പച്ച വെളിച്ചമുള്ള തിളങ്ങുന്ന വിളക്കു സഞ്ചി: നിപ്പയെ ആദ്യം കണ്ട ഡോ. ചുവയുടെ ഓർമ്മ

ലോകത്താദ്യമായി നിപ്പ വൈറസ് കണ്ടെത്തിയതു മലേഷ്യൻ ഗവേഷകനായ ഡോ. കൗ ബിങ് ചുവ ആണ്. സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയൻസസ്‍ ലബോറട്ടറിയിൽ സീനിയർ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററാണ് ഡോ.ചുവ. ഇപ്പോൾ സിംഗപ്പൂരിലെ മറ്റൊരു ഗവേഷണകേന്ദ്രത്തിൽ ഡെങ്കി വൈറസുമായി ബന്ധപ്പെട്ട പുതിയതരം ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നു. അദ്ദേഹം തന്റെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

1999ൽ മലേഷ്യയിൽ മനുഷ്യർക്കിടയിലും പന്നികൾക്കിടയിലും അപൂർവരോഗം പിടിപെട്ടപ്പോൾ ആശങ്കാകുലരായി എത്തിയ പന്നിവളർത്തൽ ജീവനക്കാർക്ക് ആശുപത്രികളിൽ നിന്നൊരു മരുന്നു നൽകി. ജപ്പാൻജ്വരത്തിനുള്ള മൂന്നു ഡോസ് മരുന്ന്! മരുന്നെടുത്ത ശേഷം ധൈര്യമായി തിരികെ ഫാമിലേക്കു പോകാനായിരുന്നു നിർദേശം. ദിവസങ്ങൾ കഴിഞ്ഞ് ഇവരിൽ പലർക്കും കഠിനമായ മസ്തിഷ്കവീക്കം പിടിപെട്ടു കിടപ്പിലായി. യഥാർഥ കാരണം കണ്ടെത്തുന്നതിനു പകരം ഞങ്ങളുടെ മൈക്രോബയോളജി വിഭാഗം തലവൻ ശ്രമിച്ചത് ദക്ഷിണ കൊറിയയിൽ നിന്ന് ജപ്പാൻജ്വരത്തിനുള്ള ‘നല്ല’ മരുന്നു കൊണ്ടു വരാനാണ്. ആദ്യം കൊണ്ടുവന്ന മരുന്ന് കാര്യക്ഷമമായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.

1998ലാണ് പകർച്ചവ്യാധി പടർന്നുപിടിക്കുന്നതായി ആദ്യ ഔദ്യോഗിക റിപ്പോർട്ട് വന്നതെങ്കിലും 1997ൽ തന്നെ പന്നികൾക്കിടയിൽ ഈ വൈറസ് വ്യാപിച്ചിരുന്നു. 1997ൽ ഇപ്പോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരുടെ വിദഗ്ധപരിശോധനാഫലം ഇത് തെളിയിച്ചിരുന്നു. എന്നിട്ടും ജപ്പാൻജ്വരമാണെന്നു വിധിയെഴുതാനായിരുന്നു വിദഗ്ധരുടെ വ്യഗ്രത. ഫെബ്രുവരിയിൽ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന യോഗത്തിൽ ചില ഡോക്ടർമാർ ഈ രോഗത്തിന്റെ വിചിത്രസ്വഭാവത്തെപ്പറ്റി പരാമർശിച്ചപ്പോഴും ജപ്പാൻജ്വരത്തിന്റെ മറ്റൊരു പതിപ്പെന്ന നിലയിലാണ് പത്രവാർത്തകളിൽ വിദഗ്ധർ അഭിപ്രായം എഴുതിയത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ജപ്പാൻജ്വരം പരിശോധിക്കാനായുള്ള പരിശോധനകൾ മാത്രമാണ് അന്നു നടന്നത്.

post watermark60x60

പരിശോധനാഫലം തെറ്റിയപ്പോൾ

മലേഷ്യയിൽ ലാബുകളിൽ ജപ്പാൻജ്വരമെന്നു വിധിയെഴുതിയ സാമ്പിളുകൾ യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവൻഷനിൽ നെഗറ്റീവായിരുന്നുവെന്നതു പിന്നീടുള്ള ചരിത്രം. ആദ്യം മുതലേ ഈ പരിശോധനാഫലത്തിൽ തെറ്റുണ്ടെന്നു ഞാൻ മേധാവിയെ അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്റെ അഭിപ്രായം വകവയ്ക്കാതെ 40 ശതമാനം കേസുകളും ജപ്പാൻജ്വരമാണെന്നു സർക്കാരിനെ അദ്ദേഹം അറിയിച്ചു. 1999 ഫെബ്രുവരിയിൽ ജപ്പാൻജ്വരമെന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ച ഒരു രോഗിയുടെ സെറിബ്രോസ്പൈനൽ ഫ്ലൂയിഡിലെ സാംപിളിൽനിന്ന് ഒൻപത് ദിവസം കൊണ്ടാണ് നിപ്പ വൈറസ് വേർതിരിച്ചതെന്നു കൂടി ഓർക്കുക.

ഡിപാർട്ട്മെന്റിൽ ലഭിച്ച വിവിധ സാംപിളുകളിൽ പ്രത്യേക സ്വഭാവം കണ്ടെത്തി. വകുപ്പ് മേധാവിയെ പല തവണ സമീപിച്ചപ്പോഴും ഇതിലൊന്നും കാര്യമില്ലെന്നായിരുന്നു മറുപടി. മാർച്ച് ആറിന് അഞ്ച് രോഗികളുടെ സാമ്പിളുകളിൽ സമാനസ്വഭാവം കണ്ടെത്തിയപ്പോൾ ആവേശപൂർവം അദ്ദേഹത്തിന്റെ മുറിയിൽ കയറിച്ചെന്നെങ്കിലും അവഗണിക്കാനായിരുന്നു വീണ്ടും മറുപടി. ലാബ് ടെക്നോളജിസ്റ്റായ പി.എസ്.ഹൂയി മാത്രമാണ് എന്നെ പിന്തുണച്ചത്.

തിളക്കമുള്ള പച്ചവെളിച്ചം

മാർച്ച് ഏഴിനു ലാബിൽ തുടർപരിശോധനകൾ നടത്തുന്നതിനിടെയാണ് അത് കണ്ടെത്തിയത്, പേടി കൊണ്ട് നട്ടെല്ലു വഴി ഒരു തരിപ്പ് മുകളിലേക്ക് ഇരച്ചുകയറി. പച്ച വെളിച്ചമുള്ള തിളങ്ങുന്ന വിളക്കുകളുടെ ഒരു സഞ്ചി പോലെയാണ് സാംപിളുകൾ അനുഭവപ്പെട്ടത്. മേധാവിയെ ലാബിലേക്കു വിളിച്ചുവരുത്തി. സൂക്ഷിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു ‘ചുവ, പ്രകൃതിക്ക് എന്തുകൊണ്ടാണിതൊക്കെ വളച്ചുകെട്ടുന്നത്?’.
ഹൂയിയയും ഞാനും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി. പ്രഫസർ, പ്രകൃതി നേരാംവണ്ണമാണ് സംവദിക്കുന്നത്, താങ്കളാണ് വളച്ചുകെട്ടി ചിന്തിച്ചതെന്നു പറയണം എന്നുണ്ടായിരുന്നെങ്കിലും പേടി കൊണ്ടതു പറഞ്ഞില്ല. മാർച്ച് ഒൻപതിനായിരുന്നു ആരോഗ്യവകുപ്പുമായുള്ള കൂടിക്കാഴ്ച. അവിടെവച്ച് പുതിയ കണ്ടെത്തൽ ഞങ്ങളുടെ മേധാവി വെളിപ്പെടുത്തില്ല എന്നു ഞാൻ ഭയപ്പെട്ടു. വെളിപ്പെടുത്തിയില്ലെങ്കിൽ സ്വയം ഇതിനെക്കുറിച്ചും പുറംലോകത്തെ അറിയിക്കാൻ മനസുകൊണ്ട് തയാറെടുത്തു. കൂടിക്കാഴ്ചയ്ക്കൊടുവിൽ അദ്ദേഹം പറഞ്ഞു ‘ജപ്പാൻ ജ്വരം കൂടാതെ മറ്റൊരു വൈറസിന്റെ സാധ്യത കാണുന്നു’.

24 മണിക്കൂറിൽ യു.എസ് വീസ

വിദഗ്ധപരിശോധനയ്ക്കു യു.എസിലെ സിഡിസി ലാബിലേക്കു കൊണ്ടുപോകാൻ സാംപിളുകൾ റെഡിയാക്കി. ഡ്രൈ ഐസ് ഉപയോഗിച്ച് പാക്ക് ചെയ്ത കുറിയർ വഴി അയയ്ക്കുക അപകടമായിരുന്നു. വീട്ടിൽ പോയി യാത്രയ്ക്കുള്ള സാധനങ്ങളെല്ലാം തയാറാക്കി. മലേഷ്യൻ സർക്കാർ ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ 10 വർഷത്തേക്കുള്ള യു.എസ് വീസ സംഘടിപ്പിച്ചു. ഫോർട്ട് കൊളിൻസിലെ സിഡിസിയിൽ പരിശോധനാഫലം വ്യക്തമായി. അപകടകരമായ പാരാമിക്സോവൈറസ് തന്നെയെന്നു ബോധ്യമായി.
ജപ്പാൻ ജ്വരമെന്ന പേരിൽ ആവശ്യമില്ലാത്ത മരുന്നു നൽകിയ നടപടിയിൽ കുറ്റബോധം തോന്നി. മേധാവിയെ ഉടൻ ഫോണിൽ വിളിച്ചു– ‘പ്രഫസർ, ചുവയാണ്. ശ്രദ്ധിച്ചു കേൾക്കുക, ദൈവത്തെ ഓർത്ത് ഇനി ജപ്പാൻ ജ്വരത്തെക്കുറിച്ച് പറയരുത്, ഇത് മറ്റൊന്നാണ്. ഇവയെ നിയന്ത്രിക്കാനുള്ള രീതി തീർത്തും വ്യത്യസ്തമാണ്. ദയവായി സർക്കാരിനെ ഇതറിയിക്കുക.’ നീണ്ട നിശബ്ദതയായിരുന്നു മറുവശത്ത്. പിന്നീടുള്ളത് ചരിത്രം. യു.എസിൽ നിന്ന് മടങ്ങുമ്പോഴും മനസു മുഴുവൻ മലേഷ്യയിലെ നിസഹായരായ പന്നിവളർത്തൽ തൊഴിലാളികളുടെ ചിത്രമായിരുന്നു.’– ചുവ പറഞ്ഞുനിർത്തി

Courtesy : ജിക്കു വർഗീസ് ജേക്കബ്
MM NEWS

-ADVERTISEMENT-

-ADVERTISEMENT-

You might also like