ഗത്തിൽ പോകും എന്നല്ല പൗലോസ് പറഞ്ഞത്. നാം ആഗ്രഹിക്കുന്നത് പോലെ മരിച്ചു ഞാൻ സ്വർഗ്ഗത്തിൽ പോകും, നരകത്തിന് എൻെറ മേൽ അധികാരമില്ല എന്ന പ്രത്യാശ അല്ല പൗലോസിന് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൻെറ സാഹചര്യം വരുമ്പോൾ സ്വർഗ്ഗത്തേക്കാൾ മൂല്യമേറിയതാണ് ക്രിസ്തു. “സ്വർഗ്ഗത്തിൽ എനിക്ക് ആരുള്ളൂ, ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീർ: 73 : 25). ക്രിസ്തു ഇല്ലാത്ത സ്വർഗ്ഗം ഒരു ഭക്തന് ഏകാന്തതയുടെ തടവറ ആയിരിക്കും. ക്രിസ്തുവിനോട് ചേരുന്നവന് പാതാളത്തിലും അവൻെറ സാന്നിദ്ധ്യം അനുഭവിച്ചറിയാൻ കഴിയും (സങ്കീർ:139 : 8). “നിൻെറ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും” എന്നതു് ഇതിനോട് ചേർത്ത് വായിക്കുക- അർത്ഥം സുവ്യക്തം!

ക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്നവന് സ്വർഗ്ഗം പോലും ഒരു തെരഞ്ഞെടുപ്പ് അല്ല. അങ്ങനെയെങ്കിൽ ലോകവും അതിലുള്ളതും എത്ര നിസ്സാരം. പ്രേമത്തിന് ഇഷ്ടം ആകുവോളം അതിനെ ഇളക്കുവാനോ ഉണർത്തുവാനോ ആരും ശ്രമിക്കരുത് (ഉ.ഗീ. 8:4). അഥവാ അതിനു ശ്രമിച്ചാലും – ഏറിയ വെള്ളങ്ങളും നദികളും; അഗ്നിജ്വലനവും തീയുടെ ബലവും ഒന്നും അതിനു മുൻപിൽ ഏതുമില്ല. കാരണം “മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ — നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു (റോമ 8: 38 ).

“അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും; ഈ മർമ്മം വലിയത് ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചു പറയുന്നത് (എഫേ: 5:32). ആകയാൽ വിട്ടുപിരിയുക, പറ്റിച്ചേരുക എന്നത് ഒരു മർമ്മമാണ്.

-ADVERTISEMENT-

You might also like