പ്രസിഡന്‍റിന് വേണ്ടി പ്രാർത്ഥിച്ച് അമേരിക്ക: അപ്രതീക്ഷിതമായി പങ്കുചേര്‍ന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി‌സി: ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ ആഹ്വാന പ്രകാരം അമേരിക്കയിലെ ക്രൈസ്തവ സമൂഹം പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെയും രാജ്യത്തുള്ള ഇരുന്നൂറ്റിഅന്‍പതോളം വരുന്ന സുവിശേഷ പ്രഘോഷകരുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് ജൂൺ രണ്ടാം തീയതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നത്. ഇതിനിടെ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന മക്‌ലീൻ ബൈബിൾ ചർച്ചിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ട്രംപ് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. സുവിശേഷ പ്രഘോഷകനായ ഡേവിഡ് പളാറ്റ് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. ഉച്ചസമയത്താണ് മുന്നറിയിപ്പൊന്നുമില്ലാതെ ട്രംപ് ദേവാലയത്തിൽ എത്തിയത്.

കയ്യടിയോടെ വിശ്വാസികൾ അദ്ദേഹത്തെ വരവേറ്റു. ‘യേശു ലോകത്തിന്റെ ഏക രക്ഷകൻ’ എന്ന് ആമുഖത്തില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡേവിഡ് പളാറ്റ് പ്രാർത്ഥന ആരംഭിച്ചത്. ട്രംപിന് ജ്ഞാനം നൽകണമെന്നും രാജ്യത്തെ നയിക്കാൻ അദ്ദേഹത്തെ സഹായിക്കണമെന്നും ഡേവിഡ് പളാറ്റ് നിയോഗം പറഞ്ഞു പ്രാർത്ഥിച്ചു. അമേരിക്കയിലെ മറ്റുള്ള രാഷ്ട്രീയ നേതാക്കൾക്കു വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥന നടത്തി. നേരത്തെ പ്രോലൈഫ്, ക്രിസ്തീയ നിലപാടുകള്‍ കൈക്കൊള്ളുന്ന ഡൊണാൾഡ് ട്രംപിനെ, എതിരാളികൾ തകർക്കാൻ ശ്രമിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഫ്രാങ്ക്ളിന്‍ ഗ്രഹാം പ്രാര്‍ത്ഥനാദിനത്തിന് അഭ്യര്‍ത്ഥിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.