ലേഖനം:വർദ്ധിക്കുന്ന ശുശ്രൂഷകൾ, തകരുന്ന ദൈവിക ബന്ധം | ബിജു പി. സാമുവൽ,ബംഗാൾ

ആദിമ സഭയിൽ ഭക്ഷണ വിതരണത്തിൽ ഉണ്ടായ പാകപ്പിഴയെപ്പറ്റി പ്രവർത്തികളുടെ പുസ്തകം ആറാം അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട് . വിവരമറിഞ്ഞ 12 ശിഷ്യർ , ശിഷ്യ സമൂഹത്തെ വിളിച്ചു കൂട്ടി ഏറ്റവും ഉത്തമമായ നിർദ്ദേശം മുന്നോട്ടു വച്ചു . ദൈവ വചന ശുശ്രൂഷ ഉപേക്ഷിച്ച് അപ്പോസ്തലരായ തങ്ങൾ ഭക്ഷണ മേശയിൽ ശുശ്രൂഷിക്കുന്നത് യോഗ്യമല്ല . അതുകൊണ്ട് സാക്ഷ്യ ജീവിതം ഉള്ള ഏഴ് പേരെ തിരഞ്ഞെടുക്കുക . അവർ മേശ
മേലുള്ള ശുശ്രൂഷ നിർവഹിക്കട്ടെ . അപ്പോസ്തലരായ ഞങ്ങളോ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കാം ( പ്രവൃത്തി 6:4 ).

പ്രാർത്ഥനയുടെയും വചന ശുശ്രൂഷയുടെയും മീതെ ആധിപത്യം പുലർത്തുന്ന
ഒരു ശുശ്രൂഷയിലും കൈ കടത്താൻ അന്നത്തെ അപ്പോസ്തലർ വ്യഗ്രതപെട്ടില്ല .

ഇന്ന് ശുശ്രൂഷകർ എല്ലാ ‘മിനിസ്ട്രി’യിലും പോയി തലയിടും . ഓടി നടന്ന് ശുശ്രൂഷകൾ ചെയ്യുകയാണ് . കല്യാണം ,
ശിശു പ്രതിഷ്ഠ ,
വീട് പ്രതിഷ്ഠ , ശവമടക്ക് , പിന്നെ എല്ലാ അഖിലാണ്ഡ കമ്മിറ്റിയിലും തല കാണിക്കണം .
അങ്ങനെ അങ്ങനെ…. (ശിശു പ്രതിഷ്ഠ നടത്തുമ്പോഴേ അതിന്റെ വിവാഹ ശുശ്രൂഷയും തന്നെ ഏൽപ്പിക്കണമെന്ന് ബുക്ക് ചെയ്യുന്നവരും ഉണ്ടത്രേ ).

ഉറ്റിരിക്കുക എന്നതിന് ചേർന്നിരിക്കുക എന്നാണ് അർത്ഥം .
പ്രവൃത്തി 6-ന്റെ 4-ൽ ഉപയോഗിച്ചിരിക്കുന്ന അതേ യവനായ പദമാണ് റോമർ 13:6 -ലും ഉപയോഗിച്ചിരിക്കുന്നത് . ആ വാക്യം ശ്രദ്ധിക്കുക: “അവർ ദൈവ ശുശ്രൂഷകൻമാരും ആ കാര്യം തന്നേ
നോക്കുന്നവരും ആകുന്നു” . മറ്റ് ലക്ഷ്യങ്ങൾ ഒന്നുമില്ല . അത് മാത്രമാണവരുടെ ശ്രദ്ധ . വസ്തുക്കച്ചവടവും കല്യാണ ദല്ലാൾ പണിയും അവരുടെ ഫോക്കസ് അല്ലായിരുന്നു .

ദൈവവേലക്കാർ പദ്ധതീ കേന്ദ്രീകൃതമായി മാത്രം ജീവിക്കുമ്പോഴാണ് അപചയം ആരംഭിക്കുന്നത് . ദൈവവചനം വായിക്കുവാനും പ്രാർത്ഥിക്കുവാനും ദൈവഹിതം കണ്ടെത്തുവാനും സമയം മാറ്റി വയ്ക്കാതെ മാറി മാറി തിരക്കോടെ യാത്ര ചെയ്യുന്ന നാം തകർച്ചയുടെ വക്കിലാണ്. ഇത് വഴി തെറ്റിയുള്ള യാത്രയും ശുശ്രൂഷയുമാണ് .
മറ്റുള്ളവരുടേതായി കിട്ടുന്ന സന്ദേശങ്ങളിൽ മാത്രം ആശ്രയിച്ച് ആത്മീയ ജീവിതം പടുത്തുയർത്താം എന്നുള്ളതും വ്യാമോഹം മാത്രമാണ് .

ദൈവസഭയിൽ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ദൈവ വചന ശുശ്രൂഷക്കാണ് .
അത് നൽകാത്തതു കൊണ്ട് നമ്മുടെ സഭകൾ പ്രായത്തിൽ വളരുന്നുണ്ടെങ്കിലും വചനത്തിൽ വളരുന്നില്ല .
കർതൃ മേശാ സമയത്ത് നാം പൗലോസിന്റേതായി ഉദ്ധരിക്കുന്ന ഒരു വാക്യം ഇങ്ങനെയാണ് ; “ഞാൻ കർത്താവിൽ നിന്ന് പ്രാപിക്കയും നിങ്ങൾക്ക് ഏൽപ്പിക്കുകയും ചെയ്തത് എന്തെന്നാൽ…..( 1കൊരി. 11:23) . ഇത് കർത്തൃ മേശാ ശുശ്രൂഷയെപ്പറ്റി മാത്രമായി പൗലോസ് പറഞ്ഞതല്ല . തന്റെ ശുശ്രൂഷ മുഴുവൻ കർത്താവിൽ നിന്ന് പ്രാപിച്ചതായിരുന്നു . യേശുവിൽ നിന്ന് പ്രാപിക്കുന്നത് മാത്രം പങ്കു വയ്ക്കുക .

പരസ്യ ശുശ്രൂഷ കാലയളവ് വെറും മൂന്നര വർഷം മാത്രം ആണെന്നറിഞ്ഞിട്ടും ദൈവിക ബന്ധം ഉപേക്ഷിച്ച് യേശു ഒരു ശുശ്രൂഷയും ചെയ്തില്ല . തന്റെ ശുശ്രൂഷക്കായി കൊതിക്കുന്ന ജനക്കൂട്ടത്തെ ഉപേക്ഷിച്ച് പിതാവായ ദൈവത്തോടൊപ്പം ചെലവഴിക്കാൻ നിർജ്ജന പ്രദേശത്തേക്ക് പോയ യേശുവിനെ നാം മന:പ്പൂർവ്വം മറന്നു കളയുകയല്ലേ?

പ്രാർത്ഥനാ മനുഷ്യൻ എന്നറിയപ്പെടുന്ന ജോർജ് മുള്ളർ ( George Mueller ) പതിനായിരത്തിലധികം അനാഥ കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്നു .
ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി 117 സ്കൂൾ താൻ സ്ഥാപിച്ചു . ലക്ഷക്കണക്കിന് സുവിശേഷ പ്രതികൾ , ബൈബിളുകൾ എന്നിവയുടെ അച്ചടിയും വിതരണവും നടത്തി . ഇതിലും ഏറെ തിരക്കുള്ള ആ മഹൽ വ്യക്തി നൂറിൽപരം തവണ ബൈബിൾ മുഴുവനും വായിച്ചിരുന്നു എന്നതും കൂടി നാം അറിയുക .

ഒരു ദിവസം ദൈവ വചനത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ അന്നെനിക്ക് നഷ്ട ദിവസമാണ് എന്ന് ജോർജ് മുള്ളർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് .

നമ്മുടെ ശുശ്രൂഷകൾ പ്രാർഥനയുടെയും വചന ശുശ്രൂഷയുടെയും സമയം അപഹരിക്കുന്നുണ്ടെങ്കിൽ അതെല്ലാം നഷ്ട ദിവസങ്ങളുടെ കണക്കിലേ വരൂ .

യേശുവുമായി ആത്മബന്ധം ഇല്ലാതെ ചെയ്യുന്ന പ്രവചനവും രോഗശാന്തി ശുശ്രൂഷയും വീര്യ പ്രവർത്തികളുമെല്ലാം അധർമ്മത്തിന്റെ ഗണത്തിലാണ് വരുന്നതെന്ന് കർത്താവ് തന്നെയാണ് പറഞ്ഞത് ( മത്തായി 7:22-23 ) .
ഇന്ന് കാരുണ്യവാനായ കർത്താവ് അന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ “എന്നെ വിട്ടു പോകുവിൻ” എന്ന് ഇക്കൂട്ടരോട് തീർത്തു പറയും . വാചകക്കസർത്തും സ്റ്റേജിലെ പ്രകടനവുമൊന്നും അന്ന് വിലപ്പോവില്ല എന്ന് ഓർത്താൽ നന്ന്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.