മതനിന്ദ കേസ്: പാക്കിസ്ഥാനി പാസ്റ്റർക്ക്‌ ഒടുവില്‍ നീതി

ലാഹോർ: പാക്കിസ്ഥാനില്‍ ഖുറാനെയും പ്രവാചകനെയും അപമാനിച്ചെന്ന ആരോപണം ചുമത്തി തടവിലാക്കി നരകയാതന അനുഭവിച്ച പാസ്റ്ററെ മോചിപ്പിച്ച് ലാഹോർ കോടതിയുടെ ഉത്തരവ്. സാഫർ ഇഖ്ബാൽ എന്ന ജഡ്ജിയാണ് ആരോപണ വിധേയനായ ജഡൂഹ് മാസിഹ് എന്ന പാസ്റ്ററിനെ വെറുതെ വിടാന്‍ ഉത്തരവായിരിക്കുന്നത്. 2017 ഫെബ്രുവരി രണ്ടാം തീയതിയാണ് പ്രദേശത്തെ ചില മുസ്ലീങ്ങളുടെ പരാതിയിന്മേൽ നസീറി പെന്തക്കോസ്തൽ ചർച്ചിന്റെ പാസ്റ്ററായ മാസിഹിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2017ൽ അദ്ദേഹത്തിന് ലാഹോർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നെങ്കിലും ആറു കുട്ടികളോടൊപ്പം ഭയം മൂലം ഒളിവിലായിരുന്നു കഴിഞ്ഞിരുന്നത്.

മാസിഹിന് തന്റെ ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ലായെന്നും അദ്ദേഹം ഒരു ഹൃദ്രോഗിയായി മാറിയെന്നും കേസ് വാദിച്ച അഭിഭാഷകനായ നദീം അന്തോണി യു‌സി‌എ ന്യൂസിനോട് പറഞ്ഞു. ഇതിനുമുമ്പും പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കേസിൽ നാലു ക്രൈസ്തവർക്കും, ഒരു മുസ്ലിം വനിതയ്ക്കും കേസ് വാദിച്ച് നദീം അന്തോണി വിജയം നേടിക്കൊടുത്തിട്ടുണ്ട്. വ്യാജ മതനിന്ദാ കേസിൽ അകപ്പെടുന്ന ക്രൈസ്തവർ രാജ്യത്ത് നിരവധിയാണ്.

ക്രൈസ്തവരോടുളള പകവീട്ടാനായുള്ള ആയുധമായാണ് മതനിന്ദാ നിയമത്തെ അക്രൈസ്തവര്‍ ഉപയോഗിക്കുന്നത്. മതനിന്ദാ കേസിലുൾപ്പെട്ട് വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച് പിന്നീട് കോടതി വെറുതെ വിട്ട ആസിയ ബീബിക്കു ഇപ്പോഴും ജീവനില്‍ ഭീഷണിയുണ്ട്. മതനിന്ദാ നിയമം ദുർവിനിയോഗം ചെയ്യുന്നത് തടയണമെന്ന് കഴിഞ്ഞ മാസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like